ആന്തിസ് പർവതനിരയുടെ പ്രാന്തപ്രദേശങ്ങളിൽനിന്ന് ഉത്ഭവിച്ച വിവിധ സംസ്കാരങ്ങളേയും ജനപഥങ്ങളേയും ചേർത്ത് ആന്തിയൻ നാഗരികതകൾ എന്ന് പറയുന്നു. ഇന്നത്തെ കൊളംബിയയിലെ തെക്കൻ ആന്തീസ് മേഖല മുതൽ അർജന്റീനയിലെയും ചിലിയിലെയും വടക്കൻ ആന്തീസ് വരെയാണ് ഈ ഭൂഭാഗം. പെറുവിലെയും വടക്കൻ ചിലിയിലെയും തീരദേശ മരുഭൂമികളും ഇതിൽ ഉൾപ്പെടുന്നു. പൗരാണികശാസ്ത്രജ്ഞർ ആന്തീസ് നാഗരികതകൾ ആദ്യം ഉരുവായത് ശാന്തസമുദ്രത്തിന്റെ തീരങ്ങളിലെ സമതലങ്ങളിലാണെന്ന് വിശ്വസിക്കുന്നു.3200 ബിസിയിൽ നിലനിന്നിരുന്ന, പെറുവിലെ നോർട് ചികോ നാഗരികതയാണ് അറിയപ്പെടുന്നതിൽ എറ്റവും പൗരാണികം.[1]

ഇൻകകൾ പണിത മാച്ചു പിച്ചു നഗരത്തിന്റെ ചിത്രം.

പ്രകൃതിയുടെ കഠിനമായ വെല്ലുവിളികളെ അതിജീവിച്ച് ആന്തിയൻ സംസ്കാരങ്ങൾ വ്യത്യസ്തമായ വിളകളെ ഇണക്കിയെടുത്ത് കൃഷിക്കുപയുക്തമാക്കി. ഇവയിൽ പലതും പിന്നീട് ആഗോളപ്രാധാന്യമുള്ളതായി. ഇതു കൂടാതെ ബൃഹത്തായ നിർമ്മിതികൾക്കും, തുണി നെയ്യുന്നതിനും, മറ്റു പല അനന്യമായ സ്വഭാവസവിശേഷതകൾ ഉള്ള സമൂഹങ്ങൾക്കും പേരുകേട്ടവയാണ് ആന്തിയൻ നാഗരികതകൾ.

സ്പാനിഷ് ആക്രമണകാരികൾക്ക് കീഴടങ്ങുന്നതിന് ഒരു നൂറ്റാണ്ട് മുൻപ് ഒട്ടുമിക്ക ആന്തിയൻ സംസ്കാരങ്ങളേയും ഇൻകകൾ കീഴടക്കി ഇൻക സാമ്രാജ്യത്തോട് ചേർത്തിരുന്നു. ഇൻക സാമ്രാജ്യം ആന്തിയൻ നാഗരികതകളുടെ ആകെത്തുകയാണെന്ന് പറയാം. കൊളംബിയയിലെ മുയിസ്ക സംസ്കാരവും വെനിസ്വേലയിലെ റ്റിമോറ്റോ കുയ്ക സംസ്കാരവും മാത്രമാണ് ഇൻകകളിൽ നിന്ന് അകന്നു നിന്നത്. ഇൻക സാമ്രാജ്യം ഭാഷകളുടെയും, സംസ്കൃതികളുടെയും, ജനവിഭാഗങ്ങളുടെയും ഒരു സമ്മിശ്രമായിരുന്നു.

സ്പാനിഷ് ഭരണം പ്രധാനമായി മതങ്ങളെയും, വാസ്തുവിദ്യയേയും സ്വാധീനിക്കുക വഴി ആന്തിയൻ നാഗരികതകളുടെ വളർച്ച തടഞ്ഞു.

  1. Shady Solis, Ruth; Jonathan Haas; Winifred Creamer (27 April 2001). "Dating Caral, a Preceramic Site in the Supe Valley on the Central Coast of Peru". Science. 292 (5517): 723–726. doi:10.1126/science.1059519. PMID 11326098.
"https://ml.wikipedia.org/w/index.php?title=ആന്തിയൻ_നാഗരികതകൾ&oldid=3953832" എന്ന താളിൽനിന്ന് ശേഖരിച്ചത്