ഒരു ഗൗഡസാരസ്വത പണ്ഡിതനായിരുന്നു അപ്പു ഭട്ട്. കേരളത്തിലെ വൃക്ഷലതാദികളെ വിവരിക്കുന്ന മഹാഗ്രന്ഥപരമ്പരയായ ഹോർത്തൂസ് മലബാറിക്കൂസ്[1] (കേരളാരാമം) നിർമ്മിക്കുന്നതിൽ ഹെൻറി അഡ്രിയാൻ വാൻ റീഡ്‌ ടോ ഡ്രാക്കെൻ‍സ്റ്റീൻ[2] (Hendrik Adriaan Van Rheede) എന്ന ഡച്ചുകാരനെ സഹായിച്ച നാട്ടുകാരിൽ പ്രമുഖനായിരുന്നു അപ്പു ഭട്ട്. ഹെൻഡ്രിക് വാൻ റീഡ് കുറച്ചുകാലത്തേക്കു കൊച്ചിയിലെ ഡച്ചു (ലന്ത) കമ്പനിയുടെ ഗവർണർ ആയിരുന്നു. കേരളത്തിലെ സസ്യസമൃദ്ധിയിൽ ഇദ്ദേഹത്തിനുണ്ടായ ആദരവാണ് അതിനെപ്പറ്റി ഒരു ഗ്രന്ഥം രചിക്കാൻ പ്രേരിപ്പിച്ചത്. ലത്തീൻ ഭാഷയിൽ 12 വാല്യങ്ങളിലായി രചിച്ച ഹോർത്തൂസ് മലബാറിക്കസ് സസ്യവിജ്ഞാനീയത്തിന് അമൂല്യമായ സംഭാവനയാണ്. ഈ ഗ്രന്ഥരചനയ്ക്ക് സഹായിച്ച അപ്പുഭട്ട് ഉൾപ്പെടെയുള്ള കൊങ്കണപണ്ഡിതരുടെ ഒരു പ്രസ്താവന കൊങ്കണി ഭാഷയിൽ നാഗരിലിപിയിൽ ഗ്രന്ഥാരംഭത്തിൽ കൊടുത്തിട്ടുണ്ട്. നേപ്പിൾസ്കാരനായ ഫാദർ മാത്യൂസ് എന്ന കർമലിത്താമിഷനറിയും രംഗ ഭട്ട് , വിനായക ഭട്ട് , ഇട്ടി അച്യുതൻ എന്നിവരും ആ ശ്രമത്തിൽ അപ്പുഭട്ടിനോടൊപ്പം വാൻ റീഡിനെ സഹായിച്ച പണ്ഡിതന്മാരായിരുന്നു.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അപ്പു ഭട്ട് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അപ്പു_ഭട്ട്&oldid=3945669" എന്ന താളിൽനിന്ന് ശേഖരിച്ചത്