ആമാശയത്തിൽ ഉണ്ടാകുന്ന അധികരിച്ച അമ്ലതയെ നിർവീര്യമാക്കാൻ ഉപയോഗിക്കുന്ന ഔഷധങ്ങളെ അന്റാസിഡുകൾ എന്നു പറയുന്നു. സോഡിയം ബൈ കാർബണേറ്റ്, മഗ്നീഷ്യം ഓക്സൈഡ്, മഗ്നീഷ്യം കാർബണേറ്റ്, കാൽസിയം കാർബണേറ്റ്, ബിസ്മത്ത് ലവണങ്ങൾ, പൊട്ടാസിയത്തിന്റെയും സോഡിയത്തിന്റെയും സിട്രേറ്റുകൾ, മഗ്നീഷ്യം, കാൽസിയം എന്നിവയുടെ ഫോസ്ഫേറ്റുകൾ, മഗ്നീഷ്യം ട്രൈ സിലിക്കേറ്റ്, അലൂമിനിയം ഹൈഡ്രോക്സൈഡ് ജെൽ, സോഡിയം കാർബോക്സി മീഥൈൽ സെലുലോസ്, അയോൺ വിനിമയ-റെസിനുകൾ എന്നിങ്ങനെ ഒട്ടുവളരെ രാസപദാർഥങ്ങൾ അന്റാസിഡുകളാണ്. ഇവയെ ഒറ്റയ്ക്കും ഒന്നിലധികമെടുത്തു മിശ്രണം ചെയ്തും ഉപയോഗിക്കാം.

അന്റാസിഡ് ടാബ്ലറ്റുകൾ

നിബന്ധനകൾ

തിരുത്തുക

അന്റാസിഡുകൾ തിരഞ്ഞെടുക്കുന്നതു താഴെ പറയുന്ന നിബന്ധനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം:

  1. ഔഷധത്തിന്റെ ഉപയോഗം നിർത്തുമ്പോൾ ആമാശയത്തിൽ അമ്ലോത്പാദനം വീണ്ടും അധികമാകാൻ പാടില്ല.
  2. സിസ്റ്റമിക് ആൽക്കലോസിസ് (systtemic alkalosis) ഉണ്ടാക്കരുത്.
  3. ദീപനത്തിന് ഒരു തരത്തിലും തടസ്സം സൃഷ്ടിക്കരുത്.
  4. വയറിളക്കമോ മലബന്ധമോ ഉണ്ടാക്കരുത്.
  5. ആമാശയരസത്തിലുള്ള ഹൈഡ്രോക്ലോറിക് അമ്ലവുമായി പ്രതിപ്രവർത്തിച്ച് കാർബൺ ഡൈഓക്സൈഡ് ഉത്പാദിപ്പിക്കരുത്.
  6. അധികരിച്ചുണ്ടാകുന്ന അമ്ലതയെ നിർവീര്യമാക്കുവാൻ പര്യാപ്തമായിരിക്കണം.
  7. ആമാശയത്തെ ഒരു വിധത്തിലും ഉത്തേജിപ്പിക്കരുത്.

ഇത്രയും കാര്യങ്ങൾ പരിഗണിച്ചു ശുപാർശ ചെയ്യപ്പെട്ടിട്ടുള്ള ചില അന്റാസിഡുകൾ താഴെ കൊടുക്കുന്നു:

മാഗ്മാ മഗ്നീഷ്യാ

തിരുത്തുക

മഗ്നീഷ്യം സൾഫേറ്റ്, സോഡിയം ഹൈഡ്രോക്സൈഡ്, ലൈറ്റ് മഗ്നീഷ്യം ഓക്സൈഡ് എന്നിവ പ്രതിപ്രവർത്തിപ്പിച്ചു തയ്യാർ ചെയ്യുന്ന ദ്രവരൂപത്തിലുള്ള ഒരു മരുന്നാണ് ഇത്.

മഗ്നീഷ്യ-കാൽസിയം കാർബണേറ്റ് മിശ്രിതം

തിരുത്തുക

മഗ്നീഷ്യയ്ക്ക് വയർ ഇളക്കുന്നതിനും കാൽസിയം കാർബണേറ്റിന് മലബന്ധമുണ്ടാക്കുന്നതിനും കഴിവുള്ളതുകൊണ്ട് ഒന്നിന്റെ ദോഷം മറ്റൊന്നു പരിഹരിക്കും. ഖരരൂപത്തിലുള്ള ഈ മിശ്രിതം നല്ല ഒരു അന്റാസിഡ് ആണ്.

മഗ്നീഷ്യം ട്രൈസിലിക്കേറ്റ്

തിരുത്തുക

ആമാശയത്തിൽ ഇതിന്റെ പ്രവർത്തനം ദീർഘസമയം നീണ്ടുനിൽക്കും. ക്ഷാരമയത(alkalosis) മുതലായ ദോഷങ്ങൾ ഉണ്ടാവുകയുമില്ല.

അലൂമിനിയം ഹൈഡ്രോക്സൈഡ് ജെൽ

തിരുത്തുക

ഇത് അലൂമിനിയം ഹൈഡ്രോക്സൈഡിന്റെ ഒരു ജലനിലംബിതം (aqueous suspension) ആണ്. നല്ല അന്റാസിഡിന്റെ മിക്ക ഗുണങ്ങളും ഇതിൽ സമ്മേളിച്ചിരിക്കുന്നു. ഇത് കാർബൺ ഡൈഓക്സൈഡ് ഉത്പാദിപ്പിക്കുകയില്ല. ആമാശയത്തിൽ ക്ഷാരമയതയും ഉണ്ടാക്കുകയില്ല. പ്രവർത്തനസമയം കൂടുതലാണ്. പക്ഷേ, തുടർച്ചയായി സേവിച്ചുകൊണ്ടിരുന്നാൽ ശരീരത്തിൽ ഫോസ്ഫറസ്സിന്റെ കുറവ് അനുഭവപ്പെടും. ആകയാൽ ചിലർ ഇഷ്ടപ്പെടുന്നത് അലൂമിനിയം ഫോസ്ഫേറ്റ് ജെൽ ആണ്.

അമിനൊ അസറ്റിക് അമ്ലം-കാൽസിയം കാർബണേറ്റ് മിശ്രിതം

തിരുത്തുക

അമിനോ അസറ്റിക് അമ്ലവും കാൽസിയം കാർബണേറ്റും യഥാക്രമം മൂന്നും ഏഴും അംശങ്ങൾ വീതമെടുത്താണ് മിശ്രണം ചെയ്യുന്നത്. എടുത്തുപറയത്തക്ക ഒരു ദോഷവുമില്ലാത്ത അന്റാസിഡ് ആണ് ഇത്. ഖരരൂപത്തിലുള്ള ഈ ഔഷധം ഡൈ ഹൈഡ്രോക്സി അലൂമിനിയം അമിനൊ അസറ്റേറ്റ്, മഗ്നീഷ്യം കാർബണേറ്റ് എന്നിവ കലർത്തി ഗുളിക രൂപത്തിലാക്കിയാണ് സാധാരണ ഉപയോഗിക്കുന്നത്.

അധികരിച്ച അമ്ലതകൊണ്ട് ഉണ്ടാകുന്ന ദീപനക്കുറവ്, ആമാശയത്തിലും ചെറുകുടലിലും ഉണ്ടാകുന്ന വ്രണങ്ങൾ, ഗർഭകാലത്ത് ഉണ്ടാകുന്ന നെഞ്ചെരിച്ചിൽ എന്നീ അസുഖങ്ങൾക്കും അന്റാസിഡുകൾ പ്രതിവിധിയായി നൽകപ്പെടുന്നു.

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്റാസിഡുകൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അന്റാസിഡുകൾ&oldid=3623161" എന്ന താളിൽനിന്ന് ശേഖരിച്ചത്