അരയിരത്തിൽ ഭഗവതി ക്ഷേത്രം പേരൂർ

    അരയിരത്തിൽ ഭഗവതി ക്ഷേത്രം കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിൽ പേരൂർ കരയുടെ തെക്കേ അതിർത്തിയിൽ ഏറ്റുമാനൂർ തേവരുടെ ആറാട്ടു കടവിനടുത്തായി കിഴക്കോട്ട് ദർശനമായി സ്ഥിതി ചെയ്യുന്നു. ക്ഷേത്രത്തിലെ പ്രധാന മൂർത്തി ദുർഗ്ഗാദേവിയും(സാത്വിക ഭാവത്തിൽ)  നാഗദൈവങ്ങൾ, രക്ഷസ്, യോഗീശ്വരൻ, കളരിമൂർത്തികൾ ഉപദേവതകളും ആകുന്നു. ക്ഷേത്രത്തിലെ ഉത്സവം മീനമാസത്തിലെ പൂരമാണ്, അന്നേദിവസം ക്ഷേത്രത്തിൽ കളമെഴുത്തും പാട്ടും, താലപ്പൊലി, എണ്ണക്കുടം, കുംഭകുടം, നവകം, മഹാനിവേദ്യം എന്നീ വിശേഷാൽ ചടങ്ങുകൾ നടത്തുന്നു. കൂടാതെ ഇടവത്തിൽ ഉത്രത്തിലുള്ള പ്രതിഷ്ഠദിനം, കന്നി മാസത്തിലെ ആയില്യം,നവരാത്രി മഹോത്സവം, മണ്ഡല മഹോത്സവം വിശേഷമാണ്. ക്ഷേത്രത്തിലെ തന്ത്രം സൂര്യകാലടിമനക്കാണ്‌.

