ഒരു അമേരിക്കൻ ശില്പിയായിരുന്നു അലക്സാണ്ടർ ആൻഡേഴ്സൺ (ഏപ്രിൽ 21, 1775 – ജനുവരി 17, 1870)[1]. അമേരിക്കയിൽ ആദ്യമായി ദാരുശില്പങ്ങൾ നിർമിച്ചത് ഇദ്ദേഹമായിരുന്നു.

അലക്സാണ്ടർ ആൻഡേഴ്സൺ വരച്ച സ്വന്തം ചിത്രം

ജീവിതരേഖ

തിരുത്തുക

പിതാവിന്റെ ആഗ്രഹപ്രകാരം വൈദ്യശാസ്ത്ര പഠനത്തിനായി കൊളംബിയയിലേക്കു പോയി. ആൻഡേഴ്സൺ അവിടെനിന്നും 1796-ൽ വൈദ്യശാസ്ത്രത്തിൽ ബിരുദമെടുത്തു. നേരത്തേതന്നെ കൊത്തുപണിയിൽ തത്പരനായിരുന്ന ആൻഡേഴ്സൺ ലോഹത്തകിടിൽ കൊത്തുപണി ചെയ്യുന്നതിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. സ്വന്തമായി അതിനുള്ള ആയുധങ്ങൾ ഉണ്ടാക്കുകയും രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 1793-ൽ തോമസ് ബ്യൂയിക്കിന്റെ (Thomas Bewick) ദാരുശില്പങ്ങൾ കണ്ടതോടെ ആൻഡേഴ്സണിൽ ഉറഞ്ഞുകിടന്നിരുന്ന ശില്പകലാവാസന ഉണർ​ന്നെഴുന്നേറ്റു. വീഞ്ഞപ്പലകകളിൽ കൊത്തുപണി പരിശീലിച്ചു; അതിനുള്ള ആയുധങ്ങളും സ്വയം നിർമിച്ചു. 1798-ൽ മഞ്ഞപ്പനിമൂലം കുടുംബത്തിലെ മറ്റെല്ലാവരും മരിച്ചു. ഏകാകിയായിത്തീർന്ന ആൻഡേഴ്സൺ വൈദ്യവൃത്തി നിർത്തി മുഴുവൻ സമയവും ദന്തശില്പനിർമിതിയിൽ മുഴുകി.

ചിത്രചനയിൽ പ്രഗൽഭൻ

തിരുത്തുക

പല ഗ്രന്ഥങ്ങൾക്കും ആൻഡേഴ്സൻ ചിത്രീകരണങ്ങൾ നൽകി. ഛായാചിത്രങ്ങൾ രചിക്കുന്നതിലും ഹ്രസ്വചിത്രങ്ങൾ വരയ്ക്കുന്നതിലും ഇദ്ദേഹം പ്രാഗല്ഭ്യം പ്രകടമാക്കി. ഇദ്ദേഹത്തിന്റെ കൃതികളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നത് വെബ്സ്റ്ററുടെ എലിമെന്ററി സ്പെല്ലിങ് ബുക്കി (Elementary Spelling Book) ന് ഇദ്ദേഹം തയ്യാറാക്കിയ ചിത്രീകരണങ്ങളും ഷെയ്ക്സ്പിയറുടെ നാടകങ്ങളുടെ ചിത്രീകരണങ്ങളുമാണ്. ഏതാണ്ട് 300 ദാരുശില്പങ്ങൾ ഇദ്ദേഹത്തിന്റേതായി അവശേഷിക്കുന്നു. 1870 ജനുവരി 17-ന് ജെഴ്സി നഗരത്തിൽ ഇദ്ദേഹം അന്തരിച്ചു.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആൻഡേഴ്സൺ, അലക്സാണ്ടർ (1775 - 1870) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അലക്സാണ്ടർ_ആൻഡേഴ്സൺ&oldid=2435691" എന്ന താളിൽനിന്ന് ശേഖരിച്ചത്