വർണവ്യവസ്ഥയനുസരിച്ച് ധർമശാസ്ത്ര വിഹിതങ്ങളായ പ്രായശ്ചിത്തകർമങ്ങളിൽ ഒന്നാണ് അപതനീയ പ്രായശ്ചിത്തം. പാപങ്ങളെ സാമാന്യേന പതനീയങ്ങളെന്നും അപതനീയങ്ങളെന്നും രണ്ടായി വിഭജിച്ചിരുന്നു. ജാതിഭ്രംശത്തിനിടയാക്കുന്ന മഹാപാതകങ്ങൾ ആണ് പതനീയങ്ങൾ; അഭക്ഷ്യഭക്ഷണം, പ്രതിഗ്രഹം തുടങ്ങിയ അത്രത്തോളം ദോഷാവഹങ്ങളല്ലാത്ത പാപങ്ങൾ അപതനീയങ്ങളുമാണ്. അപതനീയപാപങ്ങളുടെ പരിഹാരത്തിനുവേണ്ടി അനുഷ്ഠേയങ്ങളായി വിധിക്കപ്പെട്ടവയാണ് അപതനീയപ്രായശ്ചിത്തങ്ങൾ. ബ്രാഹ്മണർക്കിടയിൽ പ്രതിവർഷം ഒരു നിശ്ചിത ദിനത്തിൽ ഗായത്രീജപം നടത്തുക എന്ന ഒരു ചടങ്ങുണ്ട്. ഗായത്രീമന്ത്രം ആയിരത്തെട്ട് ഉരുവെങ്കിലും ജപിക്കുക എന്നതാണ് ഇതിന്റെ സ്വഭാവം. ഈ ചടങ്ങിൽ അപതനീയ പ്രായശ്ചിത്തവും കൂടി ഉദ്ദേശിക്കപ്പെട്ടിട്ടുണ്ട്. പ്രായശ്ചിത്തത്തിനൊന്നും ഇടകൊടുക്കാതെ നിഷിദ്ധകർമങ്ങളിൽ നിന്ന് സർവഥാ ഒഴിഞ്ഞുനിൽക്കണം എന്നതായിരുന്നു ഏതു വിധിയുടെയും ആന്തരമായ താത്പര്യം.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അപതനീയ പ്രായശ്ചിത്തം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അപതനീയ_പ്രായശ്ചിത്തം&oldid=1064170" എന്ന താളിൽനിന്ന് ശേഖരിച്ചത്