അന്റാർട്ടിക് സമുദ്രം അറ്റ്ലാന്റിക്, പസിഫിക്, ഇന്ത്യൻ എന്നീ സമുദ്രങ്ങളുമായി സംഗമിക്കുന്ന മേഖലയിൽ അനുഭവപ്പെടുന്ന ജലപ്രവാഹമാണ് അന്റാർട്ടിക് അഭിസരണം. വിവിധ ദിശകളിൽ നിന്ന് ഒരേ കേന്ദ്രത്തിലേയ്ക്കുള്ള പ്രവാഹത്തെയാണ് അഭിസരണം എന്നു വിളിക്കുന്നത്.

അന്റാർട്ടിക് അഭിസരണം

താപനിലതിരുത്തുക

മധ്യരേഖാമേഖലയിൽനിന്നും ധ്രുവപ്രദേശങ്ങളിലേക്കു പോകുന്തോറും സമുദ്രങ്ങളിലെ താപനില കുറയുന്നു. പക്ഷേ ക്രമമായ കുറവല്ല അനുഭവപ്പെടുന്നത്. തെക്കേ അക്ഷാംശം 400യിലാണ് വടക്കു നിന്നുള്ള ഉഷ്ണജലവും തെക്കു നിന്നുള്ള ഉപോഷ്ണജലവും സന്ധിക്കുന്നത്. 500ക്കും 600ക്കും ഇടയിലുള്ള മറ്റൊരു അഭിസരണ മേഖലയിൽ ഉപോഷ്ണജലം തെക്കു നിന്നുള്ള അതിശീതളജലവുമായി ചേരുന്നു. അന്റാർട്ടിക് സമുദ്രത്തിന്റെ അതിർത്തിരേഖയാണ് ഈ അഭിസരണകേന്ദ്രം. പ്രൊഫസർ മെയ്നാർഡാണ് ഈ മേഖലയെക്കുറിച്ച് ആദ്യമായി പഠനം നടത്തിയത്. ഈ പരിഗണനയിൽ അന്റാർട്ടിക് അഭിസരണത്തെ മെയ്നാർഡ് രേഖയെന്നും വിളിക്കുന്നു.

സമുദ്ര അഭിസരണങ്ങൾതിരുത്തുക

സമുദ്ര-അഭിസരണങ്ങൾ പൊതുവേ അസ്ഥായികളാണ്. എന്നാൽ അന്റാർട്ടിക് അഭിസരണം അങ്ങനെയല്ല. ഇതിന്റെ വാർഷിക വ്യതിചലനം 20 അക്ഷാംശത്തിൽ താഴെയാണ്; അഭിസരണരേഖയുടെ തെക്കും വടക്കും ഉള്ള ജലപിണ്ഡങ്ങളുടെ താപനിലകളിൽ വ്യക്തമായ അന്തരമുണ്ട്. ഇവയ്ക്കിടയിലുള്ള സമ്മിശ്രമേഖലയുടെ വിസ്തൃതി 100 കി.മീറ്ററോളം വരും. ഇവിടെ അഭിസരണം നിമിത്തം വിക്ഷോഭം അനുഭവപ്പെടുന്നു. ഈ മേഖലയിൽ രൂപംകൊള്ളുന്ന ചുഴികൾ 50 കി. മീറ്ററോളം വ്യാസത്തിൽ പ്രദക്ഷിണവും (clockwise), അപ്രദക്ഷിണവും (anticlockwise) ആയി അനുഭവപ്പെടുന്നു. ഈ മേഖല തരണംചെയ്യുന്ന കപ്പലുകൾക്ക് ഇത്തരം ചുഴികൾ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്.

ഇന്ത്യാസമുദ്രത്തിൽ ഈ അഭിസരണമേഖല 600 ദക്ഷിണ അക്ഷാംശത്തിലാണ്. കിഴക്കേ അറ്റത്തുമാത്രം അല്പം തെക്കു മാറിക്കാണുന്നു. പൂർവ പസിഫിക്കിൽ 620 തെക്കാണ് അഭിസരണം. കിഴക്കൻ അറ്റ്ലാന്റിക്കിൽ വടക്കുമാറി 480 അക്ഷാംശത്തിലെത്തുന്നു. അഭിസരണം അനുഭവപ്പെടുന്നത് ഉപരിതലത്തിനാണ്. ഊർധ്വാധരമായി നോക്കുമ്പോൾ വ്യത്യസ്ത താപനിലയുള്ള പല അടുക്കുകളായി സമുദ്രജലം വിഭജിച്ചിരിക്കുന്നതു കാണാം. വൻതോതിലുള്ള ഹിമദ്രാവം അന്റാർട്ടിക് സമുദ്രജലത്തിന്റെ സാന്ദ്രത കുറയ്ക്കുന്നു. കുറഞ്ഞ ലവണതകാരണമാണ് ഇതു സംഭവിക്കുന്നത്. അങ്ങനെ തെക്കൻ ജലപിണ്ഡങ്ങൾ തണുത്തതെങ്കിലും ഉപരിതലത്തിൽതന്നെ തങ്ങുന്നു. ഈ ക്രമീകരണം ആവർത്തിക്കപ്പെട്ട് അഭിസരണമേഖലയിൽ ശീതജലത്തിന്റെയും ഉഷ്ണജലത്തിന്റെയും ഒന്നിടവിട്ടുള്ള വിന്യാസം സാധിതമാവുന്നു.

അഭിസരണമേഖലയുടെ ഇരുവശത്തും ലവണത, താപനില എന്നിവയിൽ സാരമായ അന്തരം അനുഭവപ്പെടുന്നു. തത്ഫലമായി സമുദ്രജീവികളുടെ പ്രവാസം ദുഃസാധ്യമായിരിക്കുന്നു. അന്തരീക്ഷനിലയിലും അഭിസരണമേഖല സ്വാധീനം ചെലുത്തുന്നുണ്ട്. തൻമൂലം ഈ മേഖലയുടെ വശങ്ങളിൽ പരസ്പരവിരുദ്ധങ്ങളായ കാലാവസ്ഥാപ്രകാരങ്ങൾ അനുഭവപ്പെടുന്നു.

പുറംകണ്ണികൾതിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്റാർട്ടിക് അഭിസരണം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അന്റാർട്ടിക്_അഭിസരണം&oldid=2971045" എന്ന താളിൽനിന്ന് ശേഖരിച്ചത്