അസ്ട്രോണമിക്കൽ സോഫ്റ്റ്വെയർ
ജ്യോതിശ്ശാസ്ത്ര സംബന്ധമായ പരീക്ഷണങ്ങളും ഗവേഷണങ്ങളും കൂടുതൽ വേഗത്തിൽ നിർവഹിക്കുക എന്ന ഉദ്ദേശ്യത്തോടെ രൂപകല്പന ചെയ്തിട്ടുള്ള കംപ്യൂട്ടർ സോഫ്റ്റ് വെയറുകൾ. കൃത്രിമോപഗ്രഹങ്ങളും ബഹിരാകാശ നിലയങ്ങളും പ്രദാനം ചെയ്യുന്ന ദത്തങ്ങളെ (data) അതിവേഗം വിശകലനം ചെയ്ത് അപഗ്രഥിക്കാൻ ഇവ ജ്യോതിശ്ശാസ്ത്രജ്ഞരെ സഹായിക്കുന്നു.
ജ്യോതിശ്ശാസ്ത്രരംഗത്ത് അത്യാധുനിക സാങ്കേതിക വിദ്യകൾ പ്രയോഗിച്ചു തുടങ്ങിയതോടെ അവ ഉത്പാദിപ്പിക്കുന്ന വിവരങ്ങളും വർധിച്ചു. അതോടെ അവ വിശകലനം ചെയ്യാനും നിഗമനങ്ങളിൽ എത്തിച്ചേരാനും മനുഷ്യപ്രയത്നംകൊണ്ട് മാത്രം സാധ്യമല്ലാതായി. ഈ പശ്ചാത്തലത്തിലാണ്, സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചുള്ള വിവരങ്ങളുടെ അപഗ്രഥനം ജ്യോതിശ്ശാസ്ത്രത്തിൽ പരീക്ഷിക്കപ്പെട്ടത്. ഇത്തരം സോഫ്റ്റ്വെയറുകൾ ജ്യോതിശ്ശാസ്ത്ര പരീക്ഷണങ്ങൾ എളുപ്പമാക്കുന്നതിനും സമയം ലാഭിക്കുന്നതിനും സഹായകമായി.
ആധുനിക ജ്യോതിശ്ശാസ്ത്രരംഗത്ത് ഗവേഷണങ്ങളിലും പഠനങ്ങളിലുമെല്ലാം ഇന്ന് സോഫ്റ്റ് വെയറുകൾ നിർണായകമായ പങ്ക് വഹിക്കുന്നു. വാനനിരീക്ഷണകേന്ദ്രങ്ങളിൽ ഉപയോഗിക്കുന്ന ദൂരദർശിനികളെ ഇപ്പോൾ നിയന്ത്രിക്കുന്നത് ഇവയാണ്. ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ, നെബുലകൾ തുടങ്ങിയ ഖഗോള വസ്തുക്കളുടെ റൈറ്റ് അസൻഷനും ഡെക്ളിനേഷനും നൽകിയാൽ ദൂരദർശിനികളെ അവയ്ക്കുനേരെ തിരിക്കുന്ന ജോലി ഈ സോഫ്റ്റ് വെയറുകൾ നിർവഹിച്ചുകൊള്ളും.
ജ്യോതിശ്ശാസ്ത്ര നിരീക്ഷണ പഠനങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങളുടെ അപഗ്രഥനത്തിനും ക്രോഡീകരണത്തിനുമാണ് ഇന്ന് ജ്യോതിശ്ശാസ്ത്ര സോഫ്റ്റ് വെയറുകൾ ധാരാളമായി ഉപയോഗിക്കുന്നത്. ബഹിരാകാശ ദൗത്യങ്ങളിലൂടെയും വിദൂര സംവേദനത്തിലൂടെയും ലഭിക്കുന്ന ചിത്രങ്ങളുടെ കോഡിങ്ങിനും ഇമേജ് പ്രോസസ്സിങ്ങിനുമാണ് (Image Processing) ഇത്തരം സോഫ്റ്റ് വെയറുകൾ ഏറ്റവും സഹായകരം. ദ് ഫ്ളക്സിബിൾ ഇമേജ് ട്രാൻസ്പോർട്ട് സിസ്റ്റം (The Flexible Image Transport System,FITS) ഇത്തരത്തിൽ ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന സോഫ്റ്റ് വെയറുകൾക്ക് ഒരു ഉദാഹരണമാണ്. വിവരങ്ങളുടെ ക്രോഡീകരണത്തിനും വിശകലനത്തിനും സഹായകമായ സോഫ്റ്റ് വെയറുകളും ഇപ്പോൾ ലഭ്യമാണ്. ഇവ, അസ്ട്രോണമിക്കൽ ഡാറ്റാ റിഡക്ഷൻ സോഫ്റ്റ് വെയറുകൾ (Astronomical Data Reduction Softwares) എന്ന പേരിൽ അറിയപ്പെടുന്നു. ഇമേജ് റിഡക്ഷൻ ആൻഡ് അനാലിസിസ് ഫെസിലിറ്റി (Image Reduction and Analysis Facility), മ്യൂണിച്ച് ഇമേജ് ഡാറ്റാ അനാലിസിസ് സിസ്റ്റം (Munich Image Data Analysis System ,MIDAS), അസ്ട്രോണമിക്കൽ ഇമേജ് പ്രോസസ്സിങ് സിസ്റ്റം (Astronomical Image Processing System,AIPS) തുടങ്ങിയവയാണ് ഇപ്പോൾ പ്രചാരത്തിലുള്ള ചില പ്രധാന അസ്ട്രോണമിക്കൽ ഡാറ്റാ റിഡക്ഷൻ സോഫ്റ്റ് വെയറുകൾ.
ഇന്ന് അമേച്വർ ജ്യോതിശ്ശാസ്ത്രരംഗത്തും നിരവധി സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചു വരുന്നു. സ്വതന്ത്രസോഫ്റ്റ് വെയറുകൾ വ്യാപകമായതോടെ ഇത്തരം സോഫ്റ്റ് വെയറുകളുടെ പ്രചാരവും വർധിച്ചു. ഇത്തരത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു സ്വതന്ത്ര അസ്ട്രൊണമിക്കൽ സോഫ്റ്റ് വെയറാണ് സ്റ്റെല്ലേറിയം (Stellarium). കംപ്യൂട്ടറിനെ ഒരു പ്രതീതി പ്ലാനറ്റേറിയമാക്കി (Virtual Planetarium) മാറ്റാൻ പര്യാപ്തമാണ് ഈ സോഫ്റ്റ് വെയർ. അതേസമയം, ഒരു പ്ലാനറ്റേറിയത്തിന്റെ പരിമിതികൾക്കപ്പുറത്താണ് സ്റ്റെല്ലേറിയത്തിന്റെ സാധ്യതകൾ. നക്ഷത്ര നിരീക്ഷകരെ സഹായിക്കാൻ ഏറ്റവും അനുയോജ്യമായ സോഫ്റ്റ് വെയറാണ് സ്റ്റെല്ലേറിയം. ആറ് ലക്ഷത്തിലധികം നക്ഷത്രങ്ങളുടെ വിശദാംശങ്ങൾ ഇതിലുണ്ട്. മനോഹരമായി രൂപകല്പനചെയ്തിട്ടുളള ഈ സേഫ്റ്റ് വെയറിൽ വേറെയും ചില സൗകര്യങ്ങൾ ഉണ്ട്. ഭൂമിയിൽ നിന്നുള്ള ആകാശക്കാഴ്ചയ്ക്ക് പുറമേ ചൊവ്വയിൽ നിന്നും ചന്ദ്രനിൽ നിന്നുമുള്ള ആകാശക്കാഴ്ചകളും ഇതിൽ ലഭ്യമാണ്. http://www.stellarium.org എന്ന പോർട്ടലിൽ നിന്നും ഈ സോഫ്റ്റ് വെയർ സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ഗ്നു-ലിനക്സ് (Gnu-Linux) പാക്കേജുകൾക്കൊപ്പം ലഭിക്കുന്ന മറ്റൊരു ജ്യോതിശ്ശാസ്ത്ര സോഫ്റ്റ് വെയർ ആണ് കെ സ്റ്റാർ (k star). സ്റ്റെല്ലേറിയത്തിന്റെ അത്രതന്നെ മികവുറ്റതല്ലെങ്കിലും വളരെ കുറഞ്ഞ പ്രോസസ്സിങ് ശേഷിയുള്ള കംപ്യൂട്ടറുകളിൽപ്പോലും പ്രവർത്തിപ്പിക്കാനാവും എന്നതാണ് ഇതിന്റെ പ്രത്യേകത. ഭൂമിയിൽ നാം നിൽക്കുന്ന സ്ഥലം, സമയം എന്നിവ നൽകിയാൽ അതിനനുസൃതമായ ഒരു നക്ഷത്രമാപ്പ് ഔട്ട്പുട്ടായി ഈ സോഫ്റ്റ് വെയറിൽ നിന്നും ലഭിക്കും. ഇതുകൂടാതെ നിരവധി നക്ഷത്രങ്ങളുടെയും മറ്റു ഖഗോള വസ്തുക്കളുടെയുമെല്ലാം വിശദാംശങ്ങളും ഇതിൽ നിന്നു ലഭിക്കും.
ഗ്രഹാന്തര യാത്രകളുടെ പ്രതീതി ഉളവാക്കുന്ന ഒരു സോഫ്റ്റ്വെയറാണ് സെലസ്റ്റിയ (Celestia). പ്രപഞ്ചത്തിന്റെ ഒരു ചെറിയപതിപ്പാണ് ഈ പ്രോഗ്രാം നമുക്ക് മുമ്പിൽ തുറന്നു വയ്ക്കുന്നത്. ഒരു കംപ്യൂട്ടർ ഗെയിം പോലെ, ഗാലക്സികളിലേക്കും ഗ്രഹങ്ങളിലേക്കുമെല്ലാം 'യാത്ര' നടത്താൻ ഇതിലൂടെ സാധിക്കും. http://www.celetiamotherlode.net[പ്രവർത്തിക്കാത്ത കണ്ണി] എന്ന സൈറ്റിൽ നിന്നും ഇത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
അവലംബം
തിരുത്തുകകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ സോഫ്റ്റ് വെയറുകൾ അസ്ട്രോണമിക്കൽ സോഫ്റ്റ് വെയറുകൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |