ആൽഫ്രഡ് അഡ്‌ലർ

(ആൽഫ്രഡ് അഡ്ലർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു മനഃശാസ്ത്രജ്ഞനാണ് ആൽഫ്രഡ് അഡ്‌ലർ.1870-ൽഫെബ്രുവരി 7-ന് ആസ്ട്രിയായിലെ വിയന്നയിൽ ജനിച്ചു.1937-മെയ് 28-ന് അന്തരിച്ചു. മനോവിശ്ലേഷണസിദ്ധാന്തത്തിന്റെ ഉപജ്ഞാതവായ സിഗ്മണ്ട് ഫ്രോയിഡിന്റെ ശിഷ്യനായിരുന്നെങ്കിലും പിന്നീട് ഫ്രോയിഡുമായി തെറ്റിപ്പിരിഞ്ഞു. സ്വന്തമായ ഏതാനും മന:ശ്ശാസ്ത്ര പരികല്പനകൾക്ക് രൂപം നൽകി .വ്യക്തിമനഃശ്ശാസ്ത്രം എന്ന ശാഖക്ക് വിവിധ സംഭാവനകൾ നൽകിയതിന്റെ പേരിൽ മനഃശ്ശാസ്ത്ര പഠനരംഗത്ത് അംഗീകാരം നേടി. എന്നാൽ പിന്നീട് അഡ് ലെറുടെ നിരീക്ഷണങ്ങൾക്ക് മനഃശ്ശാസ്ത്ര ലോകത്ത് വലിയ [1]പ്രസക്തിയില്ലാതായിത്തീർന്നു.

Alfred Adler
ആൽഫ്രഡ് അഡ്‌ലർ
ജനനം(1870-02-07)ഫെബ്രുവരി 7, 1870
മരണംമേയ് 28, 1937(1937-05-28) (പ്രായം 67)
Aberdeen, Scotland
ദേശീയതAustrian
തൊഴിൽPsychiatrist
അറിയപ്പെടുന്നത്Individual Psychology
ജീവിതപങ്കാളി(കൾ)Raissa Epstein

ജീവിതരേഖ

തിരുത്തുക

ഓസ്ട്രിയായിലെ വിയന്നയിൽനിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദം സമ്പാദിച്ചു. നേത്രരോഗ ചികത്സ കനായി ഔദ്യോഗിക ജീവിതം ആരംഭിച്ചെങ്കിലും പിന്നീട് മനോരോഗപഠനത്തിലേക്ക് ശ്രദ്ധതിരിച്ചു. ഫ്രോയ്ഡിന്റെ ശിഷ്യനായി കുറെക്കാലം പ്രവർത്തിച്ചു. പൂർവശൈശവ ലൈംഗികതക്ക് ഫ്രോയിഡ് നൽകിയ അമിതപ്രാധാന്യം മൂലം വൈകാതെ തന്നെ യുങ്ങിനോടൊപ്പം അഡ്ലെറും അദ്ദേഹത്തോട് തെറ്റിപ്പിരിഞ്ഞ് സ്വന്തമായി മനശ്ശാസ്ത്ര പദ്ധതികൾക്ക് രൂപം കൊടുത്തു.പിന്നീട് അമേരിക്കയിലേക്ക് കുടിയ്യേറുകയും മരണം വരെ അവിടെ അദ്ധ്യാപകനായി പ്രവർത്തിക്കുകയും ചെയ്തു,1927 മുതൽ 'കൊളംബിയാ യൂണിവേർസിറ്റി'യിലും 'ലോങ്ങ് ഐലന്റ് കോളേജ് ഓഫ് മെഡിസിനി'ലും പഠിപ്പിച്ചിട്ടുണ്ട്. മനശാസ്ത്ര ചികിത്സാരംഗത്ത് ഫ്രോയിഡിന്റെ സൈക്കോ അനാലിസിസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അംഗീകാരം പിടിച്ചുപറ്റിയ ചികിത്സാരീതിയായിരുന്നു ആഡ് ലറുടേത്.[2]

