ബൌദ്ധധർമ പ്രതിപാദകമായ സാഹിത്യവിഭാഗത്തെ അഭിധർമസാഹിത്യം എന്ന പേരിൽ അറിയപ്പെടുന്നു. ബുദ്ധമതത്തിന്റെ ധർമതത്ത്വസംഹിതയ്ക്ക് സാമാന്യമായി പറയുന്ന പേരാണ് ത്രിപിടകം (പാലി : തിപിടക). ബുദ്ധഭിക്ഷുക്കൾ പാലിഭാഷയിൽ ഓലയിലെഴുതിയ മൂന്നു വിഭാഗങ്ങളുള്ള തത്ത്വസംഹിത ശ്രദ്ധാപൂർവം പിടകങ്ങളിൽ സംഭരിച്ചുവച്ചിരിക്കുന്നതിനാലാണ് അതിന് ഈ പേരു വന്നുകൂടിയത്. പിടകം, പിട എന്നീ വാക്കുകൾക്ക് പേടകം, കുട്ട, വട്ടി തുടങ്ങിയ അർഥങ്ങൾ ഉണ്ട്. പിടകങ്ങളിൽ സംഭൃതമായ മൂന്നു ധർമസംഹിതകളുടെ സമാഹാരമാണ് ത്രിപിടകം; ഈ മൂന്നു സംഹിതകൾ വിനയപിടകം, സൂത്രപിടകം, (പാലി : സുത്തപിടക), അഭിധർമപിടകം (പാലി : അഭിധമ്മപിടക) എന്നിവയാണ്.

ആശ്രമത്തിലെ അനുഷ്ഠാനവിധികൾ, ശിക്ഷണനിയമങ്ങൾ തുടങ്ങിയവ പ്രതിപാദിക്കുന്ന അഞ്ചു ഭാഗങ്ങളുണ്ട് വിനയപിടകത്തിന്. സൂത്രപിടകം ബുദ്ധന്റെ സകലധർമ പ്രഭാഷണങ്ങളുടെയും സമാഹാരമാണ്. ഈ പിടകം രണ്ടു നികായങ്ങൾ (സമാഹാരങ്ങൾ) ആയി വിഭജിക്കപ്പെട്ടിരിക്കുന്നു. മൂന്നാമത്തേതായ അഭിധർമപിടകമാകട്ടെ, ബുദ്ധമതത്തിന്റെ സമുന്നതമായ ദർശനത്തെയാണ് പരാമർശിക്കുന്നത്. മൂന്നു പിടകങ്ങളിലുംവച്ച് അഭിധർമമാണ് ഏറ്റവും പ്രധാനം.

മതസമ്മേളനങ്ങൾ തിരുത്തുക

ബുദ്ധന്റെ നിർവാണത്തിനുശേഷം ബുദ്ധ ഭിക്ഷുക്കളുടെ ഇടയിൽ മതസിദ്ധാന്തങ്ങളുടെ വ്യാഖ്യാന വൈവിധ്യമനുസരിച്ച് ആശയ സങ്കീർണതയും പ്രസ്ഥാന ഭേദങ്ങളും ഉദ്ഭവിച്ചു. ഗുരുതരമായ ആശയക്കുഴപ്പങ്ങളുണ്ടാകുന്ന ഘട്ടങ്ങളിലൊക്കെ അഭിപ്രായ ഭേദങ്ങൾ പറഞ്ഞൊതുക്കി ധർമ വ്യവസ്ഥാപനം ചെയ്യുവാൻ സന്ന്യാസിമാർ മഹാ സമ്മേളനങ്ങൾ വിളിച്ചുകൂട്ടിയിരുന്നു.

ഒന്നാമത്തെ മഹാ സമ്മേളനം തിരുത്തുക

ആദ്യത്തെ മഹാസമ്മേളനം മഹാനിർവാണത്തിന് ഏതാനും ആഴ്ചകൾക്കുശേഷം രാജഗൃഹ (പാലി : രാജഗഹ)ത്തിൽവച്ചു നടന്നു; ഈ സമ്മേളനത്തിൽ തന്നെ ആദ്യത്തെ രണ്ടു പിടകങ്ങളും വ്യവസ്ഥപ്പെടുത്തിക്കഴിഞ്ഞിരുന്നു.

