ആർ. ഹേലി
ഈ ലേഖനം വിക്കിപീഡിയയുടെ നയങ്ങൾക്ക് എതിരാണെന്ന സംശയത്താൽ ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ എന്ന താളിൽ ഈ ലേഖനത്തിന്റെ വിവരണത്തിൽ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക. ഒരു ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നത് എങ്ങിനെ?
|
കാർഷിക രംഗം ആധുനികവത്കരിക്കാനും ലോകമെമ്പാടുമുള്ള കാർഷിക ഗവേഷണ ഫലങ്ങൾ കർഷകരിൽ എത്തിക്കാനും അക്ഷീണം യത്നിച്ച വ്യക്തിയായിരുന്നു മുൻ കൃഷിവകുപ്പ് ഡയറക്ടർ ആർ ഹേലി. കേരളത്തെ ഭക്ഷ്യ സ്വയംപര്യാപ്തമാക്കാനുള്ള ശ്രമങ്ങളിൽ ഹേലിയുടെ സംഭാവനകൾ വിസ്‌മരിക്കാനാകാത്തതാണ്. [1]
ആർ. ഹേലി | |
---|---|
![]() | |
കൃഷി വകുപ്പ് ഡയറക്ടർ | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1934 സെപ്റ്റംബർ ആറ്റിങ്ങൽ, തിരുവനന്തപുരം ജില്ല, കേരളം |
മരണം | 12 ഡിസംബർ, 2020 ആലപ്പുഴ |
ദേശീയത | ഇന്ത്യൻ |
പങ്കാളി(കൾ) | ഡോ. സുശീല |
കുട്ടികൾ | 2; ഡോ. എച്ച്. പൂർണിമ, പ്രശാന്ത് ഹേലി |
അൽമ മേറ്റർ | ഹെബ്ബാൾ കാർഷിക കോളജ് |
അവാർഡുകൾ | സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രഥമ ‘കൃഷിഭാരതി’ പുരസ്കാരം |
ജനനം, കുടുംബംതിരുത്തുക
ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനും ഈഴവ സമുദായത്തിൽ നിന്നും തിരുവിതാംകൂർ സർവീസിൽ നിയമിതനായ ആദ്യ ഗസറ്റഡ് ഓഫീസറും എസ്.എൻ.ഡി.പി. യോഗം ദേവസ്വം സെക്രട്ടറിയും[2] ആറ്റിങ്ങൽ നഗരസഭയുടെ പ്രഥമ അധ്യക്ഷനുമായിരുന്ന പി.എം. രാമന്റെയും (രാമൻ രജിസ്ട്രാർ[3]) ഭാരതിയുടെയും മക്കളിൽ ഇളയ മകനായ ആർ. ഹേലി തിരുവനന്തപുരത്ത് ആറ്റിങ്ങൽ ആണ് ജനിച്ചത്. രാമന്റെയും ഭാരതിയുടെയും പതിനൊന്ന് മക്കളിൽ ഇളയ മകനായി ഹേലി 1934 സെപ്റ്റംബറിൽ ജനിച്ചു. രണ്ട് സഹോദരങ്ങൾ നേരത്തെ മരിച്ചു. ബാക്കിയുള്ളവരിൽ അതിപ്രശസ്തരായ ട്രേഡ് യൂണിയൻ നേതാവും എംഎൽഎയുമായിരുന്ന ആർ. പ്രകാശം, നിയമസഭാ സെക്രട്ടറിയായിരുന്ന ഡോ. ആർ. പ്രസന്നൻ, പത്മം, ഡെപ്യൂട്ടി ചീഫ് എൻജിനീയറായിരുന്ന ഹർഷൻ തുടങ്ങിയ[4]പ്രഗത്ഭരായ സഹോദരർക്കിടയിലാണ് ഹേലി വളർന്നത്.[5]
ഏറ്റവും ഇളയ മകന് സൂര്യൻ എന്ന അർഥമുള്ള ഹേലി എന്ന പേരാണു മാതാപിതാക്കൾ നൽകിയത്. [4] [6]. അച്ഛൻ വിദ്യാഭ്യാസ ലഭിക്കുന്നതിനായി തിരുവിതാംകൂറിൽ പോരാട്ടം തന്നെ നടത്തിയിരുന്നു.[2] ഹേലിയുടെ അച്ഛൻ പി.എം. രാമൻ കടയ്ക്കാവൂർ നിന്ന് അഞ്ചുകിലോമീറ്റർ നടന്നും കടത്തു കടന്നുമാണ് ആറ്റിങ്ങൽ ടൗൺ സ്കൂളിൽ പഠിക്കാനെത്തുന്നത്. അന്ന് ചിറയിൻകീഴ് താലൂക്കിലെ ഏക ഇംഗ്ലീഷ് സ്കൂളാണ് ആറ്റിങ്ങലുള്ളത്. അന്നവിടെ താഴ്ന്ന ജാതിക്കാർക്ക് പ്രവേശനം കിട്ടില്ല. സ്കൂളിന്റെ വെളിയിലുള്ള ഇറച്ചി കടയിലിരുന്നു പഠിക്കാൻ മാത്രമാണ് അച്ഛന് അനുവാദം കിട്ടിയത്. എന്നാൽ പിന്നീട് സ്കൂളിൽ നിന്ന് പുറത്താക്കിയതായി സ്കൂൾ ഇൻസ്‌പെക്ടറുടെ കത്ത് കിട്ടി. ഔദ്യോഗികമായി അങ്ങനെയൊരു കത്ത് സ്കൂൾ ഇൻസ്‌പെക്ടർ ഒപ്പിട്ടു നൽകാൻ പാടില്ലാത്തതാണ്. ഈ കത്തുമായി അച്ഛൻ തിരുവിതാംകൂർ രാജാവിനെ സമീപിച്ചു. രാജാവിന്റെ നിർദേശപ്രകാരം പഠനം തിരുവനന്തപുരത്തുള്ള ശ്രീമൂലം തിരുനാൾ സ്കൂളിലേക്ക് മാറ്റുകയും ചെയ്തു. അച്ഛനിൽ നിന്നാർജ്ജിച്ച സാമൂഹിക പരിഷ്കരണ ത്വരയും നേതൃത്വ ഗുണവും ഹേലിടെ വ്യക്തിത്വത്തെ ഏറെ സ്വാധീനിച്ചു. [7]
ആരോഗ്യ വകുപ്പിലെ റിട്ട. സീനിയർ സിവിൽ സർജൻ ഡോ. സുശീലയാണ് ഭാര്യ. മക്കൾ: ഡോ. എച്ച്. പൂർണിമ (അഡീഷണൽ പ്രഫസർ, ജനറൽ മെഡിസിൻ, ആലപ്പുഴ മെഡിക്കൽ കോളജ്), പ്രശാന്ത് ഹേലി (സെക്രട്ടറി, കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി). മരുമക്കൾ: ഡോ. വി.എ. ബിന്ദുലാൽ (അസോഷ്യേറ്റ് പ്രഫസർ, ഓർത്തോപീഡിക് വിഭാഗം, ആലപ്പുഴ മെഡിക്കൽ കോളജ്), ശുഭ.[4]
വിദ്യാഭ്യാസം, ജോലിതിരുത്തുക
ബെംഗളൂരുവിലെ ഹെബ്ബാൾ കാർഷിക കോളജിൽനിന്നു ബിരുദം നേടിയ ശേഷം 20–ാം വയസ്സിൽ റബർ ബോർഡിൽ ജൂനിയർ ഓഫിസറായി. ഒരു വർഷത്തിനു ശേഷം രാജിവച്ച് സംസ്ഥാന കൃഷി വകുപ്പിൽ ചേർന്നു. കാർഷിക മൃഗസംരക്ഷണ രംഗങ്ങളിലെ അറിവുകളും വിവരങ്ങളും ജനങ്ങളിൽ എത്തിക്കാനായി ഫാം ഇൻഫർമേഷൻ ബ്യൂറോയ്ക്കു രൂപം നൽകിയതിനും കേരള കർഷകൻ മാസിക ആരംഭിച്ചതിനും പിന്നിൽ ഹേലിയായിരുന്നു. ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ മേധാവിയായും കേരള കർഷകൻ മാസികയുടെ എഡിറ്ററായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ബംഗാൾ ക്ഷാമത്തിന്ശേഷമുള്ള കാർഷിക രംഗത്തിന്റെ തകർച്ചയായിരുന്നു കൊളോണിയൽ നുകത്തിൽ നിന്ന് പുറത്തുവന്ന ഇന്ത്യയുടെ പ്രധാന വെല്ലുവിളി. [8]ഗവേഷണത്തിലൂടെയും വിവര വിനിമയത്തിലൂടെയും രാജ്യത്തിൻറെ ഭക്ഷ്യ സ്വയംപര്യാപ്തത എന്നതായിരുന്നു കൃഷി വകുപ്പുകളുടെ ദൗത്യം. ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്‌ധിക്കുശേഷമുള്ള ഈ സങ്കീര്ണമായ കാലഘട്ടത്തിലാണ് ബാംഗ്ലൂരിലെ ഹെബ്ബാൽ കാർഷിക കോളേജിൽ നിന്നും ബിരുദവുമായി ഹേലി കേരളത്തിലെത്തുന്നത്. റബ്ബർ ബോർഡിൽ ജൂനിയർ ഓഫീസറായും തിരുകൊച്ചി കൃഷി വകുപ്പിൽ കൃഷി ഇൻസ്‌പെക്ടർ ആയും മല്ലപ്പള്ളിയിൽ അഗ്രിക്കൾച്ചറൽ എക്സ്റ്റൻഷൻ ഓഫീസറായും ജോലി ചെയ്ത അദ്ദേഹം പിന്നീടുള്ള അറുപതു വര്ഷം കേരളത്തിലെ കൃഷിയുടെ പര്യായപദമായി മാറി.[8]
ഫാം ഇൻഫർമേഷൻ ബ്യൂറോയിലെ ജോലിതിരുത്തുക
കാർഷിക വിജ്ഞാനവ്യാപനമാണ് തന്റെ തട്ടകമെന്ന് സ്വയം തിരിച്ചറിഞ്ഞ ഹേലി, തന്റെ സർവീസിൽ കൂടുതൽ കാലവും കൃഷിവകുപ്പിന്റെ പ്രചരണ വിഭാഗമായ ഫാം ഇൻഫർമേഷൻ ബ്യൂറോയിലാണ് പ്രവർത്തിച്ചത്. ഈ പ്രവർത്തനങ്ങളിലൂടെ ഫാം ജേർണലിസമെന്ന ഒരു നൂതന പത്ര പ്രവർത്തനശാഖയ്ക്ക് ജന്മം നല്കാൻ ആർ ഹേലിക്ക് കഴിഞ്ഞു. കൃഷിയോടൊപ്പം തന്നെ മൃഗസംരക്ഷണം, ഡയറി എന്നീ മേഖലകളുടെകൂടി പ്രചരണ വിഭാഗമായി എഫ്ഐബി മാറാൻ അധികസമയം വേണ്ടിവന്നില്ല. കേരള കർഷകൻ മാസികയുടെ എഡിറ്റർ എന്ന നിലയിൽ അതിനെ ജനശ്രദ്ധ ആകർഷിക്കുന്ന കാർഷിക പ്രസിദ്ധീകരണമാക്കി മാറ്റാൻ ഹേലി വഹിച്ച പങ്ക് വളരെ വലുതാണ്. [9] അമ്പതുകളിൽ കേരളപ്പിറവിക്കൊപ്പം അഗ്രിക്കൾച്ചർ ഇൻഫൊർമേഷൻ യൂണിറ്റിന്റെയും ‘കേരള കർഷകൻ’ എന്ന മാസികയുടെയും ചുമതല ഹേലിയ്ക്ക് ആയിരുന്നു. സി. അച്യുതമേനോൻ ആയിരുന്നു കൃഷിവകുപ്പിന്റെ ചുമതലയുള്ള മന്ത്രി. അദ്ദേഹമാണ് ഹേലിയെ ‘കേരള കർഷകന്റെ’ പത്രാധിപർ ആക്കുന്നത്. പിൽക്കാലത്ത് എം. എൻ. ഗോവിന്ദൻ നായർ മന്ത്രിയായിരിക്കുമ്പോഴാണ് ഫാം ഇൻഫർമേഷൻ ബ്യുറോ രൂപീകരിക്കുന്നത്.[5] അതൊരു പ്രധാനപ്പെട്ട തുടക്കമായിരുന്നു. കൃഷിയെയും കർഷകരെയും കർഷക സാഹിത്യത്തെയും മനസ്സിലാക്കാനും ഗവേഷണ ഫലങ്ങൾ ലളിതമായ ഭാഷയിൽ കർഷകരിൽ എത്തിക്കാനും ആണ് അവർ ശ്രമിച്ചത്. ഒരുപക്ഷെ ഫാം ജേർണലിസം എന്ന ആശയം തന്നെ രൂപീകരിക്കപ്പെടുന്നത് ഈസമയത്തായിരിക്കണം.[5]ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ എന്ന നിലയിൽ ആകാശവാണിയിലൂടെയും കൈപ്പുസ്തകങ്ങളിലൂടെയും ഡോക്യുമെന്ററി ഫിലിമുകളിലൂടെയും കർഷകത്തൊഴിലാളികളിൽ വിജ്ഞാനവ്യാപനത്തിന്റെ വിത്തുകൾ പാകി അദ്ദേഹം.[10] 500-ൽ താഴെ പ്രതികളുണ്ടായിരുന്ന കേരള കർഷകൻ മാസിക അദ്ദേഹം ഫാം ഇൻഫർമേഷൻ ബ്യൂറോ വിടുമ്പോൾ 35,000 ത്തിലധികം കോപ്പികളായി ഉയർന്ന് കർഷകർ മാറോടണച്ച ദ്വൈവാരികയായി മാറി. [10]മാസത്തിലൊരിക്കൽ ഇറങ്ങിയ മാസിക കർഷകരുടെ ജനപ്രീതിയിൽ മുന്നിലെത്തിയപ്പോഴാണ് കൃഷിമന്ത്രി എം.എൻ ഗോവിന്ദൻ നായർ അത് ദ്വൈവാരികയാക്കാൻ അനുമതി നൽകിയത്.[10]
കേരളത്തിലെ 'ഹരിത ജേർണലിസത്തിന്റെ പിതാവ്'തിരുത്തുക
ഹരിത വിപ്ളവം കൊടുമ്പിരിക്കൊണ്ടു നിന്ന ആ കാലഘട്ടത്തിലാണ് ഹേലിയെ നെൽകൃഷിയിലെ പുതിയ സങ്കേതങ്ങൾ മനസ്സിലാക്കാൻ വേണ്ടി ഇന്തോനേഷ്യയും തായ്‌വാനും തായ്‌ലാൻഡും ഉൾപ്പെടെയുള്ള കിഴക്കനേഷ്യയിലെ പ്രധാന നെൽക്കൃഷി മേഖലയിൽ പരിശീലനത്തിനായി അയച്ചത്. ഒരു വർഷത്തെ പരിശീലനത്തിനു ശേഷം തിരിച്ചെത്തിയ ഹേലി, നെൽക്കൃഷിയിൽ ലോകത്ത് വന്ന വമ്പിച്ച മാറ്റങ്ങളെപ്പറ്റി കേരളത്തിലെ മുഖ്യ പത്രങ്ങളിൽ തുടർച്ചയായി സരസമായും ലളിതമായും ലേഖന പരമ്പരകൾ എഴുതിത്തുടങ്ങി.ആർ.ഹേലി എന്ന പേര് അങ്ങനെ പത്രലോകത്ത് നല്ല ഡിമാൻഡുള്ള ഒന്നായി മാറി. എന്നു മാത്രമല്ല, കേരളത്തിലെ പ്രധാന ദിനപത്രങ്ങൾ കാർഷിക വിജ്ഞാന വ്യാപനത്തിനായി ആഴ്ചയിൽ ഒരിക്കൽ ഒരു പേജുതന്നെ മാറ്റിവയ്ക്കാൻ നിർബന്ധിതരായി. എല്ലാ പത്രമാഫീസുകളിലും കൃഷിയുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കു മാത്രമായി ഒരു ലേഖകനുമുണ്ടായി. ഇത്തരത്തിൽ കേരളത്തിലെ 'ഹരിത ജേർണലിസത്തിന്റെ പിതാവ്' എന്ന ബഹുമതി ആർ. ഹേലിക്ക് സ്വന്തമായി![11]കാർഷിക വിജ്ഞാന വ്യാപന വ്യവസ്ഥയുടെ തലതൊട്ടപ്പൻ എന്നുതന്നെ വിളിക്കാവുന്ന ഹേലി പറയാറുള്ളതുപോലെ ഒരു വര്ഷം ഇത്രയേറെ പേജുകൾ കൃഷിക്ക് മാത്രമായി മാറ്റിവെക്കുന്ന പ്രാദേശിക ഭാഷാപത്രങ്ങൾ തന്നെ മറ്റു സംസ്ഥാനങ്ങളിൽ വിരളമായിരുന്നു. അതോടൊപ്പമാണ് ആകാശവാണിയുടെ ‘വയലും വീടും’ കർഷകരുമായി സൃഷ്‌ടിച്ച ഹൃദയ ബന്ധം. ആകാശവാണിയും ഫാം ഇൻഫർമേഷൻ ബ്യുറോയും ചേർന്ന് ആരംഭിച്ച കാർഷിക വാർത്തകളും ഹേലിയുടെ നേതൃത്വത്തിലാണ് ആരംഭിക്കുന്നത്.[9] [12]കാർഷിക വിജ്ഞാന വ്യാപനം അത്രയേറെ മുഖ്യധാരയിൽ എത്തുന്നതിനു മുൻപാണ് ഹേലി ഈ രംഗത്തേക്ക് വരുന്നത്. എന്നാൽ ചുരുങ്ങിയ കാലം കൊണ്ടുതന്നെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പോലും കാർഷിക ലേഖനങ്ങൾ വന്നു.[5]ലോകമെമ്പാടും കാർഷിക ഗവേഷണ വാർത്തകൾ കിട്ടാൻ ഏറെ ബുദ്ധിമുട്ടിയിരുന്ന അക്കാലത്തു എല്ലാ ദേശീയ അന്തർദേശീയ പ്രസിദ്ധീകരണങ്ങളും നിരന്തരമായി ഹേലി പരിശോധിച്ച്കൊണ്ടിരുന്നു.[5]
ഗ്രൂപ്പ് ഫാമിംഗ്തിരുത്തുക
എൺപതുകളിൽ കൃഷിമന്ത്രിയായിരുന്ന വി.വി. രാഘവൻ, തന്റെ സോവിയറ്റ് സന്ദർശനത്തിനു ശേഷം ചെലവ് കുറച്ച് ഉല്പാദനം വർധിപ്പിക്കാൻ നെൽകൃഷി മേഖലയിൽ കർഷക പങ്കാളിത്തത്തോടെ കേരളത്തിൽ നടപ്പിലാക്കിയ 'ഗ്രൂപ്പ് ഫാമിംഗ്' എന്ന കൂട്ടുകൃഷി വികസന പദ്ധതിയുടെ നടത്തിപ്പിൽ ഹേലിയുടെ പങ്ക് ശ്രദ്ധേയമായിരുന്നു.[11] വി വി രാഘവൻ കൃഷിമന്ത്രിയും ആർ ഹേലി കൃഷി ഡയറക്ടറായിരിക്കെ നടപ്പാക്കിയ കൃഷിവകുപ്പ് പുനഃസംഘടന പ്രകാരമാണ് പഞ്ചായത്തുതല കൃഷിഭവനുകൾ നിലവിൽ വന്നത്. ഇതിനനുസരിച്ച് കൃഷി ബിരുദധാരിയായ ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള ഒരു ടീം കർഷകരുടെ സേവനത്തിനായി പഞ്ചായത്തടിസ്ഥാനത്തിൽ ലഭ്യമായി.
ദൂരദർശനിലെ കാർഷിക പരമ്പരകൾതിരുത്തുക
എൺപതുകളുടെ മധ്യത്തിൽ ഇന്ത്യയെമ്പാടും പ്രാദേശിക ഭാഷയിൽ ടെലിവിഷൻ സംപ്രേഷണം ആരംഭിച്ചതിന്റെ ഭാഗമായി തിരുവനന്തപുരം ദൂരദർശൻ പിറവി എടുത്തു. 1985 ജനുവരി ഒന്നാം തീയതി മുതലാണ് കേരളത്തിലെ മലയാളം ടെലിവിഷന്റെ ചരിത്രം രചിക്കപ്പെടുന്നത്. 1985 ജനുവരി മൂന്നിനു ആദ്യത്തെ കാർഷിക പരിപാടി ‘നാട്ടിൻപുറം’ സംപ്രേഷണം ചെയ്തു. യഥാർത്ഥത്തിൽ വികാസനോന്മുഖമായ ആശയ പ്രചാരണത്തിനാണ് രാജ്യമൊട്ടാകെ ഇത്ര വിപുലമായ ഒരു സംപ്രേഷണ ശൃംഖല രൂപം കൊണ്ടത്. നിർഭാഗ്യവശാൽ മാധ്യമത്തിന്റെ സവിശേഷ സ്വഭാവം കാരണം പ്രാഥമികമായും ഒരു വിനോദ ഉപാധി എന്ന നിലക്കാണ് സമൂഹം ഇത് സ്വീകരിച്ചത്. എങ്കിലും തുടക്കം മുതൽ തന്നെ കൃഷിയും ആരോഗ്യവും വിദ്യാഭ്യാസവും ഒക്കെ അടങ്ങുന്ന വിപുലമായ വിവര വിനിമയ പരിപാടികളും തിരുവനന്തപുരം ദൂരദർശന്റെ സംപ്രേഷണത്തിൽ ഉൾപ്പെട്ടിരുന്നു. തിരുവനന്തപുരം ദൂരദർശൻ ആദ്യ ഡയറക്ടർ കെ കുഞ്ഞികൃഷ്ണൻ കാർഷിക രംഗവുമായി ഏറെ ബന്ധമുള്ള ഒരു വ്യക്തിയായിരുന്നു. അതുകൊണ്ടു തന്നെ തുടക്കം മുതൽതന്നെ കാർഷിക ബന്ധമുള്ളപരിപാടികൾക്കു ഏറെ പ്രാധാന്യം കിട്ടുകയും ചെയ്തു. കേരളത്തിൽ അക്കാലത്തു നിലനിന്നിരുന്ന കാർഷിക വിജ്ഞാന വ്യാപന വ്യവസ്ഥയാകട്ടെ രാജ്യത്തെ തന്നെ ഏറ്റവും വ്യാപകവും വിപുലവുമായിരുന്നു. ഈ സംവിധാനത്തിന് അന്ന് മൂന്നു ദശകങ്ങളുടെ പഴക്കമുണ്ട്.[5] കാർഷിക രംഗത്ത് ചെറുതെങ്കിലും നിർണായകമായ ഒരു മാറ്റം വരുത്തിയ ഒരു കാർഷിക പരമ്പരയായിരുന്നു 1980കളുടെ അവസാനം സംപ്രേഷണം ചെയ്ത ‘നൂറുമേനിയുടെ കൊയ്ത്തുകാർ.’ അക്കാലത്താണ് കൃഷിവകുപ്പിന്റെ തലവനായി ഹേലി വിരമിച്ചത്. ദൂരദർശൻ അധികൃതരുടെ അഭ്യർത്ഥന പ്രകാരം ഹേലി ആണ് ഈ കാർഷിക പരമ്പരയെ മുന്നോട്ടു നയിച്ചത്. [5] പരമ്പരയ്ക്ക് ആയി കേരളത്തിലെ 12 പ്രമുഖ കർഷകരെ തിരഞ്ഞെടുത്തു. അവരുടെ തോട്ടത്തിൽ വച്ച് ഹേലി ഈ കർഷകരുമായി സംസാരിച്ചു. സ്വന്തം ജീവിതത്തെക്കുറിച്ചും കൃഷി അനുഭവങ്ങളെക്കുറിച്ചും അവർ സ്വയം വികസിപ്പിച്ച സാങ്കേതിക വിദ്യകളെക്കുറിച്ചുമൊക്കെ കർഷകർ പറഞ്ഞു. കാർഷിക രംഗത്തെ വിവിധ പ്രശ്നങ്ങളും അവയ്ക്ക് വേണ്ട പരിഹാരവുമെല്ലാം അവർ നിർദേശിച്ചു. ഈ പരമ്പര യഥാർത്ഥത്തിൽ വിവര വിനിമയത്തിന്റെ ഒഴുക്കിനെ തലകീഴാക്കി. അതിൽ, സംസാരിച്ചത് ശാസ്ത്രജ്ഞനല്ല. മറിച്ചു കർഷകനാണ്. സാധാരണക്കാരായ മനുഷ്യർ അവരുടെ അനുഭവങ്ങൾ വിശദീകരിച്ചു.അവരുന്നയിച്ചതെല്ലാം ദൈനംദിന പ്രശ്നങ്ങളാണ്. അവർ നിർദേശിച്ചത് പ്രായോഗിക പരിഹാര മാർഗങ്ങളായിരുന്നു.[5]‘നൂറുമേനിയുടെ കൊയ്ത്തുകാർ’ പരമ്പരയുടെ ഭാഗമായി ഹേലി തിരഞ്ഞെടുത്ത 12 കർഷകർ വൈവിധ്യവും നവീനവുമായ പ്രയോഗശൈലിയാൽ ഏറെ പ്രത്യേകത ഉള്ളവരായിരുന്നു.എല്ലാവരും തന്നെ സവിശേഷമായ ആശയ വിനിമയപാടവം ഉള്ളവരായിരുന്നു. കൃഷിഭൂമിയിൽ ഏറെ പരീക്ഷണങ്ങൾ നടത്തുന്നവരും ആയിരുന്നു. പിൽക്കാലത്തു കാർഷിക രംഗത്തു ഏറെ പുരസ്കാരങ്ങൾ അവർ നേടുകയും ചെയ്തു. [5]ഹേലിയും ഇവരുമായിട്ടുള്ള സംഭാഷണം ഹൃദയാവർജ്ജകമായിരുന്നു. ഹേലി തന്റെ സ്വതസിദ്ധമായ ശൈലിയിൽ അവരോടു സംസാരിക്കും. അങ്ങോട്ട് നിർദേശങ്ങൾ ഒന്നും നൽകുകയില്ല. അവർ പറയുന്നത് ശ്രദ്ധയോടെ കേൾക്കും. കൃഷിയിടം മുഴുവൻ ചുറ്റി നടന്നു കാണും. ദൂരദർശൻ പരിപാടികളിൽ അവ വേറിട്ടുനിന്നു. [5] ഈ പരമ്പര കേരളത്തിലെ കാർഷിക വിജ്ഞാന വ്യാപന പരീക്ഷണങ്ങളിൽ നിർണായകമായി. കർഷകന്റെ സാമൂഹിക അന്തസ്സും പൊതുവായ സ്ഥാനവും ചർച്ച ചെയ്യപ്പെട്ടു. ഇതിന്റെ തുടർച്ചയായി കേരള സർക്കാരും മലയാള മനോരമ അടക്കമുള്ള സ്ഥാപനങ്ങളും കർഷകർക്ക് അംഗീകാരം നൽകുന്ന ധാരാളം പുരസ്കാരങ്ങളുമായി മുന്നോട്ടു വന്നു. ഈ പുരസ്‌കാര സമിതികളിലൊക്കെ ഹേലി ഒരു അവിഭാജ്യ ഘടകമായിരുന്നു.[5] വാഴക്കുളം പിന്നീട് ഒരു പ്രമുഖ കൈതച്ചക്ക കൃഷി വിപണന കേന്ദ്രമായതും മറ്റും ഈ പരമ്പരയുടെ തുടർച്ചയായിട്ടായിരുന്നു.[5]
കുട്ടനാട് പാക്കേജിലെ സംഘത്തിൽതിരുത്തുക
പരിസ്ഥിതി നശിപ്പിക്കാത്ത വികസനത്തെക്കുറിച്ചുള്ള ചിന്തയാണ് കുട്ടനാട് പാക്കേജിൽ അദ്ദേഹത്തെ എത്തിച്ചത്. പ്രമുഖ കാർഷിക ശാസ്ത്രജ്ഞൻ ഡോ. എം.എസ്. സ്വാമിനാഥന്റെ വത്സലശിഷ്യനായ ഹേലി[4][13] ഡോ. സ്വാമിനാഥൻെറ നിയന്ത്രണത്തിലുള്ള പഠന സംഘത്തിൽ ഡോ. രത്നം, ഡോ. ജെയിംസ്, ഡോ. കെ.ജി പത്മകുമാർ, ഡോ. കൃഷ്ണദാസ് എന്നിവർക്കൊപ്പം അംഗമായി. കുട്ടനാട്ടിലെ കായൽ കൈയേറിയും ജലപ്പരപ്പ് ചുരുക്കിയും യാതൊന്നും അനുവദിക്കരുതെന്ന ഹേലി വാദിച്ചു. എന്ത് വികസനത്തിൻെറ പേരിലായാലും അത് അനുവദിച്ചാൽ ആപത്താണ് എന്ന് അദ്ദേഹം പറഞ്ഞു. വേമ്പനാട്ട് കയലിൻെറ വിസ്തീർണം കുറയുകയാണ്. ഇനിയും അത് കുറയാൻ അനുവദിക്കരുത്. പലതരത്തിലുള്ള കൈയേറ്റങ്ങളും നടക്കുന്നത് സർക്കാർ സംവിധാനം കണ്ണടക്കുന്നതുകൊണ്ടാണ്. പാടത്തിന് നടുവിലൂടെ റോഡ് വെട്ടിയുള്ള വികസനം നടത്തിയപ്പോഴാണ് കുട്ടിനാട് പാക്കേജ് തട്ടിൻപുറത്തായതെന്നും അദ്ദേഹം വിലയിരുത്തി. പരിസ്ഥിതി പൂർണമായും തകർക്കുന്ന പ്രവർത്തനങ്ങളാണ് അരങ്ങേറിയത്. കുട്ടനാടിനെ കരിങ്കൽ കാടാക്കരുതെന്നും ജൈവസമ്പത്തിനെ നിലനിർത്തി ജൈവരീതിയിലുള്ള നിർമ്മാണത്തിന് മുൻതൂക്കം നൽകണമെന്നും റിപ്പോർട്ട് നൽകിയിട്ടും നടത്തിപ്പ് അങ്ങനെയായില്ല. നടന്ന പ്രവർത്തനങ്ങളുടെ മോണിറ്ററിങ് സർക്കാർ നടത്തിയിട്ടില്ല. കുട്ടനാടിന് പ്രത്യേക വികസന അതോറിറ്റി വേണം. അതിനായി നിയമസഭയിൽ ബില്ല് അവതരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.[2]
റിട്ടയർമെന്റിനു ശേഷംതിരുത്തുക
റിട്ടയർമെന്റിനു ശേഷവും ഹേലി മാറിമാറിവന്ന എല്ലാ സർക്കാരുകളുടെയും ഇഷ്ട ഉപദേശകനായി പ്രവർത്തിച്ചുവന്നു.[11]1990 ൽ റിട്ടയർ ചെയ്ത ശേഷവും ഹേലി കാർഷിക മേഖലയിൽ സജീവമായി ഇടപെട്ടു[2]കർമ്മനിരതമായ ഒരു ജീവിതമാണ് അദ്ദേഹം നയിച്ചത്. സി അച്യുതമേനോൻ മുതൽ വി എസ് സുനിൽകുമാർ വരെയുള്ള എല്ലാ കൃഷിമന്ത്രിമാരും അദ്ദേഹവുമായി ആശയവിനിമയം നടത്തുകയും അഭിപ്രായങ്ങൾ തേടുകയും ചെയ്തിരുന്നു. കേരള കാർഷിക നയരൂപീകരണ സമിതിയിലെ അംഗമെന്ന നിലയിൽ ശ്ലാഘനീയമായ പ്രവർത്തനമാണ് ഹേലി കാഴ്ചവച്ചത്.[9]രാഷ്ട്രീയ താത്പര്യങ്ങൾക്കുപരി കർഷകന്റെ താത്പര്യങ്ങളെയാണ് ഹേലി എക്കാലത്തും പിന്തുണച്ചിരുന്നത്.[11] സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രഥമ ‘കൃഷിഭാരതി’ പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ ബഹുമതികൾ തേടിയെത്തി.[4] കാർഷിക നയരൂപീകരണ സമിതി അംഗമായിരുന്നു.എൺപത്തിരണ്ടാം വയസിലായിരുന്നു സംസ്ഥാന കൃഷിനയം രൂപീകരിക്കുന്ന കമ്മിറ്റിയുടെ നടുനായകത്വം വഹിച്ച് എല്ലാ സിറ്റിംഗുകളിലും പങ്കെടുത്ത് കാസർകോട് മുതൽ കന്യാകുമാരിവരെ യാത്ര ചെയ്ത് ആയിരത്തിലധികം രേഖകൾ പരിശോധിച്ച് അവയുടെ കരട് രൂപം അദ്ദേഹം തയ്യാറാക്കിയത്. അദ്ദേഹത്തിന്റെ മികച്ച സംഭാവനയായ 356 നിർദ്ദേശങ്ങൾ അടങ്ങിയ 'സംസ്ഥാന കാർഷികനയ'ത്തിലെ മിനിമം കർഷകത്തൊഴിലാളി ക്ഷേമപെൻഷൻ അയ്യായിരം രൂപ എന്ന് നടപ്പാക്കും എന്നതായിരുന്നു മരിക്കും വരെ കർഷകനെ നെഞ്ചേറ്റിനടന്ന അദ്ദേഹത്തിന്റെ ഉത്കണ്ഠ.[10]പാൽ, മുട്ട, മാംസ്യം എന്നിവയിൽ സംസ്ഥാനത്തിന് ഏകദേശം സ്വയം പര്യാപ്തമാകാൻ അവസരം ഒരുക്കിയത് സി. ദിവാകരൻ ഭക്ഷ്യ സിവിൽ സപ്ളൈസ്, ക്ഷീര മൃഗസംരക്ഷണവകുപ്പ് മന്ത്രിയായിരിക്കെ ഹേലി സമർപ്പിച്ച കമ്മിറ്റി റിപ്പോർട്ടായിരുന്നു. ആർ. ഹേലി നേതൃത്വം നല്‌കിയ കമ്മിറ്റി റിപ്പോർട്ടുകളുടെ ആധികാരികതയും സമഗ്രതയും നമ്മെ അന്നമൂട്ടുന്ന കർഷകന്റെ ലാഭത്തിലൂന്നി നില്‌ക്കുന്നതായിരുന്നു.[10]
ആർ. ഹേലി കമ്മിറ്റിയുടെ ശുപാർശകൾതിരുത്തുക
കോഴിവളർത്തലും, മുട്ട ഉത്പാദനവും കേരള സമൂഹം ഗൗരവമായി പരിഗണിച്ചിരുന്നില്ല. പശുവളർത്തൽ, കിടാരി സംരക്ഷണം, ആടുവളർത്തൽ മാത്രമല്ല, പന്നി - താറാവ് ഫാമുകളും അവഗണിക്കപ്പെട്ടു. പാൽ - മുട്ട - മാംസം എന്നീ ഭക്ഷ്യസാധനങ്ങളുടെ ഉത്‌പാദനം വർദ്ധിപ്പിക്കാനും മൃഗസംരക്ഷണരംഗം അടിസ്ഥാനപരമായി പുനഃസംഘടിപ്പിക്കാനും ഉദ്ദേശത്തോടെ വകുപ്പു മുന്നോട്ടുപോകണമെന്ന് മുഖ്യമന്ത്രി വി. എസ് നിർദ്ദേശിച്ചു. പ്രസ്തുത നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ഭക്ഷ്യ സിവിൽ സപ്ളൈസ്, ക്ഷീര മൃഗസംരക്ഷണവകുപ്പ്മന്ത്രി സി. ദിവാകരൻ ആർ. ഹേലിയുടെ മുന്നിലെത്തി. അദ്ദേഹവുമായി സർക്കാരിന്റെ ഉദ്ദേശം പങ്കുവച്ചു. അത്യധികമായ സന്തോഷത്തോടെ അദ്ദേഹം സർക്കാരുമായി സഹകരിക്കാൻ സന്നദ്ധനായി. ആർ. ഹേലി കമ്മിറ്റിയുടെ ശുപാർശകൾ കേരളത്തിലെ മൃഗസംരക്ഷണ ക്ഷീരവകുപ്പിന്റെ ചരിത്രത്തിലെ സുപ്രധാനമായ ഒരു രേഖയായി മാറി. [14]
റിപ്പോർട്ടിൽ ആർ. ഹേലി 58 നിർദ്ദേശങ്ങളാണ് മുന്നോട്ടുവച്ചത്. പ്രധാന നിർദ്ദേശങ്ങളിൽ ഒന്ന് ക്ഷീരകർഷകനെയും അവന്റെ കുടുംബത്തെയും ശക്തമായ അടിത്തറയിൽ നിലനിറുത്തുക. കൂടാതെ രണ്ടോ, മൂന്നോ പശുക്കളെ വളർത്തി ഉപജീവനം നടത്തുന്ന ആയിരക്കണക്കിന് ചെറുകിട ക്ഷീരോല്പാദകരോടൊപ്പം, അമ്പതും നൂറും പശുക്കളെ സംരക്ഷിക്കുന്ന ഹൈടെക് ഡയറി ഫാമുകൾ പൊതുമേഖലയിൽ ആരംഭിക്കണം. പാലിനും മറ്റ് ഉത്‌പന്നങ്ങൾക്കും ന്യായമായ വില, കുടുംബത്തിന് ക്ഷേമപദ്ധതി, ക്ഷീരകർഷകന് പെൻഷൻ, പ്രാഥമിക ക്ഷീരകർഷക സഹകരണ സംഘങ്ങളിലെ ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകൾ സഹകരണ സംഘങ്ങളിലെ ജീവനക്കാരോടൊപ്പം ഏകീകരിക്കുക, കാലിത്തീറ്റ മിതമായ വിലയ്ക്ക് വിതരണം, തീറ്റപ്പുൽ കൃഷിപ്രോത്സാഹനം, ഗ്രാമങ്ങളിൽ ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യമായി കോഴിക്കുഞ്ഞുങ്ങളെയും താറാവ്, ആട് എന്നിവയും വിതരണം ചെയ്യുക. ഈ പദ്ധതികൾ വ്യാപകമായ തോതിൽ വിദ്യാലയങ്ങളിൽ നടപ്പിലാക്കുക തുടങ്ങി ഭാവനാപൂർണമായ ഒട്ടേറെ നിർദ്ദേശങ്ങളോടെ ആർ. ഹേലി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് റിപ്പോർട്ട് നല്‌കി. ഹേലി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളത്തിലല്ല ഇന്ത്യയിലാദ്യമായി കാലിത്തീറ്റ സബ്‌സിഡി നടപ്പിലാക്കി. പുതിയ കാലിത്തീറ്റ ഫാക്ടറികൾ കരുനാഗപ്പള്ളി, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിൽ സ്ഥാപിച്ചു. ക്ഷീരകർഷകർക്കായി കുറ്റമറ്റ ക്ഷേമപദ്ധതിയും പെൻഷനും അനുവദിച്ചു. പ്രാഥമിക ക്ഷീരകർഷക സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് ശമ്പള വർദ്ധനവും പെൻഷനും അനുവദിച്ചു. പച്ചപ്പുൽ ഉത്പാദന കേന്ദ്രങ്ങളിൽ ഫോഡർ പ്രൊമോട്ടർമാരെ നിയമിച്ചും ''ഗ്രാമം നിറയെ കോഴി " കുഞ്ഞുകരങ്ങളിൽ കോഴിക്കുഞ്ഞ് " നാട്ടിൻപുറമാകെ കോഴികൾ തുടങ്ങിയ ഭാവനാപൂർണമായ പദ്ധതികളും നടപ്പിലാക്കി. ഈ രംഗത്ത് അദ്ധ്വാനിക്കുന്ന ആയിരക്കണക്കിന് കർഷകരുടെ മഹോത്സവങ്ങളും വിപണനകേന്ദ്രങ്ങളും സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് ഏതാനും ദിവസം നീണ്ടുനില്‌ക്കുന്ന പ്രദർശനം ജനലക്ഷങ്ങളെ ആകർഷിച്ചു. സമാനമായ പ്രദർശനോത്സവങ്ങൾ ചാത്തന്നൂർ, കരുനാഗപ്പള്ളി, കണ്ണൂർ, കാസർകോട് എന്നീ സ്ഥലങ്ങളിലും സംഘടിപ്പിച്ചു. മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാരുടെ ഡ്യൂട്ടിസമയം ഏകീകരിച്ചു. മൃഗസംരക്ഷണത്തിനാവശ്യമായ എല്ലാ ആധുനിക സജ്ജീകരണങ്ങളോടെ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികൾ സ്ഥാപിച്ചു. വെറ്ററിനറി സയൻസ് യൂണിവേഴ്സിറ്റിയും കേരള സംസ്ഥാനത്ത് ആദ്യമായി നിലവിൽവന്നു.[14]
എഴുത്ത്തിരുത്തുക
നിരവധി കാർഷിക ഗ്രന്ഥങ്ങൾ രചിച്ചു. സർവേ ഓഫ് ഇംപോർട്ടന്റ് അഗ്രിക്കൾച്ചറൽ മാർക്കറ്റ്സ് ഇൻ കേരള, ഫലവൃക്ഷങ്ങൾ, ഗ്രാമ്പു, തേൻപഴക്കൂട, ഫാം ജേർണലിസം, വനില, കൃഷിപാഠം തുടങ്ങി വ്യത്യസ്ത വിഷയങ്ങളിലുള്ള ഗ്രന്ഥങ്ങൾക്കു പുറമേ മലയാളത്തിലും ഇംഗ്ലീഷിലുമായി കാർഷിക സംബന്ധിയായ ആറായിരത്തിലധികം ലേഖനങ്ങളെഴുതി. [4] ആർ. ഹേലി എഴുതി തയ്യാറാക്കിയ ഒരു സമ്പൂർണ കാർഷിക കൃതിയാണ് `കൃഷിപാഠം സമ്പൂർണ കാർഷിക വിജ്ഞാന ഗ്രന്ഥം ' [2]. കൃഷിയുടെ ആദിമ ചരിത്രം മുതൽ ആധുനിക കൃഷിരീതികൾ വരെ സമഗ്രമായി പ്രതിപാദിച്ചിട്ടുള്ള ഈ ഗ്രന്ഥത്തിൽ കേരള കാർഷിക മേഖലയുടെ വളർച്ചയും വികാസവും വിശദമായി പറയുന്നുണ്ട് . കാർഷിക വിജ്ഞാനത്തിൽ അരനൂറ്റാണ്ടിലേറെ അനുഭവ പരിജ്ഞാനമുള്ള ഗ്രന്ഥകാരൻ കാർഷിക മേഖലയുടെ സൂക്ഷ്മതല സങ്കീർണതകളെ കൃത്യമായി വരച്ചുകാട്ടുന്നു. കേരളത്തിലെ പ്രധാന വിളകൾ, കാർഷിക പ്രവർത്തനങ്ങൾ, സാധ്യതകൾ, കാർഷിക സമ്പദ്വ്യവസ്ഥ, വിപണി തുടങ്ങി സമസ്ത മേഖലകളെയും സമഗ്രമായി പ്രതിപാദിക്കുകയാണ് ഈ പുസ്തകം.[2]ആയിരത്തിലധികം പേജുകളുള്ള അദ്ദേഹത്തിന്റെ 'കൃഷിപാഠങ്ങൾ' എന്ന ഗ്രന്ഥം ഏഴ് എഡിഷനുകളിലായി പതിനായിരക്കണക്കിന് കർഷകർ നെഞ്ചേറ്റി[11] ഈ പുസ്‌തകം കൃഷിയുടെ വിശ്വവിജ്ഞാനകോശം എന്ന് വിശേഷിപ്പിക്കപ്പെടുന്നു. [15]കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനായി ആർ. ഹേലി രചിച്ച് 1987 ആഗസ്റ്റിൽ പ്രസിദ്ധീകരിച്ച ഫാം ജേർണലിസം, ഏഴ് പതിപ്പുകൾ പ്രസിദ്ധീകരിക്കപ്പെട്ട കൃഷിപാഠം , ഗ്രാമ്പു, വാനില, വീട്ടുവളപ്പിലെ കൃഷി എന്നിവ കൃഷി ശാസ്ത്രത്തിലെ ആധികാരിക ഗ്രന്ഥങ്ങളാണ്.[10]
ശിവഗിരിമഠം പ്രസിദ്ധീകരിച്ച ശ്രീനാരായണ ഗുരുദേവ കൃതികളുടെ എക്സിക്യൂട്ടീവ് എഡിറ്ററായും അദ്ദേഹം പ്രവർത്തിച്ചു [16]ഗുരുദേവ സാഹിത്യത്തിന് വലിയ മുതൽക്കൂട്ടായി ഡോ.സുകുമാർ അഴിക്കോടിനെപ്പോലുളളവർ വിശേഷിപ്പിച്ച സമ്പൂർണ്ണ കൃതികളുടെ വ്യാഖ്യാനത്തിന്റെ പ്രസിദ്ധീകരണം കുറ്റമറ്റതാക്കാൻ കൃഷിവകുപ്പിലെ ജോലിത്തിരക്കുകൾ പോലും മാറ്റിവച്ചാണ് ആർ.ഹേലി പ്രവർത്തിച്ചത്. വ്യാഖ്യാനഗ്രന്ഥത്തിൽ ഗുരുദേവനുമായി ബന്ധപ്പെട്ട അപൂർവ്വ ചിത്രങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ ചിത്രങ്ങൾ സംഘടിപ്പിക്കാൻ കേരളത്തിന്റെ പലഭാഗങ്ങളിലും മാസങ്ങളോളം സഞ്ചരിക്കേണ്ടി വന്ന കാര്യവും അത് കണ്ടുകിട്ടിയപ്പോഴുണ്ടായ ആത്മനിർവൃതിയും ഹേലി പല സന്ദർഭങ്ങളിലും പങ്കുവച്ചിട്ടുണ്ട്. [16]
അന്ത്യംതിരുത്തുക
12 ഡിസംബർ 2020, രാവിലെ 8.50ന് ആലപ്പുഴയിൽ മകളുടെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. എൺപത്തിയേഴ് വയസായിരുന്നു. [17] കോവിഡ് പശ്ചാത്തലത്തിൽ 2020 മാർച്ചിലാണ് ആറ്റിങ്ങലിൽ നിന്നു തിരുവനന്തപുരത്തുള്ള മകന്റെ വീട്ടിലേക്കു മാറിയത്.[4] കൊവിഡ് ലോക്ഡൗൺ ആരംഭിച്ചപ്പോഴാണ് മകൾ പൂർണിമ മാതാപിതാക്കളെ ആലപ്പുഴയിലേക്ക് കൊണ്ടുപോയത്. പ്രഭാത ഭക്ഷണത്തിനായി മകൾ വിളിച്ചപ്പോൾ ഹേലി കസേരയിൽ അബോധാവസ്ഥയിലായിരുന്നു. പൂർണിമയും, പിന്നാലെ മെഡിക്കൽ കോളേജിൽ നിന്നെത്തിയ വിദഗ്ദ്ധ ഡോക്ടർമാരും പരിശോധിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പത്തു മണിയോടെ മൃതദേഹം ആംബുലൻസിൽ ജന്മനാടായ ആറ്റിങ്ങലിലേക്ക് എത്തിച്ചു.[18]മൃതദേഹം ആറ്റിങ്ങൽ മൂന്നുമുക്കിലെ സ്വവസതിയായ ‘പേൾ ഹില്ലിൽ’ സംസ്കരിച്ചു.[4]
അവലംബംതിരുത്തുക
- ↑ Daily, Keralakaumudi. "ആർ. ഹേലി കാർഷികരംഗത്തെ ആധുനികവത്കരിച്ചു: മുഖ്യമന്ത്രി" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2022-12-16.
- ↑ 2.0 2.1 2.2 2.3 2.4 2.5 സുനിൽ, ഡോ ആർ (2020-12-13). "കൃഷിയുടെ പര്യായമായ ആർ. ഹേലി | Madhyamam". ശേഖരിച്ചത് 2022-12-16.
{{cite web}}
: zero width space character in|first=
at position 5 (help); zero width space character in|last=
at position 3 (help) - ↑ Daily, Keralakaumudi. "ഒരു നിയോഗം പോലെ ഗുരുദേവ കൃതികളുടെ സമ്പൂർണ്ണ വ്യാഖ്യാനം" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2022-12-16.
- ↑ 4.0 4.1 4.2 4.3 4.4 4.5 4.6 4.7 "പ്രമുഖ കൃഷി ശാസ്ത്രജ്ഞൻ ആർ. ഹേലി ഓർമയായി". ശേഖരിച്ചത് 2022-12-16.
- ↑ 5.00 5.01 5.02 5.03 5.04 5.05 5.06 5.07 5.08 5.09 5.10 5.11 exceditor (2020-12-17). "ആർ.ഹേലിയും കേരളത്തിലെ കൃഷിയും" (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). ശേഖരിച്ചത് 2022-12-16.
- ↑ exceditor (2020-12-17). "ആർ.ഹേലിയും കേരളത്തിലെ കൃഷിയും" (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). ശേഖരിച്ചത് 2022-12-16.
- ↑ "ആർ ഹേലിയും കേരളത്തിലെ കൃഷിയും". ശേഖരിച്ചത് 2022-12-16.
- ↑ 8.0 8.1 "ആർ ഹേലിയും കേരളത്തിലെ കൃഷിയും". ശേഖരിച്ചത് 2022-12-16.
- ↑ 9.0 9.1 9.2 "ആർ ഹേലി: ഫാം ജേർണലിസത്തിന്റെ ഉപജ്ഞാതാവ്" (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). 2021-12-12. ശേഖരിച്ചത് 2022-12-16.
- ↑ 10.0 10.1 10.2 10.3 10.4 10.5 Daily, Keralakaumudi. "കാർഷികരംഗം ആർ. ഹേലിയെ സ്‌മരിക്കുമ്പോൾ" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2022-12-16.
- ↑ 11.0 11.1 11.2 11.3 11.4 Daily, Keralakaumudi. "അക്ഷരങ്ങളിൽ വിളഞ്ഞ വയൽസൂര്യൻ" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2022-12-16.
- ↑ Kerala PRD. "ആർ. ഹേലിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു". Kerala PRD. Kerala PRD. ശേഖരിച്ചത് 16 Dec 2022.
- ↑ "കൃഷിയെക്കുറിച്ചുള്ള എഴുത്തുകൾ ഇഷ്ടമുള്ളവരാണോ ? അറിയണം ആരായിരുന്നു ആർ. ഹേലി എന്ന്". 2020-12-14. ശേഖരിച്ചത് 2022-12-16.
- ↑ 14.0 14.1 Daily, Keralakaumudi. "ഹേലി റിപ്പോർട്ടും ക്ഷീരകർഷകരും" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2022-12-16.
- ↑ "ആർ ഹേലി ; കാർഷിക വൈജ്ഞാനിക രംഗത്തെ സൂര്യശോഭ". ശേഖരിച്ചത് 2022-12-16.
- ↑ 16.0 16.1 Daily, Keralakaumudi. "ഒരു നിയോഗം പോലെ ഗുരുദേവ കൃതികളുടെ സമ്പൂർണ്ണ വ്യാഖ്യാനം" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2022-12-16.
- ↑ "കൃഷി ശാസ്ത്രജ്ഞൻ ആർ ഹേലി അന്തരിച്ചു • Suprabhaatham". ശേഖരിച്ചത് 2022-12-16.
- ↑ Daily, Keralakaumudi. "കൃഷി ശാസ്ത്രജ്ഞൻ ആർ. ഹേലിക്ക് വിട" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2022-12-16.