ആദം കൊടുമുടി
തെക്കൻ ശ്രീലങ്കയിലെ മലനാട്ടിൽ, കാൻഡി നഗരത്തിന് തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന 2,243 മീറ്റർ (7359 അടി) ഉയരമുള്ള കൊടുമുടീയാണ് ആദം കൊടുമുടി. ശ്രീലങ്കയുടെ തലസ്ഥാനമായ കൊളൊംബയിൽ നിന്ന് 180 കിലോമീറ്റർ അകലെയാണത്. അതിന്റെ ഉച്ചിയിലുള്ള പാറയിൽ ഒരു കൂറ്റൻ പാദമുദ്രയുണ്ട്. അത് ഗൗതമബുദ്ധന്റേതാണെന്ന് ബുദ്ധമതവിശ്വാസികൾ കരുതുന്നു. അവർക്കിടയിൽ ഈ കൊടുമുടി ശ്രീപാദം എന്നാണ് അറിയപ്പെടുന്നത്.[1] ശ്രീലങ്കയിലെ ഏറ്റവും ജനപ്രിയമായ തീർത്ഥാടനകേന്ദ്രങ്ങളിലൊന്നാണിത്. [2] ഈ കൊടുമുടിയെ ഇസ്ലാം, ഹിന്ദു, ക്രൈസ്തവ മതങ്ങളുമായി ബന്ധപ്പെടുത്തിയും കഥകളുണ്ട്.
സമനല മുടി ആദം കൊടുമുടി | |
---|---|
ശ്രീപാദം | |
ഉയരം കൂടിയ പർവതം | |
Elevation | 2,243 m (7,359 ft) |
Coordinates | 6°48′41″N 80°29′59″E / 6.81139°N 80.49972°E |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | സബരഗാമുവ പ്രവിശ്യ, (ശ്രീലങ്ക) |
Parent range | സമനല |
ചരിത്രം
തിരുത്തുകഐതിഹ്യങ്ങൾ
തിരുത്തുകഗൗതമ ബുദ്ധൻ തന്റെ ജീവിതകാലത്ത് മൂന്നുവട്ടം ശ്രീലങ്ക സന്ദർശിച്ചുവെന്ന് ശ്രീലങ്കയിലെ ബുദ്ധമതക്കാർ വിശ്വസിക്കുന്നു. ആ വിശ്വാസം അനുസരിച്ച്, ആ സന്ദർശനങ്ങളിൽ അവസാനത്തേത് അദ്ദേഹത്തിന്റെ ജ്ഞാനോദയത്തിന്റെ എട്ടാം വർഷമായിരുന്നു.[1] ഇത്തവണ വായുമാർഗ്ഗമാണ് ഇന്ത്യയിലേക്ക് തിരിച്ചതെന്നാണ് വിശ്വാസം ഇതിനായി അദ്ദേഹം കാലുയർത്തിയപ്പോഴാണ് ആദം കൊടുമുടിയിൽ അദ്ദേഹത്തിന്റെ കാൽ പതിഞ്ഞതെന്നും വിശ്വസിക്കപ്പെടുന്നു[2].
