പ്രിയപ്പെട്ട സുഹൃത്തുക്കളെ മാറഞ്ചേരിയുടെ ചരിത്രം തേടി അലയുന്നതിനിടയിൽ എനിക്ക് അതി മഹത്തായതും വിലമതിക്കാനാവത്തതുമായ ഒരു നിധി കിട്ടിയിരിക്കുന്നു. ഈ സന്തോഷം നിങ്ങളുമായി പങ്കിടുകയാണ്. ഏറെ കാലത്തെ അലച്ചിലും ചരിത്ര പുസ്തകങ്ങളും മറ്റും തേടിപ്പിടിച്ചുള്ള വായനയുമാണ് ഈ നിധി കിട്ടാൻ കാരണം. അത് കൊണ്ട് തന്നെ ഇത് നിങ്ങൾ വായിച്ച് കഴിയുമ്പോൾ, നിങ്ങളുടെ കൈവശം ഇരിക്കുന്നതോ മനസിൽ കൊണ്ട് നടക്കുന്നതോ ആയ, മാറഞ്ചേരിയുമായി ബന്ധപ്പെട്ട വല്ല ചരിത്ര രേഖകളും ഉണ്ടെങ്കിൽ അത് പങ്ക് വെക്കണമെന്ന് അപേക്ഷിക്കുകയാണ്. അത് പോലെ എനിക്കിത് നിധിയായത് കൊണ്ട് നിങ്ങൾക്ക് ചിലപ്പോൾ ആവണമെന്നില്ല. ചരിത്രം തലക്ക് പിടിച്ച ഭ്രാന്തായത് കൊണ്ടും കുട്ടികാലം തൊട്ടെ കൂടെയുള്ള കൂട്ടുകാർ പുസ്തകങ്ങൾ ആയതിനാലുമാകാം അറിവുകൾ എനിക്ക് നിധിയാവുന്നത്. വായിച്ചിരിക്കുമ്പോൾ മരണം വന്ന് കൂട്ടി കൊണ്ട് പോകണമെന്നാണ് എൻെറ പ്രാർഥന. ഇനി കാര്യത്തിലേക്ക് കടക്കാം. ആഴ്വാഞ്ചേരി മനയുടെ ആസ്ഥാനം ആദ്യം പരപ്പനങ്ങാടിയിലും പിന്നീട് വന്നേരി നാട്ടിലെ മാറഞ്ചേരിയിലും ആയിരുന്നു. കൊച്ചി രാജ്യാതിർത്തിക്കുള്ളിലായിരുന്ന മാറഞ്ചേരിയിൽനിന്ന് പണ്ടെങ്ങോ സാമൂതിരിയുടെ മണ്ണിലേക്ക് ആഴ്വാഞ്ചേരി തമ്പ്രാക്കൾ കുടിയിരുന്നു. പതിനാറുകെട്ടായിരുന്നു ആദ്യത്തെ മന. അത് പുല്ലുമേഞ്ഞതായിരുന്നത്രേ. 1850ൽ തീപ്പിടിത്തമുണ്ടായി. പുതുക്കിപ്പണിയാൻ നാലായിരം കണ്ടി മരവും രണ്ട് ആനകളെയും തിരുവിതാംകൂറിൽനിന്ന് ആയില്യം തിരുന്നാൾ മഹാരാജാവ് കൊടുത്തയച്ചു. പഴയ മനയ്ക്ക് മുപ്പതിനായിരം അടി വിസ്തീർണം. ഇരുപതുവർഷം മുമ്പ് അത് പൊളിച്ചുമാറ്റി. ഇപ്പോൾ കുളപ്പുരയോട് ചേർന്നുനിർമിച്ച ഒരു കെട്ടിടത്തിലാണ് ആഴ്വാഞ്ചേരി മന നിൽക്കുന്നത്. എല്ലാവർക്കും അറിയുന്നതും മാറഞ്ചേരിയുമായി ബന്ധപ്പെട്ട ഏത് ചരിത്ര കുറിപ്പുകളിലും കടന്ന് വരുന്നതുമായ ഈ ചരിത്രം തത്ക്കാലം അവിടെ നിൽക്കട്ടെ. ഇനി എനിക്ക് കിട്ടിയ നിധിയെ കുറിച്ച് പറയാം. പതിനാലാം നൂറ്റാണ്ടിലെ ഒരു വിലപ്പെട്ട കൃതിയാണ് കോക സന്ദേശം (ചക്രവാകസന്ദേശം). ഉണ്ണുനീലി സന്ദേശത്തിനൊപ്പം