ഒരു വക്രപാതയിലൂടെ ചലിക്കുന്ന പദാർത്ഥത്തിൽ പാതയുടെ കേന്ദ്രത്തിലേക്ക് സദാ അനുഭവപ്പെടുന്ന ബലത്തെ അഭികേന്ദ്രബലം എന്നു പറയുന്നു. ഇത് അപകേന്ദ്രബല(centrifugal force)ത്തിനു തുല്യവും വിപരീതവും ആകുന്നു.

പദാർഥങ്ങളുടെ സഹജചലനം പൊതുവേ ഋജുരേഖയിലൂടെ ആണ്. ഉദാഹരണം നിശ്ചലാവസ്ഥയിൽ നിന്നും സ്വതന്ത്രമായി താഴോട്ടു വീഴുന്ന വസ്തു. ഒരു ചരടിന്റെ അറ്റത്ത് ഒരു കല്ലുകെട്ടി ചരടിനെ അതിവേഗം ചുഴറ്റുന്നു എന്നിരിക്കട്ടെ. കല്ലിനു ഋജുരേഖയിൽ ചലിക്കാനാണ് സ്വാഭാവികമായ പ്രേരണ. പക്ഷേ, ഇവിടെ അത് വൃത്തപരിധിയിലൂടെ ചലിക്കുന്നു. കല്ലിന്റെ സ്ഥാനത്ത് നിന്നും ചരടു പിടിച്ചിരിക്കുന്ന വിരലിന്റെ സ്ഥാനത്തേക്ക്, അതായത് വൃത്തപരിധിയിൽ നിന്നും വൃത്തകേന്ദ്രത്തിലേക്ക്, നിരന്തരം പ്രയോഗിക്കപ്പെടുന്ന അഭികേന്ദ്രബലം കല്ലിന്റെ ഋജുരേഖയിലൂടെയുള്ള സ്വാഭാവികചലനം തടസ്സപ്പെടുത്തുകയും അതിനെ വൃത്തപരിധിയിലൂടെ ചലിപ്പിക്കുകയും ചെയ്യുന്നു. ചരട് പ്രയോഗിക്കുന്ന വലിവ് ബലം (Tension) ആണ് ഇവിടെ അഭികേന്ദ്ര ബലമായി വർത്തിക്കുന്നത്. കൈയിൽ നിന്നും ചരടുവിട്ടാൽ കല്ല് വൃത്തത്തിന്റെ സ്പർശകദിശ(tangential direction)യിൽ ഋജുരേഖയിലൂടെ ചലിക്കുന്നതാണ്. സൈക്കിൾയാത്രക്കാർ റോഡിലെ വളവുകളിൽകൂടി സഞ്ചരിക്കുമ്പോൾ ദേഹം പാതയുടെ കേന്ദ്രത്തിലേക്കു വളച്ച് അഭികേന്ദ്രബലം പ്രദാനം ചെയ്യുന്നു.

അഭികേന്ദ്രബലം പദാർഥത്തിന്റെ ദ്രവ്യമാനം, വേഗം, പാതയുടെ വക്രത (curvature) എന്നിവയെ ആശ്രയിച്ചിരിക്കും. m ദ്രവ്യമാനമുള്ള ഒരു വസ്തു r വ്യാസാർധമുള്ള ഒരു വൃത്തപരിധിയിലൂടെ v വേഗത്തിൽ ചലിക്കുകയാണെങ്കിൽ അതിലനുഭവപ്പെടുന്ന അഭികേന്ദ്രബലം mv2/ r അഥവാ ω2 r ആണ് (ω: കോണീയ വേഗം).

അവലംബം തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഭികേന്ദ്രബലം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഭികേന്ദ്രബലം&oldid=3623350" എന്ന താളിൽനിന്ന് ശേഖരിച്ചത്