അസിനിബോയിൻ ഇന്ത്യൻ ജനത
“അസിനിബോയിൻ” ജനങ്ങൾ (/əˈsɪnᵻbɔɪn/) വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ മഹാസമതലങ്ങളിൽ ജീവിച്ചിരുന്ന തദ്ദേശീയ ഇന്ത്യൻ (റെഡ് ഇന്ത്യൻ) ജനതയാണ്. ഇന്ന് ഈ വർഗ്ഗക്കാർ, മദ്ധ്യ കാനഡയിലെ “സസ്കാറ്റ്ഷെവാൻ” (Saskatchewan) പ്രദേശത്താണ് പ്രധാനമായി അധിവസിച്ചിരിക്കുന്നത്. കാനഡയിലെ തന്നെ “ആൽബർട്ട”, തെക്കുപടിഞ്ഞാറൻ “മനിറ്റോബ”, യു.എസിലെ “വടക്കൻ മൊണ്ടാന”, “വടക്കൻ ഡെക്കോട്ട” എന്നിവിടങ്ങളിലും ഈ വർഗ്ഗക്കാർ കാണപ്പെടുന്നു. 18,19 നൂറ്റാണ്ടുകളിൽ മുഴുവൻ ഈ വർഗ്ഗക്കാർ “ക്രീ” വർഗ്ഗക്കാരുമായിച്ചേർന്ന് “അയൺ കോൺഫെഡറസിയിൽ” (Iron Confederacy) ഉൾപ്പെട്ടിരുന്നു. അസിനിബോയിൻ ജനങ്ങൾ “ലക്കോട്ട” “ഡക്കോട്ട” ഗോത്രക്കാരുടെ ബന്ധുക്കളായിരുന്നുവെന്നാണ് നിഗമനം. ഇവർ എല്ലാവരും ഒരേതരം ഭാക്ഷ സംസാരിക്കുന്നവരാണ്. എന്നാൽ രാഷ്ടീയമായി സിയോക്സുകളിൽ നിന്നും വിഭിന്നരായിരുന്നു ഇവർ. ഇവർ ഇപ്പറഞ്ഞ വർഗ്ഗങ്ങളുമായി പലപ്പോഴും യുദ്ധത്തിലേർപ്പെട്ടിരുന്നു.
Regions with significant populations | |
---|---|
Canada ( Saskatchewan) United States ( Montana) | |
Languages | |
Assiniboine, English | |
Religion | |
traditional tribal religion, Sun Dance, Native American Church, Christianity | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
Dakota, Stoney[1] |
ഭാഷ
തിരുത്തുകഅസിനിബോയിൻ, പടിഞ്ഞാറൻ സിയോൺ ഭാഷാ കുടുംബത്തിലുൾപ്പെട്ട ഒരു മിസിസിപ്പി താഴ്വരയിൽ സംസാരിക്കുന്ന സിയോൺ ഭാഷാവകഭേദമായ നക്കോഡയാണ്. ഇന്നത്തെക്കാലത്ത് ഭൂരിപക്ഷം അസിനിബോയിൻ ജനങ്ങളും ഇംഗ്ലീഷ് സംസാരിക്കുന്നു. ചില അസിനിബോയിനുകൾ, പ്രത്യേകിച്ച് മുതിർന്ന പൌരന്മാർ അവരടെ തദ്ദേശീയ ഭാഷയായ “നക്കോഡ (Nakoda) ഭാഷയാണ് സംസാരിക്കുന്നത്. യു.എസിൽ സംസാരിക്കപ്പെടുന്ന നക്കോഡ ഭാഷ കാനഡയിൽ സംസാരിക്കുന്ന നക്കോഡ ഭാഷയുമായി വ്യത്യാസപ്പെട്ടിരിക്കുന്നു. ഭൂരിപക്ഷം ഭാഷാവിദഗ്ദ്ധരും ഈ രണ്ടു ഭാഷകളെയും സ്റ്റോണി (Stoney – കനേഡിയൻ), അസിനിബോയിൻ (അമേരിക്കൻ) എന്നിങ്ങനെ രണ്ടു വ്യത്യസ്ത ഭാഷകളായി കണക്കാക്കുന്നു. സ്പാനിഷ്, ഇറ്റാലിയൻ ഭാഷകളെപ്പോലെ അവ തമ്മിൽ സാദൃശ്യമുണ്ടെങ്കിലും ഒരു ഭാഷയിലെ ആൾ മറ്റു ഭാഷയിലെ ആൾ അർത്ഥമാക്കുന്നതെന്തെന്ന് മുന്കൂട്ടി ഊഹിക്കേണ്ട അവസ്ഥയുണ്ട്. അസിനിബോയൻ വാക്കായ “hau” ഇംഗ്ലീഷിലെ “how” പോലെ തന്നെ ഉഛരിക്കുന്നു. ഇതൊരു അഭിവാദന പദമാണ്.
വേഷം
തിരുത്തുകഅസിനിബോയിൻ സ്ത്രീജനങ്ങൾ മലയാടുകളുടേയും മാനുകളുടേയും തുകലാണ് വസ്ത്രങ്ങളായി ഉപയോഗിച്ചിരുന്നത്. തുകല് കൊണ്ടു നിർമ്മിച്ച പൃഷ്‌ടഭാഗംമറച്ച് കാൽമുട്ടുവരെ എത്തുന്ന കാലുറയും തുകൽ കുപ്പായുവുമായിരുന്നു പുരുഷൻമാരുടെ വസ്ത്രം. “moccasins” എന്നറിയപ്പെട്ടിരുന്ന മൃദുചർമ്മപാദുകം ഇവർ ധരിക്കാറുണ്ടായിരുന്നു. കടുത്ത ശൈത്യകാലത്ത് വലിയ കാട്ടുപോത്തുകളുടെ ചർമ്മം കൊണ്ടുണ്ടാക്കിയ മേലങ്കി അണിഞ്ഞിരുന്നു. അസിനിബോയിൻ സ്ത്രീകളുടെയും പോരാളികളുടെയും വസ്ത്രങ്ങൾ തൊങ്ങലുകൾ പിടിപ്പിച്ചും, മുള്ളൻപന്നിയുടെ മുള്ളുകൾ, കടമാൻ (Elk) പല്ലുകൾ, മുത്തുകൾ തൂവലുകൾ എന്നിവ ഘടിപ്പിച്ചും മനോഹമാക്കിയിരുന്നു. പുറമേ വസ്ത്രങ്ങളിൽ നിറങ്ങളുപയോഗിച്ച് ചിത്രപ്പണികളും നടത്തിയിരുന്നു.
അസിനിബോയിൻ ഇന്ത്യൻ നേതാക്കൾ ചില സമയങ്ങളിൽ വാർബോണറ്റ്സ് (warbonnets) എന്നറിയപ്പെട്ടിരുന്ന ശിരോഅലങ്കാരം ധരിച്ചിരുന്നു.ഈ പരമ്പരാഗത ശിരോലങ്കാരം സമതല ഇന്ത്യന് വർഗ്ഗത്തിലെ പുരുഷന്മാരാണ് പരമ്പരാഗതമായി അണിയാറുണ്ടായിരുന്നത്. യൂദ്ധത്തിലും മറ്റ് ആചാരാനുഷ്ടാനങ്ങളുടെ സമയത്തുമാണ് ഇത് പ്രധാനമായി അണിയാറുണ്ടായിരുന്നത്. ദുഖാചരമസമയങ്ങളിലാണ ഇവർ മുടി മുറിക്കാറുണ്ടായിരുന്നത്. സാധാരണസമയങ്ങളിൽ അവർ അലസമായി മുടി നീട്ടിവളർത്തിയിരുന്നു. പോരാളികൾ മുടി പിന്നിയിട്ടിരുന്നു. പ്രത്യേക അവസരങ്ങളിൽ മുഖം ചായം ഉപയോഗിച്ച് അലങ്കരിച്ചിരുന്നു. ഇത് യുദ്ധ സമയത്തും മതപരമായ ചടങ്ങുകൾക്കും ഉത്സവവേളകളിലും വ്യത്യസ്തമായിരിക്കും. ഗോത്രപരമായ പച്ചകുത്തലുകൾ കൈകളിലും നെഞ്ചിലുമൊക്കെ ചെയ്തരുന്നു. ഇക്കാലത്തും വിവാഹവേളകളിലും നൃത്തം ചെയ്യുന്ന വേളകളിലും അസിനിബോയിൻ ജനങ്ങൾ മാൻതോലും മറ്റും ഉപയോഗിച്ചുള്ള വസ്ത്രങ്ങൾ അണിയാറുണ്ട്.
ജീവിതശൈലി
തിരുത്തുകഐക്യനാടുകളിൽ അസിനിബോയിൻ ഇന്ത്യൻസ് പ്രധാനമായി ഫോർട്ട് ബെൽക്നാപ് (Fort Belknap), ഫോർട്ട് പെക്ക് (Fort Peck) എന്നിങ്ങനെ രണ്ടു റിസർവ്വഷനുകളിലായാണ് വസിക്കുന്നത്. ഇന്ത്യൻ ഗോത്രത്തിൻറെ പൂർണ്ണ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളാണ് റിസർവ്വഷനുകൾ. ഫോർട്ട് ബെൾക്നാപ്പിലുള്ള അസിനിബോയിനുകൾ “ഗ്രോസ് വെഞ്ചർ” എന്ന മറ്റൊരു ഇന്ത്യൻ വർഗ്ഗവുമായി റിസർവ്വേഷൻ പങ്കുവയ്ക്കുന്നു. അതുപോലെ ഫോർട്ട് പെക്കിലുള്ള അസിനിബോയിനുകൾ സിയോക്സുകളുമായും റിസർവ്വേഷൻ പങ്കുവയ്ക്കുന്നു. കാനഡയിൽ സ്റ്റോണി അസിനിബോയിനുകളുടെ ഏഴു പ്രത്യേക ബാന്റുകളുണ്ട്. ഓരോ ബാന്റുകൾക്കും പ്രത്യേകം റിസർവ്വേഷനുകളും നിലനിൽക്കുന്നുണ്ട്. ഇവയിലെ ഓരോ ഗോത്രങ്ങൾക്കും ഒരു ചെറിയ രാജ്യത്തിന്റേതുപോലെ, അവരവരുടേതായ സർക്കാർ, നിയമങ്ങൾ, പോലീസ്, മറ്റു സേവനങ്ങൾ എന്നിവയുണ്ട്. എന്നിരുന്നാലും അസിനിബോയിനുകൾ ഐക്യനാടുകളിലെ അല്ലെങ്കിൽ കാനഡയിലെ പൌരന്മാരും അവിടുത്തെകൂടി നിയമങ്ങളും അനുസരിക്കുവാൻ ബാദ്ധ്യസ്ഥരായിരിക്കുന്നു.
പഴയകാലത്ത് ഓരോ അസിനിബോയിൻ ബാൻറുകളും ട്രൈബൽ കൌൺസിലാൽ തെരഞ്ഞെടുക്കപ്പെട്ട ഒരു ചീഫിനാൽ നയിക്കപ്പെട്ടിരുന്നു. കാനഡയിലുള്ള ചില അസിനിബോയിൻ ബാൻറുകൾ പഴയ രീതി തന്നെ ഇപ്പോഴും പിന്തുടരുന്നു. ഐക്യനാടുകളിൽ അസിനിബോയിനുകൾ മറ്റു വർഗ്ഗങ്ങളുമായ “ഗ്രോസ് വെഞ്ചർ”, “സിയോക്സ് ”( Sioux) എന്നീ വർഗ്ഗങ്ങളുമായി റിസർവ്വേഷനുകൾ പങ്കുവയ്ക്കുന്നതിനാൽ, മറ്റു രണ്ടു വർഗ്ഗങ്ങളിലേയും അസിനിബോയിൻ വർഗ്ഗത്തിലേയും മുഴുവൻ ജനങ്ങളാൽ തെരഞ്ഞടുക്കുന്ന ഒരു കൌൺസിലാണ് ഭരണം നടത്തുന്നത്. പരമ്പരാഗതമായി അസിനിബോയിനുകൾ ഭാഗികമായി നാടോടികളാണ്. ഇവർ വസന്തകാലത്ത് കൂട്ടായി കാട്ടുപോത്തുകളെ പിന്തുടർന്ന് വേട്ടയാടുകയും ഗോത്രത്തിലെ സ്ത്രീജനങ്ങൾ ഈ മാംസം സംസ്കരിച്ച് ശീതകാലത്തേയ്ക്കു സൂക്ഷിച്ചു വയ്ക്കുകയും ചെയ്തിരുന്നു. കുതിരപ്പുറത്ത് അമ്പും വില്ലുമുപയോഗിച്ചാണ് ഇവർ വേട്ടായാടിയിരുന്നത്. കാട്ടുപോത്തുകളുടെ തുകലുകൾ ടിപ്പീസ് എന്നറിയപ്പെടുന്ന കൂടാരങ്ങൾ മറയ്ക്കുവാനും വസ്ത്രങ്ങൾ, മറ്റ് ഉപഭോഗവസ്തുക്കൾ തുടങ്ങിയവ നിർമ്മിക്കുവാനും ഉപയോഗിച്ചിരുന്നു. വേട്ടയാടിപ്പിടിക്കുന്ന മൃഗത്തിൻറെ ഏതാണ്ട് മുഴുവൻ ഭാഗങ്ങള്ക്കും ഇവർ ഉപയോഗം കണ്ടെത്തിയിരുന്നു. അശ്വഹൃദയവിദ്യയിൽ (കുതിരസവാരി) അഗ്രഗണ്യരായിരുന്ന ഈ വർഗ്ഗക്കാർ ആദ്യമായി കുതിരകളെ നേടിയത് ബ്ലാക്ക്ഫീറ്റ്, ഗ്രോസ് വെഞ്ചർ ഇന്ത്യൻ വർഗ്ഗക്കാരിൽനിന്നായിരുന്നു. മറ്റ് അമേരിക്കൻ ഇന്ത്യൻ വർഗ്ഗങ്ങളായ മൻഡാൻ, ഹിതാസ്റ്റ, അരികാര എന്നിവരുമായി ഇവർ സഹകരിച്ചിരുന്നു.
അസിനിബോയിൻ ജനങ്ങൾ കാട്ടുപോത്തുകളുടെ തുകൽ ആവരണമായി ഉപയോഗിച്ചു നിർമ്മിച്ച “ടിപ്പിസ്” (tipis or teepees) എന്നറിയപ്പെടുന്ന കൂടാരങ്ങളിലാണ് വസിച്ചിരുന്നത്. ടിപ്പിസ് വളരെ ശ്രദ്ധാപൂർവ്വം നിർമ്മിച്ചിരുന്നതും പെട്ടെന്ന് അഴിച്ചെടുക്കാൻ പാകത്തിലുമാണ് നിർമ്മിച്ചിരുന്നത്. ഒരു മുഴുവൻ അസിനിബോയിൻ വില്ലേജിന് അതിവേഗത്തിൽ കൂടാരങ്ങൾ അഴിച്ചെടുത്ത് നീങ്ങുവാൻ ഏതാനും മണിക്കൂറുകൾ മതിയാകുമായിരുന്നു. യഥാർത്ഥത്തിൽ ടിപ്പികൾ 12 അടി ഉയരത്തിലാണ് നിർമ്മിച്ചിരുന്നത്. അസിനിബോയിനുകൾ കുതിരകളെ സ്വായത്തമാക്കയതോടുകൂടി അതിനേക്കാൾ രണ്ടിരട്ടി വലിപ്പത്തിലുള്ള ടീപ്പികൾ നിർമ്മിക്കപ്പെട്ടുതുടങ്ങി. ഇന്നത്തെക്കാലത്ത് ടീപ്പികൾ നിർമ്മിക്കുന്നത് തങ്ങളുടെ പൈതൃകം ഓർമ്മിക്കപ്പെടുന്നതിനു വേണ്ടിയാണ്. ഭൂരിപക്ഷം അസിനിബോയിനുകളും ആധുനിക ഭവനങ്ങളിലേയ്ക്കു മാറിയിരിക്കുന്നു.
അവലംബം
തിരുത്തുക- ↑ 1.0 1.1 "Assiniboine." Ethnologue. Retrieved 30 March 2013.