പ്രാധാന്യമുള്ളതെന്നു വിശ്വസിക്കുന്ന പ്രാചീനമലയാള സന്ദേശകാവ്യമാണ് ചക്രവാകസന്ദേശം. വിശദമായ മാർഗ്ഗവർണ്ണനകൊണ്ട് ചരിത്രകാരന്മാർക്കും സാഹിത്യഭംഗികൊണ്ട് കാവ്യാസ്വാദകർക്കും വിലപ്പെട്ട കൃതിയാണ് ഇത്. എന്നാൽ കോകസന്ദേശത്തിൻെറ 96 ശ്ലോകങ്ങളേ കണ്ടുകിട്ടിയിട്ടുള്ളൂ എന്നത് ഖേദകരമായ വസ്തുതയാണ്. പ്രിയപ്പെട്ടവരെ ഇത്രയും പ്രസിദ്ധവും നൂറ്റാണ്ടുകൾ പഴക്കമുള്ളതുമായ ഈ സന്ദേശ കാവ്യത്തിലെ 28ാം ശ്ലോകത്തിൽ പറയുന്നത് നമ്മുടെ പ്രിയപ്പെട്ട മാറഞ്ചേരിയെ കുറിച്ചാണ്. അതാണ് എനിക്ക് കിട്ടിയ നിധി. അതിങ്ങനെയാണ്:- 'നേരേ കാതം തികയുമവിണൂ രിട്ടൽ പിന്നിട്ടു മാറ ഞ്ചേരിൽച്ചെല്ലൂ, പുനരവിടെ നീ തേവരെക്കൈവണങ്ങി ആഴം കാണ്മാൻ പലരുമരുതെ ൻ്റിൻ്റ സൗജന്യസിന്ധോ രാഴാഞ്ചേരിക്ഷിതിസുരപതേ രാലയം കണ്ടു പോക'. മഹാകവി ഉള്ളൂർ കേരളസാഹിത്യ ചരിത്രം ഒന്നാം ഭാഗത്തിൽ 372 മുതൽ 375 വരെ പുറങ്ങളിലായി ഈ കൃതിയപ്പറ്റി 'കോകസന്ദേശ'മെന്ന പേരിൽ പ്രതിപാദിച്ചിരിക്കുന്നു. ഉണ്ണുനീലിസന്ദേശം പോലെയോ അതിൽ അധികമായോ പഴക്കമുള്ള ഒരു കാവ്യമാണിതെന്നും ക്രി.പി. പതിന്നാലാം ശതകത്തിൻെറ ഉത്തരാർദ്ധത്തിലെങ്കിലും ഇത് ആവിർഭവിച്ചിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. തെളിവിനുവേണ്ടി പ്രസ്തുത കൃതിയിൽ കാണുന്ന ഏതാനും പ്രാചീന പദങ്ങളും അദ്ദേഹം ചൂണ്ടിക്കാണിച്ചിരിക്കുന്നു. കവിതാഗുണം കൊണ്ടു നോക്കിയാൽ ഉണ്ണുനീലിസന്ദേശത്തിൻെറ കനിഷ്ഠസാഹോദരത്വമാണ് ഇതിനു കല്പിക്കാവുന്നത്. കാവ്യത്തൻെറ ഇതിവൃത്തം ഇങ്ങനെ, ചേതിങ്കനാട്ടിൽ (ദേശിങ്ങനാട്, കൊല്ലം) നായകൻ ഒരു വസന്തകാലത്ത് പ്രിയതമയുമായി സുഖിച്ചിരിക്കുമ്പോൾ ഒരു രാത്രിയിൽ ദുഃഖിതനായി കാണപ്പെട്ടു. അതിൻെറ കാരണം ചോദിച്ച നായികയോട് നായകൻ സ്വപ്നത്തിൽ സംഭവിച്ച പ്രണയിനീവിയോഗത്തിൻെറ കഥ പറഞ്ഞു കേൾപ്പിക്കുന്നു. ഒരു ആകാശചാരി ആ യുവാവിനെ നായികയിൽനിന്നു വേർപ്പെടുത്തി തെക്കെ മലയാളത്തിൽ വെള്ളോട്ടുകര എന്ന പ്രദേശത്താക്കുന്നു. അവിടെവെച്ച് ആ വിരഹപരവശൻ ഒരു ചക്രവാകത്തെ കാണുകയും, ആ പക്ഷിയെ സന്ദേശഹരനാക്കുകയും കോട്ടയ്ക്കൽനിന്നു തെക്കോട്ടുള്ള വഴി പറഞ്ഞുകൊടുക്കുകയും ചെയ്യുന്നു. ഇടപ്പള്ളി വരെയുള്ള വർണ്ണനം കൊണ്ടു കണ്ടുകിട്ടിയിടത്തോളം ഭാഗം അവസാനിക്കുന്നു. വഴിയിലുള്ള നഗരങ്ങൾ, ഗ്രാമങ്ങൾ, നദികൾ, ക്ഷേത്രങ്ങൾ തുടങ്ങി എല്ലാം വർണ്ണനയ്ക്കു വിഷയമാകുന്നു. തിരുനാവായ, പേരാറും പരിസരങ്ങളും തിരുമലച്ചേരി നമ്പൂതിരിയുടെ ഗോവർദ്ധനപുരം, മാറഞ്ചേരി, ആഴ്വാഞ്ചേരി മന, ഗോവിന്ദപുരം, പുന്നത്തൂർ, വൈരത്തൂർ, കുരവയൂർ (ഗുരുവായൂർ) ക്ഷേത്രം, വമ്മേനാട്, വെൺകിടങ്ങ്, മുച്ചുറ്റൂർ, നന്തിയാറ്, ചുരലൂർ, കാക്കത്തുരുത്തി, തിരുപ്പോർക്കളം എന്നിങ്ങനെ മുറയ്ക്ക് വർണ്ണിച്ച് തൃക്കണാമതിലകത്ത് എറാൾപ്പാടിനെ സന്ദർശിക്കാൻ ചക്രവാകത്തോട് പറയുന്നു. തൃക്കണാമതിലകം അന്ന് സാമൂതിരി പിടിച്ചടക്കിയിരുന്നു. എറാൾപ്പടിനെ യുദ്ധോദ്യുക്തനായി കവി വിവരിക്കുന്നു. എറാൾപ്പാടിനെ സന്ദർശിച്ച് തിരിച്ച് സർവ്വാദിത്യൻചിറ, കാമപ്പുഴ, കോതപ്പറമ്പ്, ചിങ്ങപുരം, അരയകുളം എന്നീ സ്ഥലങ്ങളിൽക്കൂടി തിരുവഞ്ചിക്കുളം വഴി കൊടുങ്ങല്ലൂർ ചേന്നമംഗലത്തിലൂടെ പറവൂർ, ചേരാനല്ലൂർ എന്നിവിടങ്ങൾ കടന്ന് ഇടപ്പള്ളിയിൽ എത്തണം എന്ന് നിർദ്ദേശിക്കുന്നതു വരെയാണ് കിട്ടിയ ഭാഗത്തുള്ളത്. ഇടപ്പള്ളിക്കു തെക്കു കൊല്ലം വരെയുള്ള പ്രദേശങ്ങൾ വർണ്ണിക്കുന്ന ഭാഗം കിട്ടിയിട്ടില്ല. മാറഞ്ചേരി എന്ന പേരിന് നൂറ്റാണ്ടുകൾ പഴക്കമുണ്ടെന്ന എൻെറ വാദത്തെ പലരും എതിർവാദം കൊണ്ട് നേരിടാറുണ്ട്. എന്നാൽ എൻെറ വാദം ശരിവെക്കുന്നതാണ് 14 നൂറ്റാണ്ടിൽ എഴുതിയ കോകസന്ദേശത്തിലെ ഈ 29ാം ശ്ലോകം. ഇത് കൊണ്ട് എൻെറ ചരിത്രാന്വേഷണം പൂർത്തിയാകുന്നില്ല. തുടക്കമായിട്ടെയുള്ളു. ഒരപേക്ഷയുണ്ട്. ഇത് കോപ്പി ചെയ്ത് സ്വന്തം പേരിൽ പ്രചരിപ്പിക്കരുത്. തണ്ണീർ പന്തലിൻെറ ആദ്യ സുവനീറിൽ മാറഞ്ചേരിയുടെ ചരിത്രം കുറിച്ചപ്പോൾ കോക സന്ദേശത്തെ കുറിച്ച് എനിക്ക് അറിവുണ്ടായിരുന്നില്ല. വായനയാണല്ലോ അറിവിൻെറ കേദാരം. മാറഞ്ചേരിയെ കുറിച്ചുള്ള മറ്റ് ചില പ്രാചിന രേഖകളും ഇപ്പോൾ കൈവശമുണ്ട്. തത്കാലം അതിവിടെ പ്രസ്താവിക്കുന്നില്ല. ഒരു പുസ്തകത്തിലേക്കുള്ള ഒരു കൂട്ടലായത് കൊണ്ടാണ് അത് മറച്ച് പിടിക്കുന്നത്. സ്നേഹത്തോടെ, പ്രാർഥനയോടെ ബഷീർ മാറഞ്ചേരി