സന്തതി, ശിശു, സന്താനം എന്നെല്ലാമുള്ള അർത്ഥത്തിലാണ് അപത്യം എന്ന പദം ഉപയോഗിക്കുന്നത്. ന പതന്തി പിതരോ യസ്മാത് --യാതൊരുവൻ മൂലം പിതൃക്കൾ പതിക്കാതിരിക്കുന്നുവോ അവൻ.-- എന്ന അർത്ഥത്തിലാണ് ഈ പദം പ്രയോഗിച്ചിട്ടുള്ളത്. പിൻവാഴ്ചക്കാർ നടത്തേണ്ടുന്ന പിണ്ഡദാനം, തിലോദകതർപ്പണം മുതലായവയ്ക്ക് ഭംഗം നേരിട്ടാൽ പിതൃക്കൾ പിതൃലോകത്തിൽ നിന്ന്-അര്യമാവ് എന്ന ദേവത ആധിപത്യം വഹിക്കുന്ന സ്ഥാനത്തുനിന്ന്-അധഃപതിക്കുന്നുവെന്ന് സ്മൃതികളിൽ പ്രതിപാദിക്കുന്നുണ്ട്.

- എന്ന വചനവും (ഭ. ഗീ. ക. 42) ഈ അഭിപ്രായത്തെ പിൻതാങ്ങുന്നു.

പിതൃക്കൾക്ക് ഗതി വരുത്തുന്നത് അപത്യത്തിന്റെ കടമയാണെന്ന് അനുശാസിക്കുന്ന പല പുരാണകഥകളും ഉണ്ട്. വാല്മീകിരാമായണത്തിൽ ഭഗീരഥൻ സ്വർഗത്തിൽനിന്ന് ഗംഗയെ ഭൂമിയിൽ കൊണ്ടുവന്ന് പിതൃപ്രീതി വരുത്തുന്നതിനുവേണ്ടി എത്രമാത്രം പ്രയത്നിച്ചുവെന്ന് സവിസ്തരം വർണ്ണിച്ചിട്ടുണ്ട്. ഭഗീരഥപ്രയത്നം എന്ന ഭാഷാശൈലി തന്നെ ഈ ഗംഗാവതരണകഥയേയും അപത്യധർമ്മത്തിന്റെ മാഹാത്മ്യത്തെയും അനുസ്മരിപ്പിക്കുന്നു.

മഹാഭാരതത്തിൽ ജരത്കാരു എന്ന മഹർഷി ബ്രഹ്മചര്യവും തപസ്സുമായി സഞ്ചരിക്കുന്നതിനിടയിൽ തന്റെ പിതൃക്കൾ തലകീഴായി ഒരു ചരടിൽ തൂങ്ങിക്കിടക്കുന്നതു കണ്ടു. ചരട് എലികൾ കരണ്ട് മുറിയാറായിട്ടുണ്ട്. ആ ദുഃസ്ഥിതിക്ക് കാരണം അന്വേഷിച്ചപ്പോൾ തനിക്ക് സന്തതി ഇല്ലാത്തതാണെന്ന് ഇദ്ദേഹത്തിന് ഗ്രഹിക്കുവാൻ കഴിഞ്ഞു. തന്റെ തന്നെ പേരോടുകൂടിയ ഒരു കന്യകയെ ലഭിക്കുന്ന പക്ഷം താൻ വിവാഹം ചെയ്യാമെന്ന് ഒടുവിൽ ജരത്കാരു പിതൃക്കളോട് പ്രതിജ്ഞ ചെയ്തു. അനന്തരം സർപ്പരാജാവായ വാസുകിയുടെ സഹോദരിയായ ജരത്കാരുവിനെ ജരത്കാരുമഹർഷി വേൾക്കുകയുണ്ടായി. അവളിൽ ജനിച്ച വംശപ്രതിഷ്ഠാപകനായ പുത്രനാണ് ആസ്തികൻ. അതോടെ ദുർഗ്ഗതിയിൽനിന്ന് പിതൃക്കൾ മുക്തരായിത്തീർന്നു. ഇപ്രകാരം പിതൃക്കളോടുള്ള കടമ നിർവ്വഹിക്കുന്നവനെയാണ് അപത്യം എന്നു വിവക്ഷിക്കുന്നത്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അപത്യ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അപത്യം&oldid=3720356" എന്ന താളിൽനിന്ന് ശേഖരിച്ചത്