സെഡ്.എ. അഹമ്മദ്
ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കളിലൊരാളായിരുന്നു സെഡ്.എ. അഹമ്മദ് (1908 ഒക്ടോബർ 29 -.1999 ജനുവരി 17)
ജീവിതരേഖ
തിരുത്തുകസിയാവുദ്ദീൻ അഹമ്മദിന്റെ പുത്രനായി യു.പി.യിലെ മീർപൂർഖാസിൽ 1908 ഒക്ടോബർ 29-ന് ജനിച്ചു. നാട്ടിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം, അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി, ലണ്ടനിലെ യൂണിവേഴ്സിറ്റി കോളജ്, ലണ്ടൻ സ്കൂൾ ഒഫ് ഇക്കണോമിക്സ് എന്നിവിടങ്ങളിൽ അധ്യയനം നടത്തി ബി.എ. (ഓണേഴ്സ്), ബി.എസ്.സി. എന്നീ ബിരുദങ്ങൾ നേടി; തുടർന്ന് സാമ്പത്തികശാസ്ത്രത്തിൽ പിഎച്ച്.ഡി.യും സമ്പാദിച്ചു. 1936-ൽ ഇദ്ദേഹം ഹാജ്റാ ബീഗത്തെ വിവാഹം ചെയ്തു. 1936-37 കാലത്ത് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയിലെ ഇക്കണോമിക്ക് ഇൻഫർമേഷൻ കമ്മിറ്റി സെക്രട്ടറിയായി അഹമ്മദ് പൊതുജീവിതം ആരംഭിച്ചു; തുടർന്ന് 1937 മുതൽ 47 വരെ യു.പി.യിലെ പ്രദേശ് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയായിരുന്നു. കോൺഗ്രസ് സോഷ്യലിസ്റ്റു പാർട്ടി സ്ഥാപിതമായതോടെ, അതിന്റെ നാഷണൽ എക്സിക്യൂട്ടിവ് അംഗമായും (1937-40), 1943 മുതൽ 48 വരെ യു.പി.യിലെ കമ്യൂണിസ്റ്റുപാർട്ടി സെക്രട്ടറിയേറ്റ് അംഗമായും സേവനം അനുഷ്ഠിച്ച അഹമ്മദ്, 1951 മുതൽ 56 വരെ അതിന്റെ സെക്രട്ടറിയായിരുന്നു. 1951 മുതൽ 58 വരെ ഇന്ത്യൻ കമ്യൂണിസ്റ്റു പാർട്ടിയുടെ സെൻട്രൽ കമ്മിറ്റി അംഗമായും 1953 മുതൽ 58 വരെ പോളിറ്റ് ബ്യൂറോ അംഗമായും പാർട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറിമാരിൽ ഒരാളായും അഹമ്മദ് പ്രവർത്തിച്ചു. അഖിലേന്ത്യാ കിസാൻസഭയുടെ ജനറൽ സെക്രട്ടറിയായി 1968-ൽ ഇദ്ദേഹത്തെ തെരഞ്ഞെടുത്തു. 1958 ഏപ്രിൽ മുതൽ 1962 മാർച്ച് വരെയും 1966 ഏപ്രിൽ മുതൽ 1972 വരെയും ഇദ്ദേഹം രാജ്യസഭാംഗമായിരുന്നു. 1999 ജനുവരി 17-ന് ഇദ്ദേഹം അന്തരിച്ചു.
കൃതികൾ
തിരുത്തുകരാഷ്ട്രീയ സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ച് നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. 1998-ൽ ഇദ്ദേഹത്തിന്റെ ഓർമക്കുറിപ്പുകളുടെ ആദ്യസഞ്ചിക പുറത്തിറങ്ങി.
അവലംബം
തിരുത്തുകപുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുകകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അഹമ്മദ്, ഇസഡ്.എ. (1908 - 99) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |