ഇന്ത്യയിലെ സപ്തസഹോദരീസംസ്ഥാനങ്ങൾ
അരുണാചൽ പ്രദേശ്, ആസ്സാം, മണിപ്പൂർ, മിസോറാം, മേഘാലയ, നാഗാലാന്റ്, ത്രിപുര എന്നീ സംസ്ഥാനങ്ങൾ ചേർന്നാണു സപ്ത സഹോദരിമാർ എന്നറിയപ്പെടുന്നത്. ഇവ ഇന്ത്യയുടെ വടക്ക്-കിഴക്കൻ അതിർത്തി സംസ്ഥാനങ്ങളാണ്. ഏകദേശം 2,55,511 കിലോ മീറ്ററോളം (98,653 സ്ക്വ.മീ) വിസ്തൃതി ഉള്ള ഈ പ്രദേശം ഇന്ത്യയുടെ ഏകദേശം ഏഴുശതമാനത്തോളം വരും. 2011 -ലെ സെൻസസ് കണക്കനുസരിച്ച് ഏതാണ്ട് 5 കോടി ജനങ്ങൾ ഇവിടെയുണ്ട്. ഇത് രാജ്യത്തിന്റെ ആകെ ജനസംഖ്യയുടെ 3.7% വരും. സാംസ്കാരികമായും വിശ്വാസപരമായും ഒരുപാട് വ്യത്യസ്തത പുലർത്തുന്നവരാണ് ഇവർ എങ്കിലും രാഷ്ട്രീയമായും സാമ്പത്തികപരമായും നോക്കുമ്പോൾ രാജ്യത്തെ മറ്റുഭാഗങ്ങളോടു താരതമ്യം ചെയ്യുമ്പോൾ സമാന വളർച്ചയാണ് ഉള്ളത്.