ജിനൻമാർ എന്നറിയപ്പെടുന്ന അഞ്ചു ധ്യാനിബുദ്ധന്മാരിൽ ഒരാൾ; അസ്തമയസൂര്യന്റെ ചൈതന്യമുള്ള ബുദ്ധൻ; അമേയപ്രകാശത്തിന്റെ അധിദേവൻ; ജപ്പാൻകാരുടെ പ്രധാന ബുദ്ധൻ ഇതെല്ലാമാണ് അമിതാഭൻ. തന്റെ പരിനിർവാണത്തിനു മുൻപും പിൻപുമായി അനേകം ബുദ്ധന്മാരുള്ളതായി ഗൌതമബുദ്ധൻ പ്രസ്താവിച്ചു. അവരുടെ സംഖ്യ കൃത്യമായി പറഞ്ഞിട്ടില്ല. എന്നാൽ ശ്രീബുദ്ധനു മുൻപായി 24 ബുദ്ധന്മാർ ഉണ്ടായിരുന്നതായി ബി.സി. 243-ൽ, പാടലീപുത്രത്തിൽ അശോകൻ വിളിച്ചുകൂട്ടിയ മൂന്നാം ബുദ്ധമതസമ്മേളനം പ്രഖ്യാപിച്ചു. പാലിശാസനങ്ങളിൽ ഇതേക്കുറിച്ചു പ്രസ്താവമുണ്ട്. മഹായാനസങ്കല്പമനുസരിച്ച് ബുദ്ധന്മാർ അസംഖ്യമാണ്. അവരിൽ ധ്യാനിബുദ്ധന്മാർ എന്നു വിളിക്കപ്പെടുന്ന വൈരോചനൻ, അക്ഷോഭ്യൻ, രത്നസംഭവൻ, അമിതാഭൻ, അമോഘസിദ്ധൻ എന്നിവർക്കാണ് പ്രാധാന്യം. അവരുടെ ക്ഷേത്രമാണ് ചൈത്യം. അവരെ സംബോധന ചെയ്തുകൊണ്ട് പ്രാർഥന നടത്താറില്ല. ഗൌതമബുദ്ധനായി മഹാമായയുടെ ഗർഭത്തിൽ ജനിക്കുന്നതിനു മുൻപ് ശ്രീബുദ്ധനെ ബോധിസത്വനായി മഹായാനക്കാർ പരിഗണിക്കുന്നു. ഒരു മാനുഷബുദ്ധനു ശേഷം അടുത്ത ബുദ്ധൻ അവതരിക്കുന്നതിന്റെ അന്തരാളത്തിൽ മതസംരക്ഷണത്തിനു ചുമതലപ്പെട്ട അനവധി ബോധിസത്വന്മാരുണ്ടെന്നാണ് മഹായാനസങ്കല്പം (മൈത്രേയി എന്ന ഒരേയൊരു ബോധിസത്വനെ മാത്രമേ ഹീനയാനം അംഗീകരിക്കുന്നുള്ളു.) അവരിൽ യഥാക്രമം അഞ്ചു ധ്യാനിബുദ്ധന്മാരുടെ പുത്രൻമാർ അഥവാ അവതാരങ്ങൾ ആയ സമന്തഭദ്രൻ, വജ്രാപാണി, രത്നപാണി, പദ്മപാണി, വിശ്വപാണി എന്നിവരാണ് പ്രമാണികർ. അങ്ങനെ ധ്യാനിബുദ്ധൻ, ബോധിസത്വൻ, മനുഷ്യബുദ്ധൻ എന്നീ മൂർത്തിത്രയത്തെ ഉൾക്കൊള്ളുന്ന അഞ്ചു ത്രിതയം ബുദ്ധമതത്തിനുണ്ട്. ഇവയിൽ അമിതാഭൻ, പദ്മപാണി, ഗൌതമബുദ്ധൻ ഇവരുൾപ്പെടുന്ന ത്രിതയത്തിനാണ് പ്രാധാന്യം. പദ്മപാണിതന്നെയാണ് ചൈനാക്കാർ ആരാധിക്കുന്ന കാരുണ്യദേവതയായ കുവാൻ-യീൻ.

ഭൌതികപ്രപഞ്ചത്തിന്റെ സ്രഷ്ടാക്കളാണ് ധ്യാനിബുദ്ധന്മാർ. അവർ സൃഷ്ടിക്കുന്ന ലോകം നശ്വരമാണ്. അത്തരം മൂന്നു ലോകങ്ങളുടെ അസ്തിത്വമവസാനിച്ചപ്പോൾ, നാലാം ബോധിസത്വനായ അവലോകിതേശ്വരൻ, ധ്യാനനിരതമായ ഒരു പ്രപഞ്ചത്തെ സൃഷ്ടിച്ചു. ദുരുപദിഷ്ടമായ ലക്ഷ്യമൊന്നും ആ ലോകത്തെ സ്പർശിക്കുന്നില്ല. സാധാരണ മനുഷ്യൻ ആരാധിക്കുന്ന ദൈവങ്ങൾക്കു തുല്യരാണ് അവിടത്തെ മനുഷ്യർ. അതൊരു സുഖലോകം അത്രെ; അതിന്റെ രക്ഷകൻ അമിതാഭനാണ്.

അമിതാഭർ എന്ന പേരിൽ ഒരു ദേവഗണമുണ്ട്. രൈവതമന്വന്തരത്തിലെ ദേവന്മാരെ അമിതാഭർ എന്നു വിളിക്കുന്നു.

അവലംബം തിരുത്തുക

വീഡിയൊ തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അമിതാഭൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അമിതാഭൻ&oldid=3623396" എന്ന താളിൽനിന്ന് ശേഖരിച്ചത്