ആഷാദ് ശിവരാമൻ
2018ൽ സംസ്ഥാന സർക്കാരിന്റെ ഏഴ് ടെലിവിഷൻ പുരസ്‌കാരങ്ങൾ നേടിയ ‘ദേഹാന്തര’ത്തിന്റെ സംവിധായകനും അറിയപ്പെടുന്ന റെറ്റിനൽ സർജനുമാണ് ഡോ. ആഷാദ് ശിവരാമൻ. ‘ലെയ്ക്ക (മലയാളം സിനിമ)’ ആണ് ആഷാദിന്റെ ആദ്യ ഫീച്ചർ ഫിലിം. മികച്ച സംവിധായകനും ഒപ്പം മികച്ച ടെലിഫിലിം, മികച്ച നടൻ (രാഘവൻ), മികച്ച ടെലിഫിലിമിന്റെ നിർമാതാവ്, ക്യാമറയ്ക്ക് പ്രത്യേക ജൂറി പുരസ്കാരം (സിനു സിദ്ധാർഥ്) എന്നിവയുൾപ്പെടെയുള്ള പുരസ്കാരങ്ങളാണ് ‘ദേഹാന്തരം’ നേടിയത്.
തിരുവനന്തപുരത്താണ് ജനനം. അച്ഛൻ - വി.പി. ശിവരാമൻ, അമ്മ- നന്ദിനി. നെയ്യാറ്റിൻകര വിദ്യാധിരാജ വിദ്യാനിലയം സ്കൂൾ, തിരുവനന്തപുരം ഗവ. ആർട്സ് കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് എം.ബി.ബി.എസും ജർമനിയിലെ ഹാംബർഗ് സർവ്വകലാശാല, ആദിത്യജ്യോത് ഐ ഹോസ്പിറ്റൽ മുംബൈ, സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽനിന്ന് നേത്രശസ്ത്രക്രിയയിൽ ഉന്നത ബിരുദങ്ങളും നേടിയ ഡോ. ആഷാദ് കേരളത്തിലും തമിഴ്നാട്ടിലുമായി അൻപതിനായിരത്തിലധികം പേർക്ക് വിജയകരമായി നേത്രശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ശ്രീനേത്ര റെറ്റിനൽ സർജനാണ് ആഷാദ് ഇപ്പോൾ. സഹോദരൻ ഡോ. അനൂപ്, ഭാര്യ ഡോ. ധന്യ ദേവ്, മക്കൾ: അർജുൻ, ആകാശ്.
ഛായാഗ്രഹണ കലയിലുള്ള താൽപര്യമാണ് ആഷാദിനെ സിനിമയിലെത്തിച്ചത്. സിനിമയിലെ ഗുരു സംവിധായകൻ ആർ. സുകുമാരനാണ്. അദ്ദേഹത്തിന്റെ ‘യുഗപുരുഷൻ’ സിനിയുടെ തിരക്കഥാരചനയിൽ പങ്കാളിയായിരുന്നു. ഛായാഗ്രഹണം പഠിക്കാനായി സിനു സിദ്ധാർഥിനൊപ്പം ഛായാഗ്രഹണ സഹായിയായി ‘ലക്ഷ്യം’ സിനിമയിൽ പ്രവർത്തിച്ചുവെങ്കിലും ആ മേഖലയിൽ മുന്നോട്ടുപോയില്ല. ഛായാഗ്രഹണവും ശബ്ദലേഖനവും പോലുള്ള കലകളിൽ യന്ത്രങ്ങൾക്കുള്ള പങ്ക് വളരെ വലുതാണ്. ക്യാമറയുമായി നന്നായി താദാത്മ്യം പ്രാപിച്ചാൽ മാത്രമേ നല്ലൊരു ഛായാഗ്രാഹകനാകാൻ സാധിക്കൂ. കണ്ണിന്റെ റെറ്റിനയിൽ ശസ്ത്രക്രിയ ചെയ്യുന്ന ലേസ മെഷീനുകളുമയാണ് ആഷാദിന്റെ നിരന്തര സമ്പർക്കം. അതുമായി ട്യൂൺഡ് ആയതിനാൽ സിനിമയുടെ ക്യാമറയുമായി ചേർന്നുപോകാനാകില്ലെന്നു മനസ്സിലായതോടെ ഛായാഗ്രാഹകനെന്ന മോഹം ആഷാദ് ഉപേക്ഷിച്ചു.സിനു സിദ്ധാർഥ് ഉൾപ്പെടെയുള്ള സുഹൃത്തുക്കളുടെ ഉപദേശം സ്വീകരിച്ച് സംവിധാനരംഗത്തേക്കു തിരിഞ്ഞ ആഷാദിന് ആദ്യത്തെ ടെലിഫിലിമിനുതന്നെ സംസ്ഥാന സർക്കാരിന്റെ ഏഴു പുരസ്കാരങ്ങൾ നേടാനായി.