ബ്രിട്ടിഷ് പുരാവസ്തുശാസ്ത്രജ്ഞൻ. ഡെർബിഷെയറിലെ ഹോസ്റ്റൺ എന്ന സ്ഥലത്ത് 1540-ൽ ജനിച്ചു. അഭിഭാഷകനാകാൻ പഠിച്ചുവെങ്കിലും ഒരു കോടതിയിലെ ഗുമസ്തപ്പണി സ്വീകരിക്കേണ്ടിവന്നു. 1570 മുതൽ 45 വർഷം പല ഉദ്യോഗങ്ങളും വഹിച്ചു. പുരാവസ്തുശാസ്ത്രസമിതിയുടെ പ്രവർത്തനങ്ങളിൽ ഗവൺമെന്റുരേഖകളുടെ വിവരണപ്പട്ടിക തയ്യാറാക്കുന്നതിന് നിയുക്തനായി. വില്യം കോൺകറർ (1027-87) ഇംഗ്ളണ്ടിൽ നടപ്പാക്കിയ കണ്ടെഴുത്തിന്റെ പ്രമാണരേഖയായ ഡൂംസ്ഡേ ബുക്കിനെ (Domesday Book) അടിസ്ഥാനമാക്കി ഇദ്ദേഹം നടത്തിയ ഗവേഷണങ്ങൾ പ്രാധാന്യമർഹിക്കുന്നവയാണ്. ഈ പ്രത്യേകപഠനംവഴി ഇദ്ദേഹം ദുർഗ്രഹമായ പല സാങ്കേതികസംജ്ഞകളുടെയും വിശദീകരണം നല്കി. തോമസ് ഹെർനിയുടെ പ്രമുഖ പുരാവസ്തുശാസ്ത്രജ്ഞൻമാരുടെ സവിശേഷചർച്ചകളുടെ സമാഹാരം എന്ന ഗ്രന്ഥത്തിൽ പാർലമെന്റിന്റെ ആരംഭം, ഷെയറുകളുടെ പൌരാണികത, മാടമ്പിമാരുടെ അധികാരാവകാശങ്ങൾ തുടങ്ങിയ ആറു ലേഖനങ്ങൾ അഗാർദേ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ആർതർ അഗാദേ
ജനനം1540
മരണം1615
തൊഴിൽDeputy-chamberlain and antiquary

ഇദ്ദേഹം 1615 ആഗ. 22-ന് നിര്യാതനായി; വെസ്റ്റ് മിനിസ്റ്റർ ആബിയിൽ സംസ്കരിക്കപ്പെട്ടു. ഒസ്യത്തനുസരിച്ച് ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ സഹപ്രവർത്തകനായിരുന്ന സർ. റോബർട്ട് കോട്ടന് ലഭിച്ചു. പില്ക്കാലത്ത് അവയിൽ അവശേഷിച്ചവ ബ്രിട്ടീഷ് മ്യൂസിയത്തിന്റെ വകയായിത്തീർന്നു.

അവലംബം തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആർതർ അഗാദേ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ആർതർ_അഗാദേ&oldid=3624646" എന്ന താളിൽനിന്ന് ശേഖരിച്ചത്