ഇംഗ്ലണ്ടിലെ രാജാവായ എഡ്വേഡ് VII-ന്റെ (1841-1910) പത്നിയായിരുന്നു അലക്സാണ്ട്ര. ഡെൻമാർക്കിലെ ക്രിസ്റ്റ്യൻ രാജകുമാരന്റെ മൂത്ത പുത്രിയായി 1844 ഡിസംബർ ഒന്നിന് കോപ്പൻഹേഗിൽ ജനിച്ചു. അലക്സാണ്ട്ര കരോലിൻ മേരി ഷാർലറ്റ് ലൂയിസെ ജൂലി എന്നാണ് ഇവരുടെ പൂർണമായ പേര്. വെയിൽസ് രാജകുമാരനായിരുന്ന ആൽബർട്ട് എഡ്വേഡിനെ വിവാഹം ചെയ്തു (1863 മാർച്ച് 10). അലക്സാണ്ട്രയുടെ പിതാവ് ഡെന്മാർക്കിലെ രാജാവായത് അക്കൊല്ലമാണ്. സഹോദരനായ ജോർജ് ഗ്രീസിലെ ആദ്യത്തെ ഭരണാധികാരിയുമായി. പിന്നീട് ഇംഗ്ലണ്ടിലെ രാജാവായിത്തീർന്ന ജോർജ് ഇവരുടെ പുത്രനാണ്. 1868-നുശേഷം രാജ്ഞി ഭരണകാര്യങ്ങളിൽ ശ്രദ്ധിക്കാൻ തുടങ്ങി. തുടർന്ന് അവർ റഷ്യ, ഡെന്മാർക്ക് എന്നീ രാജ്യങ്ങൾ സന്ദർശിച്ചു.

അലക്സാണ്ട്ര

1901-ൽ ആൽബർട്ട് എഡ്വേഡ് ഇംഗ്ലണ്ടിലെ രാജാവായി. രാജാവിനോടൊപ്പം രാജ്ഞിക്കും 1902 ആഗസ്റ്റ് 9-ന് കിരീടധാരണം നടത്തി. ക്വീൻ അലക്സാണ്ട്ര ഇമ്പീരിയൽ നേഴ്സിങ് സർവീസ് സ്ഥാപിച്ചത് (1902) അലക്സാണ്ട്രയായിരുന്നു. 1910-ൽ എഡ്വേഡ് VII നിര്യാതനായി. 1925 നവംബർ 20-ന് ഇവർ അന്തരിച്ചു. വിൻസറിലെ സെന്റ് ജോർജ്സ് പള്ളിയിൽ ഭർത്താവിന്റെ ശവകുടീരത്തിനരികെ അവരുടെ മൃതദേഹം സംസ്കരിക്കപ്പെട്ടു. ആസ്ഥാനകവിയായ ടെന്നിസൺ ഇവർക്ക് സ്വാഗതമാശംസിച്ചുകൊണ്ട് വെൽക്കം ടു അലക്സാണ്ട്രാ എന്ന തലക്കെട്ടിൽ ഒരു കവിത എഴുതിയിട്ടുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അലക്സാണ്ട്ര എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അലക്സാണ്ട്ര&oldid=1821528" എന്ന താളിൽനിന്ന് ശേഖരിച്ചത്