കേരളത്തിലെ പുരാതന ക്രിസ്ത്യൻ ദേവാലയങ്ങളിലൊന്നും വി.ഗീവർഗ്ഗീസിന്റെ നാമത്തിലുള്ള പ്രമുഖ തീർത്ഥാടന കേന്ദ്രവുമാണ് സെന്റ്. ജോർജ്ജ് ഫൊറോനോ പള്ളി അഥവാ അരുവിത്തുറ പള്ളി (Aruvithura Church). കോട്ടയത്ത് നിന്നും ഏകദേശം 35 കിലോമീറ്റർ അകലെയുള്ള ഈരാറ്റുപേട്ടയിലെ അരുവിത്തുറയിൽ മീനച്ചിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ദേവാലയം കേരളത്തിലെ വലിപ്പമേറിയ പള്ളികളിലൊന്നാണ്. പാലാ രൂപതയുടെ കീഴിലാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്.

അരുവിത്തുറ സെന്റ്.ജോർജ്ജ് ഫൊറോനോ പള്ളി

ചരിത്രം

തിരുത്തുക

രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലോ മൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിലോ സ്ഥാപിതമായതാണ് അരുവിത്തുറ പള്ളി എന്നാണ് ക്രിസ്തീയവിശ്വാസം. ചില പ്രാദേശിക പാരമ്പര്യങ്ങളുടെ അടിസ്ഥാനത്തിൽ തോമാശ്ലീഹാ സ്ഥാപിച്ചതായി വിശ്വസിക്കപ്പെടുന്ന ഏഴരപ്പള്ളികളിലെ അരപ്പള്ളിയാണ് ഇതെന്നു കരുതുന്നവരുമുണ്ട്. പുരാതന ക്ഷേത്രമാതൃകയിൽ കരിങ്കല്ലിൽ പണിതിരുന്ന ഈ പള്ളി മർത്തമറിയമിന്റെ നാമത്തിലുള്ളതായിരുന്നു. അക്കാലത്ത് ഈ പ്രദേശം ഇരപ്പുഴ, ഇരപ്പേലി തുടങ്ങിയ പേരുകളിലായിരുന്നു അറിയപ്പെട്ടിരുന്നത്. പതിനാലാം നൂറ്റാണ്ടിൽ നിലക്കൽ ഭാഗത്തു നിന്നും ഈ പ്രദേശത്തേക്ക് കുടിയേറിയ ക്രൈസ്തവർ പേർഷ്യൻ ശില്പകലാ മാതൃകയിലുള്ള വിശുദ്ധ ഗീവർഗ്ഗീസിന്റെ തിരുസ്വരൂപവും കൂടെ കൊണ്ടുവന്നു. ഈ തിരുസ്വരൂപം അരുവിത്തുറ പള്ളിയിൽ സ്ഥാപിക്കപ്പെട്ടതോടു കൂടി മർത്തമറിയമിന്റെ നാമധേയത്തിലുണ്ടായിരുന്ന ഈ ദേവാലയം വി.ഗീവർഗ്ഗീസിന്റെ പള്ളിയായി അറിയപ്പെടുകയും ഇടവകയിലും സമീപപ്രദേശങ്ങളിലും ഉള്ള വിശ്വാസികൾക്കിടയിൽ വി.ഗീവർഗ്ഗീസ് 'അരുവിത്തുറ വല്യച്ചൻ' ആയി മാറുകയും ചെയ്തു.[1] പിന്നീട് അരുവിത്തുറ പള്ളി പല പ്രാവശ്യം പുതുക്കിപണിതിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടിൽ ഇടവാകാംഗം തന്നെയായിരുന്ന മാത്യു കല്ലറക്കൽ എന്ന വൈദികന്റെ നേതൃത്വത്തിൽ പുതിയ പള്ളി പണികഴിപ്പിച്ചു. അതിനു ശേഷമുള്ള ഇപ്പോഴത്തെ ദേവാലയം 1952-ൽ നിർമ്മാണം പൂർത്തിയാക്കിയതാണ്.

തിരുനാളുകൾ

തിരുത്തുക

എല്ലാ വർഷവും ഏപ്രിൽ 23 മുതൽ 25 വരെയാണ് അരുവിത്തുറ പള്ളിയിൽ വി.ഗീവർഗീസിന്റെ തിരുനാൾ ആഘോഷിക്കപ്പെടുന്നത്. ഇതിനു പുറമേ ജനുവരി മാസത്തിൽ കർമ്മല മാതാവിന്റെ തിരുനാൾ കല്ലിട്ട തിരുനാൾ എന്ന പേരിലും ആഘോഷിക്കുന്നു.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-09-28. Retrieved 2011-05-01.
"https://ml.wikipedia.org/w/index.php?title=അരുവിത്തുറ_പള്ളി&oldid=3623615" എന്ന താളിൽനിന്ന് ശേഖരിച്ചത്