അന്യായത്തടങ്കൽ
ഒരാളെ ഒരു നിശ്ചിതപരിധിക്കുള്ളിൽനിന്ന് പുറത്തുപോകാൻ അനുവദിക്കാതെ അന്യായമായി തടസ്സപ്പെടുത്തുന്ന കുറ്റകൃത്യമാണ് അന്യായത്തടങ്കൽ. ഇന്ത്യൻ ശിക്ഷാനിയമത്തിൽ മനുഷ്യശരീരത്തെ സംബന്ധിച്ചുള്ള കുറ്റങ്ങൾ പ്രതിപാദിക്കുന്ന കൂട്ടത്തിൽ അന്യായമായ തടഞ്ഞുവയ്ക്കലിനെ സംബന്ധിച്ച് 339 മുതൽ 348 വരെയുള്ള വകുപ്പുകളിൽ വ്യവസ്ഥപ്പെടുത്തിയിരിക്കുന്നു.[1] ഭരണഘടനയിലെ 19-ആം അനുച്ഛേദത്തിൽ എണ്ണിപ്പറഞ്ഞിരിക്കുന്ന പൌരസ്വാതന്ത്ര്യങ്ങളിലൊന്ന് ഇന്ത്യയിലെവിടെയും ഏതൊരാൾക്കും സ്വച്ഛന്ദമായി സഞ്ചരിക്കുവാനുള്ള അവകാശമാണ്.[2] ആ അവകാശം അംഗീകരിക്കുന്നതിനു മുൻപുതന്നെ ഏതെങ്കിലും ആളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ ചില രീതിയിൽ തടയുന്നതിനെ സംബന്ധിച്ചുണ്ടാക്കിയിരിക്കുന്ന വ്യവസ്ഥകൾ ഇന്നത്തെ ഭരണഘടനയിലെ മൌലികാവകാശങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ പ്രാധാന്യമുള്ളതായിത്തീർന്നിരിക്കുന്നു.
ഒരാൾ തനിക്കു പോകുവാൻ അവകാശമുള്ള ഏതെങ്കിലും ദിക്കിലേക്കു പോകുന്നതിനെ മറ്റൊരാൾ തടയുന്നുവെങ്കിൽ, അന്യായമായി തടസ്സപ്പെടുത്തുക എന്ന കുറ്റം ചെയ്തതിന് അയാൾ ശിക്ഷാർഹനായിത്തീരും. എന്നാൽ ഒരാളെ, ഒരു നിശ്ചിതമായ പരിധിക്കുള്ളിൽനിന്ന് പുറത്തുപോകുന്നത് തടയത്തക്ക രീതിയിൽ അന്യായമായി തടസ്സപ്പെടുത്തിയാൽ ആ കൃത്യം അന്യായത്തടങ്കൽ എന്ന കുറ്റമായിത്തീരും. ഒരാളെ ഒരു മുറിയിൽ പൂട്ടിയിടുക, എവിടെയെങ്കിലും ബന്ധിച്ചിടുക, ഒരു പരിധിക്കുള്ളിൽനിന്നും പുറത്തിറങ്ങിയാൽ ദേഹോപദ്രവം ഏല്പിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി നിർത്തുക ഇവയൊക്കെ അന്യായത്തടങ്കലിൽപ്പെട്ടതാണ്.
ശിക്ഷകൾ
തിരുത്തുകഅന്യായത്തടങ്കലിന് ശിക്ഷ ഒരു വർഷം വരെ കഠിന തടവോ വെറും തടവോ അല്ലെങ്കിൽ ആയിരം രൂപ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ആണ്. എന്നാൽ അന്യായത്തടങ്കൽ മൂന്നോ അതിലധികമോ ദിവസമാണെങ്കിൽ രണ്ടു വർഷം വരെ തടവുശിക്ഷയും പത്തോ അതിലധികമോ ദിവസമാണങ്കിൽ തടവുശിക്ഷ മൂന്ന് വർഷം വരെയും ആകാം. അന്യായത്തടങ്കലിൽ നിന്നും മോചിപ്പിക്കുന്നതിന് റിട്ട് പുറപ്പെടുവിക്കപ്പെട്ടിട്ടുള്ള വ്യക്തിയെയാണ് തടങ്കലിൽ വച്ചതെങ്കിൽ സാധാരണ ശിക്ഷയ്ക്കു പുറമെ രണ്ട് വർഷം വരെ കഠിന തടവോ സാധാരണ തടവോ നൽകാവുന്നതാണ്. ഹേബിയസ് കോർപ്പസിനുവേണ്ടി ഭരണഘടനയിലെ 32-ആം അനുച്ഛേദമോ 226-ആം അനുച്ഛേദമോ പ്രകാരം ഹർജികൊടുക്കുന്നതിനു വ്യവസ്ഥയുണ്ടാക്കുന്നതിനു മുൻപു തന്നെ ക്രിമിനൽനടപടിക്രമത്തിലെ 491-ആം വകുപ്പനുസരിച്ച് ഹൈക്കോടതികൾക്ക് ഹേബിയസ് കോർപ്പസ് റിട്ടുകൾ പുറപ്പെടുവിക്കുവാനുള്ള അധികാരം നൽകിയിരുന്നു. ഏതെങ്കിലും ആളെ തടഞ്ഞുവയ്ക്കുന്നത്, അയാളിൽ താത്പര്യമുള്ള ആരെങ്കിലുമോ ഏതെങ്കിലും പൊതു ഉദ്യോഗസ്ഥനോ അറിയരുതെന്നുദ്ദേശിച്ചോ അല്ലെങ്കിൽ തടഞ്ഞു വയ്ക്കുന്ന സ്ഥലം മേല്പറഞ്ഞവരാരും അറിയരുതെന്നുദ്ദേശിച്ചോ ആണെങ്കിൽ അതിനുള്ള സാധാരണ ശിക്ഷയ്ക്കു പുറമേ രണ്ടു വർഷത്തോളം രണ്ടുതരത്തിലേതെങ്കിലും ഒന്നിൽപെട്ട തടവുശിക്ഷകൂടി നല്കാവുന്നതാണ്. അതുപോലെ ഏതെങ്കിലും ആളിൽനിന്നോ അയാളിൽ താത്പര്യമുള്ള ഏതെങ്കിലും ആളിൽ നിന്നോ ഏതെങ്കിലും വസ്തുവോ, മൂല്യമുള്ള ഈടോ ഭയപ്പെടുത്തി അപഹരിക്കുന്നതിനോ, അല്ലെങ്കിൽ തടഞ്ഞുവയ്ക്കപ്പെട്ട ആളെയോ, അയാളിൽ താത്പര്യമുള്ള ഏതെങ്കിലും ആളെയോ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്യുകയോ, ഏതെങ്കിലും കുറ്റം ചെയ്യുന്നത് സുകരമാക്കുന്ന എന്തെങ്കിലും വിവരം നൽകുവാൻ നിർബന്ധിക്കുന്നതിനുവേണ്ടി തടഞ്ഞുവയ്ക്കുകയോ ചെയ്താൽ മൂന്നു വർഷം വരെ തടവും നൽകാവുന്നതാണ്. കൂടാതെ, ഒരാൾ ഏതെങ്കിലും ആളിൽനിന്നോ ഏതെങ്കിലും കുറ്റസമ്മതമോ അല്ലെങ്കിൽ ഒരു കുറ്റമോ നടപടിദൂഷ്യമോ കണ്ടുപിടിക്കാൻ വഴി നൽകുന്ന ഏതെങ്കിലും വിവരമോ ഭയപ്പെടുത്തി വാങ്ങുന്നതിനുവേണ്ടിയോ, അല്ലെങ്കിൽ ഏതെങ്കിലും വസ്തുവോ മൂല്യമുള്ള ഈടോ തിരികെക്കൊടുക്കുകയോ, കൊടുപ്പിക്കുകയോ ഏതെങ്കിലും അവകാശവാദമോ ഡിമാൻഡോ സംബന്ധിച്ച ബാദ്ധ്യത തീർക്കുകയോ അല്ലെങ്കിൽ ഏതെങ്കിലും വസ്തുവോ മൂല്യമുള്ള ഈടോ തിരികെക്കൊടുക്കുവാൻ വഴി നൽകുന്ന വിവരം നൽകുകയോ ചെയ്യുവാൻ വേണ്ടിയോ തടഞ്ഞുവയ്ക്കുന്നുവെങ്കിൽ മൂന്നു വർഷത്തോളമാകാവുന്ന കഠിനതടവോ വെറും തടവോ നൽകി ശിക്ഷിക്കാവുന്നതാണ്. അയാൾ പിഴയ്ക്കുകൂടി വിധേയനാകുന്നതാണ്.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-02. Retrieved 2011-09-05.
- ↑ http://lawmin.nic.in/coi/coiason29july08.pdf
പുരംകണ്ണികൾ
തിരുത്തുക- http://68articles.com/wrongful-restraint-and-wrongful-confinement-under-ipc-4d4f21ec.html Archived 2016-03-04 at the Wayback Machine.
- http://www.vakilno1.com/bareacts/indianpenalcode/S346.htm Archived 2012-03-11 at the Wayback Machine.
- http://criminalrecordsindia.com/tag/wrongful-confinement/ Archived 2011-09-26 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അന്യായത്തടങ്കൽ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |