അവായവദഹനം
വ്യാവസായികമോ ഗാർഹികമോ ആയ ജൈവമാലിന്യങ്ങൾ ഓക്സിജന്റെ അസാന്നിദ്ധ്യത്തിൽ സൂക്ഷ്മജീവികളെക്കൊണ്ടു് വിഘടിപ്പിച്ച് പരിസരശുദ്ധി കൈവരുത്തുകയും അതോടൊപ്പം ഊർജ്ജം ഉല്പാദിപ്പിക്കുകയും ചെയ്യുന്ന ഒരു സുസ്ഥിര സങ്കേതമാണു് അവായവദഹനം. പരിസരമലിനീകരണം, ഊർജ്ജക്ഷാമം തുടങ്ങിയ പുത്തൻ സാമൂഹ്യപ്രശ്നങ്ങൾ പരിഹരിക്കാനുള്ള ആശാവഹവും പ്രായോഗികവുമായ മാർഗ്ഗങ്ങളിൽ ഒന്നായി അവായവദഹനസംവിധാനങ്ങളെ കണക്കാക്കുന്നു.
എളുപ്പം വെള്ളത്തിൽ ലയിച്ചുചേരാത്ത അന്നജം, കൊഴുപ്പ് തുടങ്ങിയ ജൈവപോളിമറുകൾ വിഘടിപ്പിച്ച് പഞ്ചസാരകളും അമിനോ ആസിഡുകളുമായും അതിനുശേഷം അവയെ കാർബൺ ഡയോക്സൈഡ്, ഹൈഡ്രജൻ, അമോണിയ, ഓർഗാനിക് അമ്ലങ്ങൾ എന്നിവയായും തുടർന്നു് ഈ അമ്ലങ്ങളെ വീണ്ടും അസെറ്റിക് അമ്ലം, കൂടുതൽ കാർബൺ ഡയോക്സൈഡ്, ഹൈഡ്രജൻ, അമോണിയ എന്നിവയായും മാറ്റുന്നു. അന്തിമഘട്ടത്തിൽ ഇവ ഉപയോഗിച്ച് മീഥെയ്ൻ വാതകവും അവശിഷ്ടമായി കാർബൺ ഡയോക്സൈഡും ഉല്പാദിപ്പിക്കപ്പെടുന്നു. ഈ മീഥെയ്ൻ വാതകമാണു് ബയോഗ്യാസ് അഥവാ പാചകവാതകം എന്ന പേരിൽ ഊർജ്ജസ്രോതസ്സായി ഉപയോഗിക്കാൻ കഴിയുന്നതു്.
പ്രവർത്തനതത്വവും പ്രവർത്തനചക്രവും
തിരുത്തുകകുതിർക്കൽ (Hydrolysis), അമ്ലീകരണം (Acidogenesis), വിന്നാഗിരിയാക്കൽ (Acetogenesis), മീതെയ്ൻ പരിവർത്തനം (Methanogenesis) എന്നിങ്ങനെ നാലുഘട്ടങ്ങളായി അവായവദഹനത്തെ തിരിക്കാം. ഓരോ ഘട്ടത്തിലും അതിനു യോജിച്ച ബാക്റ്റീരിയകളെ അല്ലെങ്കിൽ മറ്റു തരം സൂക്ഷ്മജീവികളെ ഉപയോഗിച്ച്, കൃത്രിമമായ പദാർത്ഥങ്ങളുടേയോ ഉപകരണങ്ങളുടേയോ സഹായമില്ലാതെയാണു് ഈ സംവിധാനം മുന്നേറുന്നതു്.
അവായവശ്വസനം
തിരുത്തുകഓക്സിജൻ അല്ലാത്ത ഒരു വാതകം ഉപയോഗിച്ച് ശ്വസിക്കുന്ന പ്രക്രിയയ്ക്കാണു് അവായവശ്വസനം എന്നു പറയുന്നതു്. ഇതു് സൾഫേറ്റ്, നൈട്രേറ്റ് അയോണുകളോ സൾഫർ തന്നെയോ ആകാം. ഓക്സിജനിൽ നിന്നു ലഭിയ്ക്കുന്നതിലും കുറവു് ഊർജ്ജമേ ഇത്തരം വാതകങ്ങൾ ഉപയോഗിച്ചു സ്വസനം നടത്തുമ്പോൾ ലഭിയ്ക്കുന്നുള്ളൂ. അതുകൊണ്ട് അവായവശ്വസനത്തിനു് ഊർജ്ജക്ഷമത താരതമ്യേന കുറവായിരിക്കും.[അവലംബം ആവശ്യമാണ്]
വിവിധജീവിവർഗ്ഗങ്ങളിൽ ശ്വസനം എന്ന പ്രക്രിയയ്ക്കു് ഉപയോഗിക്കുന്ന വാതകങ്ങൾ വ്യത്യസ്തങ്ങളാകാം. യൂകാരിയോട്ടുകൾ എന്നറിയപ്പെടുന്ന, നാം സാധാരണ കണ്ടുപരിചയിച്ചിട്ടുള്ള ജന്തുലോകത്തിലെ അംഗങ്ങളാണു് ശ്വസനത്തിനു് ഓക്സിജൻ ഉപയോഗിക്കുന്നതു്. (ഇതിനെ വായവശ്വസനം (Aerobic respiration) എന്നു വിളിക്കുന്നു.) എന്നാൽ പ്രൊകാരിയോട്ടുകൾ എന്നറിയപ്പെടുന്ന ജീവികൾ ഓക്സിജൻ ലഭ്യമല്ലാത്ത അന്തരീക്ഷത്തിലും പരിസ്ഥിതിയിലുമാണു് ജീവിക്കുന്നതു്. ശ്വസനം എന്ന അവശ്യക്രിയയ്ക്കു് അവ ഉപയോഗിക്കുന്നതു് അവിടെ ലഭ്യമായ സൾഫർ തുടങ്ങിയ മറ്റു വാതകങ്ങൾ ആയിരിക്കും.