ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ (ഇപ്പോഴത്തെ ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ രാജ്യങ്ങൾ) ചരിത്രം, സംസ്കാരം, ഭാഷകൾ, സാഹിത്യം എന്നിവയെക്കുറിച്ചുള്ള പഠനത്തെയാണു് ഇന്തോളജി (Indology) (ഇന്ത്യാപഠനം) എന്നു വിളിക്കുന്നത്. ചരിത്രം, മതം, ഭാഷ, രാഷ്ട്രതന്ത്രം, തത്വചിന്ത, സാഹിത്യം, ശാസ്ത്രങ്ങൾ എന്നിവ ഇന്തോളജിയുടെ പരിധിയിൽ വരുന്നു. ഇൻഡോളജിസ്റ്റുകളെന്നറിയപ്പെടുന്ന ചില പാശ്ചാത്യ പണ്ഡിതരാണിതിന് തുടക്കം കുറിച്ചത്. ഇത്തരമൊരു പഠനം ആരംഭിക്കുന്നതു വരെ ഇന്ത്യയുടെ പ്രാചീന ചരിത്രത്തെ സംബന്ധിച്ച അറിവ് കച്ചവടക്കാരുടെയും മിഷനറിമാരുടെയും വിവരണങ്ങളിൽ നിന്ന് മാത്രമായിരുന്നു. ഇന്ത്യയെക്കുറിച്ചുള്ള പഠനം ഗ്രീക്ക് ലാറ്റിൻ ഭാഷകളിലൊതുങ്ങി നിന്നു. ഇന്ത്യയുടെ പടിഞ്ഞാറൻ തീരദേശങ്ങളിൽ പ്രവർത്തിച്ചിരുന്ന ക്രൈസ്തവ മിഷനറിമാരാണിതിന് തുടക്കം കുറിച്ചത്.

ഇന്ത്യയെക്കുറിച്ചുള്ള പഠനത്തിന്റെ ആരംഭം മെഗസ്തനീസിന്റെ (ca. 350–290 BC) കാലം മുതല്ക്കാണെന്നു് കരുതപ്പെടുന്നു.[1] മൌര്യരാജവംശസ്ഥാപകനായ ചന്ദ്രഗുപ്തമൌര്യന്റെ രാജസഭയിലെ ഗ്രീസ് പ്രതിപുരുഷനായിരുന്നു മെഗസ്തനീസ്. ഇന്ത്യയിലെ തന്റെ ജീവിതത്തെ അടിസ്ഥാനമാക്കി മെഗസ്തനീസ് നാലു വാല്യങ്ങളിലായി എഴുതിയ ഇൻഡിക്ക എന്ന പഠനഗ്രന്ഥത്തിന്റെ ചില ഭാഗങ്ങൾ ഇപ്പോഴും ലഭ്യമാണു്.[1] കച്ചവടത്തിനും മതപ്രചരണത്തിനും രാഷ്ട്രീയാധികാരത്തിനുമായി ഇന്ത്യയിലെത്തിയ പാശ്ചാത്യർ ഇന്ത്യയെ കുറിച്ച് ശാസ്ത്രീയമായി പഠിക്കാൻ ആരംഭിച്ചതു് ഇന്തോളജിയ്ക്കു് ആക്കം കൂട്ടി.

വ്യക്തികളും സംഭാവനകളും

തിരുത്തുക

ഇംഗ്ലീഷുകാരനായ വില്ല്യം ജോൺസ് (1746-94) മനുസ്മൃതി, ശാകുന്തളം തുടങ്ങിയ കൃതികൾ തർജ്ജമ ചെയ്തു. ജർമ്മൻ പണ്ഡിതനായ മാക്സ് മുള്ളർ (1823-1900) സംസ്കൃത വ്യാകരണം രചിക്കുകയും ഗീതോപദേശം, മേഘദൂതം, ഋഗ്വേദം എന്നിവ വിവർത്തനം ചെയ്യുകയുമുണ്ടായി. ഇംഗ്ലീഷുകാരനായ എഡ്വിൻ അർനോൾഡ് ഭഗവദ് ഗീതയും ഗീതാഗോവിന്ദവും പരിഭാഷപ്പെടുത്തുകയും ശ്രീബുദ്ധനെ കുറിച്ച് 'ലൈറ്റ് ഓഫ് ഏഷ്യ' എന്ന പേരിൽ കാവ്യം രചിക്കുകയും ചെയ്തു. ഹെർമൻ ഗുണ്ടർട്ട്, ഡോ. റവ. റോബർട്ട് കൾഡ് വെൽ, കിറ്റിൽ തുടങ്ങിയ മിഷനറിമാർ ദ്രാവിഡ ഭാഷകൾക്ക് നൽകിയ സംഭാവനകളും ഇന്തോളജിയുടെ ഭാഗമാണ്.

  1. 1.0 1.1 Bosworth, A. B.: "The Historical Setting of Megasthenes' Indica", Classical Philology, Vol. 91, No. 2. (1996), pp. 113–127
  2. ഹിസ്റ്ററി ഹയർസെക്കന്ററി കോഴ്സ് ബുക്ക്, (പതിനൊന്നാം തരം)എസ് ഇ ആർ ടി പേജ് .9,10,11
"https://ml.wikipedia.org/w/index.php?title=ഇന്തോളജി&oldid=2315320" എന്ന താളിൽനിന്ന് ശേഖരിച്ചത്