അസത്ത്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഇല്ലാത്തത്, നേരല്ലാത്തത്, മായ എന്നെല്ലാം വിവക്ഷകളുള്ള ഒരു പദമാണ് അസത്ത്. ഈ പദം വേദാന്തവ്യവഹാരത്തിൽ ബ്രഹ്മഭിന്നവസ്തു(ജഡവസ്തു)വിനെ കുറിക്കുന്നു. നിത്യമായ വസ്തുവകകൊണ്ട് ബ്രഹ്മം സത്തും, അനിത്യമായ ഈ പ്രപഞ്ചം അസത്തും ആണെന്നു വേദാന്തികൾ സിദ്ധാന്തിക്കുന്നു. പ്രപഞ്ചം ഇന്ദ്രിയഗോചരമാണെങ്കിലും മൂന്നു കാലത്തിലും ഒരുപോലെ നിലനില്ക്കാത്തത് എന്ന അർഥത്തിലാണ് അതിനെ അസത്ത് എന്നു വ്യവഹരിക്കുന്നത്.
അസത്ത് രണ്ടുവിധമുണ്ട്. അവയിലൊന്ന് നാമം മാത്രമുള്ളതും മറ്റൊന്ന് നാമവും രൂപവും മാത്രമുള്ളതും, അർഥമില്ലാത്തതും ആകുന്നു. വന്ധ്യാപുത്രൻ, ശശവിഷാണം എന്നിവ ആദ്യത്തേതിന് ഉദാഹരണങ്ങളാണ്. ഒരിക്കലും പ്രസവിക്കാത്തവൾ എന്നാണല്ലൊ വന്ധ്യ എന്ന പദത്തിന് അർഥം. ആകയാൽ വന്ധ്യാപുത്രൻ എന്നതു വെറും ഒരു നാമം എന്നല്ലാതെ രൂപമോ അർഥമോ ഇല്ലാത്ത ഒന്നാണ്. മുയലിന് ഒരിക്കലും കൊമ്പില്ലാത്തതിനാൽ ശശവിഷാണവും അങ്ങനെതന്നെ. നാമമാത്രമായ ഇത്തരം അസത്ത് ആർക്കും ഒരിക്കലും അനുഭവപ്പെടാറില്ല. എന്നാൽ നാമരൂപങ്ങൾ ഉള്ള അസത്തിന് ഉദാഹരണങ്ങളാണ് രജ്ജുസർപ്പം, ശുക്തിരജതം, കാനൽജലം മുതലായവ. ഇവയിൽ രജ്ജുവും ശുക്തിയും കാനലും കാരണങ്ങളാണ്; സർപ്പവും രജതവും ജലവും കാര്യങ്ങളും. ഈ കാര്യങ്ങൾക്കു സർപ്പമെന്നും രജതമെന്നും ജലമെന്നും ഉള്ള നാമങ്ങളും രൂപങ്ങളുമല്ലാതെ വാസ്തവത്തിൽ പദാർഥം ഇല്ല. എന്തെന്നാൽ സർപ്പവും രജതവും ജലവും യഥാർഥത്തിൽ ഇല്ലാത്തവയാണ്. സത്യാവസ്ഥയെക്കുറിച്ച് ഉള്ള ജ്ഞാനത്തിന്റെ അഭാവമാണ് അസത്തിൽ ഈവിധം സത്തിന്റെ പ്രതീതിയുളവാക്കുന്നത്. വേദാന്തികൾ രണ്ടാമത്തെ രീതിയിലുള്ള ദൃഷ്ടാന്തങ്ങളുപയോഗിച്ച് പ്രപഞ്ചം അസത്താണെന്നു സിദ്ധാന്തിക്കുന്നു.
ഉത്പത്തി, വിനാശം എന്നിവയ്ക്ക് അനുനിമിഷം വിധേയമായിക്കൊണ്ടിരിക്കുന്ന ഈ പ്രപഞ്ചം അസത്യമാകയാൽ അസത്താണെന്നും പരമസത്യമായ ബ്രഹ്മം അനുഭവവേദ്യമാകുമ്പോൾ അസത്തായ പ്രപഞ്ചം സത്താണെന്നു തോന്നുന്നത് ഭ്രമംകൊണ്ടുമാത്രമാണെന്നും ജിജ്ഞാസുവിന് അനുഭവപ്പെടുന്നു. ഉത്പത്തിക്കുമുൻപും നാശത്തിനുശേഷവും ഇല്ലാത്തത് എന്ന അർഥത്തിലാണ് അസത്ത് എന്ന പദം വേദാന്തികളാൽ വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ളത് എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം. നോ:അദ്വൈതം
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അസത്ത് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |