പത്താം ശതകത്തിലെ കേരളത്തെപ്പറ്റി രേഖകളെഴുതിയ പേർഷ്യൻ സഞ്ചാരിയായിരുന്നു അബൂ സെയ്‌ദ്. പേർഷ്യൻ ഉൾക്കടലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന സിറാഫ് നഗരത്തിൽ യസീദിന്റെ മകനായി അബൂ സെയ്ദ് ഹസൻ ജനിച്ചു. സിറാഫിലെ ഗവർണർ‍, അബൂസെയ്ദിന്റെ അടുത്ത ബന്ധുവായിരുന്നു. ലോകസഞ്ചാരികളായ അൽമസ് ഊദിയും ഇബ്നുവഹാബും 916-ൽ സിറാഫിൽവച്ച് അബൂ സെയ്ദിനെ കണ്ട് സംഭാഷണം നടത്തുകയും അബൂ സെയ്ദിന്റെ പാണ്ഡിത്യത്തെയും കുശാഗ്രബുദ്ധിയെയുംപറ്റി പുകഴ്ത്തിപ്പറയുകയും ചെയ്തിട്ടുണ്ട്.


ഇന്ത്യയിലോ ചൈനയിലോ അബൂ സെയ്ദ് വന്നിട്ടില്ലെങ്കിലും ഈ രാജ്യങ്ങളെക്കുറിച്ച് ഇദ്ദേഹത്തിന് നല്ലപോലെ അറിയാമായിരുന്നുവെന്ന് ഇദ്ദേഹത്തിന്റെ കൃതികൾ തെളിയിക്കുന്നു. ഇന്ത്യയിൽനിന്നും ചൈനയിൽനിന്നും സിറാഫ് തുറമുഖത്തിനടുത്ത ഫാർസിസ്താനിലേക്ക് ധാരാളം കച്ചവടക്കാർ വന്നിരുന്നു. ഇവരുമായി അടുത്തിടപഴകാൻ അബൂവിന് അവസരം ലഭിച്ചിരുന്നതിനാൽ ഇന്ത്യയെയും ചൈനയെയും കുറിച്ച് കൂടുതൽ വിവരങ്ങളറിയാൻ ഇദ്ദേഹത്തിന് കഴിഞ്ഞു. ഇന്ത്യയെയും ചൈനയെയും കുറിച്ച് ഇദ്ദേഹം ഒരു ഗ്രന്ഥമെഴുതിയിട്ടുള്ളതിനുപുറമേ 851-ൽ സുലൈമാൻ എഴുതിയ യാത്രാവിവരണഗ്രന്ഥം (കേരളത്തെ പരാമർശിച്ച് ഒരു മുസ്ളീംസഞ്ചാരിയെഴുതിയ ആദ്യത്തെ യാത്രാവിവരണഗ്രന്ഥമാണിത്.) പരിഷ്കരിച്ച് പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 916-ൽ അബൂ സെയ്ദ് പ്രസിദ്ധീകരിച്ച സിൽസ് ലത്തൂൽ തവാരീഖ് എന്ന ഗ്രന്ഥത്തിന്റെ ആദ്യത്തെ 59 പുറം അതാണ്; തുടർന്നുള്ളത് അബൂ സെയ്ദ് സ്വയം എഴുതിയതും. ഈ പ്രകാശനമില്ലായിരുന്നെങ്കിൽ സുലൈമാന്റെ വിവരണം ഇന്ന് ലഭ്യമാകുമായിരുന്നില്ല.


അബൂസെയ്ദിന്റെ ഗ്രന്ഥത്തിൽ കേരളത്തിലെ സാമൂഹികനിലയെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്. കേരളത്തിന്റെ സാൻമാർഗിക നിലവാരം വളരെ ഉയർന്നതാണെന്നും മദ്യപാനമോ വ്യഭിചാരമോ ഇല്ലാത്ത നാടാണതെന്നും പറഞ്ഞിരിക്കുന്നു. കേരളത്തിലെ ചാവേർപടയെക്കുറിച്ചും ഇദ്ദേഹം പ്രസ്താവിക്കുന്നുണ്ട്. കിരീടധാരണവേളയിൽ രാജാവിന് പാചകം ചെയ്ത ചോറിൽനിന്ന് രാജഭക്തന്മാരായ ചിലർ ഓരോ ഉരുള സ്വയം എടുത്തു ഭക്ഷിക്കുമെന്നും അവരെല്ലാം രാജാവ് മരിക്കുമ്പോൾ കൂടെ ചിതയിൽ ചാടി ആത്മഹൂതി ചെയ്യുമെന്നും അബൂ സെയ്ദ് എഴുതിയിട്ടുണ്ട്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അബൂ സെയ്‌ദ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അബൂ_സെയ്‌ദ്&oldid=3007251" എന്ന താളിൽനിന്ന് ശേഖരിച്ചത്