ആഗ്നസ് വോൺ കുറോവ്സ്കി സ്റ്റാൻഫീൽഡ് (ജീവിതകാലം: ജനുവരി 5, 1892 - നവംബർ 25, 1984) പ്രശസ്ത സാഹിത്യകാരനായിരുന്ന ഏണസ്റ്റ് ഹെമിംഗ്വേയുടെ എ ഫെയർ‌വെൽ ടു ആർമ്‌സ്"എന്ന കൃതിയിലെ കാതറിൻ ബാർക്ലി" എന്ന കഥാപാത്രത്തിന് പ്രചോദനം നൽകിയ ഒരു അമേരിക്കൻ നഴ്‌സായിരുന്നു.

ആഗ്നസ് വോൺ കുറോവ്സ്കി
ആഗ്നസ് വോൺ കുറോവ്സ്കി 1918 ൽ മിലാനിൽ.
ജനനം(1892-01-05)ജനുവരി 5, 1892
Germantown, Philadelphia, U.S.
മരണംനവംബർ 25, 1984(1984-11-25) (പ്രായം 92)
ദേശീയതഅമേരിക്കൻ
വിദ്യാഭ്യാസംBellevue Nurses Training Program
തൊഴിൽലൈബ്രേറിയൻ
Medical career
Professionആതുരശുശ്രൂഷക
Institutionsറെഡ് ക്രോസ്

ഒന്നാം ലോകമഹായുദ്ധകാലത്ത് മിലാനിലെ ഒരു അമേരിക്കൻ റെഡ്ക്രോസ് ആശുപത്രിയിൽ നഴ്‌സായി കുറോവ്സ്കി സേവനമനുഷ്ഠിച്ചിരുന്നു. അക്കാലത്ത് അവരുടെ രോഗികളിൽ ഒരാളായിരുന്ന19 കാരനായ ഏണസ്റ്റ് ഹെമിംഗ്വേ, ആഗ്നസുമായി പ്രണയത്തിലായി. ആശുപത്രിവാസത്തിൽനിന്ന് മോചിതനായി 1919 ജനുവരിയിൽ അമേരിക്കയിലേക്ക് മടങ്ങുമ്പോഴേക്കും കുറോവ്സ്കിയും ഹെമിംഗ്വേയും ഏതാനും മാസങ്ങൾക്കുള്ളിൽ അമേരിക്കയിൽ വച്ച് വിവാഹം കഴിക്കാൻ പദ്ധതിയിട്ടിരുന്നു. എന്നിരുന്നാലും, 1919 മാർച്ച് 7 ന് ഇല്ലിനോയിയിലെ ഓക്ക് പാർക്കിലുള്ള മാതാപിതാക്കളുടെ വീട്ടിൽ താമസിക്കുന്ന ഹെമിംഗ്വേയ്ക്ക് ആഗ്നസ് എഴുതിയ ഒരു കത്തിൽ, ഒരു ഇറ്റാലിയൻ ഉദ്യോഗസ്ഥനുമായി തന്റെ വിവാഹനിശ്ചയം കഴിഞ്ഞതായി അറിയിപ്പുകിട്ടി. കുറോവ്സ്കി ഒടുവിൽ അമേരിക്കയിലേക്ക് മടങ്ങിയെങ്കിലും കമിതാക്കൾ പിന്നീട് ഒരിക്കലും കണ്ടുമുട്ടിയില്ല.[1] 1996 ൽ പുറത്തിറങ്ങിയ ഇൻ ലവ് ആന്റ് വാർ എന്ന സിനിമയിൽ അവരുടെ പ്രണയകഥ ആവിഷ്ക്കരിക്കപ്പെടുന്നുണ്ട്.

ഇറ്റലിയിലെ തന്റെ ജീവിതാനുഭവങ്ങൾ പത്ത് ചെറുകഥകൾക്ക് ഇതിവൃത്തമായി ഹെമിംഗ്വേ ഉപയോഗിച്ചിരുന്നു. കുറോവ്സ്കിയെ അടിസ്ഥാനമാക്കിയുള്ള സാങ്കൽപ്പിക കഥാപാത്രങ്ങൾ അദ്ദേഹത്തിന്റെ "എ വെരി ഷോർട്ട് സ്റ്റോറി", "ദി സ്നോസ് ഓഫ് കിളിമഞ്ചാരോ" എന്നീ ചെറുകഥകളിലും എ ഫെയർ‌വെൽ ടു ആർമ്സ് എന്ന നോവലിലും നിഴലിച്ചിരുന്നു.

പശ്ചാത്തലം തിരുത്തുക

ആഗ്നസ് വോൺ കുറോവ്സ്കി സ്റ്റാൻഫീൽഡ് 1892 ജനുവരി 5 ന് പെൻസിൽവാനിയയിലെ ഫിലാഡെൽഫിയയിലെ ജർമൻടൌണിൽ ജനിച്ചു. ജർമ്മൻ വംശജനായ പിതാവ്[2] വാഷിംഗ്ടൺ ഡിസിയിലെ ബെർലിറ്റ്സ് സ്കൂളിൽ ഭാഷകൾ പഠിപ്പിക്കുന്നതിനിടയിലാണ് മാതാവുമായി കണ്ടുമുട്ടിയത്. അവളുടെ അമ്മാവന്മാരിൽ ഒരാൾ പ്രശസ്ത ഷിക്കാഗോ വാസ്തുശിൽപ്പി വില്യം ഹോളബേർഡും മാതൃ മുത്തച്ഛൻ ജനറൽ സാമുവൽ ബി. ഹോളബേർഡ് യു.എസ്. ആർമിയിലെ ക്വാർട്ടർമാസ്റ്റർ എന്ന നിലയിൽ സേവനമനുഷ്ടിച്ചിരുന്ന വ്യക്തിയുമായിരുന്നു. ബാല്യകാലത്ത് കുടുംബം പലതവണ സ്ഥലം മാറ്റം നടത്തിയിരുന്നെങ്കിലും ആഗ്നസ് വാഷിംഗ്ടൺ നഗരത്തെ തന്റെ ജന്മനഗരമായി കണക്കാക്കിയിരുന്നു.

ഫെയർ‌മോണ്ട് സെമിനാരിയിലും വാഷിംഗ്ടണിലെ പബ്ലിക് ലൈബ്രറിയുടെ പരിശീലന പരിപാടിയിലും പങ്കെടുത്തിരുന്ന അവർ 1910 ൽ അവിടത്തെ ലൈബ്രറിയുടെ വിവരപ്പട്ടിക തയ്യാറാക്കുന്ന തന്റെ ആദ്യ ജോലി നേടി. 1914 ൽ ലൈബ്രറിയിലെ ജോലി ഉപേക്ഷിച്ച അവർ നഴ്സിംഗ് സ്കൂളിൽ ചേരാൻ തീരുമാനിച്ചു. അവരുടെ വാക്കുകളിൽ, "ലൈബ്രറി ജോലി വളരെ മന്ദഗതിയിലുള്ളതും സംഭവശൂന്യവുമായിരുന്നു. എന്റെ അഭിരുചി കൂടുതൽ ആവേശകരമായ ഒന്നിലേക്ക്  തിരിഞ്ഞു." ന്യൂയോർക്ക് നഗരത്തിലെ ബെല്ലിവ്യൂ നഴ്സസ് പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ അവർ തീരുമാനിക്കുകയും 1917 ൽ അവിടെനിന്ന് ബിരുദം നേടുകയും ചെയ്തു. തുടർന്ന് അമേരിക്കൻ റെഡ് ക്രോസിൽ സേവനത്തിനായി അപേക്ഷിക്കുകയും 1918 ജൂൺ 15 ന് യൂറോപ്പിലേക്ക് കപ്പൽ കയറുകയും ചെയ്തു.

മിലാനിൽ, കരസേനാ ഹോസ്പിറ്റലിൽ റെഡ് ക്രോസിന്റെ ആദ്യ നിയമനത്തിൽത്തന്നെ അവൾ ഏണസ്റ്റ് ഹെമിംഗ്വേയെ കണ്ടുമുട്ടി. അവൾ ഹെമിംഗ്വേയേക്കാൾ ഏഴു വർഷം മൂത്തതായിരുന്നു. അദ്ദേഹത്തിന് അക്കാലത്ത്, 19 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂവെങ്കിലും അവർ വിവാഹനിശ്ചയം നടത്തി. എന്നിരുന്നാലും, അദ്ദേഹം അമേരിക്കയിൽ തിരിച്ചെത്തി മാസങ്ങൾക്കുശേഷം, 1919 മാർച്ചിൽ, ഒരു ഇറ്റാലിയൻ ഉദ്യോഗസ്ഥനുമായി തന്റെ വിവാഹനിശ്ചയം നടത്തിയെന്ന് ഒരു കത്തിലൂടെ വ്യാജസന്ദേശം അറിയിച്ചുകൊണ്ട് അവൾ ഹെമിംഗ്വേയുമായുള്ള വിവാഹം നിരസിച്ചു.

സാങ്കൽപ്പിക കഥാപാത്രത്തിന്റെ അടിസ്ഥാനമെന്ന നിലയിൽ ആഗ്നസിന്റെ വ്യക്തിത്വം ഹെമിംഗ്വേയുടെ സഹോദരൻ ലീസസ്റ്റർ 1961 ൽ തന്റെ സഹോദരനെക്കുറിച്ച് ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നതുവരെ വ്യാപകമായി അറിയപ്പെട്ടിരുന്നില്ല.  തന്റെ പുസ്തകത്തെക്കുറിച്ച് ഗവേഷണം നടത്തുന്നതിനിടെ ലെസ്റ്റർ ഹെമിംഗ്വേ കീ വെസ്റ്റിൽവച്ച് ആഗ്നസിനെ സന്ദർശിച്ചിരുന്നു. തന്റെ പലവക പുസ്തകത്തിൽനിന്ന് ആഗ്നസ് ലീസസ്റ്ററിനു ചില ഫോട്ടോകൾ നൽകുകയും അവ ഇപ്പോൾ ഹെമിംഗ്വേ ഫൌണ്ടേഷനിൽ സൂക്ഷിക്കപ്പെട്ടിരിക്കുകയും ചെയ്യുന്നു.

