അറ്റ്ലാന്റാ യുദ്ധം
അമേരിക്കൻ ആഭ്യന്തരയുദ്ധത്തിന്റെ ഭാഗം

അറ്റ്ലാന്റാ യുദ്ധം (1888)
തിയതിJuly 22, 1864
സ്ഥലംDeKalb County, Georgia, Fulton County, Georgia
ഫലംUnion victory
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
 United States (Union) CSA (Confederacy)
പടനായകരും മറ്റു നേതാക്കളും
William T. Sherman
James B. McPherson
John Bell Hood
Joseph E. Johnston
ശക്തി
Military Division of the MississippiArmy of Tennessee
നാശനഷ്ടങ്ങൾ
3,641[1]8,499[1]

അമേരിക്കൻ ആഭ്യന്തരയുദ്ധത്തിന്റെ (1861-65) അവസാനഘട്ടത്തിൽ ജോർജിയയുടെ തലസ്ഥാനമായ അറ്റ്ലാന്റാ നഗരത്തിനു ചുറ്റുമായി 1864 ജൂലൈ 20 മുതൽ സെപ്റ്റംബർ 2 വരെ നടന്ന യുദ്ധമാണ് അറ്റ്ലാന്റാ യുദ്ധം. ഈ സംഘട്ടനത്തിനുശേഷമാണ്, അമേരിക്കൻ ആഭ്യന്തരയുദ്ധത്തിൽ ഉത്തരസംസ്ഥാനങ്ങൾക്ക് നിർണായകമായ വിജയം ലഭിച്ചു തുടങ്ങിയത്.

യൂണിയൻ (ഉത്തര സംസ്ഥാനങ്ങൾ) സൈനിക നേതാവായ വില്യം ടി. ഷെർമൻ (1820-91) അറ്റ്ലാന്റയെ ലക്ഷ്യമാക്കി 1864 മേയിൽ സൈനികനീക്കം ആരംഭിച്ചു. അദ്ദേഹത്തിന്റെ സൈന്യത്തിൽ 90,000 പടയാളികളാണ് ഉണ്ടായിരുന്നത്. കോൺഫെഡറേറ്റ് (ദക്ഷിണസംസ്ഥാനങ്ങൾ) സൈന്യാധിപനായ ജെ.ഇ. ജോൺസ്റ്റൺ 60,000 പടയാളികളോടുകൂടി യൂണിയൻ സൈന്യത്തെ എതിർത്തു. നേരിട്ടുള്ള യുദ്ധം ഒഴിവാക്കുന്നതിൽ ഷെർമന്റെ പടയാളികൾ സമർഥരായിരുന്നു. തന്ത്രപൂർവമായ നിരവധി പാർശ്വാക്രമണങ്ങളിലൂടെ തങ്ങളുടെ മാർഗ്ഗം സുരക്ഷിതമാക്കിക്കൊണ്ട് ജൂലൈ 17-ന് അറ്റ്ലാന്റാ നഗരത്തിന് 13 കി.മീ. അടുത്തുവരെ യൂണിയൻ സൈന്യം എത്തി. ഷെർമന്റെ വിജയകരമായ മുന്നേറ്റംമൂലം ജോൺസ്റ്റൺ രൂക്ഷമായ വിമർശനത്തിനു പാത്രമായി. കോൺഫെഡറേഷന്റെ പ്രസിഡന്റായ ജെഫേഴ്സൻ ഡേവിഡ് ഇക്കാരണത്താൽ ജോൺസ്റ്റനെ സൈന്യാധിപസ്ഥാനത്തുനിന്ന് നീക്കുകയും പകരം ജോൺ ബെൽ ഹുഡ്ഡിനെ (1831-79) നിയമിക്കുകയും ചെയ്തു. പതിനൊന്നു ദിവസത്തിനുള്ളിൽ ഹുഡ്ഡ് മൂന്നു പ്രാവശ്യം ഷെർമനുമായി ഏറ്റുമുട്ടി പരാജയപ്പെട്ടു. പീച്ച്ട്രിക്രിക്ക് (ജൂലൈ 20), അറ്റ്ലാന്റാ (ജൂലൈ 22), എസ്രാചർച്ച് (ജൂലൈ 28) എന്നീ സ്ഥലങ്ങളിൽ വച്ചാണ് ഈ യുദ്ധങ്ങൾ നടന്നത്. ഈ യുദ്ധങ്ങളിൽ ഹുഡ്ഡിന് 10,841-ഉം ഷെർമന് 9,719-ഉം പടയാളികൾ നഷ്ടപ്പെട്ടു. എന്നിട്ടും അറ്റ്ലാന്റാ അധീനമാക്കുവാൻ ഷെർമന് കഴിഞ്ഞില്ല. തുടർന്ന് തെക്കുഭാഗത്തും കിഴക്കുഭാഗത്തും കൂടിയുള്ള വാർത്താവിനിമയത്തെ വിച്ഛേദിച്ചുകൊണ്ട് ഷെർമൻ അറ്റ്ലാന്റാ നഗരത്തെ വലയംചെയ്തു. ഈ ഉപരോധം ഒരു മാസത്തിലേറെ നീണ്ടുനിന്നു. ജനറൽ ഹുഡ്ഡും, 14,000 വരുന്ന അദ്ദേഹത്തിന്റെ സൈന്യവും സെപ്റ്റബർ 2-ന് അറ്റ്ലാന്റാ നഗരത്തിൽനിന്ന് പിൻവാങ്ങി. അടുത്തദിവസം തന്നെ യൂണിയൻ സൈന്യം നഗരം കൈവശമാക്കി.

ഇതിന് ശേഷവും ഷെർമന്റെ വിജയം ശാശ്വതമെന്നു പറയാൻ കഴിയുമായിരുന്നില്ല. അദ്ദേഹം ഒരു ശത്രുരാജ്യത്തിനുള്ളിൽ ആയിരുന്നു. ശക്തമായ സൈനികകാവൽ ഏർപ്പെടുത്തിയിരുന്ന ഒരു റെയിൽറോഡ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ഗതാഗത വാർത്താവിനിമയ മാർഗം. ഹുഡ്ഡ് അതു മനസ്സിലാക്കുകയും ആ സന്ദർഭം തികച്ചും പ്രയോജനപ്പെടുത്തുന്നതിന് ശ്രമിക്കുകയും ചെയ്തു. അദ്ദേഹം ആദ്യം പടിഞ്ഞാറോട്ട് നീങ്ങി, അറ്റ്ലന്റായിൽ നിന്ന് 73 കി.മീ. വടക്കു സ്ഥിതിചെയ്യുന്ന അല്ലാത്തൂണാ റെയിൽ റോഡ് സ്റ്റേഷൻ ആക്രമിച്ചു; എന്നാൽ ഈ ശ്രമത്തിലും അദ്ദേഹം പരാജയപ്പെട്ടു. ഹുഡ്ഡ് വീണ്ടും പടിഞ്ഞാറുഭാഗത്തേക്ക് പിൻവാങ്ങി. ചട്ടനൂഗ (Chattanooga) റെയിൽറോഡിന് സമീപത്തുനിന്നും ഹുഡ്ഡ് വീണ്ടും പിൻവാങ്ങുന്നതുവരെ ഷെർമൻ അദ്ദേഹത്തെ പിൻതുടർന്നു. അതിനുശേഷം ഷെർമൻ 60,000 പടയാളികൾ ഉൾക്കൊള്ളുന്ന ശക്തമായ ഒരു സൈന്യത്തെ അവിടെ കേന്ദ്രീകരിച്ചു. നവംബർ 15-ന് ഷെർമൻ അറ്റ്ലാന്റായിൽനിന്ന് കടൽക്കരയിലേക്ക് തന്റെ ജൈത്രയാത്ര ആരംഭിച്ചു. പുറപ്പെടുന്നതിനുമുമ്പ് അറ്റ്ലാന്റായിലെ ആയുധശാലകൾ മുഴുവൻ ചുട്ടുനശിപ്പിച്ചു. ചട്ടനൂഗയിലേക്കുള്ള റെയിൽ റോഡു തകർക്കുകയും ടെലഗ്രാഫ് കമ്പികൾ മുറിച്ചുകളയുകയും ചെയ്തു. 97 കി.മീ. വിസ്താരമുള്ള ഒരു മേഖലയിൽ രണ്ടു സമാന്തരറോഡുകളിൽ കൂടിയാണ് അദ്ദേഹത്തിന്റെ സൈന്യങ്ങൾ നീങ്ങിയത്. ഷെർമന്റെ കണക്കനുസരിച്ച് ഈ ആക്രമണം ജോർജിയയ്ക്കു വരുത്തിവച്ച നഷ്ടം 10 കോടി പവനാണ്. അതിൽ 8 കോടിയും വിനാശക പ്രവർത്തനങ്ങളുടെയും മറ്റു ദുർവിനിയോഗങ്ങളുടെയും ഫലമായുണ്ടായതാണ്.

  1. 1.0 1.1 Kennedy, p.340.

പുറംകണ്ണികൾ

തിരുത്തുക
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അറ്റ്ലാന്റാ യുദ്ധം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അറ്റ്ലാന്റാ_യുദ്ധം&oldid=3623661" എന്ന താളിൽനിന്ന് ശേഖരിച്ചത്