അഭിനതി

(അഭിനതി (സ്ഥിതിവിവരം, ഭൗതികം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭൂവിജ്ഞാനീയത്തിൽ, ഭൂമടക്കുകളുടെ (fold)[1] കുഴിഞ്ഞ ഭാഗമാണ് അഭിനതി അഥവാ കീഴ്മടക്ക് (Syncline). ഭൂമടക്കുകളിലെ ഏതെങ്കിലുമൊരു ഭാഗം, അവ പാറത്തട്ടുകളായി പരിവർത്തനപ്പെടുന്നതിനിടയിൽ എപ്പോഴെങ്കിലും കുഴിഞ്ഞഭാഗമായിരുന്നുവെങ്കിൽ പ്രസ്തുത ഭാഗത്തെ വിശേഷിപ്പിക്കാനും അഭിനതി (syncline)[2] എന്ന പദം ഉപയോഗിക്കാറുണ്ട്. ഒത്തുചരിഞ്ഞത് എന്നർഥം വരുന്ന ഗ്രീക്കുപദത്തിൽനിന്നും നിഷ്പന്നമായതാണ് സിൻക്ളൈൻ (syncline) എന്ന ആംഗലേയരൂപം.

അഭിനതി

ഭൂവിജ്ഞാനീയം

തിരുത്തുക
 
വലനം (fold)

സങ്കീർണമല്ലാത്ത ഘടനയിൽ അഭിനതിയുടെ രണ്ടു പാർശ്വങ്ങളും പരസ്പരം നത (dip)[3]മായിരിക്കും. എന്നാൽ പാർശ്വങ്ങളുടെ നതികൾ സമാന്തരമായിട്ടുള്ള അഭിനതികളുമുണ്ട്.

അക്ഷതലത്തിന്റെ (axial palne)[4] സ്വഭാവമനുസരിച്ച് അഭിനതികളെ സമമിതം (symmetric), അസമമിതം (asymmetric) എന്നിങ്ങനെ രണ്ടായി വിഭജിക്കാം. അക്ഷതലം ലംബ(vertical) മായിട്ടുള്ളവയെ സമമിത അഭിനതികൾ (symmetric syncline)[5] എന്നും, അക്ഷതലം നതമായിട്ടുള്ളവയെ അസമമിത അഭിനതികൾ (asymmetric syncline) എന്നും വിളിക്കുന്നു. സമമിത അഭിനതികളുടെ രണ്ടു പാർശ്വങ്ങളുടെയും നതകോൺ (angle of dip) തുല്യമായിരിക്കും; അസമമിത അഭിനതികളിൽ വ്യത്യസ്തവും. തുല്യനതികോണോടുകൂടി ഒരേ ദിശയിലേക്കു ചരിഞ്ഞിരിക്കുന്ന പാർശ്വങ്ങളാണുള്ളതെങ്കിൽ സമനത അഭിനതി (isoclinal syncline) എന്നു പറയുന്നു. അഭിനതിയുടെ അക്ഷം ചായ്‌വിന് (plunge) വിധേയമായിട്ടുണ്ടെങ്കിൽ അതിനെ അവനത അഭിനതി അഥവാ ചാഞ്ഞ കീഴ്മടക്ക് (plunging syncline) എന്നു പറയാം.

അഭിനതികളുടെ വക്രതാകേന്ദ്ര (center of curvature)ത്തിലേക്കു ചെല്ലുന്തോറും താരതമ്യേന പ്രായംകുറഞ്ഞ ശിലാസ്തരങ്ങൾ കാണുന്നുവെന്നത് അവയുടെ സവിശേഷതയാണ്. അവനത അഭിനതികളിൽ ഇതിന് ഒരപവാദമായി, അവനമദിശയിലേക്കു ചെല്ലുന്തോറും താരതമ്യേന പ്രായമേറിയ ശിലകൾ കാണുന്നു. അവയെ തിരിച്ചറിയുന്നതിനുള്ള എളുപ്പവഴിയും ഇതുതന്നെയാണ്.

സ്ഥിതിവിവരശാസ്ത്രത്തിൽ

തിരുത്തുക
 
അഭിനതി (syncline)

സ്ഥിതിവിവരശാസ്ത്രം അനുസരിച്ച് ഒരുസൂചിക (index) യഥാർഥമായ അവസ്ഥ സൂചിപ്പിക്കണമെങ്കിൽ താത്ത്വികമായി അതിനുണ്ടായിരിക്കേണ്ട ചില സവിശേഷതകളുണ്ട്. ആ സവിശേഷതകളുടെ അഭാവത്തെ അഭിനതി (bias) എന്നു പറയുന്നു. സൂചികാങ്ക (index number) ത്തിനു പ്രാതിനിധ്യക്ഷമതയില്ലാതാക്കുന്നതാണ് അഭിനതി. H_0 എന്നൊരു പരികല്പന യഥാർഥത്തിൽ കൂടുതൽ ശരിയായ H_1 എന്ന മറ്റൊരു പരികല്പനയെ അപേക്ഷിച്ച് ത്യാജ്യമാകുന്നതിനുള്ള സാധ്യത കുറവായി കാണിക്കുന്ന പരീക്ഷണം അഭിനതിബാധിതം ആണെന്നു പറയാം. തെറ്റായ നിർവചനം, പ്രശ്നാവലി രൂപപ്പെടുത്തുന്നതിലുള്ള അശ്രദ്ധ, പൊതുജനസഹകരണമില്ലായ്മ എന്നിങ്ങനെയുള്ള നിരവധി ക്രമക്കേടുകൾ മൂലമുണ്ടാകുന്ന സാമ്പിളുകൾ അഭിനതിവിധേയമായിരിക്കും.

സമയ വ്യുൽക്രമ പരിശോധന (time reversal test), ആധാര വ്യുൽക്രമ പരിശോധന (base reversal test), ഘടക വ്യുൽക്രമ പരിശോധന (factor reversal test) എന്നീ സാങ്കേതിക മാർഗങ്ങളുപയോഗിച്ചാണ് സൂചികകളുടെ നൻമതിന്മകൾ പരിശോധിച്ചു തിട്ടപ്പെടുത്തുന്നത്. ഈ പരിശോധന വഴി ഒരു സൂചിക അഭിനതിബാധിതമാണോ എന്ന് നിർണയിക്കാൻ കഴിയും.

ഭൗതികശാസ്ത്രത്തിൽ

തിരുത്തുക
 
അഭിനതി (syncline)

ഭൗതികശാസ്ത്രത്തിൽ ഇലക്ട്രോൺ ട്യൂബിൽ അഭിക്രിയാകേന്ദ്രം (operating point) നിർണയിക്കാൻ ഗ്രിഡ്ഡും കാഥോഡും തമ്മിലുള്ള സ്ഥിരവോൾട്ടതാ ബന്ധം (steady voltage relationship) സ്ഥാപിക്കേണ്ടിയിരിക്കുന്നു. ഈ സ്ഥിരവോൾട്ടതാബന്ധം സ്ഥാപിക്കാനുപയോഗിക്കുന്ന നേർവോൾട്ടത (direct voltage)യ്ക്ക് അഭിനതി എന്നു പറയുന്നു. ഗ്രിഡ് സാധാരണ ഋണാത്മകമായിരിക്കും. ഗ്രിഡ്ഡിലാണ് അഭിനതിയെങ്കിൽ അതിൽ കൂടുതൽ ധനാത്മക സിഗ്നലുകൾ കടത്തിവിടണം. ആദ്യകാലങ്ങളിൽ ഇലക്ട്രോണിക പരിപഥത്തിൽ സ്ഥിരമായ ഒരു ബാറ്ററി ഘടിപ്പിച്ചാണ് കാഥോഡിനെ അപേക്ഷിച്ച് ഗ്രിഡ്ഡിനെ ഋണാത്മകമാക്കിനിർത്തിയിരുന്നത്. ഇതിന് സ്ഥിര അഭിനതി എന്നു പറഞ്ഞിരുന്നു. നാളിക (tube)യെത്തന്നെ അഭിനതിക്കു വിധേയമാക്കുകയാണ് എളുപ്പം. ഗ്രിഡ്-കാഥോഡ് പരിപഥത്തിലെ വോൾട്ടത ഋണാത്മകമാക്കാൻ നല്ല പ്രതിരോധികൾ കാഥോഡിനും ഗ്രൌണ്ടിനുമിടയിൽ സ്ഥാപിക്കുന്നു. ഗ്രിഡ്ഡും ഗ്രൌണ്ടും തമ്മിൽ 5-10 മെഗോം (megohms) ഉള്ള ഗ്രിഡ് പ്രതിരോധകം (resistor) കൊണ്ട് ബന്ധപ്പെടുത്തുമ്പോൾ ഇലക്ട്രോണുകൾ ഗ്രൌണ്ടിലേക്കു പ്രവഹിക്കുന്നതിനാൽ അഭിനതി ഉണ്ടാകുന്നതാണ്. പ്രായോഗികമായി കാഥോഡ് അഭിനതി, അഥവാ സ്ഥിരാഭിനതി ഉപയോഗിക്കുമ്പോൾ ഇത്തരം അഭിനതി നന്നേ കുറഞ്ഞിരിക്കും. അസാമ്യത (dissimilarity) ഉള്ള രണ്ടു ലോഹങ്ങൾ ചേർത്തുവച്ചാൽ ചേർന്നിരിക്കാത്ത അറ്റങ്ങൾ തമ്മിൽ ഒരു പൊട്ടൻഷീയ വ്യത്യാസം (Potential difference) കാണാവുന്നതാണ്. ഇതും ഇലക്ട്രോൺ നാളികയുടെ അഭിനതിക്കു കാരണമാണ്.

  1. വലനം (fold)
  2. "അഭിനതി (syncline)". Archived from the original on 2012-01-15. Retrieved 2011-02-18.
  3. നത (dip)
  4. ആക്സിയൽ പ്ലെയിൻ
  5. സമമിത അഭിനതികൾ (symmetric syncline)

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഭിനതി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഭിനതി&oldid=3838252" എന്ന താളിൽനിന്ന് ശേഖരിച്ചത്