ടാസ്മേനിയ, ടോങ്ഗ, ന്യൂസിലൻഡ്, ഫിജി എന്നീ പ്രദേശങ്ങൾ നാവിക പര്യടനത്തിലൂടെ കണ്ടെത്തിയ ഡച്ച് നാവികൻ. ഇന്ത്യൻ മഹാസമുദ്രത്തിലും പസിഫിക് സമുദ്രത്തിലും ഇദ്ദേഹം വാണിജ്യ പര്യവേക്ഷണ യാത്ര നടത്തിയിരുന്നു. ഇദ്ദേഹം 1603-ൽ ലറ്റ്ജെഗസ്റ്റ് എന്ന ഡച്ചു ഗ്രാമത്തിൽ ജനിച്ചു. ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിയിൽ ഉദ്യോഗസ്ഥനായി ജാവയിലെ ബത്തേവിയയിൽ (ഇപ്പോഴത്തെ ജക്കാർത്ത) ഇദ്ദേഹം 1633-ൽ എത്തി. നാവിക പര്യവേക്ഷണങ്ങൾക്ക് നിയുക്തനായ ടാസ്മൻ 1639 മുതൽ 42 വരെ ജപ്പാൻ, ഫോർമോസ, കംബോഡിയ എന്നീ പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു.

Abel Tasman
Fragment of "Portrait of Abel Tasman, his wife and daughter" attributed to Jacob Gerritsz Cuyp, 1637 (not fully authenticated)[1]
ജനനംday unknown 1603
മരണം10 ഒക്ടോബർ 1659(1659-10-10) (പ്രായം 56)
ദേശീയതDutch
തൊഴിൽnavigator and explorer
ജീവിതപങ്കാളി(കൾ)Claesgie Meyndrix
Joanna Tiercx
കുട്ടികൾone girl

ദക്ഷിണാർധഗോളത്തിൽ ഡച്ചുകാർ 1642-43-ലും 1644-ലും നടത്തിയ നാവിക പര്യവേക്ഷണങ്ങളുടെ നേതൃത്വം ഇദ്ദേഹത്തിനായിരുന്നു. 1642 ആഗ. 14-ന് രണ്ടു കപ്പലുകളുമായി ടാസ്മൻ ബത്തേവിയയിൽ നിന്ന് യാത്ര ആരംഭിച്ചു. മൗറീഷ്യസിൽ എത്തിയശേഷം ഇദ്ദേഹം ആസ്റ്റ്രേലിയയുടെ തെക്കുഭാഗത്തേക്കു പോയി. ഇന്ത്യൻ മഹാസമുദ്രത്തിനും ടാസ്മൻ കടലിനും (പസിഫിക് സമുദ്രത്തിൽ ആസ്റ്റ്രേലിയക്കും ടാസ്മേനിയക്കും കിഴക്കും ന്യൂസിലൻഡിനു പടിഞ്ഞാറുമായുള്ള, ടാസ്മന്റെ പേരിൽ അറിയപ്പെടുന്ന സമുദ്രഭാഗം) ഇടയ്ക്ക് ആസ്റ്റ്രേലിയയുടെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഭൂവിഭാഗം ഇദ്ദേഹം ന. 24-ന് കണ്ടെത്തി. അന്നത്തെ ഡച്ച് ഈസ്റ്റിൻഡീസ് ഗവർണർ ജനറലിന്റെ പേരിനെ (ആന്റോണിയോ വാൻ ഡീമെൻ) ആസ്പദമാക്കി ടാസ്മൻ ഈ ദ്വീപിന് വാൻ ഡീമെൻസ് ലാൻഡ് എന്ന് പേരു നൽകി. 1856-ൽ നിലവിൽ വന്ന ഭരണകൂടം ഈ ദ്വീപിന് ടാസ്മേനിയ എന്നു പുനർനാമകരണം ചെയ്തു. (നോ: ടാസ്മേനിയ.) കടലിലൂടെ കിഴക്കുഭാഗത്തേയ്ക്ക് യാത്രചെയ്ത് ടാസ്മൻ 1642 ഡി. 13-ന് ന്യൂസിലൻഡിന്റെ തെക്കൻ ദ്വീപിൽ എത്തി. വടക്കുഭാഗത്തേക്കു യാത്ര തുടർന്ന് 1643 ജനു. 21-ന് ടോങ്ഗയിലെയും ഫെ. 6-ന് ഫിജിയിലെയും ദ്വീപുകളിൽ എത്തിച്ചേർന്നു. വീണ്ടും വടക്കുപടിഞ്ഞാറേ ദിശയിലേക്കു യാത്രചെയ്ത് ഏ. 1-ന് ന്യൂഗിനിയിലെത്തി. അവിടെനിന്ന് ജൂൺ 15-ന് ബത്തേവിയയിൽ മടങ്ങിയെത്തി. ആസ്റ്റ്രേലിയൻ വൻകരയെ ചുറ്റിയുള്ള ടാസ്മന്റെ നാവികയാത്രയുടെ ഫലമായി ഈ വൻകര തെക്കൻ ധ്രുവഭൂഖണ്ഡ(അന്റാർട്ടിക്ക)വുമായി ബന്ധപ്പെട്ടുകിടക്കുന്നതല്ലെന്നു തെളിഞ്ഞു.

1644 ഫെ. 29-ന് ബത്തേവിയയിൽ നിന്ന് ആരംഭിച്ച രണ്ടാമത്തെ പര്യവേക്ഷണത്തിൽ, ആസ്റ്റ്രേലിയയുടെ വടക്കൻ തീരത്തേക്ക് യാത്രചെയ്ത ഇദ്ദേഹം കാർപ്പന്റേറിയ ഉൾക്കടലിലും ടോറസ് കടലിടുക്കിലും എത്തിച്ചേർന്നു. ടാസ്മൻ 1647-ൽ തായ്ലൻഡിലേക്ക് വാണിജ്യപര്യടനം നടത്തി. ഫിലിപ്പീൻസിൽ ഇദ്ദേഹം സ്പെയിനിന് എതിരായി നാവികപ്പട നയിക്കുകയും (1648) ചെയ്തിട്ടുണ്ട്. 1653-ഓടെ ടാസ്മൻ ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിയിലെ സേവനത്തിൽ നിന്നു വിരമിച്ചു. 1659-ൽ ഇദ്ദേഹം ബത്തേവിയയിൽ മരണമടഞ്ഞു.

  1. Essay on "The portrait of Abel Tasman, his wife and daughter" at the Australian national library website
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആബെൽ യാൻസൂൺ ടാസ്മൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ആബെൽ_യാൻസൂൺ_ടാസ്മൻ&oldid=1712267" എന്ന താളിൽനിന്ന് ശേഖരിച്ചത്