ഒരു ആയൂർവേദൗഷധം ആണ് അരിമേദാദി തൈലം. എല്ലാവിധ മുഖരോഗങ്ങളുടെയും ശമനത്തിന് ഇത് ഉപയോഗിച്ചുവരുന്നു; ദന്തരോഗങ്ങളിൽ വിശേഷിച്ചും ഇത് ഫലപ്രദമായി കാണുന്നുണ്ട്. പല്ലുവേദന, പല്ലുവേദനകൊണ്ട് മുഖത്തുണ്ടാകുന്ന നീര് എന്നീ രോഗങ്ങളിൽ കവിൾക്കൊള്ളാനും തേച്ചുകുളിക്കാനും ഇത് ഉപയോഗിച്ചുവരുന്നു. മുൻപറഞ്ഞ രോഗങ്ങളിൽ നസ്യം, വസ്തി എന്നീ ക്രിയാക്രമങ്ങൾക്കും ഇതു പ്രയോഗിച്ചുവരുന്നു. ഇത് ഉള്ളിൽ സേവിക്കുകയും ചെയ്യാം.

നിർമ്മാണവിധി തിരുത്തുക

കരിവേലപ്പട്ട 100 പലം, പേരാൽപ്പട്ട, അത്തിപ്പട്ട, അരയാൽപ്പട്ട, ഇത്തിപ്പട്ട ഇവയെല്ലാംകൂടി 100 പലം. ഈ മരുന്നുകളെല്ലാം ചതച്ച് 64 ഇടങ്ങഴി വെള്ളത്തിൽ കഷായം വച്ച് നാലിലൊന്നാക്കി വറ്റിച്ച് അരിച്ചെടുക്കണം. ഈ കഷായത്തിൽ 4 ഇടങ്ങഴി എള്ളെണ്ണ ചേർത്തു താഴെ പറയുന്ന മരുന്നുകൾ പൊടിച്ചരച്ച് കല്ക്കമായി ചേർത്തു പാകപ്പെടുത്തണം.അതിമധുരം, ഏലം, ഇലവർങം, പച്ചില, മഞ്ചട്ടി, കരിങ്ങാലിക്കാതൽ, പാച്ചോറ്റിത്തൊലി, കുമിഴിൻവേര്, നാല്പാമരപ്പട്ട, കരിവേലപ്പട്ട, മുത്തങ്ങാക്കിഴങ്ങ്, അകിൽ, ചന്ദനം, രക്തചന്ദനം, കർപ്പൂരം, ജാതിക്കായ്, തക്കോലം, മാഞ്ചി, താതിരിപ്പൂവ്, കാവിമണ്ണ്, താമരവളയം, ശതകുപ്പ, തിപ്പലി, താമരയല്ലി, കുങ്കുമപ്പട്ട, കോലരക്ക്, പറച്ചുണ്ടവേര്, ചെറുവഴുതിനവേര്, പകുതിവിളവുള്ള കൂവളക്കായ്, ദേവതാരം, കന്മദം, ചരളം, ചോനകപ്പുല്ല്, പ്ളാശിൻപട്ട, വരട്ടുമഞ്ഞൾ, മരമഞ്ഞൾത്തൊലി, ഞാഴൽപൂവ്, ചെറുപ്പുന്നയരി, നീർമരുതിൻവേരിൻതൊലി, കൊഴിഞ്ഞിൽവേര്, ത്രിഫലത്തോട്, ചെഞ്ചല്യം, പുഷ്കരമൂലവേര്, വെളുത്തവഴുതിനവേര്, മലങ്കാരയ്ക്കായ് എന്നീ മരുന്നുകൾ ഓരോന്നും മൂന്നു കഴഞ്ചു വീതം, പാകത്തിന് അരിച്ച് അഞ്ജനക്കല്ല്, കർപ്പൂരം എന്നിവ പാത്രപാകം ചേർത്ത് എടുക്കുമ്പോൾ നിർമ്മാണം പൂർത്തിയാകുന്നു.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അരിമേദാദി തൈലം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അരിമേദാദി_തൈലം&oldid=2280323" എന്ന താളിൽനിന്ന് ശേഖരിച്ചത്