പ്രധാനകൃതികൾ

തിരുത്തുക
  • അണ്ടർസ്റ്റാൻഡിങ്ങ് ഹ്യൂമൻ നേച്ചർ,(1927),
  • വാട്ട് ലൈഫ് ഷുഡ് മീൻ ടു യു (1931),
  • ഇൻഡിവിഡ്വൽ സൈക്കോളജി(1924),
  • ദി ന്യൂറോട്ടിക്ക് കോൺസ്റ്റിട്യൂഷൻ(1912),
  • ദി എഡ്യൂക്കേഷൻ ഓഫ് ചിൽഡ്രെൻ(1929)
  • സയൻസ് ഓഫ് ലിവിങ്ങ് (),
  • സോഷ്യൽ ഇന്ററസ്റ്റ്(),
  • എ ചലഞ്ച് ടു മാൻകൈൻഡ്()

ഫ്രോയിഡും ആഡ് ലറും

തിരുത്തുക

ഫ്രോയ്ഡിന്റെ മൂന്ന് സുപ്രധാന ശിഷ്യന്മാരായിരുന്നു യുങ്ങും ആഡ് ലെറും ഓട്ടോറാങ്കും.മൂന്നു പേരും പിന്നീട് ഫ്രോയിഡുമായി വിയോജിച്ച് തങ്ങളുടേതായ മാർഗ്ഗങ്ങളിൽ മുന്നേറുകയുണ്ടായി. വൈരുദ്ധ്യങ്ങളാണ് കൂടുതലെങ്കിലും ചിലകാര്യങ്ങളിലെങ്കിലും അവർക്കിടയിൽ പൊരുത്തങ്ങൾ നിലനിൽക്കുകയും ചെയ്തു. 1902-ൽ ഒരു പ്രഭാഷണ ശ്രോതാവായി ഫ്രോയിഡിന്റെ ബൗദ്ധിക ജീവിതത്തിലേക്ക് കടന്നുവന്ന ആഡ്ലർ 1905 ഓടു കൂടി അദ്ദേഹത്തിന്റെ ആത്മസുഹൃത്തായിമാറി. 'ആത്മസുഹൃത്തും പൊറുപ്പിക്കാനാവാത്ത ശത്രു'വുമെന്ന് പിന്നീട് ആഡ് ലറെപ്പറ്റി ഫ്രോയ്ഡ് രേഖപ്പെടുത്തുകയുണ്ടായി.[3] ഫ്രോയിഡിന്റെ സ്വപ്ന വ്യാഖ്യാനമാണ് മറ്റു പലരേയുമെന്ന പോലെ ആഡ് ലറെയും ഫ്രോയിഡിലേക്ക് ആകൃഷ്ടനാക്കിയത്. രണ്ടുപേരുടേയും താൽപര്യം സൈക്കോസിസുംന്യൂറോസിസുംതന്നെയായിരുന്നു. മനോരോഗിയുടെ സൈക്കോട്ടിക്കും ന്യൂറോട്ടിക്കുമായ എല്ലാ ലക്ഷണങ്ങളും പഠിക്കുന്നതിന്റെ ഭാഗമായി രോഗിയുടെ ബാല്യകാല സ്വപ്നങ്ങളും‍, സ്പർദ്ധകളും പഠിക്കുവാനും രോഗലക്ഷണങ്ങളിൽ നിന്നും രോഗനിദാനം സാദ്ധ്യമാക്കുവാനും കഴിയുമെന്ന് രണ്ടാളും വിശ്വസിച്ചു.അബോധനിരീക്ഷണത്തിലൂടെ മാത്രമേ ശരിയായ രോഗനിദാനം സാദ്ധ്യമാകൂ എന്ന കാര്യത്തിൽ അവർ യോജിപ്പിലായിരുന്നു.

വിയോജിപ്പുകൾ

തിരുത്തുക

മാനസികവ്യാപാരങ്ങളെല്ലാം മൗലികപ്രേരണകളുടെ ഫലമാണെന്ന് ഫ്രോയ്ഡും യുങ്ങും വിശ്വസിച്ചെങ്കിൽ അവ യഥാർത്ഥത്തിൽ ലക്ഷ്യോന്മുഖമാണെന്ന് ആഡ് ലെർ വിലയിരുത്തി. ഫ്രോയിഡും ആഡ് ലറും ശൈശവാനുഭവങ്ങളുടെ പ്രാധാന്യത്തിലാണ് ഊന്നൽ നൽകിയത്. സ്വഭാവരൂപവത്കരണത്തിനും ചിലപ്പോൽ മനോരോഗത്തിനും നിദാനമാകുന്നത് ശൈശവ ലൈംഗികതയോ അതിന്റെ അടിച്ചമർത്തലോ ആണെന്ന് ഫ്രോയ്ഡ് കരുതി. എന്നാൽ ആഡ് ലറുടെ സമീപനത്തിൽ സമൂഹത്തിൽ അംഗീകാരവും ബഹുമതിയും ആധിപത്യവും ലഭിക്കാനാണ് മനുഷ്യൻ ആഗ്രഹിക്കുന്നത്.[4]. ഫ്രോയ്ഡ് രോഗിയിൽ ഊന്നി നിന്നു കൊണ്ട് രോഗനിദാനത്തിലും ശ്രദ്ധിച്ചപ്പോൾ ആഡ് ലർ മനുഷ്യവ്യക്തിയെ കേന്ദ്രികരിച്ചു കൊണ്ടുള്ള ഗവേഷണത്തിലും നിഗമന രൂപവത്കരണത്തിലുമാണ് താല്പര്യപ്പെട്ടത്. ഏതു ഫലസിദ്ധിയെ കാംഷിക്കുന്നതുകൊണ്ടാണ് മനസ്സ് പ്രവർത്തന സജ്ജമാകുന്നത് എന്ന് കണ്ടെത്താൻ ശ്രമിക്കുകയാണ് ആഡ് ലർ ചെയ്തത്.

മനശ്ശാസ്ത്ര സങ്കല്പനങ്ങൾ

തിരുത്തുക

ഒരുവന്റെ വ്യക്തിത്വം അവന്റെ സമ്പൂർണ്ണമായ ചുറ്റുപാടുകളുമായി ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന ആശയത്തിനാണ്‌ ആഡ്ലർ ആദ്യകാലം മുതലേ ഊന്നൽ നൽകിയിരുന്നത്. വ്യക്തിയെ സമ്പൂർണ്ണമായി പരിഗണിച്ചു കൊണ്ട് അവന്റെ ചോദന, വികാരങ്ങൾ , മനോഭാവങ്ങൾ , ഓർമ്മ എന്നിവയെപ്പറ്റിയുള്ള വ്യക്തിമനഃശാസ്ത്രത്തിന്റെ സവിശേഷതകളെപ്പറ്റിയുള്ള മാനുഷിക പഠനത്തിനുള്ള പദ്ധതിയായിരുന്നു അദ്ദേഹത്തിന്റേത്. [5]. അതുകൊണ്ട് അദ്ദേഹത്തിന്റെ മനഃശാസ്ത്ര പദ്ധതി വ്യക്തിമനഃശാസ്ത്രം എന്ന പേരിൽ അറിയപ്പെടുന്നു. മാതൃകാ മനഃശ്ശാസ്ത്രം(Psychology of Normalcy) എന്നും ഗഹന മനഃശാസ്ത്രം (Depth Psychology)എന്നും അദ്ദേഹത്തിന്റെ മനഃശാസ്ത്ര പദ്ധതി അറിയപ്പെടുന്നുണ്ട്.

അപകർഷതാബോധം

തിരുത്തുക

സമൂഹത്തിൽ അംഗീകാരവും ബഹുമതിയും ആധിപത്യവും ലഭിക്കാനാണ് മനുഷ്യൻ ആഗ്രഹിക്കുന്നതെന്നു ആഡ്ലർ പറഞ്ഞു. എല്ലാ വ്യക്തിഗത പ്രവർത്തനങ്ങളുടേയും ആത്യന്തികമയ ലക്ഷ്യം സാമൂഹ്യാംഗീകാരമാണ്‌.അതാണ്‌ മനുഷ്യന്റെ സ്വഭാവ രൂപവത്കരണത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്നത്. അതുകൊണ്ട് വ്യക്തിയുടെ പെരുമാറ്റമാതൃകകളുടെ ബീജമന്വേഷിക്കേണ്ടത് അയാളുടെ ഈഗോയിൽ അഥവാ അതിലടങ്ങിയിട്ടുള്ള അധികാര വാഞ്ഛയിലാണ്‌. മനസ്സിന്റെ ലക്ഷ്യങ്ങളെ തിരിച്ചറിയുന്നതിലൂടെയാവണം മാനസികാപഗ്രഥനം ആരംഭിക്കേണ്ടതെന്ന അഡ് ലറൂടെ നിലപാട് ഫ്രോയിഡിന്റേതിനു വിരുദ്ധമായിരുന്നു. മനസ്സിന്റെ ലക്ഷ്യങ്ങൾ കണ്ടുപിടിക്കാൻ കഴിയുന്നതിലൂടെ മാത്രമേ മാനസികാപഗ്രഥനം സാദ്ധ്യമാകൂ എന്ന നിലപാടാണ്‌ ആഡ് ലറിനുണ്ടായിരുന്നത്. സമൂഹത്തിൽ മേന്മയോ മഹത്ത്വമോ അംഗീകാരമോ പദവികളോ ലഭിക്കാതെ വരുമ്പോഴാണ് വ്യക്തികൾ അപകർഷതാബോധം ഉള്ളവരായി മാറുന്നത്. ശാരീരികമോ മാനസികമോ ആയ കുറവുകളുടെ ഫലമായിട്ടായിരിക്കാം വ്യക്തി അപകർഷതയിലേക്ക് നയിക്കപ്പെടുന്നത് . ഇതിനു പ്രതിവിധിയായി വ്യക്തി സ്വയം ശ്രേഷ്ഠഭാവം നടിക്കുകയും അത് പലതരത്തിലുള്ള പെരുമാറ്റവൈചിത്ര്യങ്ങൾക്ക് കാരണമായിത്തീരുകയും ചെയ്യുന്നു. ഈ അപകർഷതയാണ് പലപ്പോഴും വ്യക്തിയുടെ മനോരോഗത്തിന് കാരണമായി മാറുന്നത് എന്നാണ് ആഡ് ലറുടെ നിലപാട്. ഈ മാനസിക പെരുമാറ്റ വൈചിത്ര്യത്തെ സൂചിപ്പിക്കുന്ന ആഡ് ലറുടെ സുപ്രധാന പരികല്പനകളാണ് ഇൻഫീരിയോറിറ്റി കോംപ്ലക്സും സുപ്പീരിയോറിറ്റി കോംപ്ലക്സും. കുടുംബത്തിന്റെ ഭാഗമായി ജീവിക്കുന്ന ശിശുക്കൾക്ക് പല കാര്യത്തിലും മുതിർന്നവരെ ആശ്രയിക്കേണ്ടി വരും. മറ്റുള്ളവരുടെ സഹായമില്ലാതെ പ്രവർത്തിക്കാനോ ആവശ്യങ്ങൾ നിർവഹിക്കാനോ കഴിയില്ലെന്ന നിസ്സഹായതാബോധവും അതുമൂലമുള്ള ആശ്രയത്വവും ശിശുക്കളിൽ പലവിധത്തിലുള്ള അപകർഷതകൾക്ക് കാരണമായി മാറുന്നു. അതിനെ നേരിടാൻ ഓരോ കുട്ടികൾക്കും അവവരവരുടേതായ ജന്മസിദ്ധമായ, അഥവാ വാസനാ ജന്യമായ, പ്രതിവിധികൾ ഉണ്ട്. കരഞ്ഞ് ഒച്ചയുണ്ടാക്കിയും ബഹളം വെച്ചും അവർ മറ്റുള്ളവരുടെ പ്രശാന്തത തകർക്കുന്നതിലൂടെ സാഹചര്യങ്ങളുടെ മേൽ തങ്ങളുടേതായ രീതിയിൽ ആധിപത്യം നേടുന്നു. ഇവിടെ അപകർഷത സൃഷ്ടിക്കുന്ന ഒരു സാഹചര്യത്തിൽ നിന്ന് അതായത് ഇൻഫീരിയോറിറ്റിയിൽ നിന്നു തന്നെ ഉണ്ടാകുന്ന ഒരു സുപ്പീരിയോറിറ്റി കുഞ്ഞ് സൃഷ്ടിച്ചെടുക്കുകയാണ്. ലക്ഷ്യം നേടണമെന്ന കാര്യത്തിൽ പ്രായം ചെന്നവരെപ്പോലെതന്നെയാണ് കുട്ടികളും എന്ന് കാണാം.[6]

വ്യക്തിസങ്കല്പം

തിരുത്തുക

ആഡ് ലറുടെ വ്യക്തിസങ്കല്പം സൃഷ്ടിപരമായിരുന്നു. വ്യക്തിത്വം മാറ്റമില്ലാത്ത, സ്ഥൈതികമായ, ഒന്നാണെന്ന് അദ്ദേഹം കരുതിയില്ല. വ്യക്തിത്വവികാസം അതിന്റെ ഉടമയുടെ കൂടി രചനാത്മകമായ സൃഷ്ടിയാണ്. ആത്മനിഷ്ഠമായ ഈ സമീപനം ആഡ് ലറുടെ മൗലികമായ ഒരാലോചനയായിരുന്നു. നിരന്തരമായ പരിവർത്തനത്തിന് വിധേയനാവുകയും സ്വയമേവ പരിവർത്തനവിധേയനാക്കുകയും (സ്വയം മാറുകയും)ചെയ്യുന്ന പ്രക്രിയയുടെ ഭാഗമായിത്തന്നെയാണ് വ്യക്തിയുടെ സൈക്കോസിസും ന്യൂറോസിസും എന്നാണ് ആഡ് ലറുടെ 'പ്രോബ്ലംസ് ഓഫ് ന്യൂറോസിസ് ' എന്ന പുസ്തകം സമാഹരിച്ച് പ്രസിദ്ധപ്പെടുത്തിയ ഹെയിൻഡ് ആൻസ് ബാക്കർ ,ആഡ് ലറുടെ സിദ്ധാന്തം വ്യക്തമാക്കിക്കൊണ്ട്, പുസ്തകത്തിന്റെ അവതാരികയിൽ എഴുതിയിട്ടുള്ളത്. ആഡ് ലറുടെ വ്യക്തിവാദത്തിൽ വ്യക്തിയുടെ ഏകാത്മകത്വത്തിനും വ്യക്തിജീവിതത്തിന്റെ സോദ്ദേശ്യകതക്കും ജീവിത ധർമ്മങ്ങൾക്കും പ്രാധാന്യം ലഭിച്ചു. [7] വസ്തുനിഷ്ഠമായ കാഴ്ചപ്പാടിലായാലും വ്യക്തിനിഷ്ഠമായ കാഴ്ചപ്പാടിലായിരുന്നാലും ശരി മനുഷ്യ വ്യക്തിത്വം വിഭജിതമല്ലെന്ന ദർശനമാണ് ആഡ് ലറുടേത്. അവിഭാജ്യമായത് എന്നർഥം വരുന്ന' individual ' എന്ന പദം സൂചിപ്പിക്കുന്നതു പോലെ വ്യക്തി അവിഭാജ്യമായ ഒരു ഘടകമാണ്. മനസ്, ശരീരം- ബോധം, അബോധം എന്നീങ്ങനെയുള്ള വിഭജനരേഖകൾക്ക് അക്കാദമികമായ പ്രാധാന്യമേയുള്ളു. വ്യക്തി സവിശേഷമായ ലക്ഷ്യങ്ങളുടെ സാക്ഷാത്കാരമാണ് ആഗ്രഹിക്കുന്നത്. അതിനുവേണ്ടിയാണ് പ്രവർത്തിക്കുന്നതും. ലക്ഷ്യങ്ങളോ ആഗ്രഹങ്ങളോ സാക്ഷാത്കരിക്കാനാകാതെ വരുമ്പോഴാണ് അയാൾ അപകർഷതയിലേക്കോ അതുവഴി ഉൽകൃഷ്ടതാ നാട്യത്തിലേക്കോ വഴുതിവീഴുന്നത്. എല്ലാവരും താൻ ഉൽകൃഷ്ടനാണെന്ന് കരുതുന്നു. തന്റെ വിജയത്തിൽ ഉത്തമമായ വിശ്വാസം പുലർത്തുന്നു. തന്റെ സ്വത്വത്തിന് പരമാവധി ഫലങ്ങൾ നേടിക്കൊടുക്കുന്നതിനായി ഓരോ വ്യക്തിയും തന്റെ നൈപുണികളെ ഏറ്റവും വിദഗ്ദ്ധമായി ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നു. ഈ ഉൽകൃഷ്ടതയെ പ്രാപിക്കാനുള്ള ശ്രമത്തിനിടയിൽ വ്യക്തി ആകാംഷക്കും അപകർഷതാബോധത്തിനും വിധേയനാകേണ്ടതായിവരും. ഇത് ഒരുവനെ വിവശനാക്കി അവനിൽ ന്യൂറോസിസും സൈക്കോസിസും ഉളവാക്കുന്നുവെന്നുമാണ് ആഡ് ലർ സിദ്ധാന്തീകരിക്കുന്നത്.[8]

  1. ബ്രിട്ടാണിക്ക മലയാളംഎൻസൈക്ലോപീഡിയ, ഡെസ്ക് റഫറൻസ്, വാല്യം 1 പുറം 16 , ബ്രിട്ടാണിക്ക എൻസൈക്ലോപീഡിയ(ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് & ഡി സി ബുക്സ് കോട്ടയം2003
  2. വിശ്വവിജ്ഞാനകോശം, വാല്യം 2 പുറം.72, എസ്.പി.സി.എസ് , കോട്ടയം (1988)
  3. നിത്യചൈതന്യ യതി, മനഃശ്ശാസ്ത്രവും മനഃശ്ശാസ്ത്രജ്ഞന്മാരും (1994) പുറം. 60 , കറന്റ് ബുക്സ് കോട്ടയം .
  4. ഡോ. കെ എം തരകൻ, പാശ്ചാത്യസാഹിത്യ തത്ത്വശാസ്ത്രം, പുറം:.403, എസ്. പി. സി എസ്, കോട്ടയം (1990) ഒന്നാം പതിപ്പ് 1974.
  5. ബ്രിട്ടാണിക്ക മലയാളംഎൻസൈക്ലോപീഡിയ, ഡെസ്ക് റഫറൻസ്, വാല്യം 1 പുറം 16 , ബ്രിട്ടാണിക്ക എൻസൈക്ലോപീഡിയ(ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് & ഡി സി ബുക്സ് കോട്ടയം2003
  6. നിത്യചൈതന്യ യതി, മനഃശാസ്ത്രവും മനഃശാസ്ത്രജ്ഞന്മാരും (1994) പുറം 63 , കറന്റ് ബുക്സ് കോട്ടയം, ഒന്നാം പതിപ്പ് 1991
  7. നിത്യചൈതന്യ യതി, മനഃശാസ്ത്രവും മനഃശാസ്ത്രജ്ഞന്മാരും (1994) പുറം 62, കറന്റ് ബുക്സ് കോട്ടയം, ഒന്നാം പതിപ്പ് 1991
  8. നിത്യചൈതന്യ യതി, മനഃശാസ്ത്രവും മനഃശാസ്ത്രജ്ഞന്മാരും (1994) പുറം 63-4, കറന്റ് ബുക്സ് കോട്ടയം, ഒന്നാം പതിപ്പ് 1991
"https://ml.wikipedia.org/w/index.php?title=ആൽഫ്രഡ്_അഡ്‌ലർ&oldid=1693967" എന്ന താളിൽനിന്ന് ശേഖരിച്ചത്