സ്വർണം, വെള്ളി എന്നീ ലോഹങ്ങളെ മണലിൽനിന്നോ അയിരുകളിൽനിന്നോ രസം (mercury) ഉപയോഗിച്ചു നിഷ്കർഷണം ചെയ്യുന്ന പ്രക്രിയെ അമാൽഗനം എന്നു പറയുന്നു. അയിരുകൾ വെള്ളത്തിലിട്ടു ശകലീകരിച്ചശേഷം രസം ചേർത്തു തീവ്രമായി ഇളക്കുമ്പോൾ അവയിലുള്ള സ്വർണത്തോടോ വെള്ളിയോടോ ഗാഡമായി ചേർന്ന് അമാൽഗം ഉണ്ടാകുന്നു. അനന്തരം കൂടുതൽ ജലം ചേർത്തു നേർപ്പിച്ച് മന്ദമായി ഇളക്കിയാൽ അമാൽഗങ്ങളും അധികമുള്ള രസവും ഒട്ടിച്ചേർന്ന് താഴോട്ട് അടിഞ്ഞുകൂടുന്നു. ജലം പ്രവഹിപ്പിച്ച് അപദ്രവ്യങ്ങൾ നീക്കം ചെയ്തശേഷം അമാൽഗം പുറത്തെടുത്ത് ഫിൽട്ടർ സഞ്ചികൾക്കകത്തുവച്ചു തപിപ്പിച്ചാൽ രസം ബാഷ്പീകരിച്ചു നിഷ്കാസിതമാവുകയും ലോഹം ശേഷിക്കുകയും ചെയ്യുന്നു. സ്വർണത്തിന്റെ അയിരുകളിൽ വെള്ളിയുടെയും വെള്ളിയുടെ അയിരുകളിൽ സ്വർണത്തിന്റെയും അംശങ്ങൾ എപ്പോഴും ഉണ്ടായിരിക്കുമെന്നതിനാൽ നിഷ്കർഷണം ചെയ്തുകിട്ടിയ ലോഹം വീണ്ടും ശുദ്ധീകരിക്കേണ്ടതുണ്ട്. ഈ പ്രക്രിയക്ക് വളരെ പഴക്കമുണ്ടെന്ന് ശാസ്ത്രചരിത്രം പറയുന്നു. പ്ലീനിയുടെ (എ.ഡി. 23-79) ഗ്രന്ഥത്തിൽ (Natura History) ഇതിനെപ്പറ്റി പരാമർശമുണ്ട്.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അമാൽഗനം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അമാൽഗനം&oldid=1710620" എന്ന താളിൽനിന്ന് ശേഖരിച്ചത്