1721ലെ ആറ്റിങ്ങൽ കലാപം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് എതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭമായി കണക്കാക്കുന്നു. ആറ്റിങ്ങൽ റാണിയുടെ അനുവാദത്തോടെ അഞ്ചുതെങ്ങിൽ ഇംഗ്ലീഷുകാർ നിർമ്മിച്ച കോട്ടയിൽ മേധാവിയായി എത്തിയ ഗിഫോർട്ടിന്റെ ധാർഷ്ട്യമാണ് കലാപത്തിന് കാരണമായി പറയുന്നത്. എന്നാൽ റാണിയുടെ അറിവോടു കൂടിയാണ് കലാപം നടന്നതെന്ന് ഒരുവിഭാഗം ചരിത്രകാരന്മാർക്ക് അഭിപ്രായം ഉണ്ട്. [1] ഈ പ്രദേശത്തെ ആളുകൾ 1697 -ൽത്തന്നെ വൈദേശിക ശക്തിയെ ചോദ്യം ചെയ്തു തുടങ്ങിയെങ്കിലും അത് വിജയത്തിൽ കലാശിച്ചത് 1721-ലെ ആറ്റിങ്ങൽ കലാപത്തിലാണ്. [2]

കലാപത്തിന്റെ കാരണം

തിരുത്തുക

രവിവർമ്മയുടെ (1611- 1663)പിൻഗാമിയായി അധികാരമേറ്റ ആദിത്യവർമ്മയുടെ ഭരണകാലത്താണ് ഈ സംഭവം നടക്കുന്നത്.[3] റാണിക്ക് എല്ലാവർഷവും ഇംഗ്ലീഷുകാർ അഞ്ചുതെങ്ങ് കോട്ടയിൽ നിന്ന് വിലപ്പെട്ട സമ്മാനം കൊടുത്തയയ്ക്കുക പതിവുണ്ടായിരുന്നു. 1721ൽ ഇങ്ങനെ സമ്മാനവുമായി കോട്ടയുടെ തലവൻ ഗൈഫോർഡും 140 ഇംഗ്ലീഷുകാരുടെ സംഘവും അഞ്ചുതെങ്ങിൽ നിന്നും ആറ്റിങ്ങൽ കൊട്ടാരത്തിലേക്ക് തിരിച്ചു. തങ്ങൾ വഴി സമ്മാനം റാണിയ്ക്ക് നല്കണമെന്ന് അവിടെ ഭരണം നടത്തിയിരുന്ന പിള്ളമാർ ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാൻ ഗിഫോർട്ട് തയ്യാറായില്ല. ആളുകൾ ഇംഗ്ലീഷ് സംഘത്തെ ആക്രമിച്ച് കൊലപ്പെടുത്തി. പിന്നീട് നാട്ടുകാർ കോട്ട വളഞ്ഞു. ആറുമാസത്തോളം ഉപരോധം തുടർന്നുവെന്നാണ് പറയുന്നത്. തലശ്ശേരിയിൽ നിന്നും ഇംഗ്ലീഷ് പട്ടാളം എത്തിയാണ് കലാപത്തെ അടിച്ചമർത്തിയത്. ഇംഗ്ലീഷ് മേധാവിത്വത്തിനെതിരെ ആദ്യ സമരമായിരുന്നു ഇതെങ്കിലും, കൂടുതൽ അധികാരം ഉറപ്പിക്കാനുള്ള കരാറുകൾ നേടിയെടുക്കാൻ ഈ കലാപം ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് സഹായകമായി എന്നത് കലാപത്തിന്റെ മറുവശമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കേരളത്തിലെ ആദ്യത്തെ സംഘടിതകലാപം എന്ന പേരിലും ആറ്റിങ്ങൽ കലാപത്തിന് പ്രസക്തിയുണ്ട്.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-03. Retrieved 2011-10-02.
  2. http://www.schoolwiki.in
  3. Mathrubhumi, Thozhilvartha Harisree 2012 June 23, page: 13
"https://ml.wikipedia.org/w/index.php?title=ആറ്റിങ്ങൽ_കലാപം&oldid=3624415" എന്ന താളിൽനിന്ന് ശേഖരിച്ചത്