കൊർഡോവ ഖലീഫമാരുടെ പതനത്തെ തുടർന്ന് ദക്ഷിണ സ്പെയിനിലെ ആന്തലൂഷ്യയിൽ സ്ഥാപിതമായ മുസ്ലിം രാജവംശമാണ് അബ്ബാദിദുകൾ. ഉമയ്യാദ് വംശത്തിന്റെ പതനത്തിനുശേഷം പരസ്പരം മത്സരിച്ചുകൊണ്ടിരുന്ന ഇരുപതോളം ചെറിയ രാജവംശങ്ങൾ സ്പെയിനിൽ ഉടലെടുത്തിരുന്നു. കൊർഡോവ ഖലീഫമാരുടെ അധികാരം ക്ഷയിച്ചതിനാലുള്ള രാഷ്ട്രീയ ശിഥിലീകരണമായിരുന്നു ഇതിനു കാരണം. മുക്കാൽ നൂറ്റാണ്ടോളം സ്പെയിനിൽ മൂന്നു രാജാക്കൻമാരുടെ കീഴിൽ ഭരണം നടത്തിവന്ന അബ്ബാദിദ് വംശം ഇത്തരം ചെറിയ രാജവംശങ്ങളിൽ പ്രധാനപ്പെട്ടതാണ്. പുരാതന ലഖ്മിദ് രാജാക്കൻമാരുടെ പാരമ്പര്യം അബ്ബാദിദ് വംശക്കാർ അവകാശപ്പെട്ടിരുന്നു. ഇബ്നു അബ്ബാദ് എന്നു വിളിക്കപ്പെടുന്ന അബുൽഖാസിം മുഹമ്മദ് ആയിരുന്നു 1023-ൽ അബ്ബാദിദ് വംശം സ്ഥാപിച്ചത്. ഇദ്ദേഹം സെവിൽ നഗരത്തിലെ പ്രധാന ഖാസിയായിരുന്നു. ചില പ്രഭുക്കൻമാരുടെ സഹായത്തോടുകൂടി 1023-ൽ ഇദ്ദേഹം സെവിൽ നഗരം സ്വതന്ത്രമാക്കുകയും അവിടെ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. രാഷ്ട്രീയതന്ത്രങ്ങളും അതിർത്തിയുദ്ധങ്ങളും വഴി തന്റെ രാജ്യാതിർത്തി വ്യാപിപ്പിച്ചു.

അബ്ബാദ് II

തിരുത്തുക

ഇബ്നു അബ്ബാദിന്റെ പുത്രനായ അബ്ബാദ് II അൽമുത്താദിദ് എന്ന പേരിൽ 1042 മുതൽ 1068 വരെ രാജ്യഭരണം നടത്തി. ഇദ്ദേഹം തന്റെ രാജ്യാതിർത്തി വ്യാപിപ്പിക്കുകയും കൊർഡോവ പിടിച്ചടക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ തന്റെ മിത്രങ്ങൾ വേണ്ടതുപോലെ സഹകരിക്കാത്തതുകൊണ്ട് ഈ ശ്രമം വിജയിച്ചില്ല. ഇദ്ദേഹം ഒരു കവിയും കലാപ്രോത്സാഹകനും ആയിരുന്നു. എന്നാൽ ഒരു ഭരണാധികാരിയെന്ന നിലയിൽ ഇദ്ദേഹം ആരോടും വിട്ടുവീഴ്ച കാണിച്ചില്ല. തനിക്കെതിരായി പ്രവർത്തിച്ച പുത്രനെ ഇദ്ദേഹം സ്വന്തം കൈകൊണ്ട് കൊന്നതായും താൻ വധിച്ച ശത്രുക്കളുടെ തലയോടുകൾ പൂച്ചട്ടികളായി ഉപയോഗിച്ചതായും പറയപ്പെടുന്നു. ഗ്രനാഡയിലെ രാജാവായിരുന്നു ഇദ്ദേഹത്തിന്റെ പ്രധാന ശത്രു. സ്പെയിനിലെ പ്രധാന ക്രിസ്ത്യൻ രാജ്യങ്ങളായ കാസ്റ്റീലിലേയും ലിയോണിലേയും രാജാക്കന്മാർ ഇദ്ദേഹത്തിനെതിരായി പല ആക്രമണങ്ങളും നടത്തിയിരുന്നു. അവർ സെവിൽനഗരത്തിന്റെ കോട്ടവാതിൽവരെ എത്തുകയുണ്ടായി. അബ്ബാദ് II അവർക്ക് കപ്പം കൊടുത്ത് സമാധാനിപ്പിച്ചു.

അബ്ബാദ് III

തിരുത്തുക

അബ്ബാദിദ് വംശത്തിലെ അവസാനത്തെ രാജാവായ അബ്ബാദ് III (1040-95) അൽമുത്താമിദ് എന്ന പേരോടുകൂടി 1068 മുതൽ 1091 വരെ ഭരണം നടത്തി. ഈ വംശത്തിലെ ഏറ്റവും ശക്തനും പ്രാപ്തനും ഉദാരനുമായ രാജാവ് ഇദ്ദേഹമായിരുന്നു. അധികാരത്തിൽ വന്ന ഉടനെ കൊർഡോവ പിടിച്ചടക്കി തന്റെ രാജ്യത്തോടു കൂട്ടിച്ചേർത്തു. തന്റെ മറ്റു സമകാലികരെപ്പോലെ സ്പെയിനിലെ ക്രിസ്ത്യൻ രാജാക്കന്മാർക്ക് ഇദ്ദേഹവും കപ്പം കൊടുത്തിരുന്നു. ഇദ്ദേഹത്തിന്റെ ഔദാര്യത്തെക്കുറിച്ചും ആഡംബരത്തെക്കുറിച്ചുമുള്ള അനേകം കഥകൾ സ്പെയിനിൽ പ്രചാരത്തിലുണ്ട്. ഇദ്ദേഹം കവിയും കലാപ്രേമിയുമായിരുന്നു. ഇബ്നു അമ്മാർ എന്ന കവിയെ അൽമുത്താമിദ് തന്റെ പ്രധാനമന്ത്രിയായി നിയമിച്ചു. പിന്നീട് തന്റെ അപ്രിയത്തിന് പാത്രമായപ്പോൾ ഇബ്നു അമ്മാറിനെ ജയിലിലടയ്ക്കുകയും കൊല്ലുകയും ചെയ്തു. ഇത്തിമാദ് എന്ന ഒരടിമപ്പെണ്ണിനെ ഇദ്ദേഹം വിവാഹം ചെയ്ത് തന്റെ പട്ടമഹിഷിയാക്കി. ഇത്തിമാദിന്റെ ആവശ്യപ്രകാരം അൽമുത്താമിദ് ആർഭാടങ്ങൾക്കുവേണ്ടി വളരെ പണം ചെലവഴിച്ചു.

അൽമുത്താമിദിന്റെ അന്ത്യകാലം വളരെ ദുഃഖകരമായിരുന്നു. കിഴക്കൻ സ്പെയിനിലെ ബെർബറുകളുമായി ഇദ്ദേഹം പലപ്പോഴും ഇടഞ്ഞിരുന്നു. 1080-ൽ കാസ്റ്റീലിലെ ക്രിസ്ത്യൻ രാജാവായ അൽഫോൻസോയുടെ സ്ഥാനപതിയെ അൽമുത്താമിദ് കുരിശിൽ തറച്ചു കൊന്നതിൽ ക്ഷുഭിതനായ അൽഫോൻസോ, അൽമുത്താമിദിനെതിരെ യുദ്ധം നടത്തി. നിസ്സഹായനായ ഇദ്ദേഹം ഈ യുദ്ധത്തെ നേരിടാൻ അൽമൊറാവിദ് രാജാവായ യൂസഫ് ഇബ്നു താഷുഫിന്റെ സഹായം തേടി. താഷുഫിന്റെ സഹായം തേടുന്നതിനുള്ള അപകടത്തെക്കുറിച്ചു പലരും അൽമുത്താമിദിനു മുന്നറിയിപ്പും നല്കി. പക്ഷേ, കാസ്റ്റീലിയർക്കെതിരെ ഏത് സഹായവും സ്വീകരിക്കുവാൻ ഇദ്ദേഹം തയ്യാറായിരുന്നു. താഷുഫിന്റെയും അൽമുത്താമിദിന്റെയും സൈന്യങ്ങൾ കാസ്റ്റീലിയരെ തോല്പിച്ചു. വിജയോൻമത്തനായ താഷുഫിൻ ശത്രുക്കളുടെ നാല്പതിനായിരം ഛേദിക്കപ്പെട്ട ശിരസ്സുകളുമായി തിരിച്ചുപോയി. സ്പെയിനിലുള്ള മുസ്ലിങ്ങൾ ആകമാനം ഈ വിജയത്തിൽ അഹങ്കരിച്ചു. അധികം താമസിയാതെ താഷുഫിൻ തന്റെ പഴയ ശത്രുവായ അൽമുത്താമിദിന്നെതിരെ യുദ്ധം ചെയ്യാൻ ഒരു വലിയ സൈന്യവുമായി തിരിച്ചുവന്നു. താഷുഫിന്റെ സൈന്യം സെവിൽ നഗരം വളഞ്ഞു. അൽമുത്താമിദ് വീരോചിതമായി ചെറുത്തുനിന്നെങ്കിലും ഒടുവിൽ പരാജയപ്പെട്ടു. ഈ ചെറുത്തുനില്പിൽ തന്റെ സ്വന്തം മകൻ മരിച്ചുവീഴുന്നതു കണ്ടാണ് അൽമുത്താമിദ് കീഴടങ്ങിയത്. 1091-ൽ അൽമുത്താമിദിനെ ശത്രുക്കൾ തടവുകാരനാക്കി. തന്റെ ഇഷ്ടഭാര്യയായ ഇത്താമീദും പെൺമക്കളും അൽമുത്താമിദിനോടൊപ്പം തടവിലായി. ഉത്തരാഫ്രിക്കൻ തടവിൽക്കിടന്നുകൊണ്ട് അൽമുത്താമിദ് ഹൃദയസ്പൃക്കായ ചില കവിതകൾ രചിക്കയുണ്ടായി. 1095-ൽ അൽമുത്താമിദ് ജയിലിൽ വച്ചു മരിച്ചു. അതോടെ അബ്ബാദിദുകളുടെ അധികാരകാലവും അവസാനിച്ചു. അൽമുത്താമിദിന്റെ ശവകുടീരം രണ്ടു ശതകത്തോളം ഒരു തീർഥാടനകേന്ദ്രമായിരുന്നു.


 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അബ്ബാദിദുകൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അബ്ബാദിദുകൾ&oldid=1695569" എന്ന താളിൽനിന്ന് ശേഖരിച്ചത്