അഷ്ടബന്ധകലശം
ക്ഷേത്രങ്ങളിലെ ദേവപ്രതിഷ്ഠാസന്ദർഭങ്ങളിൽ പ്രകൃതി പുരുഷഭാവേന പീഠബിംബങ്ങളെ യോജിപ്പിക്കുന്നതിന് ഉപയോഗിച്ച 'അഷ്ടബന്ധം' ജീർണമാകുന്ന ഘട്ടങ്ങളിൽ പീഠബിംബങ്ങളുടെ ബന്ധം പുനഃസ്ഥാപിച്ച് ദേവചൈതന്യം വർധിപ്പിക്കുന്നതിനുവേണ്ടി നിർവഹിക്കപ്പെടുന്ന താന്ത്രിക ക്രിയകൾക്കെല്ലാംകൂടിയുള്ള പേര്. ഇതിന് ഉപയോഗിക്കുന്ന ദ്രവ്യങ്ങൾ: ശംഖുപൊടി ആറുഭാഗം, കോലരക്ക് നാലുഭാഗം, കടുക്ക രണ്ടുഭാഗം, ചെഞ്ചല്യം ഒരുഭാഗം, കോഴിപ്പരൽ ഒരുഭാഗം, പേരാറ്റുമണൽ ഒരുഭാഗം, പഞ്ഞി ഒരുഭാഗം, നെല്ലിക്ക രണ്ടുഭാഗം.
പഞ്ഞി ഒഴികെയുള്ള അഷ്ടബന്ധദ്രവ്യങ്ങൾ ഇടിച്ച് ശീലപ്പൊടിയാക്കി എള്ളെണ്ണയിൽ കുഴച്ച് കരിങ്കല്ലിൽവച്ച് ഭാരമേറിയ കൊട്ടുവടികൊണ്ട് മർദിച്ചാണ് ഈ കൂട്ടു തയ്യാറാക്കുന്നത്. ഇടിയുടെ ചൂടുകൊണ്ട് മരുന്നുകൾ എല്ലാം അയഞ്ഞ് യോജിച്ചുകഴിഞ്ഞാൽ അതു തണുക്കാൻ വയ്ക്കുന്നു. ശരിയായി തണുത്ത മരുന്ന് വീണ്ടും ഇടിക്കുന്നു. ഈ പ്രിക്രിയ 30-40 ദിവസങ്ങൾ ആർത്തിച്ചു കഴിയുമ്പോഴാണ് ശരിയായ അഷ്ടബന്ധക്കൂട്ടു ലഭിക്കുന്നത്. ഒരുവിധത്തിലുള്ള കാലപരിഗണനകളും കൂടാതെ ഉത്തരായന ദക്ഷിണായന ഭേദമോ ശുക്ളകൃഷ്ണപക്ഷഭേദമോ നോക്കാതെ അഷ്ടബന്ധം നഷ്ടപ്പെട്ടാൽ ഉടൻതന്നെ പുതിയതായി അതു സ്ഥാപിക്കണമെന്നത് നിർബന്ധമാണ്. അങ്ങനെ ചെയ്യാതിരുന്നാൽ ദേവചൈതന്യം നഷ്ടപ്പെട്ടുപോകുമെന്നു വിശ്വസിക്കപ്പെടുന്നു. പ്രകൃതി പുരുഷഭാവനയിലുള്ള പീഠബിംബങ്ങളുടെ ബന്ധം വിടുന്നതിനാലും അഭിഷേകജലം, നിർമാല്യവസ്തുക്കൾ എന്നിവ നാളത്തിൽ കിടന്നു ദുഷിച്ച് കൃമികീടങ്ങൾ ഉണ്ടായി ബിംബത്തിൽ സ്പർശിക്കുമെന്നതിനാലും പ്രതിഷ്ഠയ്ക്ക് ചൈതന്യക്ഷയം ഉണ്ടാകുമെന്നു തന്ത്രശാസ്ത്രം പറയുന്നു.
അഷ്ടബന്ധകലശം സംബന്ധിച്ച് ദേവപ്രതിഷ്ഠയ്ക്കുള്ളതുപോലെതന്നെ താന്ത്രിക ക്രിയകളുമുണ്ട്. ക്ഷേത്രത്തിന്റെ പുഷ്ടിക്കും വിഭവസമാഹരണശേഷിക്കും അനുസരിച്ച് (നിമിത്തവിത്താന്യുപപത്തിഭേദൈഃ) മൂന്നു മുതൽ പതിനൊന്നുദിവസംവരെ നീണ്ടുനില്ക്കുന്ന താന്ത്രിക ക്രിയകൾ അഷ്ടബന്ധകലശത്തോടനുബന്ധിച്ച് അനുഷ്ഠിക്കപ്പെട്ടുവരുന്നു. ഈ ക്രിയകളിലെ സുപ്രധാനഘട്ടമായ അഷ്ടബന്ധം ചാർത്തുന്ന സന്ദർഭത്തിൽ ദേവദർശനം ചെയ്യുന്നത് ഇഷ്ടഫലപ്രാപ്തിക്കു പര്യാപ്തമാണെന്ന് ആസ്തികന്മാർ വിശ്വസിക്കുന്നു.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അഷ്ടബന്ധകലശം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |