1781 മുതൽ 1804 വരെ നൈസാം അലി ഖാന്റെ (അസഫ് ജാ രണ്ടാമൻ) ഭരണത്തിൽ ഹൈദ്രാബാദ് രാജ്യത്തിന്റെ ദിവാനായിരുന്നു അരിസ്റ്റു ജാ. പെർഷ്യൻ വംശജനായ ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര് ഗുലാം സയ്യിദ് ഖാൻ എന്നായിരുന്നു. അരിസ്റ്റോട്ടിലിന്റെ പ്രൗഡി എന്ന അർത്ഥം വരുന്ന അരിസ്റ്റു ജാ എന്ന സ്ഥാനപ്പേര് ഹൈദ്രാബാദിന്റെ ദിവാനായി സ്ഥാനമേറ്റതിനു ശേഷം നൈസാമിന്റെ കല്പനപ്രകാരം നൽകിയതാണ്.

അരിസ്റ്റു ജാ ഒരു ജലഛായാചിത്രം 1810 എ ഡി

ഖർദ യുദ്ധം

തിരുത്തുക

1795-ൽ മറാഠ സാമ്രാജ്യവുമായി നൈസാം നടത്തിയ യുദ്ധത്തിന്റെ ചുക്കാൻ പിടിച്ചത് ഇദ്ദേഹമാണ്. മഹാരാഷ്ട്രയിലെ ഖർദ എന്ന സ്ഥലത്ത് വച്ച് നടന്നതിനാൽ ഇത് ഖർദ യുദ്ധം എന്ന പേരിൽ അറിയപ്പെടുന്നു. ഈ യുദ്ധത്തിനു വേണ്ടിയുള്ള സന്നാഹങ്ങൾ നടക്കുന്ന കാലത്ത് യുദ്ധം ജയിച്ച ഉടനെ മറാഠാ സാമ്രാജ്യത്തിന്റെ പ്രധാനമന്ത്രി നാനാ ഫദ്നവിസിനെ ഉടുമുണ്ടും മൊന്തയുമായി കാശിയ്ക്ക് പറഞ്ഞയക്കും എന്ന് അരിസ്റ്റു ജാ പ്രഖ്യാപിച്ചിരുന്നു. മറാഠാ സൈന്യത്തിൽ ഒരു ലക്ഷത്തി മുപ്പതിനായിരം പേരും, ഹൈദരാബാദ് സേനയിൽ 90,000 പേരുമുണ്ടായിരുന്നു. യുദ്ധം തുടങ്ങുന്നതിനു തൊട്ടു മുൻപുള്ള കാലയളവിൽ രണ്ട് കൂട്ടരും കൈക്കൂലി കൊടുത്ത് എതിർപക്ഷത്തിലെ സൈനിക നേതാക്കളെ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നു. ഇതിനു വേണ്ടി അരിസ്റ്റു ജാ അന്നത്തെ ഒരു കോടി രൂപയും, നാനാ ഫദ്നവിസ് ഏഴു ലക്ഷം രൂപയും ചെലവാക്കി എന്നാണ് കണക്കാക്കപ്പെടുന്നത്. ഈ യുദ്ധത്തിൽ ഹൈദരാബാദ് സേന പരാജയപ്പെടുകയും യുദ്ധാനന്തര സന്ധി സംഭാഷണത്തിൽ അരിസ്റ്റു ജായെ അവർക്ക് കൈമാറണം എന്ന് മറാഠകൾ ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ അരിസ്റ്റു ജാ തടവുകാരനായി മറാഠകൾക്ക് കൈമാറ്റം ചെയ്യപ്പെട്ടു. ഹൈദരാബാദി ചരിത്രകാരനായ ഗുലാം ഹുസൈൻ ഖാൻ തന്റെ ഗുൽസാർ-ഇ-അസഫിയ എന്ന കൃതിയിൽ നാനാ ഫദ്നവിസും അരിസ്റ്റു ജായും തമ്മിലുള്ള കൂടിക്കാഴ്ച ഇപ്രകാരം വിവരിക്കുന്നു

നാനാ ഫഡ്നവിസ് ആദ്യം പറഞ്ഞ വാക്കുകൾ ഇപ്രകാരമായിരുന്നു "നവാബ് സാഹിബ്. ഞാൻ ചെലവാക്കിയ ഏഴു ലക്ഷം രൂപ താങ്കൾ ചെലവാക്കിയ ഒരു കോടിയെക്കാൾ ഫലം ചെയ്തു അല്ലേ. അത് നമ്മുടെ ഈ കൂടിക്കാഴ്ചയ്ക്കും വഴി തെളിച്ചു അല്ലേ." അരിസ്റ്റു ജാ "അതെ വിധി ചിലപ്പോൾ അങ്ങനാണ്". നാനാ ഫദ്നവിസ് "എന്നെ ഒറ്റമുണ്ടും മൊന്തയുമായി പറഞ്ഞയക്കാനല്ലേ അങ്ങീ യുദ്ധം തുടങ്ങിയത്. അതിങ്ങനെ പര്യവസാനിച്ച സ്ഥിതിക്ക് ഇനി എന്ത് ചെയ്യാനാണ് താങ്കളുടെ ഉദ്ദേശം". അരിസ്റ്റു ജാ "താങ്കൾക്ക് വേണമെങ്കിൽ എന്നെ ദൈവത്തിന്റെ ഗൃഹമായ മക്കയിലേക്ക് പറഞ്ഞയക്കാം" ഫദ്നവിസ് "താങ്കളെ ഒരു ദിവസം ദൈവത്തിന്റെ ഗൃഹത്തിലേയ്ക്ക് പറഞ്ഞയക്കുന്നുണ്ട്. അതിനു മുൻപ് താങ്കൾ ഞങ്ങളുടെ അതിഥിയായി കുറച്ച് കാലം കഴിയണം. കാര്യങ്ങൾ നിരീക്ഷിക്കാനും കണ്ട് രസിക്കാനും. എന്താ ശരിയല്ലേ. അരിസ്റ്റു ജാ പറഞ്ഞു "അതേ ശരിയാണ്" അതിനു ശേഷം അവർ രണ്ട് പേരും കൈ കോർത്ത് പിടിച്ച് അവിടെ നിന്ന് നടന്നകന്നു

[1]

തടവ് കാലം

തിരുത്തുക

മറാഠകൾ അരിസ്റ്റു ജായെ അവരുടെ തലസ്ഥാനമായ പൂനെയിൽ കൊണ്ട് വന്ന് ഒരു ഉപയോഗശൂന്യമായ ഉദ്യാനത്തിനകത്ത് വീട്ട് തടങ്കലിൽ താമസിപ്പിച്ചു. കാവലിന് ബെന്വോ ഡി ബ്വാനിയുടെ അധീനതയിലുള്ള ആയിരം മറാഠ പട്ടാളക്കാരും, മറാഠ സേനയിലെ ആയിരം അറബി കൂലിപ്പട്ടാളത്തിനെയും നിർത്തി. നൈസാമിന്റെ ദർബാറിൽ മറക്കപ്പെട്ടും, മറാഠകളാൽ അവഗണിക്കപ്പെട്ടും അരിസ്റ്റു ജാ ഈ ഉദ്യാനത്തിലെ വീട്ടുതടങ്കലിൽ രണ്ട് വർഷം തള്ളി നീക്കി. ഈ സാഹചര്യത്തിൽ നിന്ന് രക്ഷപ്പെട്ട് ഡെക്കാനിലെ രാഷ്ട്രീയരംഗത്ത് വീണ്ടും സജീവമാകാൻ എന്ത് ചെയ്യണമെന്നറിയാതെ അരിസ്റ്റു ജാ കുഴങ്ങി. ഗുലാം ഹുസൈൻ ഖാൻ തന്റെ ഗുൽസാർ-ഇ-അസഫിയ എന്ന ചരിത്രഗ്രന്ഥത്തിൽ ഈ കാലഘട്ടത്തെക്കുറിച്ച് ഇപ്രകാരം എഴുതി.

രക്ഷപെടാനുള്ള ഒരേ ഒരു മാർഗ്ഗം മന്ത്രവാദമാണെന്ന് അരിസ്റ്റു ജാ മനസ്സിലാക്കി. ആയത്ത് അൽ തൗബയിലെ വാൾ സൂക്തങ്ങൾ ആവർത്തിച്ച് ആവർത്തിച്ച് ചൊല്ലി ഒരു പാത്രം വെള്ളത്തിന് മേൽ ഊതി ആ വെള്ളം ഉണങ്ങി കരിഞ്ഞു നിന്നിരുന്ന ഒരു കൂവളം മരത്തിന്റെ ചില്ലകളിൽ ദിവസവും ഒഴിച്ചു തുടങ്ങി.. ഇരുപത് ദിവസങ്ങൾക്കുള്ളിൽ ആ മരത്തിൽ പുതുനാമ്പുകൾ തളിർത്ത് തുടങ്ങിയാൽ നാല്പത് ദിവസത്തെ തപസ്യ പൂർത്തിയായ ഉടനേ കാര്യങ്ങൾ തന്റെ ഇച്ഛയ്ക്കൊത്ത് നീങ്ങിത്തുടങ്ങും എന്ന വിശ്വാസത്തിൽ അരിസ്റ്റുജാ തന്റെ പ്രാർത്ഥന തുടർന്നു. ഇരുപത് ദിവങ്ങൾ കഴിഞ്ഞപ്പോൾ ആ മരം വീണ്ടും തളിർത്തു തുടങ്ങി. അദ്ദേഹത്തിന്റെ ഈ ചര്യയെക്കുറിച്ച് അറിയാവുന്നവർ അത് ദൈവത്തിന്റെ അനുഗ്രഹങ്ങളുടെ ലക്ഷണമായി കണ്ടു അരിസ്റ്റു ജായുടെ പ്രാർത്ഥന ഫലിക്കുമെന്ന് വിശ്വസിച്ചു തുടങ്ങി. ശുഭ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയപ്പോൾ ദൈവാനുഗ്രഹത്തിൽ വിശ്വാസമർപ്പിച്ച് അരിസ്റ്റു ജാ മാംസാഹാരം പരിപൂർണ്ണമായി ഉപേക്ഷിച്ച് വർദ്ധിച്ച അർപ്പണബോധത്തോടെ പ്രാർത്ഥനകൾ തുടർന്നു.

[2]


  1. Dalrymple, William (2002). White Mughals. Harper Perennial. ISBN 978-0-00-655096-9.
  2. Malcolm, John. Malcolm: Soldier, Diplomat, Ideologue of British India By John Malcolm. John Donald Short Run Press. ISBN 9781906566739.
"https://ml.wikipedia.org/w/index.php?title=അരിസ്റ്റു_ജാ&oldid=2310404" എന്ന താളിൽനിന്ന് ശേഖരിച്ചത്