കേരളബ്രഹ്മവിദ്യാമണ്ഡലം

[ Kerala Theosophical Federation ]

www.keralatheosophist.org

[ കേരള തിയോസഫിക്കൽ ഫെഡറേഷൻ ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി 25.05.2013 - ൽ കേരളസാഹിത്യ  അക്കാദമിയിൽ വെച്ച് നടത്തിയ പ്രഭാഷണം . അവതരിപ്പിച്ചത് : ജോർജ്ജ് മുട്ടത്തിൽ ]

1875 - ൽ ആരംഭിച്ച തിയോസഫിക്കൽ പ്രസ്ഥാനം ലോകത്താകമാനമുള്ള ജനങ്ങളെ വളരെ ഉയർന്ന ചിന്തകളിലേക്ക്  നയിക്കുന്നതിനും അതുവഴി മാനവലോകത്തിൻ്റെ സാമൂഹ്യവും സാംസ്കാരികവും ആത്മീയവുമായ പുരോഗതിയിലേക്കെത്തിക്കുന്നതിനും കാരണമായി . ഇതിനുവേണ്ടി അന്നത്തെ തിയോസഫി പ്രവർത്തകർ എല്ലാ രംഗത്തും മുൻകയ്യെടുത്ത് സജീവ പ്രവർത്തകരായി മാറിയ ചരിത്രമാണ് നമുക്കറിയുവാൻ കഴിയുന്നത് . അതിൻ്റെ അലകൾ ഇവിടെ ഈ കൊച്ചു കേരളത്തിലും എത്തി .

137 വർഷങ്ങൾക്കപ്പുറം സാഹോദര്യത്തെപ്പറ്റി സംസാരിച്ചിരുന്നവർ വളരെ അപൂർവ്വമാണ് . വിശ്വസാഹോദര്യം എന്ന ആശയം ലോകത്താദ്യമായി അവതരിപ്പിച്ചത് ഒരു പക്ഷേ തിയോസഫിക്കൽ സൊസൈറ്റി ആയിരിക്കാം . ഇന്ന് സാഹോദര്യത്തെ പിന്തുണയ്ക്കുന്ന അനവധി സംഘടനകൾ ഉണ്ട് . പക്ഷേ , അവയെല്ലാം ഒരു സമുദായത്തിനുളളിൽ , ദേശത്തിനുളളിൽ , അങ്ങേയറ്റം പോയാൽ മാനവ വർഗ്ഗത്തിനിടയിൽ അവസാനിക്കുന്നു . എന്നാൽ തിയോസഫിക്കൽ സൊസൈറ്റി പ്രതിനിധാനം ചെയ്യുന്ന ' വിശ്വസാഹോദര്യം ' മനുഷ്യരിൽ നിന്ന് ജന്തുവർഗ്ഗത്തിലേക്കും സസ്യലോകത്തേക്കും അവിടവും കടന്ന് അചേതന വസ്തുക്കളിലേക്കും വ്യാപിച്ചുകിടക്കുന്നു .

ഈ പാശ്ചാത്തലത്തിൽ വേണം നമ്മുടെ സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലുള്ള തിയോസഫിസ്റ്റുകളുടെ പ്രവർത്തന മണ്ഡലത്തെ വിലയിരുത്തേണ്ടത് .

കേരളത്തിൽ തിയോസഫിക്കൽ സൊസൈറ്റിയുടെ ആദ്യശാഖ രൂപീകൃതമായത് 1882 - ൽ പാലക്കാട് ആണ് . പിന്നീട് തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും സൊസൈറ്റിയുടെ നിരവധി ശാഖകൾ രൂപീകരിക്കപ്പെട്ടു . 1913 സെപ്തംബർ 11 - ന് പാലക്കാട് വെച്ച് ബി.പി. വാഡിയയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വെച്ചാണ് മംഗലാപുരം മുതൽ നാഗർകോവിൽ വരെയുള്ള പ്രദേശങ്ങൾ ഉൾപ്പെടുത്തി " കേരള തിയോസഫിക്കൽ ഫെഡറേഷൻ (കേരള ബ്രഹ്മവിദ്യാ മണ്ഡലം) " രൂപീകരിച്ചതായി പ്രഖ്യാപിച്ചത് . 1956 നവംബർ 1 - ന് ആണ് കേരള സംസ്ഥാനം പിറവിയെടുത്തത് എന്നതുകൂടി ഇതിനോടു ചേർത്ത് വായിക്കേണ്ടതായിരിക്കുന്നു .

1907 - ൽ കേണൽ ഓൾക്കോട്ടിൻ്റെ നിര്യാണശേഷം തിയോസഫിക്കൽ സൊസൈറ്റിയുടെ നേതൃത്വം ഏറ്റെടുത്ത ആനിബസൻ്റിൻ്റെ ഊർജ്ജസ്വലമായ പ്രവർത്തനങ്ങൾ ഭാരതത്തിൻ്റെ സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക , വിദ്യാഭ്യാസ , ആത്മീയ രംഗങ്ങളിൽ പുത്തനുണർവ്വുണ്ടാക്കി . ഡോ. ആനിബസൻ്റ് നേതൃത്വം നൽകിയ മതനവീകരണ പ്രവർത്തനങ്ങളിലും , ഹോം റൂൾ പ്രസ്ഥാനങ്ങളിലും , സ്വദേശി പ്രസ്ഥാനങ്ങളിലും , സ്കൗട്ട്സ് മൂവ്മെൻ്റിലുമെല്ലാം കേരളത്തിലെ തിയോസഫിസ്റ്റുകൾ ആത്മാർത്ഥമായി പ്രവർത്തിച്ചു .

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ പ്രവർത്തനം ആരംഭിച്ചത് 1885 - ൽ ആണ് . 1894 - ൽ ചെന്നൈയിൽ ആൽഫ്രഡ് വെബ്ബിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന കോൺഗ്രസ്സ് സമ്മേളനത്തിൽ ആനിബസൻ്റ് പ്രഭാഷണം നടത്തി . 1916 സെപ്തംബറിൽ ചെന്നൈ ആസ്ഥാനമാക്കി ഹോം റൂൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു . സാമൂഹ്യ രാഷ്ടീയ രംഗത്ത് മാറ്റങ്ങൾക്കു വേണ്ടിയും പൗരാവകാശങ്ങൾക്കു വേണ്ടിയും കഠിനമായി പ്രയത്നിച്ച ഒരു മഹതിയാണ് ഡോ. ആനിബസൻ്റ് .

