ഇറാൻ ആണവ കരാർ
ഇറാൻ ആണ്വായുധം നിർമ്മിക്കാതിരിക്കുന്നതിനു പകരം അവർക്കുമേൽ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധം പിൻവലിക്കാൻ 2015ൽ ലോകരാജ്യങ്ങളുമായി ഇറാൻ ഒപ്പിട്ട ആണവ നിർവ്യാപന കരാറാണ് ഇറാൻ ആണവ കരാർ. [1] കരാർ പ്രകാരം ഇറാന് യുറാനിയം സമ്പുഷ്ടീകരിക്കാനുള്ള പരിധി മുന്നൂറ് കിലോ ആക്കി നിജപ്പെടുത്തി. തുടർന്ന്, അറാക് നഗരത്തിലെ ആണവ റിയാക്ടറിന്റെ ഉൾവശം 2015-ലെ കരാറിനെ തുടർന്ന് ഇറാൻ അടയ്ക്കാൻ തയ്യാറായി. [2]
കരാറിന്റെ ചരിത്ര പശ്ചാത്തലം
തിരുത്തുകഇന്നത്തെ ആപൽസന്ധിക്കുള്ള പ്രധാനകാരണം 2002-ൽ ഇറാൻ ആണവായുധനിർമ്മാണത്തിനുവേണ്ടി ശ്രമിക്കുന്നുവെന്ന വാർത്തയാണ്. അന്നുമുതൽ അമേരിക്കയും ഇസ്രയേലും എന്തുവിലകൊടുത്തും ഇറാനെ പിന്തിരിപ്പിക്കണമെന്ന് തീരുമാനിക്കുകയും അതിനുള്ള നീക്കങ്ങൾ തുടങ്ങുകയും ചെയ്തു. വേണമെങ്കിൽ യുദ്ധംചെയ്യുമെന്ന് ഭീഷണി മുഴക്കുമ്പോഴും അന്താരാഷ്ട്ര ആണവ ഏജൻസിയെ ഉപയോഗിച്ച് ഇറാന്റെ ആണവപ്രവർത്തനങ്ങൾ അവസാനിപ്പിക്കാനുള്ള ശ്രമം തുടങ്ങി. ഇതിൽ ലോകത്തിലെ മിക്ക രാജ്യങ്ങളും അമേരിക്കയോട് സഹകരിച്ചു. ആണവ നിർവ്യാപനകരാർ ഒപ്പിട്ട രാജ്യമെന്ന നിലയിൽ സമാധാനപരമായ ഉപയോഗത്തിനുമാത്രമേ ആണവപരീക്ഷണങ്ങൾ നടത്താൻ ഇറാന് അധികാരമുള്ളൂ. എന്നാൽ, ആണവ ഏജൻസിയുടെ പരിശോധനയിൽ ഇറാൻ ആണവബോംബ് നിർമ്മിക്കാൻ ശ്രമിക്കുന്നതായി വിവരം ലഭിച്ചു. ഇറാൻ ആ കണ്ടെത്തലിനെ നിരാകരിച്ചുവെങ്കിലും അവർ നടത്തിയ പരീക്ഷണങ്ങളുടെ വ്യാപ്തിയും സ്വഭാവവും സംശയമുയർത്തുന്നതായിരുന്നു.
തുടർന്ന് ഈ പ്രശ്നം ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതിയെ അറിയിക്കുകയും സമിതി ഇറാനെതിരായി പല ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ഇവയിൽ പ്രധാനമായത് ഇറാന്റെ എണ്ണവ്യാപാരത്തെ തടസ്സപ്പെടുത്തുക എന്നതായിരുന്നു. അമേരിക്ക അവരുടെതന്നെ ഉപരോധം ശക്തിപ്പെടുത്തുകയും ഇന്ത്യയെപ്പോലെ ഇറാന്റെ എണ്ണയെ ആശ്രയിക്കുന്ന രാജ്യങ്ങളോട് എണ്ണ ഇറക്കുമതി വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. യുദ്ധം ഒഴിവാക്കാനായി ഇറാനെതിരേയുള്ള ഉപരോധത്തിൽ ഇന്ത്യപോലും പങ്കെടുക്കുകയുണ്ടായി. അതോടൊപ്പംതന്നെ സമാധാനപരമായി പ്രശ്നം പരിഹരിക്കാൻ ജർമനി ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ ശ്രമം തുടങ്ങുകയും ചെയ്തു. ഇറാൻ ഉപരോധത്തെ ചെറുത്തുനിന്നുവെങ്കിലും കാലംകഴിഞ്ഞതോടെ അവർക്ക് പിടിച്ചുനിൽക്കാൻ കഴിയാതെ വരുകയും സ്വന്തം അതിജീവനത്തിനുവേണ്ടി ആണവപ്രവർത്തനങ്ങൾ കുറയ്ക്കാൻ തയ്യാറാവുകയും ചെയ്തു. [3]
ലക്ഷ്യം
തിരുത്തുകഇറാനെ മുഴുവനായി ആണവപ്രവർത്തനങ്ങളിൽനിന്ന് പിന്തിരിപ്പിക്കുക എന്നതായിരുന്നില്ല കരാറിന്റെ ലക്ഷ്യം. മറിച്ച്, ഇറാന്റെ ആണവ പ്രവർത്തനങ്ങൾക്ക് കുറെ നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു. കരാറിനുമുമ്പ് വളരെ കുറഞ്ഞ കാലഘട്ടത്തിൽ അണുബോംബ് ഉണ്ടാക്കാനുള്ള സാധ്യത ഉണ്ടായിരുന്നപ്പോൾ കരാറിനുശേഷം ആ സാധ്യത പതിനഞ്ചുവർഷത്തേക്കെങ്കിലും ശേഷമേ ഉണ്ടാകുകയുള്ളൂവെന്ന അനുമാനത്തിൽ എത്തുകയായിരുന്നു ലോകം. ഇറാൻ മുഴുവനായി ആണവപരീക്ഷണങ്ങൾ നിർത്താൻ തയ്യാറല്ലാതിരുന്ന സാഹചര്യത്തിൽ യുദ്ധം ഒഴിവാക്കാനുള്ള മാർഗ്ഗം ഇതുമാത്രമായിരുന്നു. കരാറിന്റെ അപകടങ്ങളെപ്പറ്റി അമേരിക്കയ്ക്കും ഇസ്രയേലിനും ആശങ്കയുണ്ടായിരുന്നുവെങ്കിലും യൂറോപ്യൻ രാജ്യങ്ങളുടെ സമ്മർദംമൂലമാണ് കരാർ നിലവിൽവന്നത്.
രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളും ജർമനിയും ചേർന്നുണ്ടാക്കിയ ഒരു സഖ്യം ഇറാനുമായി ചർച്ചകൾ ആരംഭിച്ചു. 2015-ൽ വളരെ ദീർഘവും സങ്കീർണവുമായ ചർച്ചകൾക്കുശേഷം പ്രസിഡന്റ് ഒബാമയുടെ കാലത്ത് ആറ് രാജ്യങ്ങളും ഇറാനുമായി ഒരു കരാർ ഉണ്ടാക്കി. അതനുസരിച്ച് ആണവപ്രവർത്തനങ്ങൾ വെട്ടിക്കുറയ്ക്കാൻ ഇറാൻ സമ്മതിക്കുകയും ലോകരാജ്യങ്ങൾ ഉപരോധം നിർത്തലാക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. ലോകം വളരെ പ്രതീക്ഷയോടും ശുഭാപ്തിവിശ്വാസത്തോടുംകൂടിയാണ് കരാറിനെ അംഗീകരിച്ചത്.
പ്രതിസന്ധികൾ
തിരുത്തുകആണവ പദ്ധതി നിർത്തിവച്ചാൽ ഉപരോധം അവസാനിപ്പിക്കാമെന്ന വ്യവസ്ഥയിലാണു യുഎസ്, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ ഇറാനുമായി 2015 ൽ ഒപ്പുവെച്ച ആണവ കരാർ, ഡൊണാൾഡ് ട്രംപ് ഏകപക്ഷീയമായി റദ്ദാക്കുകയായിരുന്നു. 2018ൽ കരാറിൽ നിന്ന് യുഎസ് ഏകപക്ഷീയമായി പിന്മാറുകയും, വീണ്ടും ഉപരോധം ഏർപ്പെടുത്തുകയും ചെയ്തതാണ് പ്രശ്നം സങ്കീർണമാക്കിയത്. കരാറിൽ കക്ഷികളായ മറ്റ് രാജ്യങ്ങളും ഇറാന് മേൽ ഉപരോധമേർപ്പെടുത്തണമെന്ന് യുഎസ് ആവശ്യപ്പെടുന്നു. കരാറിനു മുമ്പത്തെ ഉപരോധങ്ങൾ വീണ്ടും ചുമത്തിയ ട്രംപ് അന്താരാഷ്ട്ര വിപണിയിൽ ഇറാന്റെ എണ്ണവ്യാപാരം നിർത്തിവെക്കുന്നതിനു വേണ്ടിയുള്ള നീക്കങ്ങളും നടത്തി. ഗൾഫ് മേഖലയിലേക്ക് യുദ്ധവിമാനങ്ങളും കൂടുതൽ സൈനികരെയും അയച്ച ട്രംപിന്റെ നീക്കം മേഖലയിൽ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു. [4]
ഇറാൻ പ്രതിസന്ധി ഇന്ത്യയെ എപ്രകാരം ബാധിക്കും
തിരുത്തുകഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇറാൻ പ്രതിസന്ധി വലിയ പ്രശ്നം തന്നെയാണ്. എണ്ണ ഇറക്കുമതിയിൽ ഇന്ത്യയ്ക്ക് നൽകിയിരുന്ന ഇളവ് അമേരിക്ക പിൻവലിച്ചുകഴിഞ്ഞു. ഇറാനിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്താൽ അമേരിക്കയുടെ ഉപരോധം ഇന്ത്യയ്ക്കെതിരായും ഉണ്ടാകും. അതിനാൽ ഇറാനിൽനിന്ന് എണ്ണയുടെ ഇറക്കുമതി കുറയ്ക്കുമെന്ന് ഇന്ത്യ സൂചിപ്പിച്ചുകഴിഞ്ഞു. [5]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ The Times of India [1] ശേഖരിച്ചത് 2019 ജൂലൈ 22
- ↑ മലയാള മനോരമ [2] Archived 2019-07-22 at the Wayback Machine. ശേഖരിച്ചത് 2019 ജൂലൈ 22
- ↑ മാതൃഭൂമി ദിനപത്രം [3] Archived 2019-07-22 at the Wayback Machine. ശേഖരിച്ചത് 2019 ജൂലൈ 22
- ↑ തേജസ് ദിനപത്രം [4] ശേഖരിച്ചത് 2019 ജൂലൈ 22
- ↑ The Hindu [5] ശേഖരിച്ചത് 2019 ജൂലൈ 22