അപ്പോത്തിക്കെരി

(അപ്പോത്തിക്കരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭിഷഗ്വരൻ എന്ന അർഥത്തിലുള്ള ഒരു പദമാണ് അപ്പോത്തിക്കെരി. Apothecary (/əˈpɒθɪkəri/) മധ്യകാലങ്ങളിൽ ഔഷധങ്ങൾ നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നവരെയാണ് ഇംഗ്ലണ്ടിലും സ്കോട്ട്‌ലണ്ടിലും അയർലണ്ടിലും ഈ വാക്കുകൊണ്ട് ഉദ്ദേശിച്ചിരുന്നത്. ഇന്ന് അപോത്തിക്കരിക്കു സമാനമായ പദം ഫാർമസിസ്റ്റ് എന്നാണ്. മിക്കവാറും രാജ്യങ്ങളിൽ അപ്പോത്തിക്കരി പദം ഉപയോഗിക്കുന്നില്ല. അപ്പോത്തിക്കിരി എന്നതിനേക്കുറിച്ച് ലഭ്യമായ ഏറ്റവും പഴയ തെളിവ് ക്രിസ്തുവിന് മുൻപ് 2600-ൽ ബാബിലോണിയയിൽ നിന്നുമാണ് ലഭ്യമായിട്ടുള്ളത്. [1]

അപ്പോത്തിക്കെരി 15-ആം നൂറ്റാണ്ട്
19-ആം നൂറ്റാണ്ടിലെ അപ്പോത്തിക്കെരി

പേരിനു പിന്നിൽ തിരുത്തുക

സാധനങ്ങൾ സൂക്ഷിക്കപ്പെടുന്ന സ്ഥലം എന്നർഥമുള്ള അപ്പോത്തിക്കെ (Apotheke) എന്ന ഗ്രീക്കുവാക്കിൽ നിന്നാണ് അപ്പോത്തിക്ക(ക്കി)രി എന്ന വാക്കിന്റെ ഉദ്ഭവം. ലത്തീൻ= അപോത്തിക്കാർ.

കേരളത്തിലെന്നപോലെ പാശ്ചാത്യരാജ്യങ്ങളിലും ഇവർ മരുന്നുണ്ടാക്കുന്ന ജോലിഅവലംബിച്ചവരായിരുന്നു.

ആദ്യകാല അപോത്തിക്കരികൾ തിരുത്തുക

ആദ്യകാല അപോത്തിക്കരികൾആ കാലഘട്ടത്തിലെ ബുദ്ധിജീവികളായിരുന്ന പുരോഹിതരും അധ്യാപകരും തത്ത്വജ്ഞാനികളുമായിരുന്നു. ചില ചെടികൾക്കു മുറിവ് ഉണക്കാനുള്ള കഴിവുണ്ടെന്ന് അവർ മനസ്സിലാക്കിയതോടെ, ചികിത്സാരീതിയിൽ അല്പം പുരോഗതിയുണ്ടായി. ഔഷധഗുണമുള്ള ചെടികളെ കണ്ടുപിടിക്കുകയും അവയെ ഉപയോഗപ്പെടുത്തുകയുമായിരുന്നു അവർ ചെയ്തത്. കാലംചെന്നതോടെ ഈ ജോലിയിൽ ഏർപ്പെട്ടിരുന്നവർ അപ്പോത്തിക്കരിമാർ എന്ന പേരിൽ അറിയപ്പെട്ടു. അപ്പോത്തിക്കരിമാർ പുസ്തകങ്ങളിൽ നിന്നും മറ്റും ലഭിച്ച അറിവിനെ ആധാരമാക്കി പരാശ്രയംകൂടാതെ ഗുളികകളും മറ്റും നിർമ്മിക്കുവാൻ തുടങ്ങി. ഇവർക്ക് പ്രത്യേകമായ അളവുസമ്പ്രദായങ്ങൾ ഉണ്ടായിരുന്നു[2] (Apothecaries weight & measure).

തുടക്കത്തിൽ ഔഷധങ്ങൾ നിർമ്മിക്കുന്നതിൽ മാത്രം ശ്രദ്ധിച്ചിരുന്ന അപ്പോത്തിക്കരിമാർ കാലംചെന്നതോടെ രോഗികളെ പരിശോധിക്കാനും ചികിത്സിക്കാനും തുടങ്ങി. റോയൽ കോളജ് ഒഫ് ഫിസിഷ്യൻസിന്റെ[3] അറിവോ സമ്മതമോ കൂടാതെ അനധികൃതമായാണ് ഇത് ആരംഭിച്ചത്. 1665-ലെ പ്ലേഗ് ആക്രമണസമയത്ത് ഭിഷഗ്വരന്മാരെല്ലാം ലണ്ടൻ നഗരം വിടുകയുണ്ടായി. എന്നാൽ അപ്പോത്തിക്കരിമാർ നഗരത്തിൽ തന്നെ താമസിക്കുകയും രോഗികളെ ശുശ്രൂഷിക്കുകയും ചെയ്തു. 1704-ൽ പ്രഭുസഭ അപ്പോത്തിക്കരിമാർക്ക് ഒരു അംഗീകൃത ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെതന്നെ രോഗികളെ ചികിത്സിക്കുവാനുള്ള അനുവാദം നൽകുകയുണ്ടായി. എന്നാൽ മരുന്നുകൾക്കുള്ള വില ഈടാക്കാനല്ലാതെ പരിശോധനയ്ക്കുള്ള ഫീസ് വാങ്ങാൻ ഇവരെ അനുവദിച്ചിരുന്നില്ല. 1774-ൽ സൊസൈറ്റി ഒഫ് അപ്പോത്തിക്കരീസ്[4] വൈദ്യവൃത്തി ചെയ്യുന്നവരെ മാത്രം സൊസൈറ്റിയിൽ അംഗങ്ങളാക്കിയാൽ മതി എന്നൊരു പ്രമേയം പാസ്സാക്കുകയുണ്ടായി. 1815-ൽ ബ്രിട്ടിഷ് പാർലമെന്റിന്റെ ഒരു നിയമപ്രകാരം ഇംഗ്ലണ്ടിലും വെയിൽസിലുമുള്ള എല്ലാ അപ്പോത്തിക്കരിമാരെയും പരിശോധിക്കാനും, അവർക്ക് അംഗീകാരം നൽകണമോ വേണ്ടയോ എന്നു തീരുമാനിക്കാനും അപ്പോത്തിക്കരിമാരുടെ സൊസൈറ്റിയെ അധികാരപ്പെടുത്തുകയുണ്ടായി. ഈ നിയമം അതുവരെ പ്രത്യേകം ചിട്ടപ്പെടുത്തിയ ഒരു പഠനക്രമമില്ലാതിരുന്ന വൈദ്യശാസ്ത്രപഠനത്തിന് ഒരു ഉത്തേജനം നൽകുകയുണ്ടായി. 19-ആം നൂറ്റാണ്ടിൽ വൈദ്യശാസ്ത്രപഠനത്തിനും വൈദ്യവൃത്തിക്കും ഒരു പ്രത്യേക പദവിയും അംഗീകാരവും നേടിയെടുക്കുന്നതിൽ അപ്പോത്തിക്കരിമാർ ചെയ്ത സേവനങ്ങൾ പ്രത്യേകം ശ്രദ്ധാർഹമാണ്.

പരിഷ്കൃതകാലഘട്ടത്തിൽ ഫാക്ടറികളും മറ്റും മരുന്നുകൾ ഉത്പാദിപ്പിക്കാൻ ആരംഭിച്ചതോടെ അപ്പോത്തിക്കരി എന്ന വിഭാഗം ഏതാണ്ട് അപ്രത്യക്ഷമായി എന്നു പറയാം.

അവലംബം തിരുത്തുക

  1. Allen, Jr, Lloyd (2011). A History of Pharmaceutical Compounding (PDF). Secundum Artem, Volume 11 Number 3. മൂലതാളിൽ (PDF) നിന്നും 2013-01-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-02-27.{{cite book}}: CS1 maint: location (link)
  2. http://www.homeoint.org/cazalet/weight/index.htm
  3. http://www.rcpe.ac.uk/
  4. http://www.facebook.com/pages/Worshipful-Society-of-Apothecaries/102313186488549

പുറംകണ്ണികൾ തിരുത്തുക

 
Wiktionary
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അപ്പോത്തിക്കരി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അപ്പോത്തിക്കെരി&oldid=3640056" എന്ന താളിൽനിന്ന് ശേഖരിച്ചത്