രണ്ടാം മഹാസമ്മേളനം തിരുത്തുക

രണ്ടാമത്തേത് 100 കൊല്ലത്തിനുശേഷം വൈശാലി (പാലി : വേശാലി)യിൽവച്ചു നടന്നു.

മൂന്നാം മഹാസമ്മേളനം തിരുത്തുക

മൂന്നാമത്തേത് അശോകചക്രവർത്തിയുടെ ഭരണകാലത്ത് (ബി.സി. 274-232) പാടലിപുത്ര (പാലി : പാടലിപുത്ത)ത്തിൽവച്ചു സമ്പന്നമായി.

നാലാം മഹാസമ്മേളനം തിരുത്തുക

നാലാമത്തേത് ബി.സി. 25-ൽ വട്ടഗമണി അഭയരാജാവിന്റെ രക്ഷാധികാരത്തിൽ സിലോണിൽവച്ചു നടന്നു. ബുദ്ധന്റെ കാലം മുതൽ ഏകദേശം അഞ്ഞൂറുകൊല്ലത്തോളം സന്ന്യാസിമാർ ഹൃദിസ്ഥമാക്കിവച്ചിരുന്ന ത്രിപിടകം ആദ്യമായി ലിഖിതരൂപത്തിലാക്കിയത് സിലോണി(ശ്രീലങ്ക)ൽവച്ചു നടന്ന ഈ നാലാം സമ്മേളനത്തിലായിരുന്നു. അഭിധർമപിടകമാകട്ടെ, പാരമ്പര്യവിശ്വാസപ്രകാരം, നാലാം സമ്മേളനത്തിൽവച്ചാണ് പൂർണരൂപം പ്രാപിച്ചത് (ചില പണ്ഡിതന്മാരുടെ പക്ഷത്തിൽ മൂന്നാം സമ്മേളനത്തിൽ വച്ചുതന്നെ അഭിധർമത്തിന് അന്തിമരൂപം സിദ്ധിച്ചുകഴിഞ്ഞിരുന്നു).

ആദ്യത്തെ രണ്ടു പിടകങ്ങളിലും അഭിധർമത്തെപ്പറ്റി യാതൊരു പരാമർശവുമില്ലാത്തതിനാൽ അത് പില്ക്കാലത്തുണ്ടായതാണെന്ന് നിസ്സംശയം തീരുമാനിക്കാം. അഭിധർമം സിലോണിലാണ് ഉദ്ഭവിച്ചതെന്ന് ഒരു പക്ഷവുമുണ്ട്. എന്നാൽ ധർമപാലൻ, ബുദ്ധഘോഷൻ മുതലായ വ്യാഖ്യാതാക്കളുടെ അഭിപ്രായത്തിൽ അഭിധർമത്തിന്റെ ഒരു ഭാഗമായ കഥാവസ്തു (പാലി : കഥാവത്ഥു) ബി.സി. 3-ആം ശതകത്തിൽ അശോകചക്രവർത്തിയുടെ സദസ്യനായിരുന്ന ടിസ്സൻ രചിച്ചതാണ്. മോഗ്ഗലിപുത്രനായ ടിസ്സൻ നേതൃത്വം നല്കിയ പാടലിപുത്രസമ്മേളനത്തിൽ അഭിധർമത്തിന് അന്തിമരൂപം ലഭിച്ചുവെന്നാണ് അവരുടെ വാദം. എന്തായാലും അഭിധർമം മറ്റു രണ്ടു പിടകങ്ങളെയും അപേക്ഷിച്ച് അർവാചീനമാണെന്നതിന് തർക്കമില്ല. ശ്രീലങ്കക്കാരുടെ പാരമ്പര്യവിശ്വാസവും ഇതിന് ഉപോദ്ബലകമാണ്.

അഞ്ചാം മഹാസമ്മേളനം തിരുത്തുക

ഈ മഹാസമ്മേളനം ഉത്തരബർമയിൽ മാൻഡലയിൽവച്ച് 1871-ൽ മിൻഡൻ രാജാവിന്റെ രക്ഷാധികാരത്തിൽ നടന്നു. ഈ സമ്മേളനത്തിൽ ത്രിപിടകത്തിന്റെ സമഗ്രമായ സംശോധിതസംസ്കരണം നിർവഹിക്കപ്പെടുകയും 729 മാർബിൾപ്പലകകളിൽ അത് മുദ്രിതമാകയും ചെയ്തു. ഓരോ പിടകവും മുദ്രിതമായ മാർബിൾപ്പലകകളുടെ സംഖ്യ താഴെ പറയുന്നു.

  • വിനയപിടകം: 111;
  • സൂത്രപിടകം: 410;
  • അഭിധർമപിടകം: 208.

ആറാം മഹാസമ്മേളനം തിരുത്തുക

ആറാമത്തെ സമ്മേളനം റംഗൂണിൽവച്ച്1954 മേയ് 17-ന് ആണ് കൂടിയത്. പണ്ഡിതന്മാരായ 2,500 ഭിക്ഷുക്കൾ അതിൽ സംബന്ധിച്ചിരുന്നു. സമ്മേളന നിശ്ചയപ്രകാരം ആദ്യമായി ത്രിപിടകം അച്ചടിക്കാൻ തുടങ്ങുകയും 1956 മേയ് മാസത്തിൽ ബുദ്ധന്റെ 2,500-ആം ജയന്തിദിനത്തിൽ അതു പ്രസിദ്ധീകരിക്കുകയും ചെയ്തു.

അഭിധർമപിടകം ബുദ്ധന്റെ ഉന്നതമായ ദർശനങ്ങളെയാണ് പ്രതിപാദിക്കുന്നത്. ചിന്തകന്മാർക്ക് ഇതു വളരെ രസാവഹമാണെങ്കിലും അനഭിജ്ഞന്മാർക്ക് വിരസവും ദുർഗ്രഹവുമായിത്തോന്നാം. ദർശനവും ധർമശാസ്ത്രവും മനഃശാസ്ത്രവും എല്ലാം അതിലുണ്ട്. ബുദ്ധന്റെ മൌലികസിദ്ധാന്തങ്ങളെല്ലാം ക്രമാനുസൃതമായി അതിൽ വിശദീകരിച്ചിരിക്കുന്നു. ബുദ്ധതത്ത്വങ്ങളുടെ വ്യക്തമായ ഗ്രഹണത്തിന് അഭിധർമപഠനം അനിവാര്യമാണ്. അപഗ്രഥനത്തിൽ അതിസൂക്ഷ്മവും പ്രതിപാദനത്തിൽ സാങ്കേതികവുമാകയാൽ ഗുരുസഹായം കൂടാതെ അത് സമഗ്രമായി ഗ്രഹിക്കുക പ്രയാസമായിരിക്കും. അതുകൊണ്ടാണ് അഭിധർമപിടകം പാശ്ചാത്യ ബുദ്ധമതാനുയായികൾക്ക് മറ്റു രണ്ടു പിടകങ്ങളെയും പോലെ അഭിമതമല്ലാത്തത്.

ഉള്ളടക്കം തിരുത്തുക

അഭിധർമത്തിന്റെ സ്വഭാവം വ്യക്തമാക്കാൻ അതിലെ പ്രഥമ ഭാഗമായ ധർമസങ്ഗനിയുടെ പ്രാരംഭം മാത്രമുദാഹരിക്കാം; ഒരുതരം മാനസികാപഗ്രഥനമാണത്. മനുഷ്യന്റെ മനസ്സിലെ സച്ചിന്തകളുടെയും ദുശ്ചിന്തകളുടെയും അവയവസ്ഥിത ചിന്തകളുടെയും ആവിർഭാവത്തിനുള്ള പശ്ചാത്തലമെന്തെന്നുള്ള പ്രശ്നത്തോടുകൂടിയാണ് അതാരംഭിക്കുന്നത്. 56 തരം മാനസികാവസ്ഥകളുടെ ഒരു പട്ടികകൊണ്ടാണ് അതിന്റെ ഉത്തരം ആവിഷ്കരിച്ചിരിക്കുന്നത്. ചേതന, സങ്കല്പ (സങ്കല്പം), പത്ത (പ്രതിജ്ഞ), വീരിയം (വീര്യം) മുതലായവ ഇക്കൂട്ടത്തിൽപ്പെടുന്നു. ഓരോന്നിന്റെയും സംക്ഷിപ്ത നിർവചനമാണ് പിന്നാലേ വരുന്നത്. അതിസൂക്ഷ്മമായ മാനസിക ചിന്തകളെപ്പോലും ഇത്തരത്തിൽ അപഗ്രഥിച്ചു നിർവചിക്കുന്ന രീതി ബുദ്ധമതത്തിനു മുൻപുള്ള ഭാരതീയ സാഹിത്യത്തിലൊന്നും കാണുന്നതല്ല.

ഒരു കാലഘട്ടത്തിന്റെ യുക്തിവാദപ്രവണതയുടെ ഫലമായി ബുദ്ധമതത്തിൽ അനേകം പ്രസ്ഥാനങ്ങളും അഭിധർമകൃതികളുമുണ്ടായി. സ്ഥവിരവാദ (പാലി: തേരവാദ)മെന്നും മഹാസാംഘികമെന്നും രണ്ടു പ്രസ്ഥാനങ്ങൾ ഇവിടെ പ്രസ്താവാർഹമാണ്.

സ്ഥവിരവാദം യാഥാസ്ഥിതികവും, മഹാസാംഘികം വിപ്ളവാത്മകവുമാണ്. ഇന്നുള്ള അഭിധർമപ്രസ്ഥാനങ്ങളിൽ ഏറ്റവും പ്രബലമായത് ശ്രീലങ്കയിലെ സ്ഥവിരവാദപ്രസ്ഥാനമാണ്. എന്നാൽ ആദ്യകാലങ്ങളിൽ മറ്റൊരു യാഥാസ്ഥിതികപ്രസ്ഥാനമായ സർവാസ്തിവാദ (പാലി: സബ്ബത്ഥവാദ)ത്തിനായിരുന്നു പ്രചാരം. എല്ലാ വസ്തുക്കളുടെയും സത്തകൾ -- അവ പരീക്ഷണീയമോ കേവലമോ ലൌകികമോ അലൌകികമോ ആവട്ടെ -- ഉണ്ടായിരുന്നു, ഉണ്ട്, ഉണ്ടായിരിക്കും എന്നാണ് ഈ വാദത്തിന്റെ സാരം. ബുദ്ധപ്രോക്തമായ സകല സംഗതികളും യഥാർഥത്തിൽ സ്ഥിതിചെയ്യുന്നവയാണെന്ന് വിശ്വസിക്കുന്ന യാഥാസ്ഥിതികന്മാരുടെ വാദമാണിത്. ഇതായിരുന്നു ആ കാലഘട്ടത്തിലെ അഭിധർമബുദ്ധമതത്തിന്റെ സ്വഭാവം. ഇതിനെ പാടേ നിഷേധിക്കുന്നതാണ് പ്രസിദ്ധചിന്തകനായ നാഗാർജുനൻ വ്യവസ്ഥിതി നല്കിയ പ്രജ്ഞാപാരമിതസൂത്രങ്ങൾ. അവ യാഥാർഥ്യത്തെ നിഷേധിച്ച് ശൂന്യവാദത്തെ സ്ഥിരീകരിക്കുന്നു.

അഭിധർമപിടകത്തിലെ ധർമതത്ത്വപ്രതിവാദങ്ങളായ ഭാഗങ്ങളധികവും പ്രശ്നോത്തരരൂപത്തിലുള്ളവയാണ്.

അഭിധർമത്തിന് പല വ്യാഖ്യാനങ്ങളുമുണ്ടായിട്ടുണ്ട്. എ.ഡി. 5-ആം ശതകത്തിൽ വിരചിതമായ വസുബന്ധുവിന്റെ അഭിധർമകോശം, ബുദ്ധഘോഷന്റെ വിശുദ്ധിമഗ്ഗ (വിശുദ്ധിമാർഗം) എന്നിവയാണ് പ്രധാനം. കൂടാതെ മഹാനാമൻ, കസ്സപൻ, സാരിപുത്തൻ, അനിരുദ്ധൻ തുടങ്ങി അനേകം വിദ്വാന്മാർ അഭിധർമവ്യാഖ്യാനങ്ങളെഴുതിയിട്ടുണ്ട്. ഫ്രഞ്ച് ഭാഷയിലുള്ള ഇതിന്റെ വിവർത്തനം (Abhidharma Kosa de Vasubandhu, 1924-31) നടത്തിയിരിക്കുന്നത് ലാ വല്ലി പൌസ്സിൻ ആണ്.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഭിധർമസാഹിത്യം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഭിധർമസാഹിത്യം&oldid=2368811" എന്ന താളിൽനിന്ന് ശേഖരിച്ചത്