ഇന്ത്യയിലെ അന്വേഷണക്കമ്മീഷനുകൾ

പൊതുജനതാത്പര്യത്തെ മുൻനിർത്തി പൊതുപ്രാധാന്യമുള്ള വിഷയങ്ങളെ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് ഇന്ത്യയിലെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിയമാനുസൃതം നിയമിക്കുന്ന കമ്മിഷനുകളാണ് ഇന്ത്യയിലെ അന്വേഷണക്കമ്മീഷനുകൾ. 1952-ലെ കമ്മിഷൻ ഒഫ് എൻക്വയറി ആക്ട്. അനുസരിച്ചാണ് സാധാരണ അന്വേഷണങ്ങൾ നടത്താറുള്ളത്. ഈ നിയമം പ്രാബല്യത്തിൽ വരുന്നതിനുമുൻപ് പൊതു പ്രാധാന്യമുള്ള കാര്യങ്ങളിൽ അന്വേഷണം നടത്തിയിരുന്നത് അതതു കാലങ്ങളിലുണ്ടാകുന്ന സർക്കാർ ഉത്തരവുകളിലൂടെയോ, പ്രത്യേകമായി ഉണ്ടാക്കുന്ന നിയമങ്ങളിലൂടെയോ സ്ഥാപിതമാകുന്ന കമ്മിഷനുകളായിരുന്നു. അന്വേഷണ കമ്മിഷനുകൾക്ക് ഒരു കേന്ദ്രീകൃത നിയമമുണ്ടാക്കുക, അധികാരം കയ്യാളുന്നവർ അഴിമതിയാരോപണ വിധേയരാകുന്നതിനെക്കുറിച്ച് അന്വേഷിക്കുന്നതിന് ഒരു സ്വതന്ത്ര ഏജൻസി രൂപീകരിക്കുക തുടങ്ങിയവയാണ് 1952-ലെ അന്വേഷണക്കമ്മിഷൻ നിയമത്തിന്റെ ഉദ്ദേശ്യങ്ങൾ.

കമ്മിഷന്റെ വ്യവസ്ഥകൾ

തിരുത്തുക

1952 ഒക്ടോബർ 1-ന് പ്രാബല്യത്തിൽവന്ന ഈ ആക്ടിലെ പ്രധാന വ്യവസ്ഥകൾ താഴെ പറയുന്നവയാണ്:[1]

  1. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് പൊതുപ്രാധാന്യമുള്ള ഏതെങ്കിലും കാര്യത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതിന് കമ്മിഷനുകളെ നിയമിക്കാവുന്നതാണ്. അതിനായി കേന്ദ്രസർക്കാർ ലോകസഭയിലും സംസ്ഥാന സർക്കാർ നിയമസഭയിലും പ്രമേയം പാസ്സാക്കുകയും അത് ഗസറ്റിൽ വിജ്ഞാപനം ചെയ്യുകയും വേണം.
  2. പാർലമെന്റോ സംസ്ഥാന നിയമസഭകളോ പൊതുപ്രാധാന്യമുള്ള ഒരു സംഗതിയെ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് ഒരു കമ്മിഷനെ നിയമിക്കേണ്ടതാണെന്ന് പ്രമേയം മൂലം ആവശ്യപ്പെട്ടാൽ ഗവൺമെന്റ് അപ്രകാരം ഒരു കമ്മിഷനെ നിയമിക്കേണ്ടതാണ്.
  3. ആ കമ്മിഷൻ, അതിന്റെ കർത്തവ്യങ്ങൾ വിജ്ഞാപനത്തിൽ നിർദ്ദേശിക്കുന്ന കാലാവധിക്കുള്ളിൽ നിർവഹിക്കേണ്ടതാണ്.
  4. കേന്ദ്ര ഗവൺമെന്റിന്റെ കാര്യത്തിലാണെങ്കിൽ ഭരണഘടനയിലെ ഏഴാം പട്ടികയിൽ ചേർത്തിട്ടുള്ള കേന്ദ്രലിസ്റ്റ്, സമവർത്തിലിസ്റ്റ്, സ്റ്റേറ്റ് ലിസ്റ്റ് എന്നിവയിൽ പ്രതിപാദിച്ചിട്ടുള്ള ഏതെങ്കിലും വിഷയത്തെക്കുറിച്ച് അന്വേഷണം നടത്താൻ ഉത്തരവിടാം. എന്നാൽ സംസ്ഥാന ഗവൺമെന്റിന് കേന്ദ്രലിസ്റ്റിൽപ്പെട്ട ഏതെങ്കിലും വിഷയം സംബന്ധിച്ച് അന്വേഷണം നടത്താനുള്ള അധികാരമില്ല.
  5. കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ നിയമിക്കുന്ന കമ്മിഷനിൽ ഒന്നോ അതിലധികമോ അംഗങ്ങൾ ഉണ്ടാകാം. ഒന്നിൽക്കൂടുതൽ അംഗങ്ങളുണ്ടെങ്കിൽ അവരിലൊരാൾ കമ്മിഷന്റെ അധ്യക്ഷനായി നിർദ്ദേശിക്കപ്പെടും. കമ്മിഷനിലെ അംഗങ്ങളും മറ്റു ഉദ്യോഗസ്ഥരും ഇന്ത്യൻ ശിക്ഷാനിയമത്തിലെ 21-ആം[2] വകുപ്പിൽ നിർവചിച്ചിരിക്കുന്ന പബ്ലിക് സെർവന്റ്സിന്റെ നിർവചനത്തിൽ പെടുന്നവരായിരിക്കണം.
  6. കമ്മിഷന് ഇന്ത്യയുടെ ഏതെങ്കിലും ഭാഗത്തുനിന്ന് ഏതെങ്കിലും വ്യക്തിയെ അതിന്റെ മുൻപാകെ ഹാജരാക്കുന്നതിന് സമൺ ചെയ്യാനും (അയാളുടെ ഹാജർ പ്രാബല്യത്തിൽ വരുത്താനും) വിസ്തരിക്കാനും ആവശ്യപ്പെടാം. ഏതെങ്കിലും പ്രമാണത്തിന്റെ വെളിപ്പെടുത്തലോ ഹാജരാക്കലോ ആവശ്യപ്പെടാനും സത്യവാങ്മൂലത്തെളിവ് സ്വീകരിക്കാനും ഏതെങ്കിലും കോടതിയിൽനിന്നോ ആഫീസിൽനിന്നോ പബ്ലിക്ക് റിക്കാർഡോ അതിന്റെ പകർപ്പോ ആവശ്യപ്പെടാനും ഏതെങ്കിലും സാക്ഷിയെ വിസ്തരിക്കാനും പ്രമാണം പരിശോധിക്കാനും കമ്മിഷന് അധികാരമുണ്ടായിരിക്കും.

കമ്മിഷന്റെ അധികാരങ്ങൾ

തിരുത്തുക

അന്വേഷണത്തെ സംബന്ധിക്കുന്ന ഏതെങ്കിലും കാര്യം വെളിയിൽ കൊണ്ടുവരുന്നതിന് യൂണിയൻ ഗവൺമെന്റിന്റെയും സ്റ്റേറ്റ് ഗവൺമെന്റിന്റെയും കീഴിലുള്ള ഏതെങ്കിലും ഉദ്യോഗസ്ഥന്റെ സേവനം അതതു ഗവൺമെന്റിന്റെ സമ്മതത്തോടെ ഉപയോഗിക്കാവുന്നതാണ്. ആ ഉദ്യോഗസ്ഥൻ കമ്മിഷൻ നിശ്ചയിക്കുന്ന സമയത്തിനുള്ളിൽ വേണ്ട അന്വേഷണം നടത്തി റിപ്പോർട്ടു സമർപ്പിക്കേണ്ടതാണ്. ആ റിപ്പോർട്ടിൽ എത്തിച്ചേർന്നിട്ടുള്ള നിഗമനങ്ങൾ ശരിയാണോ എന്ന് തിട്ടപ്പെടുത്തുന്നതിന്, കമ്മിഷന് യുക്തമെന്നു തോന്നുന്ന അന്വേഷണങ്ങൾ, സാക്ഷികളെ വിസ്തരിക്കുക എന്നതുൾപ്പെടെ നടത്താവുന്നതാണ്. ബന്ധപ്പെട്ട ഗവൺമെന്റിന് ഗസറ്റ് വിജ്ഞാപനംവഴി പാർലമെന്റോ, സ്റ്റേറ്റ് നിയമസഭയോ പാസ്സാക്കിയ പ്രമേയാനുസരണം നിയമിച്ച കമ്മിഷന്റെ കാര്യത്തിലല്ലാതെയുള്ള കാര്യങ്ങളിൽ, കമ്മിഷൻ തുടർന്നു പ്രവർത്തിക്കേണ്ടതില്ലെന്ന് അഭിപ്രായമുണ്ടെങ്കിൽ, അതിന്റെ പ്രവർത്തനം അവസാനിപ്പിക്കാവുന്നതാണ്. പ്രമേയാനുസരണം അന്വേഷണം നടത്തുന്ന കമ്മിഷന്റെ കാര്യത്തിൽ പാർലമെന്റോ സ്റ്റേറ്റ് നിയമസഭയോ, കമ്മിഷന്റെ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് പ്രമേയം പാസ്സാക്കുന്നുവെങ്കിൽ അതനുസരിച്ച് അവസാനിക്കുന്നതായിരിക്കും. അവസാനിക്കുന്ന തീയതി പരസ്യംവഴി നിശ്ചയിക്കും.

കമ്മിഷൻ ഒഫ് എൻക്വയറി ആക്ടിലെ ചട്ടങ്ങൾക്കു വിധേയമായി കമ്മിഷന്, അതിന്റെ നടപടികൾ ക്രമപ്പെടുത്താവുന്നതാണ്. കമ്മിഷന്റെ പ്രവർത്തനസ്ഥലവും സമയവും അതിൽ പരാമർശിച്ചിരിക്കും. അന്വേഷണ നടപടികളുടെ ഏതെങ്കിലും ഘട്ടത്തിൽ ഉണ്ടാകുന്ന അംഗങ്ങളുടെ ഒഴിവുകൾ പൂരിപ്പിക്കുന്നതിന് ബന്ധപ്പെട്ട ഗവൺമെന്റ് അധികാരം ഉണ്ടായിരിക്കുന്നതാണ്. കമ്മിഷനിൽ രണ്ടോ അതിലധികമോ അംഗങ്ങൾ ഉള്ളപ്പോൾ ഏതെങ്കിലും സ്ഥാനം ഒഴിവുണ്ടായിരുന്നാലും കമ്മിഷന് പ്രവർത്തിക്കാം. അതുപോലെ നടപടിയുടെ ഏതെങ്കിലും ഘട്ടത്തിൽ ഉണ്ടാകുന്ന ഒഴിവിൽ ഒരു പുതിയ ആളെ നിയമിച്ചാൽ നടപടികൾ ആദ്യം മുതല്ക്കേ പുനരാരംഭിക്കേണ്ടതില്ല. അന്വേഷണത്തിനിടയ്ക്ക് അന്വേഷണംമൂലം ഏതെങ്കിലും ആളിന്റെ കീർത്തിക്കു ഹാനി തട്ടുമെന്നു തോന്നുന്നപക്ഷം അയാൾക്ക് തനിക്കെതിരായി വന്നേക്കാവുന്ന സംഗതികൾ സംബന്ധിച്ച് പ്രതിവാദം ചെയ്യാൻ ന്യായമായ അവസരം നൽകേണ്ടതാണ്. അയാൾക്ക് ഏതെങ്കിലും സാക്ഷിയെ ക്രോസ്വിസ്താരം ചെയ്യുന്നതിനും കമ്മിഷന്റെ മുൻപാകെ വാദം നടത്തുന്നതിനും വേണമെന്നുണ്ടെങ്കിൽ ഒരു അഭിഭാഷകനെയോ, കമ്മിഷന്റെ അനുവാദത്തോടെ മറ്റേതെങ്കിലും ആളെയോ നിയോഗിക്കുന്നതിനും അവകാശമുണ്ടായിരിക്കുന്നതാണ്. ഗവൺമെന്റിന്റെയോ കമ്മിഷനിലെ ഏതെങ്കിലും അംഗത്തിന്റെയോ ആജ്ഞാനുസരണം പ്രവർത്തിക്കുന്ന ഏതെങ്കിലും ഉദ്യോഗസ്ഥന്റെ മേൽ എന്തെങ്കിലും വ്യവഹാരം നടത്തുകയോ നടപടി എടുക്കുകയോ ചെയ്യാവുന്നതല്ല. കമ്മിഷനെയോ അതിലെ ഏതെങ്കിലും അംഗത്തെയോ അപകീർത്തിപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ എന്തെങ്കിലും പ്രവർത്തിക്കുകയോ വാങ്മൂലമായോ രേഖാമൂലമായോ എന്തെങ്കിലും പ്രസിദ്ധപ്പെടുത്തുകയോ ചെയ്താൽ അയാൾക്ക് ആറു മാസം വരെയുള്ള വെറും തടവുശിക്ഷയോ, പിഴശിക്ഷയോ, രണ്ടുംകൂടിയോ നൽകി ശിക്ഷിക്കാവുന്നതാണ്. തത്സംബന്ധമായ പ്രോസിക്യൂഷൻ കേന്ദ്ര ഗവൺമെന്റിന്റെയോ, സ്റ്റേറ്റ് ഗവൺമെന്റിന്റെയോ മുൻകൂട്ടിയുള്ള അനുമതിയോടെ ആയിരിക്കേണ്ടതാണ്. ഏതെങ്കിലും ഗവൺമെന്റ് പൊതുപ്രാധാന്യമുള്ള ഒരു പ്രത്യേക വിഷയം സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനായി ഒരു കമ്മിഷൻ അല്ലാതെയുള്ള അധികാരസ്ഥാനത്തെ നിയമിക്കുകയാണെങ്കിൽ (അതു ഏതുപേരിൽ അറിയപ്പെട്ടാലും) ഈ നിയമത്തിലെ വ്യവസ്ഥകൾ അതിനെ ബാധിക്കുന്നതായിരിക്കുമെന്ന് ഗവൺമെന്റിന് പ്രഖ്യാപിക്കാം. അങ്ങനെ അതൊരു കമ്മിഷനായി കരുതപ്പെടുന്നതാണ്.