ഐതിഹ്യം

  ഇടപ്പള്ളി തമ്പുരാക്കന്മാരുടെ പ്രഭാവകാലത്ത് അവരെ സൗഹാർദ്ദനിലയിൽ സഹായിച്ചും സേവിച്ചും വന്ന ഒരു പ്രസിദ്ധ കുടുംബമായിരുന്നു വാഴപ്പള്ളി. വാഴപ്പളളി പണിക്കർമാർക്ക് കളരിയും കച്ചകെട്ടും ആ വഴിക്ക് നാട്ടിൽ പ്രാമാണ്യവും ഉണ്ടായിരുന്നു അതുമൂലം തമ്പുരാക്കന്മാർക്ക് അവരോടും തിരിച്ചും ഒരു മമതാബന്ധം ഉണ്ടായിരുന്നു. ഒരു കാലത്ത് ആ കുടുംബത്തിൽ ഇരവി ഉണ്ണിപണിക്കർ എന്ന അദ്വീതിയനായ ദേവീഭക്തൻ ജീവിച്ചിരുന്നു. അദ്ദേഹം കുടുംബത്തിൽ ഒരു ദേവീക്ഷേത്രം നിർമ്മിച്ച് കുടുംബൈശ്വര്യത്തിന് വേണ്ടി നിത്യാരാധന നടത്തിപ്പോന്നിരുന്നു. അങ്ങിനെ കഴിഞ്ഞുവരവെ അന്നത്തെ തമ്പുരാനുമായി  കാരണവർക്ക് പിണങ്ങേണ്ടതായി വന്നു. എത്ര പ്രഭാവം ഉണ്ടായാലും നാടുവാഴിയുമായി പിണങ്ങിയാൽ താമസം സുഖകരമായിരിക്കില്ലല്ലോ. പല അനിഷ്ട സംഭവങ്ങളും ഇരുകൂട്ടർക്കും ഉണ്ടായിക്കൊണ്ടിരിക്കുന്നു അതിനാൽ പണിക്കർ നാടുവിട്ടു പോകുവാൻ തീർച്ചയാക്കി പക്ഷേ പണിക്കർക്ക് ദേവിയെ പിരിഞ്ഞ് പോകുവാൻ സാധ്യമല്ലായിരുന്നു ആയതിനാൽ യാത്ര നീട്ടികൊണ്ടിരുന്നു അതിന് തമ്പുരാന്റെ എതിർപ്പുകൾ കൂടിവന്നു. അങ്ങിനെ ഒരുദിവസം നാടുവിട്ടു പോകുവാൻ ഉറച്ച് യാത്രക്ക് വേണ്ടതെല്ലാം തയ്യാർ ചെയ്ത് അനുവാദത്തിന്നായി ദേവീ സന്നിധിയിൽ എത്തി പ്രാർത്ഥിക്കുകയും ആ അവസരത്തിൽ ബിംബത്തിന് ഇളക്കമുണ്ടാകുകയും ചെയ്തു. ദേവിക്കും തന്റെ കൂടെ പോരണം എന്നാണ് ആഗ്രഹം എന്ന് മനസ്സിലാക്കിയ പണിക്കർ ബിംബം എടുത്ത് പട്ടിൽ പൊതിഞ്ഞു അരയിൽ കെട്ടുകയും കുടുംബാംഗങ്ങളുമായി തെക്കോട്ട് യാത്ര ആരംഭിച്ചു. യാതൊരു ലക്ഷ്യവും കൂടാതെ ഇടപ്പള്ളിയിൽ നിന്ന് നടന്ന കാരണവർ ഏറ്റുമാനൂരു നിന്നും മൂന്നു നാഴിക തെക്കോട്ട് നടന്നു മനോഹരമായ ഒരു പ്രദേശത്തെത്തി.ഇവിടെ തന്നെ ദേവിയെ പ്രതിഷ്ഠിക്കാം എന്നു വിചാരിച്ച കാരണവർ മടിയിലെ വിഗ്രഹം എടുത്ത് താഴെ വെച്ചു. മിക്കവാറും കാട്ടുപ്രദേശം ആയിരുന്നെങ്കിലും അങ്ങിങ്ങായി ചില വീടുകൾ ഉണ്ടായിരുന്നു. അവരെ വിളിച്ചുവരുത്തി കാര്യങ്ങൾ സംസാരിച്ചപ്പോൾ എല്ലാവർക്കും സന്തോഷമായി. എല്ലാവരുടെയും സഹായത്തോടുകൂടി ക്ഷേത്രം നിർമ്മിച്ച് ദേവീപ്രതിഷ്ഠ നടത്തുകയും നിത്യാരാധനക്കുള്ള ഏർപ്പാടുകളും ചെയ്തു. അന്ന് തൊട്ട് ആ ക്ഷേത്രം അരയിരത്തിൽ ഭഗവതി ക്ഷേത്രം എന്നറിയപ്പെട്ടു എന്തെന്നാൽ പണിക്കർ ദേവിയെ അരയിൽ ഇരുത്തിയാണല്ലോ കൊണ്ടുപോന്നത്.  അതിനു ശേഷം ക്ഷേത്രത്തിനു വടക്കായി ഒരു എട്ടുകെട്ടും ഉപഗൃഹങ്ങളും നിർമിക്കുകയും ചെയ്തു. അങ്ങിനെ ഇടപ്പള്ളിയിൽ നിന്നു വന്ന വാഴപ്പള്ളി കുടുംബവും ക്ഷേത്രവും ഐശ്വര്യസമൃദ്ധിയോട്കൂടി വളർന്നു വരവെ അവർ പേരൂർ കരയുടെ കരനാഥൻമാരും ഇടപ്രഭുക്കൻമാരും ആയിത്തീർന്നു. അനേകം തലമുറ കഴിഞ്ഞപ്പോൾ ദേവിയോടുള്ള വിചാരം കുറഞ്ഞുതുടങ്ങി തൻനിമിത്തം കുടുംബൈശ്വര്യത്തിനു കുറവു വരുകയും രാക്കൊള്ളിക്കാർ വീടിനു തീവെക്കുക കൂടി ചെയ്തു. അങ്ങിനെ ആയപ്പോൾ സർവതും നശിക്കും എന്ന് അക്കാലത്തെ ആളുകൾക്ക് ചിന്തയുണ്ടാകയും ജീർണോദ്ധാരണം നടത്തി പൂജകൾ വീണ്ടും ആരംഭിക്കുകയും ചെയ്തു.