ആലീസ് സ്പ്രിങ്സ് ടെലിഗ്രാഫ് സ്റ്റേഷൻ

ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ ഡാർവിനും അഡ്‌ലെയ്ഡും തമ്മിലുള്ള സന്ദേശങ്ങൾ കൈമാറുന്നതിനായി 1872-ൽ സ്ഥാപിതമായതാണ് ആലീസ് സ്പ്രിങ്സ് ടെലിഗ്രാഫ് സ്റ്റേഷൻ. ഇത് മധ്യ ഓസ്‌ട്രേലിയയിലെ ആദ്യത്തെ യൂറോപ്യൻ വാസസ്ഥലത്തിന്റെ യഥാർത്ഥ പ്രദേശമാണ്. ആലീസ് സ്പ്രിംഗ്സ് ടെലിഗ്രാഫ് സ്റ്റേഷൻ ഹിസ്റ്റോറിക്കൽ റിസർവിലാണ് ടെലിഗ്രാഫ് സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്.[1] ഇത് ആലീസ് സ്പ്രിങ്സ് നഗരമധ്യത്തിൽ നിന്നും നാല് കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്നു. ഓവർലാന്റ് ടെലിഗ്രാഫ് ലൈനിലുള്ള പന്ത്രണ്ട് സ്റ്റേഷനുകളിൽ ഒന്നായിരുന്നു ഇത്.[2]

ആലീസ് സ്പ്രിങ്സ് ടെലിഗ്രാഫ് സ്റ്റേഷൻ

ഇത് ഓസ്‌ട്രേലിയയുടെ ജനസംഖ്യാകേന്ദ്രങ്ങളെ രാജ്യത്തിന്റെ വടക്ക് ഭാഗവുമായി ബന്ധിപ്പിക്കുക മാത്രമല്ല, ഓസ്‌ട്രേലിയയെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കടലിനടിയിലുള്ള ടെലിഗ്രാഫ് ശൃംഖലയുമായി ബന്ധിപ്പിക്കുകയും ചെയ്തു. 1872-ന് മുമ്പ് ഇംഗ്ലണ്ടിലേക്കുള്ള ഒരു സന്ദേശം ബോട്ടിൽ യാത്ര ചെയ്ത് ഓരോ പ്രദേശത്തേക്കും 3 മുതൽ 4 മാസം വരെ എടുത്തിരുന്നു. ടെലിഗ്രാഫ് ലൈൻ നിർമ്മിച്ചതിനുശേഷം ആലീസ് സ്പ്രിംഗ്സിലൂടെ സഞ്ചരിക്കുന്ന മോഴ്സ് കോഡ് സന്ദേശങ്ങൾ 5 മണിക്കൂറിനുള്ളിൽ ലണ്ടനിലെത്തിക്കാൻ കഴിഞ്ഞു. ഇന്നത്തെ നിലവാരത്തിൽ വേഗത കുറവാണെങ്കിലും 19-ആം നൂറ്റാണ്ടിലെ ആളുകൾക്ക് ഇത് ഒരു വിപ്ലവകരമായ മാറ്റമായിരുന്നു.

ചരിത്രം

തിരുത്തുക
 
ആലീസ് സ്പ്രിങ്സ് ടെലിഗ്രാഫ് സ്റ്റേഷൻ കെട്ടിടം 1905-ൽ
 
ആലീസ് സ്പ്രിങ്സ് ടെലിഗ്രാഫ് സ്റ്റേഷനിലെ തൊഴിലാളികൾ

മധ്യ ഓസ്‌ട്രേലിയയിലെ അറെൻ‌ടെ ജനങ്ങൾ ആയിരക്കണക്കിനു വർഷങ്ങളായി ആലീസ് സ്പ്രിങ്സ് പ്രദേശത്ത് താമസിക്കുന്നു. 1860-ലാണ് മധ്യ ഓസ്‌ട്രേലിയയിൽ യൂറോപ്യൻ പര്യവേക്ഷണം ആരംഭിച്ചത്. 1863-ൽ ജോൺ മക്ഡൗൾ സ്റ്റുവർട്ട് തന്റെ മൂന്നാമത്തെ ശ്രമത്തിൽ വടക്ക് നിന്ന് തെക്കോട്ട് വിജയകരമായി ഭൂഖണ്ഡം മുറിച്ചു കടന്നു. ഓവർ‌ലാൻ‌ഡ് ടെലിഗ്രാഫ് ലൈനിന് ഭൂപ്രദേശം തികച്ചും അനുയോജ്യമല്ലെന്ന് കണക്കാക്കപ്പെട്ടിരുന്നുവെങ്കിലും മക്ഡൊണെൽ റേഞ്ചുകളിലൂടെ ബ്രിങ്ക്ലി ബ്ലഫ് വഴി അദ്ദേഹം കടന്നുപോയി. ആലിസ് സ്പ്രിങ്സ് ടെലിഗ്രാഫ് സ്റ്റേഷന്റെ നിർദ്ദിഷ്ട സ്ഥലം 1871 മാർച്ചിൽ സർവേയർ വില്യം മിൽസ് ആദ്യമായി രേഖപ്പെടുത്തി. മക്ഡൊണെൽ റേഞ്ചുകളിലൂടെ ഈ പാതയ്ക്ക് അനുയോജ്യമായ വഴി അദ്ദേഹം തേടി. സർവേയിൽ പങ്കെടുക്കുമ്പോൾ മിൽ‌സ് ഒരു ഉറവ കണ്ടെത്തി. ഇത് പ്രാദേശിക ആദിവാസികൾക്ക് ഒരു പ്രധാന താവളവും ആചാരപരമായ സ്ഥലമായിരുന്നു.[3] അക്കാലത്ത് ഓവർലാന്റ് ടെലിഗ്രാഫ് പ്രോജക്റ്റിന്റെ തലവനായ തന്റെ തൊഴിലുടമ ചാൾസ് ടോഡിന്റെ ഭാര്യ ആലീസ് ടോഡിന്റെ പേരിലാണ് മിൽസ് ഇതിന് ആലീസ് സ്പ്രിങ്സ് എന്ന് പേരിട്ടത്.

1871 നവംബറിൽ ഉറവയോട് ചേർന്ന് ടെലിഗ്രാഫ് സ്റ്റേഷന്റെ നിർമ്മാണം ഗിൽബർട്ട് റോതർഡേൽ മക്മിന്റെ മേൽനോട്ടത്തിൽ ആരംഭിച്ചു.[2] ഹാർനെസ് റൂം, ബഗ്ഗി ഷെഡ്, പോലീസ് സ്റ്റേഷൻ, ബ്ലാക്ക്‌സ്മിത്ത്സ് വർക്ക്‌ഷോപ്പ്, ടെലിഗ്രാഫ് ഓഫീസ്, അടുക്കള കെട്ടിടം, സ്റ്റേഷൻ മാസ്റ്ററുടെ വസതി എന്നിവ ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾ ഒടുവിൽ നിർമ്മിക്കപ്പെട്ടു. അഡ്‌ലെയ്ഡിൽ നിന്ന് വർഷത്തിൽ ഒരിക്കൽ മാത്രമാണ് സാധനങ്ങൾ എത്തിയത്. അതിനാൽ സ്വയംപര്യാപ്തത എന്നത് ഇതിനു നിർണായകമായിരുന്നു. സ്റ്റോക്ക്‌യാർഡുകളും ഒരു വലിയ പൂന്തോട്ട പ്രദേശവും വികസിപ്പിച്ചു. നിർമ്മാണ ശേഷം ടെലിഗ്രാഫ് സ്റ്റേഷൻ 60 വർഷത്തേക്ക് പ്രവർത്തിച്ചു.

ദ ബംഗ്ലാവ്

തിരുത്തുക

പുതിയ പോസ്റ്റോഫീസ് സ്ഥാപിക്കപ്പെട്ടതിനേത്തുടർന്ന് 1932-ൽ ടെലിഗ്രാഫ് സ്റ്റേഷൻ പ്രവർത്തനം അവസാനിപ്പിച്ചു.[4] 'ഹാഫ്-കാസ്റ്റ്' ആദിവാസി കുട്ടികൾക്കുള്ള സ്ഥാപനമായി ഇത് പിന്നീട് ഉപയോഗിച്ചു. ജയ് ക്രീക്കിൽ നിന്ന് അവിടേക്ക് മാറ്റിയ ഇത് ബംഗ്ലാവ് എന്നറിയപ്പെടുന്നു. തദ്ദേശകാര്യ വകുപ്പ് ടെലിഗ്രാഫ് സ്റ്റേഷൻ ഉൾപ്പെടെ 273 ഹെക്ടർ വിസ്തീർണ്ണം 1932 ഡിസംബർ 8-ന് ഒരു ആദിവാസി റിസർവ് ആയി പ്രഖ്യാപിച്ചു. ആദിവാസി കുട്ടികൾക്ക് താമസവും വിദ്യാഭ്യാസ സേവനങ്ങളും നൽകുക എന്നതായിരുന്നു ഇതിന്റെ ഭാഗിക ലക്ഷ്യം.[3] 1942-ൽ രണ്ടാം ലോക മഹായുദ്ധത്തോടുള്ള പ്രതികരണമായി കുട്ടികളെ തെക്കൻ പ്രദേശത്തേക്ക് മാറ്റിയപ്പോൾ ഇത് അടച്ചു.[5] ഇവിടുത്തെ ഭൂരിഭാഗം കുട്ടികളെയും തെക്ക് ന്യൂ സൗത്ത് വെയിൽസിലെ മുൽഗോവയിലേക്കും സൗത്ത് ഓസ്‌ട്രേലിയയിലെ ബാലക്ലാവയിലേക്കും അയച്ചു. തുടർന്ന് കെട്ടിടങ്ങൾ ഓസ്ട്രേലിയൻ ആർമി ഏറ്റെടുത്തു.[3]

