കന്നട ഭക്തകവിയായ അഭിനവപപമ്പ എ.ഡി. 12-ആം ശതകത്തിൽ ജീവിച്ചിരുന്നതായി കരുതപ്പെടുന്നു. ഇദ്ദേഹത്തിന്റെ യഥാർഥ നാമം നാഗചന്ദ്രൻ എന്നായിരുന്നു. കന്നടത്തിലെ ആദ്യകവിയായ പമ്പന്റെ ശിഷ്യത്വം മനസാ സ്വീകരിച്ചുകൊണ്ട് ഇദ്ദേഹത്തിന്റെ കാവ്യരീതിയെ അനുകരിച്ച് കവിതാനിർമ്മാണം നടത്തിയതുമൂലം നാഗചന്ദ്രൻ അഭിനവപമ്പ എന്ന പേരിൽ വിഖ്യാതനായിത്തീർന്നു. ഇദ്ദേഹം എ.ഡി. 1110-നും 40-നും ഇടയ്ക്കു ജീവിച്ചിരുന്നിരിക്കാമെന്ന് സാഹിത്യചരിത്രകാരന്മാർ കരുതുന്നു; കാലത്തെപ്പറ്റിയുള്ള സ്പഷ്ടമായ തെളിവുകൾ കിട്ടിയിട്ടില്ല. ഈ കവിയുടെ ജന്മസ്ഥലം ഒരു വിജയപുരമാണെന്ന് പരാമർശങ്ങൾ കാണുന്നുണ്ടെങ്കിലും വിജയപുരം എന്ന പേരിൽ കർണാടകപ്രദേശത്ത് രണ്ടു സ്ഥലങ്ങളുള്ളവയിൽ ഏതാണെന്നു വ്യക്തമല്ല.

അഭിനവപമ്പ 12-ആം ശതകത്തിലെ അംഗീകരിക്കപ്പെട്ട ഒരു മഹാകവിയായിരുന്നുവെന്ന്, രാജാക്കന്മാരിൽനിന്നും ഇദ്ദേഹത്തിനു ലഭിച്ചിട്ടുള്ള ഭാരതീകർണപൂരം, കവിതാമനോഹരൻ, സാഹിത്യവിദ്യാധരൻ'‍', സാഹിത്യസർവജ്ഞൻ'‍' എന്നീ ബിരുദങ്ങളിൽ നിന്നും തെളിയുന്നുണ്ട്. ഈ ബിരുദങ്ങൾ തനിക്കു ലഭിച്ച സന്ദർഭങ്ങളെക്കുറിച്ച് അഭിമാനപൂർവം കവി തന്റെ കവിതകളിൽ സ്മരിച്ചിട്ടുമുണ്ട്.

ജൈനമതാനുയായി ആയിരുന്ന അഭിനവപമ്പ ആ മതത്തിന്റെ സിദ്ധാന്തങ്ങൾ കവിതയിലൂടെ കലാത്മകമായി അവതരിപ്പിച്ചിരിക്കുന്നു. പമ്പരാമായണം, രാമചന്ദ്രചരിത്രപുരാണം എന്നീ ഇതിഹാസകാവ്യങ്ങളിൽപോലും ജൈനമതതത്ത്വങ്ങൾ കടത്തിവിടാൻ ഈ കവി പ്രത്യേകം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.

അർഥപുഷ്ടിയും പദസൌകുമാര്യവും മാധുര്യവുമാണ് അഭിനവപമ്പയുടെ കാവ്യസവിശേഷതകൾ. വിരഹവിഹ്വലനായ രാമൻ, കാട്ടിൽക്കണ്ട സകലതിനോടും സീതയെപ്പറ്റി അന്വേഷിക്കുന്നത് കവി ഇപ്രകാരം അവതരിപ്പിച്ചിരിക്കുന്നു:

മല്ലീനാഥപുരാണം അഭിനവപമ്പയുടെ പ്രകൃഷ്ടകൃതിയായി കരുതപ്പെടുന്നു.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഭിനവപമ്പ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഭിനവപമ്പ&oldid=2280254" എന്ന താളിൽനിന്ന് ശേഖരിച്ചത്