പിൽക്കാലജീവിതം തിരുത്തുക

ആഗ്നസ് വോൺ കുറോവ്സ്കി രണ്ടുതവണ വിവാഹിതയായിരുന്നു, പക്ഷേ ഹെമിംഗ്വേയുമായുള്ള വിവാഹനിശ്ചയം ഉപേക്ഷിക്കാൻ കാരണമായ (അവൾ എഴുതിയതുപ്രകാരം) ഇറ്റാലിയൻ ഉദ്യോഗസ്ഥനുമായല്ലായിരുന്നു അവരുടെ വിവാഹം. ഹെയ്തിയിൽ റെഡ് ക്രോസിനൊപ്പം നിലയുറപ്പിച്ച കാലത്ത് അവർ 1928 നവംബർ 24 ന് ഹോവാർഡ് പ്രസ്റ്റൺ ("പീറ്റ്") ഗാർണറെ വിവാഹം കഴിച്ചു. ഹെയ്തിയൻ നിയമനം പൂർത്തിയായ ശേഷം അവർ പെട്ടെന്ന് വിവാഹമോചനം നേടി. മൂന്ന് കുട്ടികളുള്ള ഒരു ഹോട്ടൽ മാനേജരും വിഭാര്യനുമായിരുന്ന വില്യം സ്റ്റാൻഫീൽഡ് എന്ന വ്യക്തിയെ 1934 ൽ അവൾ രണ്ടാം തവണ വിവാഹം കഴിച്ചു.  

രണ്ടാം ലോകമഹായുദ്ധസമയത്ത്, അവരുടെ ഭർത്താവും വളർത്തു മക്കളും അമേരിക്കൻ നാവികസേനയിൽ സേവനമനുഷ്ഠിച്ചിരുന്നു. ആഗ്നസും അവരുടെ രണ്ട് വളർത്തു പുത്രിമാരും ന്യൂയോർക്ക് നഗരത്തിലേക്ക് പോയി അവിടെ ഫിഫ്ത്ത് അവന്യൂവിലെ റെഡ് ക്രോസ് ബ്ലഡ് ബാങ്കിൽ ജോലിയെടുത്തു. 1984 നവംബർ 25 ന് 92 ആം വയസ്സിൽ ഫ്ലോറിഡയിലെ ഗൾഫ്പോർട്ടിൽ വച്ച് മരിക്കുന്നതുവരെ അവൾ സ്റ്റാൻഫീൽഡുമായുള്ള വിവാഹബന്ധം തുടർന്നിരുന്നു. മരണകാരണം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല.[3] വാഷിംഗ്ടൺ ഡിസിയിലെ യു.എസ്. സോൾജിയേർസ് ആന്റ് എയർമെൻസ് ഹോം നാഷണൽ സെമിത്തേരിയിൽ സംസ്കരിക്കപ്പെട്ടു.[4] ഒന്നാം ലോകമഹായുദ്ധസമയത്ത് അമേരിക്കൻ റെഡ് ക്രോസുമായി ചേർന്നുള്ള "അവളുടെ ധീരവും അഭിനന്ദനീയവുമായ സേവനങ്ങൾ" അവർക്ക് ബഹുമതി നേടിക്കൊടുത്തു.

അവലംബം തിരുത്തുക

  1. Villard, Henry Serrano & Nagel, James. Agnes's letters to Hemingway are included in Hemingway in Love and War: The Lost Diary of Agnes von Kurowsky: Her letters, and Correspondence of Ernest Hemingway (ISBN 1-55553-057-5 H/B/ISBN 0-340-68898-X P/B)
  2. Meyers, Jeffrey (1977). Married to Genius, London Magazine Editions, p. 177
  3. "Agnes von Kurowsky Stanfield Obituary". Archived from the original on 2019-11-01.
  4. Villard, Henry Serrano & Nagel, James. Agnes's letters to Hemingway are included in Hemingway in Love and War: The Lost Diary of Agnes von Kurowsky: Her letters, and Correspondence of Ernest Hemingway (ISBN 1-55553-057-5 H/B/ISBN 0-340-68898-X P/B)
"https://ml.wikipedia.org/w/index.php?title=ആഗ്നസ്_വോൺ_കുറോവ്സ്കി&oldid=3951733" എന്ന താളിൽനിന്ന് ശേഖരിച്ചത്