ഖഗോളമദ്ധ്യവൃത്തവുമായി ക്രാന്തിവൃത്തത്തിനു് ഒരു നിശ്ചിതസമയത്തിൽ സംഭവിക്കുന്ന ആപേക്ഷികമായ സ്ഥാനവ്യത്യാസത്തെയാണു് അയനാംശം എന്നു പറയുന്നതു്. ഖഗോളമദ്ധ്യവൃത്തവും ക്രാന്തിവൃത്തവും സംഗമിക്കുന്ന മേഷാദി, തുലാവിഷുവം എന്നീ രണ്ടു പ്രതിലോമബിന്ദുക്കൾക്കും അവയുടെ നക്ഷത്രപശ്ചാത്തലവുമായി താരതമ്യം ചെയ്യുമ്പോൾ കാണപ്പെടുന്ന സ്ഥാനമാറ്റമാണു് ഖഗോളായനം അഥവാ പുരസ്സരണം. ഏകദേശം 26000 വർഷം കൊണ്ടു് ഒരു ആവൃത്തി പൂർത്തിയാവുന്ന, ആന്ദോളനസ്വഭാവമുള്ള ഈ പ്രതിഭാസം നമുക്കനുഭവപ്പെടാൻ കാരണം ഭൂമിയുടെ തന്നെ പുരസ്സരണം എന്ന ചലനമാണു്. അതുകൊണ്ടു് പുരസ്സരണത്തിന്റെ അളവാണു് അയനാംശം എന്നു പറയാം. വർഷത്തിൽ ഏകദേശം 50 വികലകളുടെ (ആർൿസെക്കന്റുകൾ) വ്യത്യാസമാണു് അയനാംശം കൊണ്ടു സംഭവിക്കുന്നതു്.


പരമ്പരാഗതമായി ഭാരതീയജ്യോതിശാസ്ത്രജ്ഞരും ജ്യോതിഷികളും ഗ്രഹനക്ഷത്രാദികളുടെ സ്ഫുടം കണക്കുകൂട്ടുമ്പോൾ അതിൽ അയനാംശവും പരിഗണിക്കുന്നു. എന്നാൽ പാശ്ചാത്യരീതിയിൽ തയ്യാറാക്കുന്ന നാൾവിവരപ്പട്ടിക (ephemeris) എന്ന തരം പഞ്ചാംഗങ്ങളിൽ അയനാംശം വേർതിരിച്ചാണു് പരിഗണിക്കുന്നതു്. ഇങ്ങനെ ചെയ്യുമ്പോൾ, അവലംബമായി എടുക്കുന്ന നിർദ്ദേശാങ്കമൂല്യങ്ങൾ മാറുമെങ്കിലും യഥാർത്ഥത്തിൽ ഖഗോളവസ്തുക്കളുടെ കേവലമായ സ്ഥാനത്തിനു് മാറ്റമൊന്നും വരുന്നില്ല.


ഭാരതീയരീതിയിൽ അയനാംശം പരിഗണിക്കുന്നതിനുമുമ്പുള്ള സ്ഥൂലമായ ഖഗോളരേഖാംശത്തിനെ (സ്ഫുടത്തിനെ) സായനസ്ഫുടം (tropical longitude) എന്നും അതിൽനിന്നും അയനാംശം കുറച്ച മൂല്യത്തിനെ നിരയനസ്ഫുടം (sidereal longitude) എന്നും പറയുന്നു.

"https://ml.wikipedia.org/w/index.php?title=അയനാംശം&oldid=4112118" എന്ന താളിൽനിന്ന് ശേഖരിച്ചത്