ആനിബസൻ്റിൻ്റെ ഹോം റൂൾ പ്രസ്ഥാനത്തോടു കൂടി മലബാറിൽ ക്രമമായി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു . കോഴിക്കോട് ആനിബസൻ്റ് തന്നെ തറക്കല്ലിട്ട ആനിഹാൾ , സ്കൗട്സ് പ്രസ്ഥാനത്തിൻ്റെയും സ്വദേശി പ്രസ്ഥാനത്തിൻ്റെയും ഹോം റൂളിൻ്റെയും ഈറ്റില്ലമായി മാറി . കെ.പി.കേശവമേനോൻ സെക്രട്ടറിയായി ഹോം റൂളിൻ്റെ ഒരു ശാഖ കോഴിക്കോട് സ്ഥാപിച്ചു . മലബാർ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ സെക്രട്ടറി കൂടിയായിരുന്നു കെ.പി.കേശവമേനോൻ . പ്രസിഡണ്ട് കേരളത്തിലെ പ്രമുഖ തിയോസഫിസ്റ്റും അഭിഭാഷകനും ആയ മഞ്ചേരി രാമയ്യർ ആയിരുന്നു . 1916 ഏപ്രിലിൽ പാലക്കാട് വെച്ച് ബസൻ്റിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ മലബാർ ജില്ലാ കോൺഗ്രസ്സ് സമ്മേളനത്തിൽ സ്വയംഭരണത്തെപ്പറ്റിയുള്ള പ്രമേയം കെ.പി. കേശവമേനോൻ അവതരിപ്പിച്ചു .

ആനിഹാളിൽ സംഘടിപ്പിക്കപ്പെട്ട മിശ്രഭോജനപരിപാടി കേരളത്തിൽ ഇദംപ്രഥമമായിരുന്നു . അക്കാലത്തുതന്നെ സഹോദരൻ അയ്യപ്പൻ്റെ നേതൃത്വത്തിലും മിശ്രഭോജന പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട് . രാഷ്ട്രീയ അടിമത്തത്തിനും സാമൂഹ്യ അനീതിക്കും അനാചാരങ്ങൾക്കും അയിത്താചരണത്തിനും മതാന്ധതയ്ക്കുമെതിരെ കേരളത്തിലെ വിവിധ മേഖലകളിൽ നിന്നു വിവിധ നേതാക്കളാൽ ശക്തിയുക്തം പോരാടിയ ഒരു നവോത്ഥാന കാലത്തിലൂടെയായിരുന്നു കേരളം അന്നു സഞ്ചരിച്ചു കൊണ്ടിരുന്നത് .

ഹരിജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി , പാലക്കാട്ടും എറണാകുളത്തുമുള്ള തിയോസഫിസ്റ്റുകൾ മുൻകൈ എടുത്തു . ഡോ. ആനിബസൻ്റിൻ്റെ കേരള സന്ദർശനങ്ങൾ , സ്വാതന്ത്ര്യത്തിൻ്റെയും സമത്വത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സന്ദേശം പരത്തി . 1921 - ലെ മലബാർ കലാപത്തിൻ്റെ മുറിവുണക്കാൻ , ഹിന്ദു - മുസ്ലീം മൈത്രിക്കു വേണ്ടി ആനിബസൻ്റ് മലബാറിൽ എത്തി അഭയാർത്ഥി ക്യാമ്പുകളിൽ ഒരു ദേവതയെപ്പോലെ കടന്നുചെന്ന് വസ്ത്രവിതരണവും അന്നദാനവും നടത്തി .

1917 ഏപ്രിൽ മാസത്തിൽ കെ.പി.രാമൻ മേനോൻ്റെ വസതിക്കു മുന്നിൽ നടത്തിയ , സി.പി.രാമസ്വാമി അയ്യർ അദ്ധ്യക്ഷത വഹിച്ച രണ്ടാമത്തെ ജില്ലാ കോൺഗ്രസ്സിൽ ആനിബസൻ്റ് പ്രത്യേക ക്ഷണിതാവായിരുന്നു . 1920 - ൽ മഞ്ചേരിയിൽ വെച്ചു നടന്ന അഞ്ചാമത്തെ കോൺഫ്രൻസ് മലബാർ രാഷ്ട്രീയ സമ്മേളനത്തിൽ അവസാനത്തേതാണ് .

ആനിബസൻ്റിൻ്റേയും ബാലഗംഗാധരതിലകൻ്റേയും ഇടപെടലോടു കൂടി മിതവാദിയായിരുന്ന കോൺഗ്രസ്സിനെ ഒരു തീവ്രസ്വഭാവമുള്ളതാക്കി മാറ്റി . എന്നുവെച്ചാൽ ഇരന്നു കിട്ടുന്നതിൽ തൃപ്തിയാകാതെ , ജീവിക്കുവാനുള്ള അവകാശം - സ്വാതന്ത്ര്യം സ്ഥാപിച്ചെടുക്കുന്നതിൽ കുറഞ്ഞൊന്നും അംഗീകരിച്ചില്ല . ഇവ നമ്മുടെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ വലിയ ഉണർവ്വും ചലനങ്ങളും ഉണ്ടാക്കി .

ഭാരതത്തിൻ്റെ സ്വയംഭരണം എന്ന ലക്ഷ്യത്തിലേക്കു നയിച്ച ' ഹോം റൂൾ ' പ്രസ്ഥാനം ഒരു മന്ത്രമായി ഭാരത ജനതയിൽ അലയടിച്ചു . ഹിന്ദുവിനെയും മുസ്ലിമിനെയും തമ്മിലടിപ്പിക്കുന്ന ബ്രട്ടീഷ് തന്ത്രത്തിനെതിരെ , തോളോടുതോൾ ചേർന്ന് അവർക്കെതിരെ പോരാടുവാൻ പ്രാപ്തരാക്കി ഹോം റൂൾ . ഇതു കണ്ടു കലിയിളകിയ ബ്രട്ടീഷ് ഭരണകൂടം ബസൻ്റിനെയും സഹപ്രവർത്തകരെയും തടവിലാക്കി . ഈ ധീരദേശാഭിമാനികളുടെ മോചനത്തിനായി ഭാരതത്തിലുടനീളം പ്രക്ഷോഭങ്ങളുണ്ടായി . കോഴിക്കോട് ആനി ഹാളിൽ വെച്ച് നടന്ന പ്രതിഷേധ സമ്മേളനത്തിൽ ആനിബസൻ്റിൻ്റെ ഛായാചിത്രം ഉയർത്തിപ്പിടിച്ചു കൊണ്ട് മഞ്ചേരി രാമയ്യർ പ്രഖ്യാപിച്ചതിതാണ് , " പരാക്രമം സ്ത്രീകളോടല്ല വേണ്ടൂ " .

" യുദ്ധത്തിൻ്റെ ശരിയായ ലക്ഷ്യം സ്വേച്ഛാധിപത്യത്തിൻ്റെ തിന്മയെ തെളിയിക്കുകയും അതിൻ്റെ അന്ത്യത്തിനും ആണ് . ഒരു രാജ്യം മറ്റൊരു രാജ്യത്തെ അടിമയാക്കുന്നതിനെതിരായും , ഒരു രാജ്യത്തിൻ്റെ ദൈവദത്തമായ സ്വയം ഭരണാവകാശത്തിനും സ്വയം വികസനത്തിനുള്ള അവസരത്തിനും അടിത്തറ പാകുന്നതിനുമാണ് . രാഷ്ട്രത്തിൻ്റെ വിശാലമായ ആത്മാവിനെന്നപോലെ വ്യക്തിയുടെ ആത്മവികാസത്തിനും അത് അനുഗുണമാകണം . "

1916 - ൽ കോഴിക്കോട് ടൗൺ ഹാളിൽ ഗവണ്മെൻ്റ് ആഭിമുഖ്യത്തിൽ യുദ്ധഫണ്ടിലേക്ക് ധനശേഖരണാർത്ഥം വിളിച്ചുകൂട്ടിയ സമ്മേളനത്തിൽ , അടുത്തു തന്നെ കോഴിക്കോട് സന്ദർശിക്കുന്ന ഗവർണ്ണർക്ക് യുദ്ധ സഹായത്തിന് ഒരു പണക്കിഴി നൽകണമെന്നുള്ള പ്രമേയത്തെ എതിർത്തുകൊണ്ട് ജില്ലാ കോൺഗ്രസ്സ് സെക്രട്ടറി കെ.പി.കേശവമേനോൻ മലയാളത്തിൽ പ്രസംഗം ആരംഭിച്ചപ്പോൾ അദ്ധ്യക്ഷനായ കലക്ടർ (സായ്വ് ഇന്നീസ്) മലയാളത്തിൽ പ്രസംഗിക്കുന്നത് വിലക്കി . ഇതിൽ പ്രതിഷേധിച്ച് കേശവമേനോനും സദസ്സിലെ വലിയൊരു വിഭാഗം ആളുകളും ഹാളിൽ നിന്ന് ഇറങ്ങിപ്പോക്കു നടത്തി . മലബാറിലെ ദേശാഭിമാനികളായ ജനതയുടെ രാഷ്ട്രീയ പ്രബുദ്ധതയ്ക്ക് വലിയൊരു തെളിവായിരുന്നു അത് . 'സായ്പിനെ കണ്ടാൽ കവാത്തു മറക്കുന്ന'

നാട്ടുപ്രമാണിമാരും , മാടമ്പിമാരും , ഭൂപ്രഭുക്കളും , അവരുടെ കാലവും ഇങ്ങിനി വരാത്തവണ്ണം അസ്തമിച്ചുവെന്ന് മലബാറിലെ ബ്രട്ടീഷ് ഭരണാധികാരികൾക്ക് അന്ന് തോന്നിയെങ്കിലും , ഇന്നും നാം 'സായ്വി'നെ കാണുമ്പോൾ കവാത്തു മറക്കുന്നില്ലേ എന്നൊരു ശങ്ക ! എന്തായാലും ഭാരതീയരിൽ കോൺഗ്രസ്സും ആനിബസൻ്റും ചെലുത്തിയ ദേശാഭിമാനവും , സ്വാതന്ത്ര്യ പ്രേമവും ബ്രട്ടീഷ് ഭരണകൂടത്തെ ചെറുക്കാനുള്ള ധൈര്യം അന്നത്തെ ജനങ്ങളിൽ വളർത്തിയിരുന്നുവെന്നുള്ളതിൻ്റെ സൂചനകൂടിയായിരുന്നു പ്രസ്തുതാനുഭവം .

1875 നവംബർ 17 - ന് ന്യൂയോർക്കിൽ രൂപം കൊണ്ട തിയോസഫിക്കൽ സൊസൈറ്റിയുടെ മൂന്ന് പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ആദ്യത്തേത് ഏറ്റവും സുപ്രധാനമായവയാണ് . വംശ , വർഗ്ഗ , വർണ്ണ , ലിംഗ , ജാതി വ്യത്യാസമില്ലാതെ മാനവ സാഹോദര്യത്തിൻ്റെ ഒരു കേന്ദ്രം സ്ഥാപിക്കുക എന്നതാണത് . ഈ ലക്ഷ്യത്തിലൂന്നിയുള്ള പ്രവർത്തനഫലമായാണ് കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽ വൻ പരിവർത്തനത്തിനു കളമൊരുക്കിയത് . ജന്തുക്കളോടുള്ള ക്രൂര പ്രവൃത്തികളിൽ നിന്നുള്ള മോചനം , അയിത്തോച്ചാടനം , സ്വതന്ത്ര്യത്തിനായുള്ള ധീരമായ പോരാട്ടം തുടങ്ങിയവയെല്ലാം ആദ്യകാല തിയോസഫിസ്റ്റുകളുടെ കർമ്മനിരതമായ പ്രവർത്തനത്തിൻ്റെ ഫലമായി ഉരുത്തിരിഞ്ഞവയാണ് .

ഹരിജന സമുദായോദ്ധാരണത്തിനു വേണ്ടി പാലക്കാട് ബ്രഹ്മവിദ്യാ സംഘം ശാഖാ സെക്രട്ടറി ബ്രദർ ശേഷയ്യ , തിയോസഫിക്കൽ സൊസൈറ്റിയുടെ ലോഡ്ജ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ പഞ്ചമ കുട്ടികൾക്കായി ഒരു എലിമെൻ്ററി സ്കൂളും , മുതിർന്നവർക്ക് നിശാ പാഠശാലയും , പലചരക്ക് കടയും ആരംഭിച്ചു . പൊതുജനങ്ങളുടെ സംഭാവനയും സർക്കാർ സഹായവും തികയാതെ വന്നപ്പോൾ സ്വന്തം കയ്യിൽ നിന്നും പണം ചിലവാക്കാൻ അദ്ദേഹം മടിച്ചില്ല .  

മലബാറിലെ തിയോസഫി പ്രസ്ഥാനത്തിൻ്റെ അമരക്കാരനായിരുന്നു ഭ്രാതാ മഞ്ചേരി രാമയ്യർ . പ്രമുഖ അഭിഭാഷകനും പൊതു പ്രവർത്തകനും ഹോം റൂൾ ലീഗിൻ്റെ നേതാവുമായിരുന്ന അദ്ദേഹം ജാതി ചിന്തയ്ക്കതീതനായിരുന്നു . അദ്ദേഹവും കോഴിക്കോട് ബ്രഹ്മവിദ്യാ സംഘത്തിലെ രണ്ട് ബ്രാഹ്മണ വിദ്യാർത്ഥികളും ഒരു തീയ്യൻ്റെ (ഈഴവൻ്റെ ) വിവാഹസദ്യയിൽ പങ്കെടുത്തതിന് ജാതിഭ്രഷ്ടരാക്കപ്പെട്ടു . പിന്നീട് പലപ്പോഴും ആനി ഹാളിൽ വെച്ച് മിശ്രഭോജനങ്ങൾ നടക്കുക പതിവായി .

കൊച്ചിയിൽ ഈദൃശ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് എറണാകുളം ശാഖയുടെ സ്ഥാപകൻ കൂടിയായിരുന്ന പള്ളിയിൽ ഗോപാലമേനോൻ ആയിരുന്നു . മുക്കുവ ജാതിയിൽപെട്ട ഒരു പെൺകുട്ടിയെ മേനോൻ സ്വന്തം ചിലവിൽ പഠിപ്പിക്കുകയും കുട്ടിയ്ക്ക് തൻ്റെ വീട്ടിൽ മകൾക്കും , മരുമക്കൾക്കും ഒപ്പം സ്വാതന്ത്ര്യം നൽകുകയും ചെയ്തു . എറണാകുളം മഹാരാജാസ് കോളേജിൽ പഠിക്കുന്ന ഹരിജന വിദ്യാർത്ഥികൾക്കു വേണ്ടി ആദ്യമായി സ്കോളർഷിപ്പ് ഏർപ്പെടുത്തിയതും പള്ളിയിൽ ഗോപാലമേനോൻ ആയിരുന്നു .

1924-25 വർഷങ്ങളിൽ നടന്ന വൈക്കം സത്യാഗ്രഹത്തിൻ്റെ ഫലമായി 1928 - ൽ തിരുവിതാംകൂർ സർക്കാർ വക ക്ഷേത്ര നിരത്തുകൾ ജാതി പരിഗണന കൂടാതെ സമസ്ത ഹിന്ദുക്കൾക്കും തുറന്നുകൊടുത്തു . കേരള പ്രദേശ് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 1931-32 വർഷങ്ങളിൽ നടന്ന ഗുരുവായൂർ സത്യാഗ്രഹം , എ.കെ.ഗോപാലനും കേളപ്പജിയും നയിച്ച ആ സമരം ഭാരതത്തിൻ്റെ മുഴുവൻ ശ്രദ്ധയും പിടിച്ചുപറ്റിയെങ്കിലും വേണ്ടത്ര ഫലപ്രദമായില്ല .

തിരുവിതാംകൂർ മഹാരാജാവ് ചിത്തിരത്തിരുനാൾ ബാലരാമവർമ്മ 1936 നവംബർ 12 - ന് ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിലൂടെ തിരുവിതാംകൂറിലെ അധ:കൃത വർഗ്ഗക്കാരായ എല്ലാ ഹിന്ദുക്കൾക്കും നാട്ടുരാജ്യത്തിലെ സർക്കാർവക ക്ഷേത്രങ്ങളിലെല്ലാം പ്രവേശനം അനുവദിച്ചു . ഹരിജനങ്ങളുടെ ക്ഷേത്രപ്രവേശനത്തെപ്പറ്റി പഠിച്ച് റിപ്പോർട്ട് ചെയ്യാൻ മഹാരാജാവ് നിയോഗിച്ച കമ്മറ്റിയിലെ അംഗമായിരുന്നു തിയോസഫിസ്റ്റായിരുന്ന മഹാകവി ഉള്ളൂർ . അദ്ദേഹം ശാസ്ത്രങ്ങളും മതഗ്രന്ഥങ്ങളും ഉദ്ധരിച്ചുകൊണ്ട് സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശന വിളംബരമെന്ന " ഇരുപതാം നൂറ്റാണ്ടിലെ മഹാത്ഭുതം " നടന്നത് .

ഈ ധീരമായ തീരുമാനത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ച ശക്തികൾ കേണൽ ഓൾക്കോട്ട് അടങ്ങുന്ന പ്രമുഖ തിയോസഫിസ്റ്റുകളായിരുന്നു . ബ്രഹ്മവിദ്യാസംഘം തിരുവനന്തപുരത്ത് അതിൻ്റെ പ്രവർത്തനം ആരംഭിച്ചത് 1883 മുതലാണ് . ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച ബാലരാമവർമ്മ മഹാരാജാവിനെ അഭിനന്ദിച്ച് ഉള്ളൂർ എഴുതിയ വിഖ്യാതമായ ഖണ്ഡകാവ്യമാണ് "ചൈത്ര പ്രഭാവം" . 1894 - ൽ പഞ്ചമർക്കായി മദിരാശിയിൽ വിദ്യാലയങ്ങൾ ആരംഭിച്ച് അധ:കൃതരുടെ പുനരുദ്ധാരണത്തിന് തുടക്കം കുറിച്ച കേണൽ ഓൾക്കട്ടിനാൽ സ്ഥാപിതമായ അനന്ത ലോഡ്ജും അതിലെ സജീവാംഗങ്ങളും കേരള ചരിത്രത്തിൽ സ്ഥാനം പിടിച്ചിരിക്കുന്നു .

ബ്രഹ്മവിദ്യാർത്ഥികളുടെ നിരന്തര പരിശ്രമഫലമായി 1925 - ൽ റീജൻ്റ് മഹാറാണി തിരുവിതാംകൂറിൽ മൃഗബലി നിരോധിച്ചു . തിരുവിതാംകൂറിൽ ജന്തുബലി നിരോധിച്ചുവെങ്കിലും മലബാറിൽ അത് തുടർന്നു പോന്നു . 1933 - ൽ ഈ അനാചാരത്തിനെതിരെ കണ്ണൂരിലെ ഗൗതമ തിയോസഫിക്കൽ ലോഡ്ജ് അംഗങ്ങൾ ശക്തിയുക്തം പോരാടി . ജന്തുബലിക്കെതിരായ ആ സമരം , സംഘാംഗങ്ങളുടെ നരബലിയിൽ അവസാനിക്കുമായിരുന്നത്ര ഭീകരമായി അക്രമികൾ ഉപദ്രവിച്ചു . ഈ സഹനസമരത്തിൻ്റെ സദ്ഫലമായി ജന്തുബലി ക്ഷേത്രങ്ങളിൽ നിരോധിച്ചു കൊണ്ട് ഉത്തരവുണ്ടായി .

1924 മാർച്ച് 3, 4 തീയ്യതികളിൽ ശ്രീനാരായണഗുരു വിളിച്ചു ചേർത്ത സർവ്വമത മഹാ സമ്മേളനത്തിൽ അദ്ധ്യക്ഷം വഹിക്കാൻ സ്വാമികൾ തിരഞ്ഞെടുത്തത് , സാക്ഷാൽ കർമ്മയോഗിയായ സർ.ടി.സദാശിവയ്യരവർകളെ ആയിരുന്നു . ടി. സദാശിവയ്യർ ബ്രഹ്മവിദ്യാ സംഘത്തിൻ്റെ ഇന്ത്യൻ സെക്ഷൻ ജനറൽ സെക്രട്ടറിയായിരുന്നു .

വിവേകാനന്ദ സ്വാമികളുടെ കേരള സന്ദർശന വേളയിൽ ചട്ടമ്പിസ്വാമികളുമായുള്ള കൂടിക്കാഴ്ചയ്ക്കു കളമൊരുക്കിയത് എറണാകുളം ശങ്കര ലോഡ്ജിലെ തിയോസഫിസ്റ്റുകളായിരുന്നു . 'അഹം' ബോധം അലിഞ്ഞലിഞ്ഞ് ബ്രഹ്മവസ്തുവും താനും ഭിന്നമല്ലെന്ന് ആത്മബോധം വരുത്തുന്ന , തന്നിൽനിന്ന് അന്യമായിട്ട് മറ്റൊന്നുമില്ലെന്ന ജ്ഞാനം കൈവരുത്തുന്ന 'ചിന്മുദ്ര'യുടെ മാഹാത്മ്യം വിവേകാനന്ദൻ മനസ്സിലാക്കിയത് ഈ മഹൽ സംഗമത്തിലൂടെയാണ് . മലയാളക്കരയിൽ നിലനിന്നിരുന്ന അയിത്തവും മറ്റു ദുരാചാരങ്ങളും മൂലം ഇതൊരു ' ഭ്രാന്താലയം' എന്ന് വിശേഷിപ്പിച്ച വിവേകാനന്ദന് ആത്മബോധമുള്ള തിയോസഫിസ്റ്റുകളെ കണ്ടെത്തിയത് ആശ്വാസം നൽകിയിരിക്കാം .

ദേശീയ വിദ്യാഭ്യാസത്തിനായി അഡയാർ കേന്ദ്രമാക്കി ആനിബസൻ്റ് 1918 - ൽ ഒരു നാഷണൽ യൂണിവേഴ്സിറ്റി ആരംഭിച്ചു . രവീന്ദ്രനാഥ ടാഗോർ ആയിരുന്നു യൂണിവേഴ്സിറ്റിയുടെ ചാൻസലർ . ഡോ. ആനിബസൻ്റിൻ്റെ നിർദ്ദേശപ്രകാരം 1905 ജനുവരി 18 - ന് ആലപ്പുഴയിൽ ആരംഭിച്ച 'സനാതന ധർമ്മ' വിദ്യാശാല അത്തരത്തിലുള്ള ഒന്നായിരുന്നു . 1903 - ൽ ആരംഭിച്ച ആലപ്പുഴയിലെ അന്നപൂർണ്ണ തിയോസഫിക്കൽ ലോഡ്ജിലെ അംഗങ്ങളായിരുന്നു ഇതിനു പിന്നിൽ പ്രവർത്തിച്ചവർ . 225 വിദ്യാർത്ഥികളുമായി ആരംഭിച്ച വിദ്യാലയം 2000 - ൽ പരം വിദ്യാർത്ഥികളുള്ള ഹയർസെക്കണ്ടറി വിദ്യാലയമായി ഇന്ന് വളർന്നിരിക്കുന്നു . 2005 - ൽ വിദ്യാലയത്തിൻ്റെ ശതാബ്ദി ആഘോഷത്തിൽ പ്രധാന അതിഥിയായി പങ്കെടുക്കാനെത്തിയത് ഭാരതത്തിൻ്റെ പ്രഥമ പൗരനായ എ.പി.ജെ. അബ്ദുൾ കലാം ആയിരുന്നു .

ഡോ. ആനിബസൻ്റിൻ്റെ നേതൃത്വത്തിൽ അനവധി പ്രസ്ഥാനങ്ങൾ അന്നത്തെ തിയോസഫിസ്റ്റുകൾ നടത്തി , ജനങ്ങളെ മാനവികമായും ആത്മീയമായും വിദ്യാഭ്യാസപരമായും പുരോഗതിയിലേക്ക് നയിച്ചിരുന്നു . വ്യക്തിത്വ വികസനം , രാജ്യസ്നേഹം , സാഹോദര്യഭാവം എന്നിവ വളർത്തുന്നതിനു ലക്ഷ്യം വച്ചുള്ള സ്കൗട്സ് പ്രസ്ഥാനം , സ്നേഹം ത്യാഗം സേവനം എന്നിവ ലക്ഷ്യം വെച്ചുള്ള ഡോ. ആനിബസൻ്റിനാൽ സ്ഥാപിക്കപ്പെട്ട കുട്ടികളുടെ അന്താരാഷ്ട്ര പ്രസ്ഥാനമായ ലോട്ടസ് സർക്കിൾ തുടങ്ങിയവയെല്ലാം അന്നത്തെ തിയോസഫിസ്റ്റുകളുടെ നേതൃത്വത്തിൽ നന്നായി പ്രവർത്തിച്ചിരുന്നു . ധർമ്മ പ്രചരണത്തിനായി 'സനാതനധർമ്മം' എന്നൊരു മാസികയും കേരള തിയോസഫിസ്റ്റുകൾ നടത്തിപ്പോന്നു .

1879 - ൽ മാഡം ബ്ലവാട്സ്കിയുടെ പത്രാധിപത്യത്തിൽ ആരംഭിച്ച 'ദ തിയോസഫിസ്റ്റ്' മാസിക , ആത്മീയ വിഷയങ്ങൾ പരാമർശിക്കുന്നതിനു മാത്രമല്ല ശ്രദ്ധിച്ചിരുന്നത് . ഇന്ത്യൻ പരിസ്ഥിതിയുടെ ചൂഷണവും നാശവും , വനനശീകരണം മൂലം ഭാരതത്തിന് ഭാവിയിൽ നേരിടാൻ പോകുന്ന വിപത്തുകൾ ഇവയെല്ലാം 'ദ തിയോസഫിസ്റ്റി' ൻ്റെ താളുകളിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു .

" അസംസ്കൃത വസ്തുക്കൾ കയറ്റി അയച്ച് തിരിച്ചവ ഉൽപന്നങ്ങളായി ഭാരതത്തിലേക്ക് ഇറക്കുമതി ചെയ്യുന്ന അപമാനത്തിൽ നിന്ന് ഭാരതം മോചിതമാകണമെങ്കിൽ , ഭാരതത്തിലെ യുവജനങ്ങൾക്ക് ചിട്ടയായി വ്യവസായിക ശാസ്ത്രവും കലയും അഭ്യസിപ്പിക്കേണ്ടിയിരിക്കുന്നു . അല്ലാത്തപക്ഷം ഭാരതം ഇവിടെത്തന്നെ ലാഭകരമായി നിർമ്മിക്കാവുന്ന ഉൽപന്നങ്ങൾ വിദേശ വിപണികളിൽ നിന്നും വാങ്ങുവാൻ നിർബന്ധിതയാകും " . ദ തിയോസഫിസ്റ്റിൻ്റെ ആദ്യ ലക്കത്തിൽ നിന്നുള്ള ഉദ്ധരണികളാണിവ .

ബ്രട്ടീഷ്കാരുടെ സാമ്പത്തിക ചൂഷണം ഇന്ത്യൻ കുടിൽ വ്യവസായങ്ങളുടെ തകർച്ചയ്ക്കും ഗ്രാമീണ ഭാരതത്തിൻ്റെ നിത്യ ദാരിദ്ര്യത്തിനും വഴിതെളിച്ചു . ചർക്കയും തക്ളിയും ഖാദിയും ,  വിദേശവസ്ത്ര ബഹിഷ്കരണവും സ്വാതന്ത്ര്യത്തിൻ്റെ ആയുധങ്ങളാക്കി മാറ്റിയത് ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ ദേശീയ നേതാക്കളായിരുന്നു .

സൂര്യനസ്തമിക്കാത്ത രാജ്യത്തെ ഖ്യാതി നേടിയ ബ്രട്ടീഷ് സാമ്രാജ്യത്തിൻ്റെ കീഴിൽ ലോകമെമ്പാടും അടിമത്തവും ചൂഷണവും പരമോന്നതിയിലെത്തി നിന്നിരുന്ന അക്കാലത്ത് ലോകമെമ്പാടുമുള്ള തിയോസഫിസ്റ്റുകളുടെ ഇടപെടൽ മൂലം ലോക ജനതയെ സ്വാതന്ത്ര്യത്തിലേക്കും പുരോഗതിയിലേക്കും നയിക്കുന്നതിന് കാരണമായിത്തീർന്നിട്ടുണ്ട് .

നവോത്ഥാന കാലഘട്ടങ്ങളിൽ ലോകമെമ്പാടും ഉയർന്നു വന്നിട്ടുള്ള വിവിധ പ്രസ്ഥാനങ്ങളുടെയെല്ലാം തലപ്പത്ത് തിയോസഫിസ്റ്റുകളുടെ സാന്നിദ്ധ്യം സൂക്ഷ്മ നിരീക്ഷണത്തിൽ മനസ്സിലാക്കുവാൻ കഴിയും .

കഷ്ടപ്പെടുന്നവരും ചൂഷിതരുമായ അഥവാ 'അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്ന' വരുമായ അടിസ്ഥാന വർഗ്ഗത്തിനു വേണ്ടി ദേശീയമായാലും ആഗോളതലത്തിലായാലും രൂപം കൊണ്ടിരിക്കുന്ന ഏതൊരു പ്രസ്ഥാനമായാലും അതിൻ്റെ പിന്നിൽ ഒരു ആത്മീയ ഉത്തേജനം ഉണ്ടായേ തീരൂ , അതൊരു വിപ്ലവ സംഘമായാൽകൂടി . ആത്മീയ ബോധമുള്ള ഒരു പ്രസ്ഥാനത്തിനു മാത്രമേ മറ്റൊരാളെ സാഹോദര്യത്തോടെ ദർശിക്കാനും അയാളുടെ നന്മയ്ക്കു വേണ്ടിയും പുരോഗതിക്കു വേണ്ടിയും എന്തെങ്കിലും ചെയ്യുവാനും കഴിയൂ . ആത്മീയ പ്രഭാവം നഷ്ടപ്പെട്ടാൽ ആ പ്രസ്ഥാനം രാക്ഷസഭാവം പൂണ്ട് ലോകവിനാശത്തിനു തന്നെ കാരണമായേക്കാം . ഇന്ന് നമ്മുടെ ദേശത്ത് രാഷ്ട്രീയമായാലും മതപരമായാലും പലവിധ സംഘടനകൾക്കും സംഭവിക്കുന്ന ഒരു അപചയമാണിത് .

തുടക്കത്തിൽ എല്ലാ സംഘത്തിനും ലക്ഷ്യബോധവും കർമ്മശുദ്ധിയും ഉണ്ടായിരിക്കും . എന്നാൽ കാലാന്തരേണ അവ അധികാരക്കൊതിയിലേക്കും ധനലാഭത്തിലേക്കും ലക്ഷ്യം വച്ച് നീങ്ങുവാൻ തുടങ്ങും . അപ്പോഴേക്കും അവയുടെ ആത്മീയാംശം നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കും . പിന്നീടവയിൽ നിന്ന് പല്ലുകടിയും കരച്ചിലും മാത്രമേ കേൾക്കാൻ കഴിയൂ . അല്ലെങ്കിൽ മുൻപറഞ്ഞപോലെ രാക്ഷസഭാവം പൂണ്ട് മറ്റൊന്നിൻ്റെ നാശത്തിലേക്ക് വഴിതെളിക്കും . വിദ്വേഷമല്ല സമന്വയമാണ് വേണ്ടത് . പോരാട്ടം അനീതിയോടും ദുരാചാരങ്ങളോടും ആയിരിക്കണം . പൊതുനന്മയായിരിക്കണം ലക്ഷ്യം .

കേരളക്കരയിൽ ഒരു കാലത്തു നൂറ്റിയിരുപതോളം ശാഖകൾ തിയോസഫിക്കൽ സൊസൈറ്റിക്കുണ്ടായിരുന്നതായിട്ടാണ് അറിയുവാൻ കഴിയുന്നത് . അവരുടെ പ്രവർത്തനങ്ങളിൽ ചിലവയെല്ലാം ഇവിടെ പ്രസ്താവിച്ചുകഴിഞ്ഞു . യഥാർത്ഥത്തിൽ അവർ ചെയ്ത പുണ്യ പ്രവൃത്തികളുടെ നൂറിലൊരംശം പോലും ഇവിടെ പരാമർശിക്കപ്പെട്ടിട്ടില്ല .

ഇന്നെന്താണ് യഥാർത്ഥത്തിൽ നമുക്ക് സംഭവിച്ചിരിക്കുന്നത് ? കൈവിരലിലെണ്ണാൻ ശാഖകളാണ് തിയോസഫിക്കൽ സൊസൈറ്റിയുടെതായി ഇന്നു മലയാളക്കരയിൽ പ്രവർത്തനക്ഷമതയുള്ളത് . അതും ഒരു ചടങ്ങുപോലെ മാത്രം . സത്യത്തിൽ നാമിന്നൊരു മയക്കത്തിൽ ആണെന്നു തോന്നുന്നു . ഈ മയക്കം വിട്ട് നാമെന്നാണ് ഉണരുക ? തിയോസഫി പഠനം തന്നെ ഒരുതരം വിശ്രമവേളയിലെ നേരംപോക്കായി കണക്കാക്കുന്നുണ്ടോയെന്ന് സംശയം .

1875 - ൽ രൂപം കൊണ്ട തിയോസഫിക്കൽ പ്രസ്ഥാനം ഇന്നും നിലനിന്നു പോരുന്നത് അതിൽ സത്യത്തിൻ്റെ കിരണങ്ങൾ ഉൾച്ചേരുന്നതു കൊണ്ടാണ് . വിശ്വസാഹോദര്യം എന്ന തിയോസഫിയുടെ അതിമനോഹരമായ കാഴ്ചപ്പാടിനോട് സൊസൈറ്റി അംഗങ്ങൾ എത്രമാത്രം പ്രതിബദ്ധത കാണിക്കുന്നു എന്നത് വീണ്ടുവിചാരത്തിന് വിഷയമാക്കുന്നത് നന്നായിരിക്കും .

സമൂഹത്തിൽ നല്ലൊരു വിഭാഗം പട്ടിണിയിൽ കഴിയുമ്പോഴും മൃഷ്ടാന്നമുണ്ണുന്ന , അന്തിയുറങ്ങാൻ ഇടമില്ലാതെ തെരുവുകളിലലയുമ്പോഴും കതകടച്ചുറങ്ങുന്ന , നഗ്നതമറയ്ക്കാൻ പാടുപെടുമ്പോഴും ആർഭാടം കാട്ടുന്ന സ്വാർത്ഥമതികളുടെ ഈ ലോകത്തിൽ വിശ്വസാഹോദര്യം എന്ന മഹത്തായ ആശയത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് പറയേണ്ടതില്ലല്ലോ .

പഞ്ചസാര എന്നു പറയുമ്പോഴല്ല , അത് നാവിലലിയുമ്പോഴാണ് മധുരം അനുഭവപ്പെടുന്നത് . തൻ്റെ സഹോദരങ്ങൾക്കും വസ്ത്രം ലഭിച്ചതിനു ശേഷമേ താൻ മേൽവസ്ത്രം ഉപയോഗിക്കൂ എന്ന ഗാന്ധിയൻ ആദർശം ഏവർക്കും വഴികാട്ടിയാകേണ്ടതാണ് .

മാഡം ബ്ലവാട്സ്കി പറയുന്ന ദിവ്യജ്ഞാനക്ഷേത്രത്തിലേക്കു കയറിപ്പോകുവാനുള്ള പൊൻകോണിപ്പടികളിൽ രണ്ടെണ്ണമാണ് ; തത്വങ്ങളുടെ ധീരമായ പ്രഖ്യാപനം , അന്യായമായി ആക്രമിക്കപ്പെടുന്നവരുടെ രക്ഷക്ക് നെഞ്ചുറപ്പോടെ എത്തൽ എന്നിവ . മതങ്ങളിലെ യുക്തിക്കു നിരക്കാത്ത കാര്യങ്ങൾ തിയോസഫി തളളിക്കളയുന്നു എന്ന് ലെഡ്ബീറ്ററും പറയുന്നുണ്ട് . ഇന്ന് നാം എവിടെ നോക്കിയാലും , സാധാരണക്കാർ മതാധികാരികളുടെയോ ഇതര ഭരണാധികാരികളുടെയോ ആക്രമണത്തിനോ പീഢനത്തിനോ ചൂഷണത്തിനോ ഇരയാകുന്നത് കാണാൻ കഴിയും . മിക്ക മതങ്ങളും യുക്തിക്കു നിരക്കാത്ത ആശയങ്ങൾ അനുയായികളുടെ മേൽ അടിച്ചേൽപ്പിച്ചു കൊണ്ട് , അജ്ഞതയിൽ നിന്നും അവരെ കരകയറാനനുവദിക്കാതെ നിരന്തരം ചൂഷണം ചെയ്തു കൊണ്ടിരിക്കുകയാണ് . തങ്ങളുടെ സഹോദരങ്ങളെ അജ്ഞതയിൽ നിന്നും അന്ധവിശ്വാസങ്ങളിൽ നിന്നും കരകയറ്റേണ്ട ഭാരിച്ച ചുമതല സൊസൈറ്റി അംഗങ്ങൾ ഏറ്റെടുക്കേണ്ടതുണ്ട് . സമൂഹത്തിൽ ഒറ്റപ്പെടുമെന്ന മതവിശ്വാസികളുടെ ഭയത്തെ മുതലെടുക്കുന്ന കീഴ് വഴക്കം അവസാനിപ്പിക്കേണ്ടിയിരിക്കുന്നു .

തിയോസഫിയുടെ ആശയങ്ങൾ ഏവർക്കും ലഭ്യമാകുന്നതിന് സുതാര്യവും ലളിതവുമായി സാധാരണ ജനങ്ങളിലും എത്തിക്കുക എന്നത് ഏതൊരു തിയോസഫിസ്റ്റിൻ്റേയും ധർമ്മങ്ങളിലൊന്നാണ് . വിളക്കു കൊളുത്തി പറയിൻകീഴല്ല , പീഠത്തിന്മേലാണ് വയ്ക്കേണ്ടത് എന്ന ക്രിസ്തു ദേവൻ്റെ പ്രബോധനം ഈ ആശയത്തെയാണ് പ്രകടമാക്കുന്നത് . ഏതൊരു വസ്തുവും കൂടുതൽ ആസ്വാദ്യമാകുന്നത് അത് പങ്കുവെച്ച് ഉപയോഗിക്കുമ്പോഴാണ് . ജ്ഞാനത്തിൻ്റെ കാര്യത്തിലും മറിച്ചാവാൻ തരമില്ല .

തിയോസഫിക്കൽ സൊസൈറ്റി ആരംഭിച്ച , വെല്ലുവിളികളുടെയും ക്ലേശങ്ങളുടെയും കാലഘട്ടത്തിൽ ആദ്യകാല അംഗങ്ങൾ സമൂഹത്തിലേക്കിറങ്ങിച്ചെന്ന് പ്രവർത്തിച്ചതുമായി തുലനം ചെയ്യുമ്പോൾ ഈ ആധുനിക ഇൻ്റർനെറ്റ് യുഗത്തിൽ നമ്മുടെ പ്രവർത്തനങ്ങൾ പ്രതിമാസ - പ്രതിവാര കൂടിച്ചേരലുകളിലും ചുരുങ്ങിയ ഇൻ്റർലോഡ്ജ് മീറ്റിംഗുകളിലും ഒതുങ്ങിപ്പോകുന്നില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു . കാലിക പ്രസക്തിയുള്ള വിഷയങ്ങളിൽ ക്രിയാത്മകമായി പ്രതികരിക്കുകയും സമൂഹത്തിലെ പുഴുക്കുത്തുകൾക്കെതിരെ ധീരമായ നിലപാട് സ്വീകരിക്കുകയും ചെയ്യുക എന്നത് ഏതൊരു സത്യാന്വേഷിയുടെയും കർത്തവ്യമാണ് .

മൂന്നു തരം സ്വാതന്ത്ര്യമാണ് തിയോസഫിക്കൽ സൊസൈറ്റി വാഗ്ദാനം ചെയ്യുന്നത് . ചിന്താ സ്വാതന്ത്ര്യം , വിശ്വാസ സ്വാതന്ത്ര്യം , പ്രവർത്തന സ്വാതന്ത്ര്യം . എന്തും ചെയ്യുവാനുള്ള സ്വാതന്ത്ര്യമല്ല , നന്മ ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യമാണിവ .

നമ്മുടെ സമൂഹം യഥാർത്ഥത്തിൽ ഇന്ന് വല്ലാത്തൊരവസ്ഥയിൽ കൂടി കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ് . നാം ശാരീരികമായ അടിമത്തത്തിൽ നിന്നും മോചനം പ്രാപിച്ചുവെങ്കിലും മാനസികമായി ഇന്നും അടിമത്തത്തിലാണ് .

സ്വതന്ത്ര ചിന്ത ഇന്ന് സമൂഹത്തിൽ കുറ്റകരവും സമുദായത്തിൽ അത് പാപവും ആകുന്നു . വിശ്വാസം ഏതെങ്കിലും ചട്ടക്കൂടിനുള്ളിലാണെങ്കിൽ ഗംഭീരമായി . ഭയം കാരണം പ്രവർത്തിക്കാനൊട്ടു കഴിയുന്നുമില്ല . ദീപസ്തംഭം മഹാശ്ചര്യം .... നമുക്കും കിട്ടണം പണം . കാട്ടിലെ തടി തേവരുടെ ആന , വലിയെടാ വലി ....

ഒരു ശരാശരി മലയാളിയുടെ ആത്മാവ് ഇപ്പോൾ ഇങ്ങിനെയൊക്കെയാണ് ചലിച്ചുകൊണ്ടിരിക്കുന്നത് . ഇതിൽ നിന്ന് നമുക്കെന്നാണ് ഒരു മോചനമുണ്ടാവുക ?

കേരള സാഹിത്യ അക്കാഡമി ,

തൃശൂർ .           

25 . 05 . 2013