രണ്ടാം ലോകമഹായുദ്ധം

തിരുത്തുക

രണ്ടാം ലോകമഹായുദ്ധസമയത്ത് 1942-നും 1945-നും ഇടയിൽ സ്റ്റേഷന്റെ ചില ഭാഗങ്ങൾ ഓസ്ട്രേലിയൻ ആർമി ഉപയോഗിച്ചിരുന്നു.[2] ഇത് പ്രാദേശിക ആസ്ഥാനമായി ഉപയോഗിച്ച ശേഷം യുദ്ധാനന്തരം 1945-ൽ നേറ്റീവ് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റിന് തിരികെ നൽകി.[3] ആലീസ് സ്പ്രിങ്സിന്റെ തെക്കുകിഴക്കായി ഒരു ആദിവാസി പ്രദേശമായ അമോംഗുനയിലേക്ക് നിരവധി ആദിവാസികൾ താമസം മാറുന്ന 1963 വരെ ഈ സ്റ്റേഷൻ ഒരു ആദിവാസി സംരക്ഷണ കേന്ദ്രമായി നിലനിന്നു.[6]

നിലവിലെ ഉപയോഗം

തിരുത്തുക

1962 ജൂൺ 5-ന് റിസർവ് ആയി പ്രഖ്യാപിച്ച സ്ഥലത്താണ് ഈ സ്റ്റേഷൻ നിലനിൽക്കുന്നത്. ഇത് ഇപ്പോൾ ആലീസ് സ്പ്രിങ്സ് ടെലിഗ്രാഫ് സ്റ്റേഷൻ ഹിസ്റ്റോറിക്കൽ റിസർവിന്റെ ഭാഗമാണ്.[7] നിരവധി കെട്ടിട ശിലാഭാഗങ്ങൾ പുനഃസ്ഥാപിച്ചു. 1980-ൽ നാഷണൽ എസ്റ്റേറ്റിന്റെ നിലവിലില്ലാത്ത രജിസ്റ്ററിൽ ചരിത്രപരമായ രീതിയിൽ ഇതിനെ ഉൾപ്പെത്തിയിട്ടുണ്ട്.[8] 2004 ഏപ്രിൽ 19-ന് നോർത്തേൺ ടെറിട്ടറി ഹെറിറ്റേജ് രജിസ്റ്ററിൽ ഇത് ഉൾപ്പെടുത്തി.[9] ഇത് ഇപ്പോൾ ഒരു വിനോദസഞ്ചാര കേന്ദ്രമായും കഫെ, മൗണ്ടൻ ബൈക്കിംഗിന്റെ ലക്ഷ്യസ്ഥാനം എന്നിവയ്ക്കായി ഉപയോഗിക്കുന്നു.[6]

  1. "Welcome to the Alice Springs Telegraph Station". Alice Springs Telegraph Station. 2014. Archived from the original on 2016-08-12. Retrieved 26 June 2016.
  2. 2.0 2.1 2.2 "Alice Springs Telegraph Station Historical Reserve" (PDF). Northern Territory Government. Northern Territory Government. Archived from the original (PDF) on 2016-08-29. Retrieved 3 July 2016.
  3. 3.0 3.1 3.2 3.3 Alice Springs Telegraph Station: Teachers Resource. Northern Territory Department of Education. 1983. ISBN 0724506659.
  4. "Alice Springs Telegraph Station Heritage & History: The Pioneers". Alice Springs Telegraph Station. Archived from the original on 2016-08-17. Retrieved 4 July 2016.
  5. "The Bungalow". Find and Connect. Australian Government. Archived from the original on 2016-09-16. Retrieved 3 July 2016.
  6. 6.0 6.1 "Alice Springs Telegraph Station and Trail Station Cafe". alicespringstelegraphstation.com.au. Archived from the original on 2016-08-12. Retrieved 3 July 2016.
  7. "ALICE SPRINGS TELEGRAPH STATION HISTORICAL RESERVE Plan of Management" (PDF). PARKS AND WILDLIFE COMMISSION OF THE NORTHERN TERRITORY. May 2001. p. 1. Archived (PDF) from the original on 2018-03-26. Retrieved 20 June 2018.
  8. "Alice Springs Telegraph Station Historical Reserve - OTL Site, Arunga Park Rd, Alice Springs, NT, Australia - listing on the now-defunct Register of the National Estate (Place ID 165)". Australian Heritage Database. Department of the Environment. 21 October 1980. Retrieved 30 April 2019.
  9. "Alice Springs Telegraph Station Historic Reserve". Heritage Register. Northern Territory Government. Retrieved 3 July 2016.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക