അബൂബക്കറിന്റെ ഉമ്മ പറയുന്നു

(അബൂബക്കറിൻെറ ഉമ്മ പറയുന്നു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കരിവെള്ളൂർ മുരളി രചനയും സംവിധാനവും നിർവ്വഹിച്ച നാടകമാണ് 'അബൂബക്കറിന്റെ ഉമ്മ പറയുന്നു'. 2002-ൽ തെരുവുനാടകമായി തുടക്കംകുറിച്ച് പിന്നീട് ഏകപാത്ര നാടകമാക്കി അരങ്ങേറുകയായിരുന്നു ഇത്. ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ ഏകപാത്ര നാടകം. ഒരു സ്ത്രീ ഒറ്റയ്ക്ക്‌ ഏറ്റവും കൂടുതൽ വേദികളിൽ അവതരിപ്പിച്ച നാടകം എന്നനിലയിൽ ലോക റെക്കോഡിട്ടു.[1] രജിത മധു എന്ന കലാകാരിയാണ് ഇതിൽ അബൂബക്കറിന്റെ ഉമ്മയായി അരങ്ങിലെത്തുന്നത്.[2]

നാടകത്തിന് പിന്നിലെ ചരിത്രം

തിരുത്തുക

1943 മാർച്ച്‌ 29-ന്‌ കണ്ണൂർ സെൻട്രൽ ജയിലിൽ തൂക്കിലേറ്റപ്പെട്ട കയ്യൂർ രക്തസാക്ഷികളായ മഠത്തിൽ അപ്പു, കോയിത്താറ്റിൽ ചിരുകണ്ഠൻ, പൊടോര കുഞ്ഞമ്പു നായർ, പള്ളിക്കാൽ അബൂബക്കർ എന്നിവരുടെ സ്മരണയിൽ, രക്തസാക്ഷി അബൂബക്കറിന്റെ ഉമ്മ 60 വർഷത്തെ കേരളത്തിലെ തീക്ഷ്ണമായ രാഷ്ട്രീയ സംഭവങ്ങളോട്‌ പ്രതികരിക്കുന്ന വിധത്തിലാണ്‌ ‘അബൂബക്കറിന്റെ ഉമ്മ പറയുന്നു’ എന്ന ഏകപാത്രനാടകം അവതരിപ്പിക്കുന്നത്‌. ഇന്ത്യയിലെ എല്ലാ പ്രമുഖ നഗരങ്ങളിലും സർവകലാശാലകളിലുമെല്ലാം അബൂബക്കറിൻെറ ഉമ്മ പറയുന്നു അവതരിക്കപ്പെട്ടിട്ടുണ്ട്. പതിനാല് വർഷങ്ങൾക്കു മുൻപ് 2002ലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കരിവെള്ളൂർ മുരളി 'അബൂബക്കറിൻെറ ഉമ്മ പറയുന്നു’ എന്ന നാടകം രചിക്കുന്നത്. കയ്യൂർ രക്തസാക്ഷികളുടെ കഥ വർത്തമാന രാഷ്ട്രീയ സാഹചര്യത്തിൽ പറയുന്ന നാടകം. 30 കലാകാരന്മാർ അഭിനയിച്ച ഈ നാടകത്തിൽ രക്തസാക്ഷിയായ പള്ളിക്കൽ അബൂബക്കറിൻറെ ഉമ്മയായാണ് രജിത മധു വേഷമിട്ടത്. ഇലക്ഷനു വേണ്ടി മാത്രമായിരുന്നു ആ നാടകമെങ്കിലും രജിതയുടെ മനസ്സിൽ നിന്ന് അബൂബക്കറിൻെറ ഉമ്മ ഒഴിഞ്ഞുപോയില്ല. 30 കലാകാരന്മാരെ അണിനിരത്തി ആ നാടകം വീണ്ടും അരങ്ങിലെത്തിക്കുക എന്നത് അസാധ്യവുമായിരുന്നു. അങ്ങനെയാണ് ഏകപാത്രനാടകമായി അതിനെ മാറ്റിയെഴുതുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത്. അധികം വൈകാതെ കരിവെള്ളൂർ മുരളി തന്നെ വീണ്ടും ആ നാടകം ഏകപാത്ര പരിമിതമായി മാറ്റിയെഴുതി. 2003 ഫെബ്രുവരി 24ന് കണ്ണൂരിൽ നാടകരംഗത്തിന് തന്നെ പുതിയൊരൂർജം പകർന്നു കൊണ്ട് രജിതയുടെ ഏകപാത്ര നാടകം അരങ്ങേറി.[3]

പുറംകണ്ണികൾ

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-04-25. Retrieved 2016-05-13.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-04-21. Retrieved 2017-01-07.
  3. http://metrovaartha.com/blog/2016/04/08/drama-artist-rajitha/[പ്രവർത്തിക്കാത്ത കണ്ണി]