ആനി ഷാജി കൈലാസ്
മലയാളത്തിലെ ഒരു പ്രമുഖ ചലച്ചിത്രനടിയായിരുന്നു ആനി എന്ന ചിത്ര ഷാജി കൈലാസ്. ഏകദേശം മൂന്നു വർഷത്തിനുള്ളിൽ പതിനാറോളം ചലച്ചിത്രങ്ങളിലഭിനയിച്ച ആനി, 1993 ൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത 'അമ്മയാണെ സത്യം' എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. പ്രശസ്ത സംവിധായകൻ ഷാജി കൈലാസുമായുള്ള വിവാഹത്തോടെ അഭിനയ രംഗത്തോട് വിട പറഞ്ഞ ആനി ഇപ്പോൾ ഭർത്താവും മക്കളുമൊത്ത് തിരുവനന്തപുരത്ത് വസിക്കുന്നു.[1]
ആനി | |
---|---|
ജനനം | |
മറ്റ് പേരുകൾ | ചിത്ര ഷാജി കൈലാസ് |
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 1993-1996 |
ജീവിതപങ്കാളി(കൾ) | ഷാജി കൈലാസ് |
കലാജീവിതം തിരുത്തുക
ജോബിയുടേയും മറിയാമ്മ ജോബിയുടെയും മകളായി തിരുവനന്തപുരത്താണ് ആനിയുടെ ജനനം. ചെറുപ്പത്തിൽ തന്നെ അമ്മയെ നഷ്ടമായ ആനി ഹോളി ഏഞ്ചൽസ് കോൺവെന്റിലാണ് തന്റെ സ്കൂൾ ജീവിതം ആസ്വദിച്ചത്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ദൂരദർശൻ ചാനലിനു വേണ്ടി ബാലചന്ദ്ര മേനോനെ അഭിമുഖം ചെയ്യാനെത്തിയ ആനിയെ അദ്ദേഹം തന്റെ അമ്മയാണെ സത്യം എന്ന സിനിമയിലേക്ക് നായികയായി ക്ഷണിച്ചു, അങ്ങനെ 1993 ൽ അമ്മയാണെ സത്യം എന്ന സിനിമയിലൂടെ ആനി തന്റെ കലാജീവിതം ആരംഭിച്ചു. തുടർന്ന് കുറച്ചു കാലം പഠനത്തിന്റെ തിരക്കിലായി സിനിമാ രംഗത്ത് നിന്ന് വിട്ടു നിന്ന ആനി ഷാജി കൈലാസ് സംവിധാനം ചെയ്ത രുദ്രാക്ഷം എന്ന ആക്ഷൻ സിനിമയിലൂടെ സുരേഷ് ഗോപിയുടെ നായികയായി അഭിനയ രംഗത്ത് തിരിച്ചെത്തി തുടർന്ന് അക്ഷരം എന്ന സിനിമയിലും സുരേഷ് ഗോപിയുടെ നായികയായി. കമൽ സംവിധാനം ചെയ്ത മഴയെത്തും മുൻപേ ആനിയുടെ അഭിനയ ജീവിതത്തിലെ മികച്ച ചിത്രങ്ങളിലൊന്നായി തുടർന്ന് ധാരാളം ചിത്രങ്ങളിൽ നായികയായി തിളങ്ങിയ ആനി ഷാജി കൈലാസുമായുള്ള വിവാഹത്തോടെ അഭിനയ ജീവിതത്തോട് വിട പറഞ്ഞു.[1]
വിവാഹ ശേഷം തിരുത്തുക
ക്രിസ്തുമത വിശ്വാസിയായിരുന്ന ആനി വിവാഹ ശേഷം ഹിന്ദു മതം സ്വീകരിക്കുകയും ചിത്ര ഷാജി കൈലാസ് എന്ന് പേരുമാറ്റുകയും ചെയ്തു. ചിത്ര ഷാജി കൈലാസ് ദമ്പതികൾക്ക് മൂന്നു പുത്രന്മാരാണുള്ളത്, ജഗന്നാഥൻ, ഷാരോൺ, റോഷൻ എന്നിവരാണ് അവർ.[1] അടുത്തിടെ ബിഗ് അവ്ൻ എന്ന പേരിൽ ആനി ഒരു കാറ്റ്റിഗ് യൂണിറ്റ് ആരംഭിച്ചു.
അവലംബം തിരുത്തുക
- ↑ 1.0 1.1 1.2 "Mrs Shaji Kailas speaks". newindianexpress.