ഇർമ ലെവാസ്സർ (ജനുവരി 20, 1877 - ജനുവരി 18, 1964) ഒരു കനേഡിയൻ വൈദ്യനായിരുന്നു. പീഡിയാട്രിക് മെഡിസിനിൽ പയനിയർ ആയിരുന്ന അവർ ഡോക്ടറായ ആദ്യത്തെ ഫ്രഞ്ച്-കനേഡിയൻ വനിതയായിരുന്നു. അവളുടെ കുടുംബപ്പേരും ലെവാസ്സർ എന്നാണ് കാണപ്പെടുന്നത്.[1][2]

ആദ്യകാല ജീവിതവും കരിയറും തിരുത്തുക

ഗായികയായ ഫെഡോറ വെന്നറുടെയും പത്രപ്രവർത്തകനായിരുന്ന ലൂയിസ്-നസെയർ ലെവാസ്യൂറിന്റെയും മകളായി ക്യൂബെക്ക് സിറ്റിയിലാണ് ഇർമ ലെവാസ്സർ ജനിച്ചത്. അവൾ സില്ലേരിയിലെ കൂവന്റ് ജീസസ്-മേരി, എക്കോൾ നോർമലെ ലാവൽ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം ചെയ്തു. കാനഡയിൽ സ്ത്രീകൾക്ക് വൈദ്യശാസ്ത്രം പഠിക്കാൻ അനുവാദമില്ലാതിരുന്നതിനാൽ, അവൾ അമേരിക്കൻ ഐക്യനാടുകളിലെ മിനസോട്ടയിലെ സെന്റ് പോൾ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് മെഡിസിനിൽ പഠിക്കാൻ പോകുകയും 1900-ൽ അവിടെനിന്ന് ബിരുദം നേടുകയും ചെയ്തു. ലെവാസ്സർ കുറച്ചുകാലം ന്യൂയോർക്ക് നഗരത്തിൽ വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്തിരുന്നു. 1903-ൽ, ക്യൂബെക്ക് അസംബ്ലിയിൽ ഒരു സ്വകാര്യ അംഗത്തിന്റെ ബിൽ പാസാക്കിയതോടെ, അവളെ വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യാൻ അനുവദിച്ചു. താമസിയാതെ, അവൾ ഫ്രാൻസിലും ജർമ്മനിയിലും പീഡിയാട്രിക്സ് പഠിക്കാൻ പോയി.[3][4]

1906-ൽ ക്യൂബെക്കിലേക്ക് മടങ്ങിയ അവൾ മോൺട്രിയലിലെ ക്രെഷെ ഡി ലാ മിസെറികോർഡിൽ ജോലി ചെയ്തു. 1907-ൽ, ജസ്റ്റിൻ ലാക്കോസ്‌റ്റ്-ബ്യൂബിയനുമായി ചേർന്ന്, അവർ സെന്റ്-ജസ്റ്റിൻ എന്ന ആശുപത്രി സ്ഥാപിച്ചു. അടുത്ത വർഷം ന്യൂയോർക്ക് സിറ്റിയിലേക്ക് പോയ അവർ, അവിടെ 1915 വരെ വിദ്യാലയങ്ങളിൽ മെഡിക്കൽ ഇൻസ്പെക്ടറായി സേവനമനുഷ്ഠിച്ചു. ആ വർഷം, ടൈഫോയ്ഡ് പകർച്ചവ്യാധിയെ നേരിടാൻ അവർ സെർബിയയിലേക്ക് പോയി. 1918-ൽ ഫ്രാൻസിലെ ഒരു മിലിട്ടറി ഹോസ്പിറ്റലിൽ ലെവാസ്സർ ജോലി തുടങ്ങി. ആ വർഷം തന്നെ അവൾ ന്യൂയോർക്കിലെ റെഡ് ക്രോസിൽ ജോലി ചെയ്തു.[5]

1922-ൽ ലെവാസ്സർ ക്യൂബെക്ക് സിറ്റിയിലേക്ക് മടങ്ങി. 1923-ൽ, മറ്റ് ഡോക്ടർമാരോടൊപ്പം, അവൾ സ്വന്തം പണം പദ്ധതിയിൽ നിക്ഷേപിച്ചുകൊണ്ട് Hôpital de l'Enfant-Jésus [fr] സ്ഥാപിച്ചു. ഭരണകൂടവുമായുള്ള ചില അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് അവൾ ആ സ്ഥാപനം വിട്ടു. പിന്നീട് അവർ വൈകല്യമുള്ള കുട്ടികളെ പരിപാലിക്കുന്ന ഹോപ്പിറ്റൽ ഡെസ് എൻഫന്റ്സ് മലേഡ്സ് സ്ഥാപിച്ചു. വൈകല്യമുള്ള കുട്ടികൾക്കായി അവൾ ഒരു സ്കൂളും സ്ഥാപിക്കുകയും അത് പിന്നീട് ഇൻസ്റ്റിറ്റ്യൂട്ട് ഡി റീഡാപ്റ്റേഷൻ എൻ ഡിഫിഷ്യൻസ് ഫിസിക്വെ ഡി ക്യൂബെക്കിന്റെ ഭാഗമായി. രണ്ടാം ലോകമഹായുദ്ധസമയത്ത് കനേഡിയൻ ആർമിയിലേക്ക് റിക്രൂട്ട് ചെയ്ത സ്ത്രീകളെ അവർ പിന്നീട് പരിശോധിച്ചു.[6][7]

അവലംബം തിരുത്തുക

  1. "Irma Le Vasseur". The Canadian Encyclopedia.
  2. "Irma LeVasseur". Celebrating Women's Achievements. Library and Archives Canada.
  3. "Irma Le Vasseur". The Canadian Encyclopedia.
  4. "Irma LeVasseur". Celebrating Women's Achievements. Library and Archives Canada.
  5. "Irma Le Vasseur". The Canadian Encyclopedia.
  6. "Irma Le Vasseur". The Canadian Encyclopedia.
  7. "Irma LeVasseur". Celebrating Women's Achievements. Library and Archives Canada.
"https://ml.wikipedia.org/w/index.php?title=ഇർമ_ലെവാസ്സർ&oldid=3940420" എന്ന താളിൽനിന്ന് ശേഖരിച്ചത്