അച്ചുതണ്ട്

(ആക്സിൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തീവണ്ടി, മോട്ടോർവാഹനങ്ങൾ മുതലായവയുടെ ചക്രങ്ങളെ താങ്ങുകയോ കറക്കുകയോ ചെയ്യുന്നതിനുള്ള തണ്ടോ (shaft) സ്പിൻഡിലോ (spindle) പോലുള്ള ദണ്ഡിനെയാണ് അച്ചുതണ്ട് അഥവ ആക്സിൽ എന്നു പറയുന്നത്. ചക്രങ്ങൾ തമ്മിലുള്ള അകലം നിലനിർത്താനും അച്ചുതണ്ട് ഉപകരിക്കുന്നു. ചക്രങ്ങൾ കറക്കാനുപയോഗിക്കുന്ന പിൻ (pin), ദണ്ഡ് (bar), തണ്ട് (shaft) എന്നിവയ്ക്കെല്ലാം എൻജിനീയറിങ്ങിൽ പൊതുവേ അച്ചുതണ്ട് എന്നു പറയുന്നു. ചക്രങ്ങളോടു ബന്ധിച്ച് അവയോടൊപ്പം കറങ്ങുന്നവയും ചക്രങ്ങളെ താങ്ങാൻമാത്രം ഉറപ്പിച്ചവയുമായ അച്ചുതണ്ടുകളുമുണ്ട്. ചക്രങ്ങളോടൊപ്പം കറങ്ങുന്നതരം അച്ചുതണ്ടുകൾ ചക്രമധ്യത്തിൽ ഹൈഡ്രോളിക (hydraulic) മർദം ഉപയോഗിച്ച് തിരുകി കയറ്റുകയാണ് പതിവ്.[1]

തീവണ്ടിയുടെ വീലുകൾ തമ്മിൽ അച്ചുതണ്ടിനാൽ ബന്ധിച്ചിരിക്കുന്നു
പിൻഭാഗചാലക അച്ചുതണ്ടുകൾ

മോട്ടോർവാഹന ഉത്പാദനത്തിൽ അച്ചുതണ്ട് മറ്റു പല ഭാഗങ്ങളു(parts)മായി ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ട് അവയ്ക്കെല്ലാംകൂടി അച്ചുതണ്ടു സമുച്ചയം (axle assembly) എന്നു പറയുന്നു;[2] അച്ചുതണ്ട് എന്നുമാത്രമായും പറയാറുണ്ട്. മോട്ടോർകാറുകളുടെ പിൻഭാഗചാലക അച്ചുതണ്ടുകൾ (rear driving axles)[3] എന്നതുകൊണ്ടുദ്ദേശിക്കുന്നത് അച്ചുതണ്ടുകവചം (axle housing),[4] അച്ചുതണ്ട്, വിഭേദക ഗിയർ (differential gear),[5]ചാലക ഗിയർ (driving gear)[6] എന്നിവ മൊത്തത്തിലാണ്. വാഹനത്തിന്റെ മുൻവശം താങ്ങുന്ന ഭാഗമാണ് മുൻഭാഗഅച്ചുതണ്ട് (front axle).

ബെയറിങ്ങ്

കാളവണ്ടി, കുതിരവണ്ടി മുതലായവയുടെ അച്ചുതണ്ട് നിർമ്മിക്കാൻ തടി ഉപയോഗപ്പെടുത്തിയിരുന്നു. എന്നാൽ ആധുനികവാഹനങ്ങളുടെ അച്ചുതണ്ടുകൾക്ക് പലവിധത്തിലുള്ള ഭാരങ്ങൾ താങ്ങേണ്ടതുണ്ട്. അവയിൽ കൂടുതൽ ആതാനം (strain) ഉണ്ടാകുകയും ചെയ്യും. മോട്ടോർവാഹനങ്ങൾ, തീവണ്ടി മുതലായവയുടെ അച്ചുതണ്ട് ശ്രദ്ധിച്ച് രൂപകല്പന ചെയ്യേണ്ടതും നിർമ്മാണപദാർഥമായി ഈടുള്ള മേൽത്തരം ഉരുക്ക് ഉപയോഗിക്കേണ്ടതുമാണ്.

എല്ലാ അച്ചുതണ്ടുകളും ഏതെങ്കിലുംതരത്തിലുള്ള ബെയറിങ്ങു(bearing)കളുമായി ബന്ധപ്പെട്ടിരിക്കും.[7] ചക്രങ്ങളോടൊപ്പം കറങ്ങുന്ന അച്ചുതണ്ട് സ്വയം ബെയറിങ്ങുകളിൽ കറങ്ങുകയും ചക്രങ്ങളിലേക്കു പകരുന്ന ഭാരം താങ്ങുകയും ചെയ്യുന്നു. ഉറപ്പിച്ചിട്ടുള്ളതും ചക്രങ്ങളോടൊപ്പം കറങ്ങാത്തതുമായ അച്ചുതണ്ടിൽ ഒരു ബെയറിങ്ങ് പ്രതലം (bearing surface) ഉണ്ടായിരിക്കും.

വാഹനങ്ങളുടെ അച്ചുതണ്ടുകൾ രണ്ടു തരം ഉണ്ട്.

  • ഡെഡ് ആക്സിൽ.
  • ലൈവ് ആക്സിൽ
  1. How Hydraulic Machines Work
  2. Axle Assembly
  3. "Location of rear driving axles". Archived from the original on 2010-11-16. Retrieved 2010-10-30.
  4. AXLE HOUSING
  5. Automobile Differential Gears
  6. http://www.eduslide.net/courses/690/Driving-with-Manual-Gear-Transmission.htm Archived 2010-12-26 at the Wayback Machine. driving gear
  7. Ball Bearing ,Roller Bearing ,On Line Bearing Store
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അച്ചുതണ്ട് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അച്ചുതണ്ട്&oldid=3622657" എന്ന താളിൽനിന്ന് ശേഖരിച്ചത്