ഇന്ത്യൻ പുരാണേതിഹാസങ്ങളിലും ചരിത്രത്തിലും പരാമൃഷ്ടമായ ഒരു രാജ്യമാണ് അവന്തി. കൊങ്കണപ്രദേശം ഉൾപ്പെട്ടിരുന്ന അപരാന്തസാമ്രാജ്യത്തിന്റെ ഒരു ഭാഗമാണ് അവന്തി എന്നു മാർക്കണ്ഡേയപുരാണത്തിലും പർവതത്തിന് സമീപമുള്ള രാജ്യമാണ് അവന്തി എന്നു വാമനപുരാണത്തിലും പറയുന്നു. അവന്തി രണ്ടു ഘടകങ്ങളായി വിഭജിക്കപ്പെട്ടിരുന്നതായും ഉത്തരഭാഗത്തിന്റെ തലസ്ഥാനം ഉജ്ജയിനിയും ദക്ഷിണ ഭാഗത്തിന്റേതു മാഹിഷ്മതിയും ആയിരുന്നതായും കരുതപ്പെടുന്നു. അവന്തിയെയും മാഹിഷ്മതിയെയും രണ്ടു വ്യത്യസ്ത ജനപദങ്ങളെന്ന നിലയിലാണ് മഹാഭാരതത്തിൽ പരിഗണിക്കുന്നത്. അവന്തി രാജ്യത്തിന്റെ ഏതാനും ഭാഗങ്ങൾ 'മാളവം' എന്ന പേരിലും അറിയപ്പെട്ടിരുന്നു. ഗൗതമബുദ്ധന്റെയും മഹാവീരന്റേയും സമകാലികനായിരുന്ന പ്രദ്യോതൻ (ചന്ദപ്രദ്യോതമഹാസേനൻ എന്നും അറിയപ്പെടുന്നു) അവന്തിയുടെ ഭരണാധികാരിയായിരുന്നു.

ചരിത്രം

തിരുത്തുക

ആധുനിക മാൾവയും നീമാറും മധ്യപ്രദേശിന്റെ ചില ഭാഗങ്ങളും ചേർന്ന ഒരു പൗരാണിക ജനപദമാണ് അവന്തി. ശ്രീബുദ്ധന്റെയും മഹാവീരന്റെയും സമകാലികനായ അവന്തിരാജാവ് ചന്ദ്രപ്രദ്യോദനമഹാസേനന്റെ കാലത്ത് തലസ്ഥാനം ഉജ്ജയിനിയായിരുന്നുവെന്നു പാലി ഗ്രന്ഥങ്ങളിൽ പറയുന്നു. കുറാറഖര, മഖരഖടാ, സുദർശനപുരം എന്നിവ അവന്തിയിലെ പ്രധാന നഗരങ്ങളായിരുന്നു. ബി.സി. 4-ാം ശതകത്തോടുകൂടി അവന്തി മഗധസാമ്രാജ്യത്തിന്റെ ഘടകമായിത്തീർന്നു.

 
അവന്തി രാജ്യത്തിൽ നിന്നുള്ള വെള്ളിനാണയം, 400-312 ബി.സി.ഇ; മുൻവശം : മീൻ, പിൻവശം  : ശുന്യം

ഹേഹയരാജവംശമായിരുന്നു അവന്തി ആദ്യം ഭരിച്ചിരുന്നത്. കാർത്തവീര്യാർജുനനായിരുന്നു ഈ വംശത്തിലെ പ്രശസ്തനായ രാജാവ്. ചരിത്രകാലമാകുമ്പോഴേക്കും മഹാസേനനു ശക്തമായ ഒരു ഭരണകൂടം പടുത്തുയർത്താൻ കഴിഞ്ഞു. ഇക്കാലത്ത് വത്സ, മഗധ, കോസലം തുടങ്ങിയ അയൽ രാജ്യങ്ങളുമായി അവന്തി ശത്രുതയിൽ കഴിഞ്ഞിരുന്നു. പാലകൻ, വിശാഖയൂപൻ, അജകൻ, നന്ദിവർധനൻ എന്നിവർ പ്രദ്യോദനന്റെ പിൻഗാമികളായിരുന്നു. അവസാനത്തെ രാജാവായ നന്ദിവർധനനെ ശിശുനാഗൻമാർ തോല്പിച്ചു. അവന്തി മഗധസാമ്രാജ്യത്തോടു ലയിപ്പിക്കുകയും ചെയ്തു.

അവന്തി നിരവധി വിദേശീയാക്രമണങ്ങൾക്കു വിധേയമായിട്ടുണ്ട്. ചന്ദ്രഗുപ്തൻ II (ഭ.കാ. 380-413) ഹൂണനേതാവ് തോരമാണൻ എന്നിവർ അവന്തി കീഴ്പ്പെടുത്തി; ഹർഷവർധനനും (ഭ.കാ. 606-647) ഈ ശ്രമം തുടർന്നു. 1231-ൽ അടിമവംശത്തിലെ ഇൽതമിഷ് (ഇൽത്തൂത്ത്മിഷ്) അവന്തി ആക്രമിച്ചു. 1310-ൽ അവന്തി പൂർണമായും ഡൽഹി സുൽത്താൻമാരുടെ അധികാരപരിധിയിലായി. 15-ാം ശ.-ത്തോടുകൂടി അവന്തിയുടെ ഭാഗമായ മാൾവ ഒരു സ്വതന്ത്ര മുസ്ലിം രാജ്യമായി. മാണ്ഡുവായിരുന്നു തലസ്ഥാനം. 1525-ൽ ഗുജറാത്തിലെ ബഹദൂർഷ മാൾവയെ തന്റെ രാജ്യത്തോടു കൂട്ടിച്ചേർത്തു. ഹുമായൂണും (1501-56) ഷേർഷയും (1486-1545) മാൾവയുടെമേൽ ആധിപത്യം സ്ഥാപിക്കുന്നതിൽ വിജയിച്ചു. 1559-ൽ മാൾവയിലെ ഭരണാധിപനായ ബാസ്ബഹദൂറിനെ തോല്പിച്ചുകൊണ്ട് അക്ബർ മാണ്ഡുവിന്റെമേൽ പൂർണ അധീശത്വം സ്ഥാപിക്കുകയുണ്ടായി; മാൾവയുടെ പദവിയും പ്രശസ്തിയും അതോടെ ക്ഷയോൻമുഖമായി.

പ്രാധാന്യം

തിരുത്തുക

പുരാതന ഇന്തോ-ആര്യൻ സംസ്കാരകേന്ദ്രങ്ങളിൽ ഒന്നായിരുന്നു അവന്തി. ഒരു ജ്യോതിഃശാസ്ത്രപഠനകേന്ദ്രമെന്നനിലയിൽ അവന്തി പ്രസിദ്ധമായിത്തീർന്നു. പില്ക്കാലത്ത് ഇതൊരു ബൗദ്ധകേന്ദ്രമായിത്തീർന്നു. 9-ാം ശ.-ത്തിൽ സ്ഥാപിതമായ പരമാര രാജവംശം ഒരു കലാസാംസ്കാരിക കേന്ദ്രമെന്ന നിലയിൽ ഉജ്ജയിനിയുടെ പ്രശസ്തി അഭംഗുരം നിലനിറുത്തുവാൻ ശ്രമിച്ചിരുന്നു. ഈ രാജവംശത്തിൽപ്പെട്ട മുഞ്ജ രാജാവ് ഒരു കവിയും പണ്ഡിതനുമെന്നപേരിൽ സുവിദിതനാണ്. കാളിദാസനുൾപ്പെടെ പല സംസ്കൃതകവികളും കലാകാരന്മാരും ഉജ്ജയിനിയിൽ കേന്ദ്രീകരിച്ചിരുന്നതായി കരുതപ്പെടുന്നു.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അവന്തി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അവന്തി&oldid=3334548" എന്ന താളിൽനിന്ന് ശേഖരിച്ചത്