ദൈവകല്പന ധിക്കരിച്ച് വിലക്കപ്പെട്ട കനി തിന്നതിനു ശിക്ഷയായി ഏദേൻ തോട്ടത്തിൽ നിന്ന് ബഹിഷ്കൃതനായ ആദിപിതാവായ ആദം, ആയിരം വർഷം ഒറ്റക്കാലിൽ നിന്ന് പ്രായശ്ചിത്തം ചെയ്തപ്പോഴുണ്ടായ കാല്പ്പാടാണിതെന്ന് കരുതുന്ന ഇസ്ലാം വിശ്വാസികളുണ്ട്. വേറേ ചില കഥകൾ ഈ പാദമുദ്രയെ യേശുവിന്റെ അപ്പസ്തോലന്മാരിലൊരാളായ തോമാശ്ലീഹയുമായി ബന്ധപ്പെടുത്തുന്നു. ഇത് പരമശിവന്റെ കാല്പാടാണെന്ന് കരുതുന്ന ഹിന്ദുക്കളുമുണ്ട്. ശിവനടിപാദം എന്ന പേരിൽ ഇത് അവർക്കും ആരാധ്യമാണ്[3] [4]
ആദം മുടിക്ക് ചിത്രശലഭമുടി (Butterfly mountain) എന്നും പേരുണ്ട്. ഈ പർവതമേഖലയിലെ ശലഭസമൃദ്ധിയിൽ നിന്നാണ് ആ പേരുണ്ടായത്. ചിത്രശലഭങ്ങൾ വിശുദ്ധമുടിയിലെ മരണത്തിന്റെ നിർവൃതിക്കായി ശ്രീപാദത്തിലേക്ക് കൂട്ടമായി പറന്നുപോകാറുണ്ടെന്ന് ഒരു വിശ്വാസമുണ്ട്. [5]
പ്രാചീനപ്രസിദ്ധി
തിരുത്തുകഅലക്സാണ്ടർ ചക്രവർത്തിയുമായി പോലും ആദം മുടിയെ ബന്ധിപ്പിക്കുന്ന കഥകളുണ്ട്. അവ കെട്ടുകഥകളാകാമെങ്കിലും, പൗരസ്ത്യദേശത്തെത്തിയ പ്രാചീനസഞ്ചാരികളിൽ പലരും ആദം കൊടുമുടിയുടെ പ്രാധാന്യം ശ്രദ്ധിക്കുകയും ചിലരെങ്കിലും അത് സന്ദർശിക്കുകയും ചെയ്തുവെന്നതിന് രേഖകളുണ്ട്. കേരളത്തിലെ ആനമുടിയോളം(2695 മീറ്റർ) പോലും ഉയരമില്ലാത്തെ ഈ കൊടുമുടി ശ്രീലങ്കയിലെ ഏറ്റവും വലിയ പർവതശിഖരം പോലുമല്ല.[6] എങ്കിലും പഴയ സന്ദർശകരിൽ ചിലരെങ്കിലും അത് ലോകത്തിന്റെ തന്നെ ഉച്ചിയാണെന്ന് വിശ്വസിച്ചു. അതിന്റെ കിടപ്പിന്റെ പ്രത്യേകതകൊണ്ട്, വളരെ അകലെ നിന്ന് തന്നെ കൊടുമുടി കാണാമെന്നതായിരുന്നു ഇതിന് കാരണം. ഉൾനാട്ടിൽ സ്ഥിതിചെയ്യുന്നതെങ്കിലും, അകലെ കടലിൽ നിന്ന്, കരയിൽ നിന്നു കാണുന്നതിനേക്കാൾ നന്നായി ഇത് കാണാമെന്നത് സഞ്ചാരികൾക്കിടയിൽ ഇതിന് പേരുണ്ടാക്കി. 13-ആം നൂറ്റാണ്ടിൽ മാർക്കോപോളോയും 14-ആം നൂറ്റാണ്ടിൽ ഇബൻ ബത്തൂത്തയുമൊക്കെ ഈ കൊടുമുടിയുടെ ആകർഷണത്തിൽ വരാൻ അതാണ് കാരണം.
എന്നാൽ പലപ്പോഴും സഞ്ചാരികളുടെ വിവരണത്തിൽ വസ്തുതകളും അബദ്ധങ്ങളും കെട്ടുപിണഞ്ഞുകിടക്കുന്നു. മാർക്കോപോളൊയുടെ വിവരണം തന്നെ ഉദാഹരണമാണ്. ഗൗതമബുദ്ധന്റെ ജന്മനാട് ശ്രീലങ്കയാണെന്നും, കൊടുമുടിക്കുമുകളിലുള്ളത് പാദമുദ്രയല്ല സംസ്കാരസ്ഥാനമാണെന്നുമുള്ള വിശ്വാസത്തിലാണ് പോളോ എഴുതുന്നത്.
“ | സിലോണിൽ പൊക്കം കൂടിയതും ചരിത്രപ്രസിദ്ധവുമായ ഒരു മലയുണ്ട്. ചെങ്കുത്തായതും പാറക്കെട്ടുകളോടുകൂടിയതുമായ ഈ മലയിലേക്കു കയറുവാൻ ശക്തിയായ ഇരുമ്പുചങ്ങലകൾ ഘടിപ്പിച്ചിട്ടുണ്ട്. ഇവയുടെ സഹായംകൂടാതെ ഈ മലമുകളിലെത്താൻ കഴിയുകയില്ല. ഈ മലയുടെ ഉപരിഭാഗത്താണ് ആദിപിതാവായ ആദമിന്റെ ശവക്കല്ലറയെന്ന് മുസ്ലിങ്ങൾ വിശ്വസിക്കുന്നു. എന്നാൽ 'വിഗ്രഹാരാധകർ' പറയുന്നത് അത് അവരുടെ മതസ്ഥാപകനായ ശാക്യമുനി ബർക്കന്റേതാണെന്നാണ്. ഇദ്ദേഹത്തിനുമുൻപ് ഈ ദ്വീപിൽ വിഗ്രഹങ്ങളോ വിഗ്രഹാരാധനയോ ഉണ്ടായിരുന്നില്ല. | ” |
തുടന്ന് ബുദ്ധന്റെ ജീവിതകഥ സാമാന്യം ദീർഘമായി പറയുന്ന പോളോയുടെ വിവരണം അനുസരിച്ച് ഇവിടെ തിരുശേഷിപ്പുകളായി ഒരു പുണ്യപുരുഷന്റെ പല്ല്, മുടി, ഭിക്ഷാപാത്രം തുടങ്ങിയവ സൂക്ഷിച്ചിട്ടുണ്ട്. അവയെ ബുദ്ധന്റേതായി കരുതി ബുദ്ധമതക്കാരും, ആദമിന്റേതായി കരുതി മുസ്ലിങ്ങളും ബഹുമാനിക്കുന്നെന്ന് സാക്‌ഷ്യപ്പെടുത്തുന്ന പോളോ, "ഇതിൽ ഏതാണ് ശരിയെന്ന് ദൈവത്തിനേ അറിയൂ" എന്ന് പറഞ്ഞാണ് അവസാനിപ്പിക്കുന്നത്.[3]
പതിനഞ്ചാം നൂറ്റാണ്ടിലെ ചൈനീസ് സഞ്ചാരിയായ മാഹ്വാന്റെ വിവരണം ഇങ്ങനെയാണ് [3]:-
“ | ചെങ്കുത്തായതും തിളങ്ങുന്നതുമായ ഒരു പർവതശിഖരത്തിൽ രണ്ടോ നാലോ അടി നീളത്തിൽ പതിഞ്ഞിട്ടുള്ള ഒരു കാലടിപ്പാറ്റുണ്ട്. ശാക്യമുനിയുടേതാണ് ഈ കാലടിപ്പാട് എന്നാണ് ഐതിഹ്യം. അദ്ദേഹം നിക്കോബാർ ദ്വീപുകളിൽ നിന്നാണ് ഇവിടെ എത്തിയതെന്നു പറയപ്പെടുന്നു. കാലടിപ്പാടിൽ കുറച്ചു വെള്ളമുണ്ട്. ആ വെള്ളം ഒരിക്കലും ബാഷ്പീഭവിച്ചുപോകുന്നില്ല. മലമുകളിൽ എത്തുന്ന തീർത്ഥാടകർ ഈ വെള്ളത്തിൽ കൈമുക്കി തങ്ങളുടെ കണ്ണും മുഖവും കഴുകി ഇപ്രകാരം പറയുന്നു: "ഇത് ശ്രീബുദ്ധന്റെ പരിശുദ്ധജലമാണ്. ഇത് നിങ്ങളെ ശുദ്ധീകരിക്കുന്നു." | ” |
ആദം മലയുടെ താഴ്വരകളിൽ വിലപിടിച്ച രത്നങ്ങൾ ലഭിച്ചുവരുന്നുണ്ടെന്നും ആ അമൂല്യരത്നങ്ങൾ ശ്രീബുദ്ധന്റെ കണ്ണീർക്കണങ്ങളാണെന്നു ജനങ്ങൾ വിശ്വസിക്കുന്നുണ്ടെന്നും കൂടി മാഹ്വാൻ കൂട്ടിച്ചേർക്കുന്നുണ്ട്.[3]
തീർത്ഥാടനം
തിരുത്തുകകൊടുമുടിയുടെ ഉച്ചിയിലേക്കുള്ള ഏകദേശം പത്തുകിലോമീറ്റർ കയറ്റത്തിന് തീർത്ഥാടകർ തെരഞ്ഞെടുക്കാറ് ചൂടുകുറഞ്ഞ രാത്രി സമയമാണ്. സൂര്യോദയത്തിൽ താഴ്വരയിൽ പതിച്ച് ക്രമേണ ചെറുതായി വരുന്ന കൊടുമുടിയുടെ നിഴൽ ഒരസാസാമാന്യ ദൃശ്യമാണ്. ആദം കൊടുമുടിയുടെ പ്രശസ്തിക്കുള്ള കാരണങ്ങളിലൊന്ന് ദിവസേന അരങ്ങേറുന്ന നിഴൽ-വെളിച്ചങ്ങളുടെ ഈ നാടകമാണ്. അതിന് സാക്‌ഷ്യം വഹിക്കാൻ പറ്റും വിധം, സൂര്യോദയത്തിൽ മുകളിലെത്തത്തക്കവണ്ണം അർത്ഥരാത്രിക്ക് യാത്ര തുടങ്ങുന്നതാണ് ഒരു രീതി. കുളയട്ടകളുടെ(Leeches) ഉപദ്രവമുള്ള മഴക്കാലം തീർത്ഥാടനത്തിന് പറ്റിയതല്ല. ബുദ്ധമതവിശ്വാസികൾ പ്രധാനമായി കരുതിപ്പോരുന്ന പൗർണ്ണമികളിൽ ആദം കൊടുമുടിയിൽ ഏറെ തീർത്ഥാടകർ എത്തുന്നു.
വഴിയിലൊരിടത്ത് തീർത്ഥാടകർ കയ്യിൽ കരുതാറുള്ള സൂചി എടുത്ത് നൂൽ കോർക്കുന്നു. പിന്നെ സൂചി പാതയോരത്തെ മരത്തിൽ തറച്ചിട്ട് നൂൽ നീട്ടി അടുത്തുള്ള മറ്റൊരു മരത്തിൽ കെട്ടുന്നു. ഇവിടേക്കുള്ള യാത്രക്കിടയിൽ തന്റെ വസ്ത്രത്തിന്റെ വിളുമ്പ് കീറിയപ്പോൾ ഗൗതമ ബുദ്ധൻ വഴിയിലിരുന്ന് അത് തുന്നി കേടുതീർത്തു എന്ന വിശ്വാസത്തിന്റെ അനുസ്മരണമാണിത്. കയറ്റത്തിന്റെ അവസാനഭാഗത്ത് തീർത്ഥാടകർക്ക് പിടിച്ചുകയറാൻ വേണ്ടി ഇരുമ്പുചങ്ങലകൾ സ്ഥാപിച്ചിട്ടുണ്ട്. വളരെ പ്രചാരമുള്ള ഒരു കഥയനുസരിച്ച് അവ അവിടെ സ്ഥാപിച്ചത് ക്രിസ്തുവിന് മുൻപ് 330-ൽ ആദം മല കയറിയ അലക്സാണ്ടർ ചക്രവർത്തിയാണ്. [3] മുകളിലെത്തുന്ന തീർത്ഥാടകൻ പാദമുദ്രയെ വട്ടം വച്ച് കാണിക്കയിട്ടശേഷം അവിടെയുള്ള മണി അടിക്കുന്നു. പാരമ്പര്യം അനുസരിച്ച്, സന്ദർശനം എത്രാമത്തേതാണോ അത്രയും വട്ടമാണ് മണി അടിക്കേണ്ടത്. ആദ്യവട്ടമെത്തുന്ന സന്ദർശകൻ മണി ഒരു വട്ടം മാത്രം അടിക്കുന്നു.[1]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 Ceylon - An Introduction to the "Resplendent Land" - Argus John Tresideer
- ↑ 2.0 2.1 HILL, JOHN (1963). "VIII- Ceylon". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 257, 263.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ 3.0 3.1 3.2 3.3 3.4 മാർക്കപോളോ ഇന്ത്യയിൽ - വേയായുധൻ പണിക്കശ്ശേരി
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-06-03. Retrieved 2009-06-07.
- ↑ Questions… Enigmas… Mysteries… (4) - Whose footprint is on the peak ?[1]
- ↑ Chisolm, Hugh (1910) The Encyclopædia Britannica (Vol. 5)[2]പുറം 778