കമ്മിഷന്റെ ചുമതല

തിരുത്തുക

അന്വേഷണക്കമ്മിഷനുകളുടെ ചുമതല വസ്തുതകൾ കണ്ടെത്തുകയും ശുപാർശകൾ സമർപ്പിക്കുകയും മാത്രമാണ്. ശുപാർശകൾ നടപ്പിലാക്കുന്നതിനുള്ള അധികാരം കമ്മിഷനുകൾക്കില്ല. എന്നാൽ ലോകസഭയുടെയോ നിയമസഭയുടെയോ പ്രമേയപ്രകാരം നിയമിച്ച ഒരു അന്വേഷണക്കമ്മിഷൻ സർക്കാരിന് റിപ്പോർട്ടു സമർപ്പിച്ചു കഴിഞ്ഞാൽ ആറു മാസത്തിനുള്ളിൽ റിപ്പോർട്ടും, അതിന്റെ അടിസ്ഥാനത്തിൽ ഗവൺമെന്റ് സ്വീകരിച്ച നടപടിയെപ്പറ്റി ഒരു മെമ്മോറാണ്ടവും അതതുസഭകളുടെ മുമ്പാകെ ആ ഗവൺമെന്റ് വയ്ക്കേണ്ടതാകുന്നു. എന്നാൽ ഗവൺമെന്റ് ഉത്തരവു പ്രകാരം നിയമിക്കുന്ന കമ്മിഷനുകളുടെ റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്നോ അതിൻമേൽ നടപടി സ്വീകരിക്കണമെന്നോ നിയമത്തിൽ വ്യവസ്ഥയില്ല.

മറ്റു പല നിയമങ്ങളിലും പ്രത്യേക കാര്യങ്ങൾക്കായി അന്വേഷണക്കമ്മിഷനുകളെ നിയോഗിക്കുന്നതിനുള്ള അധികാരം ഗവൺമെന്റിനു നൽകുന്ന വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഉദാ. 1956-ലെ ഇന്ത്യൻ മെഡിക്കൽ കൌൺസിൽ നിയമത്തിൽ കേന്ദ്ര മെഡിക്കൽ കൌൺസിലിനെ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് കേന്ദ്ര സർക്കാരിന് അന്വേഷണ കമ്മിഷനെ നിയമിക്കാവുന്നതാണെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നു.

  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2011-11-26. Retrieved 2011-09-12.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-31. Retrieved 2011-09-12.

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്വേഷണക്കമ്മിഷനുകൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.